കോട്ടയം: കുടുംബത്തിന്റെ രക്ഷയ്ക്കായി പ്രാർത്ഥനയ്‌ക്കെത്തുന്ന പാസ്റ്റർ പ്രാർത്ഥനയ്ക്ക പുറമേ കുടുംബം രക്ഷപെടാനമുള്ള മാർഗം നിർദ്ദേശിക്കുകയും അതിന് സഹായിക്കുകയും ചെയ്യാമെന്ന് വാഗ്ദാനം നൽകുകയും ചെയ്താൽ പിന്നെ വിശ്വാസികളെ കൈയിലെടുക്കാൻ വേറൊന്നും വേണ്ട.ഏതൊരു സാധാരണക്കാരനും വലയിൽ വീണു പോകും. ലക്ഷങ്ങൾ കൈക്കലാക്കി മുങ്ങിയാൽ, പിന്നെ പൊങ്ങുന്നത് അടുത്ത സ്ഥലത്ത്. പാസ്റ്റർ ജോയിയും കൂട്ടാളിയും പിടിയിലായതറിഞ്ഞ് നിരവധി പരാതികളാണ് കോന്നി പൊലീസ് സ്റ്റേഷനിലെത്തുന്നത്. നടപ്പിലും വേഷത്തിലും സാത്വിക ഭാവം, വാക്കിലും പ്രവൃത്തിയിലും കുലീനത, ദൈവ വചനങ്ങൾ കോർത്തിണക്കിയുള്ള സംസാരം. ഇതെല്ലാമായിരുന്നു പാസ്റ്റർ ജോയ് എന്ന തട്ടിപ്പുകാരനെ ജനം വിശ്വസിക്കാൻ കാരണം. ശുഭ്രവസ്ത്രധാരിയായ പാസ്റ്റർ ആദ്യം കുടുംബത്തിന്റെ രക്ഷയ്ക്കായി പ്രാർത്ഥിക്കും.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലാണ് കോട്ടയം ആർപ്പൂക്കര സ്വദേശി ഫാ. ആന്റണി കണ്ടത്തിൽ എന്ന് അറിയപ്പെടുന്ന പാസ്റ്റർ ജോയ് ഫ്രാൻസിസ് (60), കായംകുളം പെരിങ്ങാല കല ഭവനിൽ ഡോ. സന്തോഷ് മേനോൻ എന്നറിയപ്പെടുന്ന വിജയകുമാർ (47) എന്നിവർ പിടിയിലായത്. കോന്നി താഴംവട്ടുവേലിൽ വീട്ടിൽ ശ്യാം ജോൺ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്.
കഷ്ടപ്പെട്ടും കടം വാങ്ങിയും ഉണ്ടാക്കിയ ലക്ഷങ്ങൾ നഷ്ടപ്പെട്ട കദന കഥകളാണ് പരാതിയുമായി എത്തുന്നവർക്ക് പറയാനുള്ളത് . ഒരു ജോലിക്കായി വീട് പണയപ്പെടുത്തിയും കടം വാങ്ങിയും ലോണെടുത്തും ലക്ഷങ്ങൾ ജോയിയെ ഏല്പിച്ച് കാത്തിരുന്നവർ...കടക്കെണിയിൽ ആത്മഹത്യയുടെ വക്കിലെത്തിയവർ...

വിദേശത്ത് മൂന്നര ലക്ഷം രൂപവരെ ശമ്പളം ലഭിക്കുമെന്ന് ഇവർ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.അമേരിക്ക, ഇറ്റലി, ഇസ്രയേൽ എന്നീ രാജ്യങ്ങളിലെ ഉന്നത സ്ഥാപനങ്ങളിലേയ്ക്കാണ് പാസ്റ്റർ ജോയിയും കൂട്ടാളിയും ജോലി വാഗ്ദാനം ചെയ്തിരുന്നത്. പ്രതി മാസം മൂന്നര ലക്ഷം രൂപ ശമ്പളം. ഒരു മാസത്തെ ശമ്പളം കമ്മിഷനായി നൽകണം. പണം നൽകി ആറുമാസത്തിനുള്ളിൽ ജോലി എന്നിങ്ങനെയായിരുന്നു ഇവരുടെ മോഹന വാഗ്ദാനങ്ങൾ. വിശ്വാസികളെ വലയിലാക്കാൻ സഭയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലാണ് ജോലിയെന്നും ജോയ് പറഞ്ഞിരുന്നു.

