തൃശൂർ: കാർഷിക സർവ്വകലാശാലയിൽ പുട്ട് കുത്തുന്ന ലാഘവത്തോടെ കുത്തിയിടുന്ന ഗവേഷണ പ്രബന്ധങ്ങളും പി.എച്ച്.ഡി.കളും കേരളത്തിലെ പാവം കർഷകരുടെ കൃഷി സമ്പ്രദായങ്ങളും അവരുടെ തനതു വിത്തുകളും അടിച്ചുമാറ്റിക്കൊണ്ടെന്ന് ആരോപണം. കാർഷിക സർവ്വകലാശാലയിലെ ഗവേഷകയും അടുത്ത രജിസ്റ്റ്രാർ കസേരയ്ക്കുവേണ്ടി കരുനീക്കങ്ങൾ നടത്തുകയും ചെയ്യുന്ന ഗവേഷക ഡോ. സി.ആർ. എൽസി തന്റെ ഗവേഷണ പുട്ടുംകുറ്റിയിൽ നിന്ന് 2002-ൽ കുത്തിയിട്ടത് തൊടുപുഴ അത്തിക്കൽ അബ്രാഹം വർഗ്ഗീസിന്റെ ആയുസ്സിന്റെ സമ്പാദ്യമായ കുഞ്ഞുകുഞ്ഞ് നെൽവിത്ത്. സർവ്വകലാശാലയുടെ ബൗദ്ധിക സ്വത്താവകാശ കേന്ദ്രത്തിന്റെ കൂടി മേധാവിയായ ഈ ഗവേഷക തന്റെ കയ്യൂക്കുകൊണ്ട് കുഞ്ഞുകുഞ്ഞ് നെൽവിത്തിന്റെ പിതൃത്ത്വം കവർന്നെടുത്തതിനെ നിയമപരമായി തന്നെ ചോദ്യം ചെയ്യുമെന്ന് അത്തിക്കൽ അബ്രാഹം വർഗ്ഗീസിന്റെ മരുമകനായ കുര്യൻ.

ഏകദേശം അര നൂറ്റാണ്ടു മുമ്പ് ഏതാണ്ട് 1967-ൽ തൊടുപുഴയിലെ കരിമണ്ണൂർ ഗ്രാമത്തിലെ കണ്ടങ്ങളിൽ വിത്തെറിഞ്ഞ അത്തിക്കൽ അബ്രാഹം വർഗ്ഗീസ് കണ്ടെത്തിയ നല്ല വിളവുള്ള വിത്താണ് കുഞ്ഞുകുഞ്ഞ്. തണ്ട് കനമുള്ള, ഉയരം കുറഞ്ഞ നെൽ ചെടിയായതുകൊണ്ട് കാറ്റിനേയും മഴയേയും അതിജീവിക്കാനുള്ള കരുത്തുണ്ടായിരുന്നു കുഞ്ഞുകുഞ്ഞ് നെൽ നെൽവിത്തിനെന്നു തൊണ്ണൂറു വയസ്സുള്ള അബ്രഹാം വർഗ്ഗീസ് പറയുന്നു. അക്കാലത്ത് IR-8 എന്ന ശാസ്ത്രീയമായി കണ്ടെത്തിയ നെല്ലിനവും കേരളത്തിന്റെ തനതു നെൽവിത്തായ തവളക്കണ്ണനും പിന്നെ മഷൂറി എന്ന വരവ് ഇനവും പരീക്ഷണാടിസ്ഥാനത്തിൽ അബ്രഹാം കൃഷി ചെയ്തിരുന്നത്രേ.

ഇവയുടെ പ്രകൃത്യാലുള്ള പരാഗണ പ്രക്രിയയിലൂടെ ജന്മം കൊണ്ട പുതിയ നെൽവിത്തുകളെ പ്രത്യേകമായി തെരഞ്ഞെടുത്ത് അനവധി തവണ സ്വന്തം പാടശേഖരങ്ങളിൽ വിതച്ചും കൊയ്തും വിത്തിട്ടും അബ്രഹാം കണ്ടെത്തിയതാണ് കുഞ്ഞുകുഞ്ഞ് നെൽവിത്ത്. ചുവപ്പോടുകൂടിയ തവിട്ടുനിറത്തിലുള്ള കുഞ്ഞുകുഞ്ഞിന്റെ അരി സ്വാദിഷ്ടവും പോഷക സമൃദ്ധവുമാണ്. കുഞ്ഞുകുഞ്ഞ് വിത്തിന്റെ പ്രചാരവും സ്വീകാര്യതയും കണക്കിലെടുത്ത് അക്കാലത്ത് ഈ നെൽവിത്തിനു അബ്രഹാം വർഗ്ഗീസിന്റെ വിളിപ്പേരായ കുഞ്ഞുകുഞ്ഞ് എന്ന പേര് ഉറപ്പിച്ചത് കരിമണ്ണൂരിലെ നെൽ കർഷകരായിരുന്നു. കുഞ്ഞുകുഞ്ഞ് വിത്തിന്റെ പിതാവായ അത്തിക്കൽ അബ്രഹാം വർഗ്ഗീസിനെ കാർഷിക സർവ്വകലാശാല ഒഴികെയുള്ളവർ ആദരിക്കുകയും പുരസ്‌കാരങ്ങൾ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെ സാക്ഷ്യപ്പെടുത്തുന്ന എല്ലാ രേഖകളും അബ്രഹാം വർഗ്ഗീസിന്റെ പക്കലുണ്ട്.

