ചെന്നൈ: പിതൃത്വ അവകാശക്കേസിൽ സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് ആരോപിക്കുന്ന അപ്പീൽ ഹർജിയിൽ നടൻ ധനുഷിന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് സമൻസ് അയച്ചു. മധുര മേലൂർ സ്വദേശി കതിരേശൻ- മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

ഇത് നിഷേധിച്ച് ധനുഷ് സമർപ്പിച്ച ജനന സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകൾ വ്യാജമാണെന്ന് ആരോപിക്കുന്ന ഹർജി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയതിനെതിരേയാണ് കതിരേശൻ ഹൈക്കോടതിയെ സമീപിച്ചത്. ഇതിൽ വിശദീകരണം ആവശ്യപ്പെട്ട് ധനുഷിന് നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ധനുഷ് ഹാജരാക്കിയ തെളിവുകളിൽ പൊലീസ് അന്വേഷണം വേണമെന്ന് കതിരേശൻ ആവശ്യപ്പെട്ടു. തുടർന്ന് ധനുഷിന് കോടതി സമൻസ് അയക്കുകയായിരുന്നു.

സംവിധായകൻ കസ്തൂരിരാജയുടെ മകൻതന്നെയാണെന്ന് തെളിയിക്കുന്ന രേഖകളാണ് ധനുഷ് കോടതിയിൽ സമർപ്പിച്ചത്. ഈ രേഖകൾ വ്യാജമാണെന്ന് ആരോപിക്കുന്ന ഹർജി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയതിനെതിരേയാണ് കതിരേശൻ ഹൈക്കോടതിയെ സമീപിച്ചത്. വിശദീകരണം ആവശ്യപ്പെട്ട് ധനുഷിന് നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സർട്ടിഫിക്കറ്റുകളുടെ ആധികാരികത കോർപ്പറേഷൻ അധികൃതർ പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിനുമുമ്പു തന്നെ തന്റെ ഹർജി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ കതിരേശൻ ആരോപിക്കുന്നത്.

ധനുഷ് തങ്ങളുടെ മകനാണെന്ന വൃദ്ധ ദമ്പതികളുടെ അവകാശവാദവും നിയമ പോരാട്ടവും വർഷങ്ങളായി വാർത്തകളിൽ ഇടംപിടിക്കുന്ന ഒന്നാണ്. തങ്ങളുടെ മൂന്നാമത്തെ മകനാണ് ധനുഷ് എന്നും സ്‌കൂൾ വിദ്യാർത്ഥി ആയിരിക്കെ സിനിമയിൽ എത്തിപ്പെടുന്നതിനായി നാട് വിട്ട് ചെന്നൈയിലേക്ക് പോവുകയായിരുന്നുവെന്നുമാണ് ഇവർ അവകാശപ്പെടുന്നത്. യഥാർഥ മാതാപിതാക്കൾ തങ്ങളാണെന്ന് അവകാശപ്പെട്ട് പ്രതിമാസ ചെലവിലേക്ക് 65,000 രൂപ ധനുഷ് നൽകണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ ദമ്പതികളുടെ എല്ലാ ആരോപണങ്ങളും ധനുഷ് നിഷേധിച്ചിരുന്നു.