- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
16 സെപ്ടിക് ടാങ്കുകൾ തുറന്നുനോക്കി; വനവും കാനനപാതകളും അരിച്ചുപെറുക്കി; കിട്ടിയ അസ്ഥികൂടം ഡിഎൻഎ പരിശോധന നടത്തി; ഇനി അന്വേഷിച്ചിട്ടു കാര്യമില്ലെന്ന് എസ്‌പിയുടെ റിപ്പോർട്ട്; ശബരിമലയിലെ അഭിലാഷിന്റെ തിരോധാനത്തിലെ ചുരുൾ അഴിയില്ല; രക്ഷപ്പെടാൻ പോകുന്നത് ദേവസ്വത്തിലെ വമ്പന്മാർ
പത്തനംതിട്ട: കഴിഞ്ഞ ആറു വർഷമായി മകനെ കാത്ത് കണ്ണീരുമായി പടിക്കലേക്ക് നോക്കിയിരിക്കുന്ന ഒരു അച്ഛനും അമ്മയുമുണ്ട് നാരങ്ങാനം കണ്ണാട്ടുതറയിൽ വീട്ടിൽ. ശബരിമല സന്നിധാനത്ത് മരാമത്ത് കരാർ ജോലിക്കു പോയ മൂത്തമകൻ അഭിലാഷി (27)ന്റെ വരവാണ് അവർ കാത്തിരിക്കുന്നത്. മനസിന്റെ ഒരു കോണിൽ അവൻ ഇനി തിരിച്ചു വരില്ല എന്നും ഇവർ കരുതുന്നു. പക്ഷേ, അതിനേക്കാളുപരി അവരുടെ പ്രതീക്ഷകൾ മകൻ തിരിച്ചു വരുന്ന നല്ല നാളെയെക്കുറിച്ചാണ്. ആറുവർഷം മുമ്പ് ശബരിമലയിൽനിന്ന് കാണാതായ മകനെ കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ട് ഈ വയോധികജന്മങ്ങൾ നിയമസംവിധാനങ്ങളുടെ പടിക്കെട്ടുകൾ കയറി മടുത്തു. ഹൈക്കോടതി ഇടപെട്ട് നടത്തിയ ക്രൈംബ്രാഞ്ച് അന്വേഷണത്തിലായിരുന്നു ഇവരുടെ പ്രതീക്ഷ. പക്ഷേ, അവസാനത്തെ ആ തിരിനാളവും അണയ്ക്കാൻ ഒരുങ്ങുകയാണ് അന്വേഷകരായ ക്രൈംബ്രാഞ്ച്. അഭിലാഷിനെ(27) കാണാതായ കേസിൽ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി ക്രൈംബ്രാഞ്ച് എസ്‌പി ഹൈക്കോടതിയെ സമീപിച്ചുകഴിഞ്ഞു. നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥൻ, തിരുവനന്തപുരം ക്രൈംബ്രാഞ്ച് സിഐഡി. എസ്‌പി. ജി. ശ്രീധരന
പത്തനംതിട്ട: കഴിഞ്ഞ ആറു വർഷമായി മകനെ കാത്ത് കണ്ണീരുമായി പടിക്കലേക്ക് നോക്കിയിരിക്കുന്ന ഒരു അച്ഛനും അമ്മയുമുണ്ട് നാരങ്ങാനം കണ്ണാട്ടുതറയിൽ വീട്ടിൽ. ശബരിമല സന്നിധാനത്ത് മരാമത്ത് കരാർ ജോലിക്കു പോയ മൂത്തമകൻ അഭിലാഷി (27)ന്റെ വരവാണ് അവർ കാത്തിരിക്കുന്നത്. മനസിന്റെ ഒരു കോണിൽ അവൻ ഇനി തിരിച്ചു വരില്ല എന്നും ഇവർ കരുതുന്നു. പക്ഷേ, അതിനേക്കാളുപരി അവരുടെ പ്രതീക്ഷകൾ മകൻ തിരിച്ചു വരുന്ന നല്ല നാളെയെക്കുറിച്ചാണ്.