പിന്നെടെപ്പോഴോ തൃശൂർ ജില്ലയിലെ പഴയന്നൂർ ഗ്രാമത്തിലേക്ക് കുടിയേറിയ കരിമണ്ണൂരിലെ ഒരു കർഷകനാണത്രേ ആദ്യമായി കുഞ്ഞുകുഞ്ഞ് നെൽവിത്ത് കരിമണ്ണൂരിനു പുറത്തേയ്ക്ക് കൊണ്ടുപോയത്. പഴയന്നൂരിൽ പ്രചാരത്തിലായ കുഞ്ഞുകുഞ്ഞ് നെൽവിത്ത് കാലാന്തരത്തിൽ പാലക്കാടൻ പാടശേഖരങ്ങളിലേക്ക് കുടിയേറുകയായിരുന്നു. അങ്ങനെ ഏകദേശം നാൽപ്പതു കൊല്ലം പാലക്കാടൻ വയലേലകളിൽ കുഞ്ഞുകുഞ്ഞ് വിതച്ചും വിളഞ്ഞും കൊയ്തും വിത്തിട്ടും പോന്നിരുന്നു. ലോക പ്രശസ്തമായ പാലക്കാടൻ മട്ടയുടെ ഉത്ഭവ കേന്ദ്രവും അത്തിക്കൽ അബ്രഹാം വർഗ്ഗീസിന്റെ കുഞ്ഞുകുഞ്ഞോ?

എന്നാൽ ഈ യാഥാർത്ഥ്യങ്ങളോടൊക്കെ പുറം തിരിഞ്ഞുനിന്നുകൊണ്ട് ഇപ്പോൾ കാർഷിക സർവ്വകലാശാല ഈ വിത്തിന്റെ പിതൃത്ത്വം അടിച്ചുമാറ്റിയിരിക്കുകയാണ്. ജനകീയാസൂത്രണത്തിന്റെ ഭാഗമായി കാർഷിക സർവ്വകലാശാലയിൽ അരങ്ങേറിയ ഗാലസ (Group Approach for Locally Adapted and Sustainable Agriculture scheme) എന്ന പദ്ധതിയിലൂടെ 2000-കാലഘട്ടത്തിൽ ഗവേഷകയായ ഡോ. സി.ആർ. എൽസി കണ്ടെത്തിയതാണ് ഈ നെൽവിത്ത് എന്നാണ് ഇപ്പോൾ കാർഷിക സർവ്വകലാശാല അവകാശപ്പെടുന്നത്. ഈ വിത്ത് 2002-ലാണ് സർവ്വകലാശാല ഔദ്യോഗികമായി ഉത്തരവിറക്കി പുറത്തുവിട്ടത്. ഉത്തരവിലെ 62, 63 നമ്പർ ഇനങ്ങളായി; കുഞ്ഞുകുഞ്ഞ്-വർണ്ണ, കുഞ്ഞുകുഞ്ഞ്-പ്രിയ എന്ന പേരിലാണ് ഈ വിത്തുകൾ പുറത്തുവിട്ടതെന്ന് വിവരാവകാശ രേഖകൾ സാക്ഷ്യം പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഡോ.സി.ആർ. എൽസി പുരസ്‌കരിക്കപ്പെടുകയും ചെയ്തിരുന്നു.

അതേസമയം കുഞ്ഞുകുഞ്ഞ് നെൽവിത്ത് 1967 മുതൽ കേരളത്തിൽ ഉണ്ടെന്നുള്ളതിന് അബ്രഹാം വർഗ്ഗീസ് വിശ്വസനീയമായ തെളിവുകൾ നിരത്തുന്നുണ്ട്. കുഞ്ഞുകുഞ്ഞ് എന്നത് അബ്രഹാം വർഗ്ഗീസിന്റെ വിളിപ്പേരാണ് എന്നതിലും ആർക്കും തർക്കമില്ല. എന്നാൽ കുഞ്ഞുകുഞ്ഞ് എന്ന വിത്തിന്റെ ഉറവിടമോ ആ വിത്തിന് അത്തരത്തിൽ പേര് വന്നത് എങ്ങെനെയെന്നോ കാർഷിക സർവ്വകലാശാലയുടെ ഗവേഷണ വിഭാഗത്തിനോ ഗവേഷകയായ ഡോ. എൽസിക്കോ അറിയില്ല.

