- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊട്ടിയൂരിന്റെ സ്വന്തം ഓടപ്പൂവിന് പേറ്റന്റ്; നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത് കേന്ദ്രസർക്കാറിന്റെ ഓഫീസ് മുഖേന മാസങ്ങളെടുത്ത്; കൊട്ടിയൂരിന്റെ തനതുപാരമ്പര്യം മറ്റുള്ളവരുടെ കൈകളിൽ എത്താതിരിക്കാനാണ് പേറ്റന്റ് എടുത്തതെന്ന് ദേവസ്വം
കണ്ണൂർ: കൊട്ടിയൂർ ശിവക്ഷേത്രത്തിന്റെ തനതുപാരമ്പര്യമായ ഓടപ്പൂ, അപ്പട, ആലിംഗന പുഷ്പാഞ്ജലി എന്നിവയ്ക്ക് പേറ്റന്റ് ലഭിച്ചു. കേന്ദ്രസർക്കാരിന്റെ ചെന്നൈയിലെ പേറ്റന്റ് ഓഫീസ് മുഖേന മാസങ്ങളെടുത്താണ് ഇതിന്റെ നടപടികൾ പൂർത്തിയാക്കിയത്.മറ്റ് ക്ഷേത്രങ്ങളിൽ ഇനി ആലിംഗനപുഷ്പാഞ്ജലി നടത്തണമെങ്കിലോ ഓടപ്പൂവോ അപ്പടയോ ഉപയോഗിക്കണമെങ്കിലോ കൊട്ടിയൂർ ദേവസ്വത്തിന്റെ അനുമതി വേണം. കൊട്ടിയൂരിന്റെ തനതുപാരമ്പര്യം മറ്റുള്ളവരുടെ കൈകളിൽ എത്താതിരിക്കാനാണ് പേറ്റന്റ് എടുത്തതെന്ന് കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ.സി.സുബ്രഹ്മണ്യൻ നായർ വിശദീകരിച്ചു.
രണ്ടുവർഷംമുമ്പ് പേറ്റന്റ് കിട്ടിയെങ്കിലും കോവിഡ് കാരണം ഉത്സവം ചടങ്ങ് മാത്രമായി ചുരുക്കിയതുകൊണ്ട് ഇത് പ്രചാരത്തിലേക്ക് വന്നില്ലെന്ന് എക്സിക്യൂട്ടീവ് ഓഫീസറുടെ ചുമതല വഹിക്കുന്ന മാനേജർ കെ.നാരായണൻ പറഞ്ഞു. രേഖകൾ ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
കൊട്ടിയൂർ ഉത്സവത്തിന് പോകുന്നവരെല്ലാം തന്നെ വാങ്ങി സൂക്ഷിക്കുന്നതാണ് ഓട ചീകിയെടുത്തുണ്ടാക്കുന്ന ഓടപ്പൂ. ദക്ഷയാഗവേദിയിൽ അപമാനിതയായ സതീദേവി യാഗവേദിയിൽ ജീവത്യാഗംചെയ്ത സ്ഥലത്താണ് ശിവൻ സ്വയംഭൂവായതെന്നാണ് വിശ്വാസം. യാഗവേദിയിൽ ശിവനെയും അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. ഇതിനെ താടി തടവി ചിരിച്ച് പ്രോത്സാഹിപ്പിച്ച ഭൃഗു മഹർഷിയുടെ താടി പറിച്ചെറിഞ്ഞുവെന്നും ആ ഒരു സങ്കല്പത്തിൽ തിന്മയെ അഥവാ അഹന്തയെ ഇല്ലാതാക്കിയതിന്റെ പ്രതീകമായാണ് ഓടപ്പൂവിനെ കാണേണ്ടതെന്നും കൊട്ടിയൂർ ക്ഷേത്ര ഐതിഹ്യങ്ങളിൽ പാണ്ഡിത്യമുള്ള പി.എസ്.മോഹനൻ പറയുന്നു.
സതീദേവിയുടെ വിരഹവേദനയിൽ കഴിയുന്ന ശിവനെ ആശ്വസിപ്പിക്കാൻ ഗരുഡാരൂഢനായി മഹാവിഷ്ണുവെത്തിയെന്നും ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ചെന്നുമാണ് വിശ്വാസം. അതിന്റെ പ്രതീകമായി നടത്തുന്ന സവിശേഷ ചടങ്ങാണ് ആലിംഗന പുഷ്പാഞ്ജലി. വൈശാഖോത്സവകാലത്ത് രോഹിണി നാളിൽ കുറുമാത്തൂർ ഇല്ലത്തെ നമ്പൂതിരിപ്പാടാണ് ഇത് നടത്തുക. അദ്ദേഹം തലേന്ന് വന്ന് മണത്തണയിൽതാമസിച്ച് പിറ്റേന്ന് ക്ഷേത്രത്തിലെത്തി പുഷ്പാഞ്ജലി അർപ്പിക്കും. ചടങ്ങിന്റെ പാരമ്യതയിൽ സ്വയംഭൂശിലയെ ആലിംഗനംചെയ്ത് പ്രാർത്ഥിക്കും. ഈ ആചാരം മറ്റൊരു ക്ഷേത്രത്തിലുമില്ല.
അപ്പട അഥവാ മഞ്ഞൾ അപ്പം അക്കരെ കൊട്ടിയൂർ ഉത്സവത്തിനുമുമ്പ് ഇക്കരെ ആയില്യാർ കാവിൽ നടക്കുന്ന പൂജയുടെ നിവേദ്യമാണ്. മഞ്ഞളാണ് ഇതിൽ കൂടുതൽ. മറ്റ് ഘടകങ്ങളുമുണ്ട്. പ്രത്യേക രീതിയിലാണ് ഇതുണ്ടാക്കുക.
മറുനാടന് മലയാളി ബ്യൂറോ