തിരുവനന്തപുരം: രോഗങ്ങൾ മാറാൻ കർത്താവിനോട് പ്രാർത്ഥിക്കാൻ ഒരു ഇടനിലക്കാരനെ വേണോ? സമ്പൽ സമൃദ്ധി നേടാനും കുടുംബ പ്രശ്‌നം പരിഹരിക്കാനുമൊക്കെ ഒറ്റമൂലിയായി ഒരു ഫോൺ നമ്പർ! പ്രസ്തുത നമ്പറിൽ വിൡച്ചാൽ കർത്താവിനോട് ദുഃഖങ്ങളെല്ലാം പറയാൻ പ്രാർത്ഥിക്കാൻ തയ്യാറായി ഒരു പാസ്റ്ററും റെഡി! പറഞ്ഞുവരുന്നത് നമ്മുടെ പത്രങ്ങളിൽ വരാറുള്ള പരസ്യങ്ങളുടെ പൊള്ളയായ കാര്യങ്ങളെ കുറിച്ചാണ്. തട്ടിപ്പുകൾ എത്രയൊക്കെ സംഭവിച്ചാലും പാഠം പഠിക്കാത്ത മലയാളികൾ വീണ്ടും വീണ്ടും ചതിയിൽ പെടാറുണ്ട്. രോഗശാന്തി ശുശ്രൂഷയെന്നും പ്രാർത്ഥനാ ശുശ്രൂഷയെന്നും പറഞ്ഞ് പത്രങ്ങളിൽ പരസ്യം കൊടുത്ത് ആളുകളെ കെണിയിൽ വീഴ്‌ത്തി ഇവരിൽ നിന്നും പണം തട്ടിയെടുക്കുന്ന സംഭവം പതിവാണ്. എന്നാൽ, ഇങ്ങനെയുള്ള പത്രപരസ്യങ്ങളുടെ പൊള്ള വിളിച്ചോതുന്ന ഒരു സംഭാഷണം വാട്‌സ് ആപ്പ് വഴി വ്യാപകമായി പ്രചരിക്കുകയാണ്.

പത്രത്തിൽ പരസ്യം കൊടുത്ത് ഇരകളെ കാത്തിരിക്കുന്ന ഒരു തട്ടിപ്പുകാരന് ഒരു യുവാവ് കൊടുക്കുന്ന എട്ടിന്റെ പണിയാണ് സംഭാഷണത്തിൽ നിന്നും വ്യക്തമാകുന്നത്. മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിൽ വന്ന പ്രവചന ശുശ്രൂഷ പ്രാർത്ഥന എന്ന പരസ്യം കണ്ട് അതിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ച ആളാണ് മറുതലയ്ക്കലുള്ള ആളെ സമർത്ഥമായി പറ്റിച്ചത്. പത്രപരസ്യത്തിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയായിരുന്നു: 'എന്തിനീ ഭാരങ്ങൾ? പ്രാർത്ഥിച്ച് ആലോചന പറയുന്നു. ഇന്ന് തന്നെ വിളിക്കുക 9742245319. പാസ്റ്റർ മനു മത്തായി. സെഹിയോൻ, പെന്തക്കോസ്ത് ചർച്ച്. കോട്ടയം'.

ഈ പത്രപരസ്യം കണ്ട് വിളിച്ച ആളെന്ന വിധത്തിലാണ് സംഭാഷണം തുടങ്ങുന്നത്. ഫോണിൽ വിളിക്കുമ്പോൾ തന്നെ പ്രൈസ് ദ ലോഡ് എന്ന് പറഞ്ഞാണ് മറുതലയ്ക്ക് പാസ്റ്റർ എന്ന് അവകാശപ്പെടുന്ന ആൾ സംസാരം തുടങ്ങിയത്. കൊല്ലത്തെ കുണ്ടറയിൽ നിന്നും ബിനു കോശി എന്ന് അവകാശപ്പെട്ട ആളാണ് വിളിച്ചത്. പ്രാർത്ഥന ആവശ്യപ്പെട്ടാണ് ഇയാൾ പ്രസ്തുത 'പാസ്റ്ററെ' വിളിച്ചത്. ബിസിനസുകാരനാണ് അതുകൊണ്ട് തന്റെ സമൃദ്ധിക്ക് വേണ്ടി പാർത്ഥിക്കാനും ഇയാൾ ആവശ്യപ്പെടുന്നു. കോട്ടയത്ത് സ്വതന്ത്ര ചർച്ചിലെ പാസ്റ്ററാണ് താനെന്നുമാണ് പരസ്യം നൽകിയ ആൾ അവകാശപ്പെടുന്നത്.