എന്നാൽ കുഞ്ഞുകുഞ്ഞ് എന്ന അടിസ്ഥാന വിത്തിലൂന്നിക്കൊണ്ടാണ് ഡോ. എൽസി ഗവേഷണം നടത്തിയിരിക്കുന്നതെന്നും അവകാശപ്പെടുന്നു. ഒരു വിത്തിന്റെ അടിസ്ഥാന വിവരങ്ങളായ ഊരും പേരും പോലുമറിയാതെ എങ്ങനെയാണ് ഒരു ഗവേഷണം സാധ്യമാവുക എന്നതും ന്യായമായ ഗവേഷണാനുബന്ധമായ സംശയമാണ്. അതും ബൗദ്ധിക സ്വത്താവകാശ കേന്ദ്രത്തിന്റെ മേധാവികൂടിയായ ഒരു ഗവേഷകക്ക്. അബ്രഹാം വർഗ്ഗീസിന്റെ മുമ്പിലും ഇന്നാട്ടിലെ കർഷകരുടെ മുമ്പിലും സർവ്വകലാശാല മുട്ടുകുത്തുന്നതും ഇവിടെയാണ്.

കുഞ്ഞുകുഞ്ഞ് വിത്തിന്റെ ബൗദ്ധിക സ്വത്താവകാശം തനിക്ക് അവകാശപ്പെട്ടതാണെന്ന് അത്തിക്കൽ അബ്രഹാം വർഗ്ഗീസ് രേഖാമൂലം സർവ്വകലാശാലയോട് അപേക്ഷിച്ചത് 2015 ലാണെന്ന് പറയുന്നു. സർവ്വകലാശാലയുടെ ബൗദ്ധിക സ്വത്താവകാശ കേന്ദ്രത്തിന്റെ മേധാവിയായ ഡോ. സി.ആർ. എൽസി മൂന്നുവർഷമായിട്ടും അബ്രഹാം വർഗ്ഗീസിന്റെ അപേക്ഷയിന്മേൽ തീർപ്പ് കൽപ്പിച്ചിട്ടില്ല.

ഓരോ പ്രാവശ്യവും സർവ്വകലാശാലയെ സമീപിക്കുമ്പോൾ ഓരോരോ കാരണങ്ങൾ പറഞ്ഞുകൊണ്ട് അബ്രഹാം വർഗ്ഗീസിന്റെ മരുമകനായ കുര്യനെ സർവ്വകലാശാല മടക്കി അയക്കുകയാണ്. അങ്ങനെ ഗതികെട്ടപ്പോഴാണ് കുര്യൻ വിവരാവകാശ നിയമപ്രകാരം രേഖകൾ സമ്പാദിക്കാൻ തുടങ്ങിയത്. കുഞ്ഞുകുഞ്ഞ് വിത്ത് തന്റേതാണെന്ന് അവകാശപ്പെടുന്ന അത്തിക്കൽ അബ്രഹാം വർഗ്ഗീസിന്റെ അവകാശവാദങ്ങൾ പൊള്ളയാണെങ്കിൽ പൊള്ളയെന്നും കൊള്ളാവുന്നതാണെങ്കിൽ കൊള്ളാമെന്നും പറയാൻ സർവ്വകലാശാലക്ക് മൂന്നുവർഷം പോരെ എന്ന ന്യായമായ ചോദ്യവും അവശേഷിക്കുന്നു.

മാത്രമല്ല, ഈ വിഷയത്തിൽ കരിമണ്ണൂരിൽ വന്ന് വസ്തുനിഷ്ടമായ ഒരു അന്വേഷണം നടത്തണമെന്ന് അബ്രഹാം വർഗ്ഗീസിനോടൊപ്പം അവിടുത്തെ കർഷകസമൂഹവും പറയാൻ തുടങ്ങിയിട്ടും മൂന്നു വർഷമായി. കുഞ്ഞുകുഞ്ഞ് വിത്ത് അത്തിക്കൽ അബ്രഹാം വർഗ്ഗീസിന് അവകാശപ്പെട്ടതാണെന്ന് കരിമണ്ണൂരിലെ അനവധി നെൽ കർഷകർ സർവ്വകലാശാലക്ക് സാക്ഷ്യപത്രങ്ങളും സമർപ്പിച്ചിട്ടുണ്ട്. എന്നിട്ടും ദൂരക്കൂടുതലുള്ളതുകൊണ്ട് വരാൻ ബുദ്ധിമുട്ടുണ്ട് എന്നാണ് സർവ്വകലാശാലയുടെ ബൗദ്ധിക സ്വത്താവകാശ കേന്ദ്രത്തിന്റെ മേധാവിയായ ഡോ. സി.ആർ. എൽസി അബ്രഹാം വർഗ്ഗീസിനോട് പറയുന്ന ന്യായം.