പാസ്റ്റർ ജോയിയും വിജയകുമാറും പരിചയപ്പെടുന്നത് ജയിലിൽ വച്ചാണ്.ജയിലിലെ സൗഹൃദം പിന്നീട് തട്ടിപ്പിലെ പങ്കാളിത്തതിലേക്ക് എത്തുകയായിരുന്നു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പാസ്റ്റർ ജോയിയും ഒന്നാം പ്രതി വിജയകുമാറും നിരവധി തവണ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. നാല് വർഷം മുമ്പ് ജയിൽ ശിക്ഷ അനുഭവിക്കുമ്പോഴാണ് വിജയകുമാറിനെ ജോയ് പരിചയപ്പെടുന്നത്. അടുത്തറിഞ്ഞപ്പോൾ രണ്ടുപേരും ഒരേ ചിന്താഗതിക്കാർ. ജയിലിൽ വച്ചാണ് ഇനിയുള്ള തട്ടിപ്പ് ഒന്നിച്ചു നടത്താൻ അവർ തീരുമാനിക്കുന്നത്.

ഒരു ആക്ഷൻ പഌനും അവർ തയ്യാറാക്കി. വിജയകുമാർ കമ്പനിയുടെ പ്രതിനിധിയായി രംഗപ്രവേശം ചെയ്തു പണം കൈപ്പറ്റണം. ഉദ്യോഗാർത്ഥികളെ കെണിയിൽ വീഴ്‌ത്തി പണവുമായി മുന്നിലെത്തിക്കേണ്ടത് ജോയിയുടെ ജോലിയാണ്. ഉദ്യോഗാർത്ഥികളുടെ മുന്നിൽ വച്ച് തന്നെ ജോയ് പണം വിജയ കുമാറിന് കൈമാറുകയും ചെയ്യും. പിന്നെ അവിടെ നിന്ന് മുങ്ങുന്ന ഇരുവരെയും മഷി ഇട്ട് നോക്കിയാലും കണ്ടെത്താനാകില്ല. അടുത്ത സ്ഥലത്താകും തട്ടിപ്പ്. ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സിം കാർ;ഡും മാറ്റിയിരിക്കും.

പ്രമുഖ ക്രൈസ്തവ സഭയിലെ വൈദികനായിരുന്നു ആർപ്പൂക്കര സ്വദേശിയായ ജോയ്. സഭ കോട്ടയത്തെ ഒരു പ്രമുഖ പള്ളിയുടെ ചുമതലക്കാരനാക്കുകയും ചെയ്തു. ഫാ. ആന്റണി കണ്ടത്തിലെന്ന പേരും സ്വീകരിച്ചു. എന്നാൽ ജോയ് തന്റെ തിരുവസ്ത്രം പോലും തട്ടിപ്പിനായി ഉപയോഗിച്ചു. ഇടവകാംഗങ്ങളെ കബളിപ്പിച്ച് പണം തട്ടുകയായിരുന്നു ലക്ഷ്യം. സംഭവം കൈയോടെ പിടികൂടിയതോടെ സഭ പുറത്താക്കിയെന്നും പൊലീസ് പറയുന്നു. തുടർന്ന് കുറച്ച് നാൾ നാട്ടിൽ നിന്ന് വിട്ടു നിന്ന ജോയ് തട്ടിപ്പിന് പറ്റിയ വേഷം ആത്മീയത തന്നെയാണെന്ന് മനസിലാക്കി പാസ്റ്ററുടെ വേഷം ധരിക്കുകയായിരുന്നു. പാസ്റ്റർ ജോയ് എന്ന പേരും സ്വീകരിച്ചു. എന്നാൽ താൻ ചില തെറ്റുകൾ ചൂണ്ടിക്കാട്ടിയത് സഭയ്ക്ക് നീരസമുണ്ടാക്കിയെന്നാണ് ജോയ് വിശ്വാസികളോട് പറഞ്ഞിരുന്നത്.

ജോയ് പിടിയിലായതോടെ നിരവധി തട്ടിപ്പ് കഥകൾ പുറത്തു വരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. സമാന കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നറിയാൻ കൂടുതൽ അന്വേഷിച്ചുവരികയാണ്. ജോയ് പ്രവർത്തിച്ചിരുന്ന സഭാ കേന്ദ്രത്തിലും സുവിശേഷ പ്രവർത്തകരുടെ ഇടയിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പരാതി നൽകിയവരെ കണ്ട് തട്ടിപ്പിന്റെ രീതിയും കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.