തുടർന്ന് ഇരുവരും തമ്മിലുള്ള സംഭാഷണത്തിൽ മനുവെന്നാണ് പേരെന്നും പാസ്റ്റർ വെളിപ്പെടുത്തുന്നു. തുടർന്ന് ഫോൺ വിളിച്ച ബിനു കോശിക്ക് വേണ്ടി പാസ്റ്റർ പ്രാർത്ഥിക്കാനും തുടങ്ങുന്നു. ഇത് സംഭാഷണത്തിൽ വ്യക്തമാണ്. പ്രാർത്ഥന കഴിഞ്ഞ ശേഷമാണ് പാസ്റ്റർ തന്റെ ആവശ്യം അറിയിക്കുന്നത്. കോട്ടയത്തേക്ക് ഒന്നു വരാമോ എന്നായി പാസ്റ്ററുടെ ചോദ്യം. വരാം, വരുന്നതിന് രണ്ട് ദിവസം മുമ്പൊന്ന് വിളിക്കണമെന്നും മനു പാസ്റ്റർ അഭ്യർത്ഥിക്കുന്നു. പിന്നീട് ചില തടസങ്ങൾ ഉള്ളതു കൊണ്ട് വീട്ടിൽ വന്ന് പ്രാർത്ഥിക്കണമെന്നും ഇയാൾ പറയുന്നു. അപ്പോൾ എന്താണ് തടസമെന്നായിയ പ്രാർത്ഥനാ സഹായം തേടിയ ആളുടെ ചോദ്യം. ഇതിന് വ്യക്തമായി ഉത്തരം പറയാൻ പാസ്റ്റർ ബുദ്ധിമുട്ടുകയും ചെയ്യുന്നു. ഫോണിലൂടെ കാര്യങ്ങൾ പറയാൻ സാധിക്കില്ലെന്നുമാണ് ഇയാളുടെ മറുപടി.

വീട്ടിൽ വന്ന് പ്രാർത്ഥിക്കാൻ ആർക്കെങ്കിലും എതിർപ്പുണ്ടോ എന്നായി ഇയാളുടെ ചോദ്യം. വീട്ടിൽ അച്ഛൻ കൊലപാതകി ആണെന്നും സഹോദരൻ ഫ്രോഡ് ആണെന്നും ബിനു കോശി പറയുന്നു. തല്ലുകൊള്ളാതികരിക്കാൻ പാസ്റ്റർ തലയിൽ ഹെൽമറ്റ് ഇട്ടാൽ മതിയെന്നും കൂടി പറയുന്നതോടെ തന്നെ പറ്റിക്കാൻ വിളിച്ച ആളാണെന്ന് പ്രസ്തുത പാസ്റ്റർക്ക് ബോധ്യമാകുന്നു. എന്നെ അവർ അടിക്കത്തില്ലെന്നും അടിക്കാൻ വരുന്നവരുടെ കൈ ബ്രേക്ക് ആകുമെന്നും തനിക്കെതിരെ കൈപൊങ്ങില്ലെന്നും പാസ്റ്റർ ആത്മവിശ്വാസത്തോടെ പറയുന്നു. ഇതോടെ പാസ്റ്ററിന് മാജിക്ക് അറിയുമോ എന്നായി ബിജു കോശിയുടെ ചോദ്യം. അറിയാമെന്നും, എങ്കിൽ പഠിപ്പിക്കാൻ സാധിക്കുമോ എന്നുമായി ഇയാളുടെ ചോദ്യം. എന്നാൽ, അറിയാമെങ്കിലും പഠിപ്പിക്കാൻ മാർഗ്ഗമില്ലെന്നും ഇയാൾ പറയുന്നു. മാജിക്ക് പഠിപ്പിക്കുമോ പ്ലീസ് എന്നായി തുടർന്നുള്ള ചോദ്യം. ഇങ്ങനെ പത്രത്തിൽ പരസ്യം നൽകി വിളിക്കുന്നവരെ വീട്ടിലേക്ക് വിളിപ്പിക്കുന്നത് ശരിയാണോ എന്നുമായി വിളിച്ചയാൾ. നിനക്ക് എന്തെങ്കിലും നഷ്ടമായുണ്ടായോടാ യേശുക്രിസ്തു കുടുംബ സ്വത്താണോ എന്നും ചോദിക്കുന്നു.

ഒടുവിൽ മനു പാസ്റ്റർ താനൊരു പെന്തികോസ്തുകാരനാണെന്നും പറയുന്നു. പാവങ്ങളെ മതംമാറ്റാൻ നടക്കുകയല്ലേ പെന്തികോസ്തുകാരെന്നും, നീയൊക്കെ മതം മാറ്റുമല്ലേ,? അങ്ങനെ ചെയ്താൽ കാലുംകൈയും വെട്ടി ദൂരെക്കളയുമെന്നും ഞാൻ ഇവിടുത്തെ ആർഎസ്എസ് കാരനാണെന്നും മനു പാസ്റ്റർ പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. ഒടുവിൽ വാടാ.. പോടാ വിളികളോടെയാണ് ഇവരുടെ സംഭാഷണം അവസാനിക്കുന്നത്.

കോട്ടയം ജില്ലയിൽ നടക്കുന്ന ഘർവാപ്പസി വാർത്തകൾക്കിടയിലാണ് ഇത്തരമൊരു സംഭാഷണം വാട്‌സ് ആപ്പ് വഴി വ്യാപകമായി പ്രചരിക്കുന്നത്. പ്രാർത്ഥനാ ശുശ്രൂഷയുടെ പേരിൽ പത്രപരസ്യങ്ങളിലെ തട്ടിപ്പുകളിലേക്ക് വെളിച്ചം വീശുന്നതാണ് രസകരമായ ഈ സംഭാഷണം.