അതേസമയം ഈ കാലഘട്ടങ്ങളിൽ കരിമണ്ണൂരിനപ്പുറം മലയോര മേഖലകളിൽ പലേടത്തും ഡോ. സി.ആർ. എൽസി വന്നുപോയതിന്റെ തെളിവുകളും അബ്രഹാം വർഗ്ഗീസിന്റെ മരുമകൻ കുര്യൻ ഹാജരാക്കുന്നുണ്ട്. അബ്രഹാം വർഗ്ഗീസിന്റെ ചെലവിൽ അദ്ദേഹത്തേയും അദ്ദേഹത്തിന്റെ പാടശേഖരങ്ങളും സന്ദർശിക്കാൻ മരുമകൻ കുര്യൻ പലതവണ അപേക്ഷിച്ചിട്ടും സർവ്വകലാശാലയോ ഡോ. സി.ആർ. എൽസിയോ തയ്യാറാവുന്നില്ല.

തൊണ്ണൂറു വയസ്സുള്ള ഒരു നെൽ കർഷനായ അബ്രഹാം വർഗ്ഗീസിനേയും അദ്ദേഹത്തെ സ്‌നേഹിക്കുന്ന അവിടുത്തെ കർഷകരേയും വന്നു കാണാനുള്ള സന്മനസ്സുപോലും കാർഷിക സർവ്വകലാശാലയോ ആ കർഷകന്റെ ആയുസ്സിന്റെ സമ്പാദ്യമായ കുഞ്ഞുകുഞ്ഞ് വിത്തിന്റെ പിതൃത്ത്വം അടിച്ചുമാറ്റിയ ഗവേഷക ഡോ. സി.ആർ. എൽസിയോ കാണിക്കുന്നില്ല എന്നുപറയുമ്പോൾ ഈ വിഷയത്തിലെ സർവ്വകലാശാലയുടെ കള്ളക്കളിയും ദുരൂഹതകളും പ്രകടമാണ്. സർവ്വകലാശാല അധികൃതർ കുഞ്ഞുകുഞ്ഞിനെ ഭയപ്പെടുന്നുണ്ടോ?

ഏറെ കൊട്ടിഘോഷിച്ച ജനകീയാസൂത്രണത്തിന്റെ മറവിൽ അരങ്ങേറ്റിയ കാർഷിക സർവ്വകലാശാലയുടെ ഗാലസ പദ്ധതി സമ്പൂർണ്ണ പരാജയമായിരുന്നുവെന്ന് പിന്നീട് വിമർശനാത്മക വാർത്തകളുണ്ടായിരുന്നു. തുടർന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പ് നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ ഗാലസയുടെ മേധാവിയും കാർഷിക സർവ്വകലാശാലയുടെ അന്നത്തെ പ്രൊ വൈസ് ചാൻസിലർ കൂടിയായിരുന്ന ഡോ. പത്തിയൂർ ഗോപിനാഥിന് സസ്‌പെൻഷൻ അടക്കം ഒരുപാട് അച്ചടക്ക നടപടികൾക്ക് വിധേയമായിട്ടുള്ളതുമാണ്.

ഈ കാലഘട്ടത്തിൽ തന്നെയാണ് അത്തിക്കൽ അബ്രഹാം വർഗ്ഗീസിന്റെ കുഞ്ഞുകുഞ്ഞ് വിത്തിന്റെ പിതൃത്ത്വം ഗാലസ പദ്ധതിയുടെ ഭാഗമായി സർവ്വകലാശാല മുതൽ കൂട്ടിയതെന്ന് അറിയുമ്പോൾ നമുക്ക് സർവ്വകലാശാല അധികൃതരെ ന്യായമായും സംശയിക്കേണ്ടിവരും.

കേരള കാർഷിക സർവ്വകലാശാലയുടെ 48 ഇനം തനതു നെൽവിത്തുകൾ അമേരിക്കയിലെ മോന്‌സാന്‌ടോ കമ്പനിക്ക് കൈമാറിയെന്നതിന്റെ ഇനിയും കെട്ടടങ്ങാത്ത വിവാദങ്ങളും കോലാഹലങ്ങളും ഉണ്ടായതും ഈ കാലഘട്ടത്തിൽ തന്നെയായിരുന്നുവെന്നതും കുഞ്ഞുകുഞ്ഞ് വിത്തിന്റെ ബൗദ്ധിക സ്വത്താവകാശ വിഷയത്തിന്റെ ഗൗരവം ഉറക്കെ വിളിച്ചുപറയുന്നുണ്ട്.