ആറുവർഷം മുമ്പ് ശബരിമലയിൽനിന്ന് കാണാതായ മകനെ കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ട് ഈ വയോധികജന്മങ്ങൾ നിയമസംവിധാനങ്ങളുടെ പടിക്കെട്ടുകൾ കയറി മടുത്തു. ഹൈക്കോടതി ഇടപെട്ട് നടത്തിയ ക്രൈംബ്രാഞ്ച് അന്വേഷണത്തിലായിരുന്നു ഇവരുടെ പ്രതീക്ഷ. പക്ഷേ, അവസാനത്തെ ആ തിരിനാളവും അണയ്ക്കാൻ ഒരുങ്ങുകയാണ് അന്വേഷകരായ ക്രൈംബ്രാഞ്ച്. അഭിലാഷിനെ(27) കാണാതായ കേസിൽ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി ക്രൈംബ്രാഞ്ച് എസ്‌പി ഹൈക്കോടതിയെ സമീപിച്ചുകഴിഞ്ഞു. നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥൻ, തിരുവനന്തപുരം ക്രൈംബ്രാഞ്ച് സിഐഡി. എസ്‌പി. ജി. ശ്രീധരനാണ് സീനിയർ ഗവ. പ്ലീഡർ പി. നാരായണൻ മുഖേന ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
2010 മെയ് 22 ന് ശബരിമല സന്നിധാനത്തു നിന്നാണ് അഭിലാഷിനെ കാണാതായത്. പമ്പ പൊലീസ് തുടങ്ങി വച്ച അന്വേഷണം പിന്നീട് ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. കേസ് രജിസ്റ്റർ ചെയ്തത് പമ്പ പൊലീസ് സ്റ്റേഷനിലാണ്. ആദ്യം എസ്.ഐ, പിന്നീട് സി.ഐ എന്നിവർ ഈ കേസ് അന്വേഷിച്ചു. ഒരു പുരോഗതിയും ഇല്ലാതെ വന്നപ്പോൾ അഭിലാഷിന്റെ പിതാവ് രവീന്ദ്രൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. പിന്നാലെ പത്തനതിട്ട നാർക്കോട്ടിക് സെൽ ഡിവൈ.എസ്‌പിക്ക് അന്വേഷണ ചുമതല കൈമാറി. ഡിവൈ.എസ്‌പിയായിരുന്ന പി.കെ ജഗദീശ് അന്വേഷണം നടത്തി സൂചനകളൊന്നുമില്ല റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെ 2011 ജൂൺ 21 ന് കേസ് അന്വേഷണം തിരുവനന്തപുരം ക്രൈംബ്രാഞ്ച് സിഐഡി എസ്‌പി രഘുനാഥിന് കൈമാറി. രഘുനാഥിന്റെ സ്ഥലം മാറ്റത്തെ തുടർന്ന് 2012 ജനുവരി 16 ന് അന്വേഷണ ചുമതല എസ്‌പി കെ.സി. ജോർജുകുട്ടി ഏറ്റെടുത്തു. 2013 ജനുവരി 17 വരെ ജോർജുകുട്ടി അന്വേഷണം നടത്തി. ഫെബ്രുവരി 28 ന് ജോർജ് കുട്ടി വിരമിച്ചതിനെ തുടർന്ന് ഗോകുലത്ത് ലക്ഷ്മണൻ അന്വേഷണം ഏറ്റെടുത്തു. ഇദ്ദേഹം ഒക്‌ടോബർ 18 വരെ അന്വേഷിച്ചു. പിന്നെ സ്ഥലം മാറിപ്പോയി. നവംബർ 30 ന് സർവീസിൽ നിന്ന് വിരമിക്കുന്നത് വരെ കെകെ ഇബ്രാഹിം എന്ന് എസ്‌പിയാണ് അന്വേഷിച്ചത്. 2015 മെയ് 31 വരെ പിന്നെ ഈ കേസ് അന്വേഷിച്ചത് എസ്‌പി സാബു പി ഇടിക്കുളയാണ്. ഇദ്ദേഹത്തിൽ നിന്നാണ് ജി ശ്രീധരൻ അന്വേഷണം ഏറ്റെടുത്തതും ഇപ്പോൾ അവസാനിപ്പിക്കാൻ റിപ്പോർട്ട് നൽകിയിരിക്കുന്നതും. കഴിവിന്റെ പരമാവധി അന്വേഷണം നടത്തിയിട്ടുണ്ടെന്നും ഇനി പുതുതായി ഒന്നും ചെയ്യാനില്ലെന്നും എസ്‌പിയുടെ റിപ്പോർട്ടിൽ പറയുന്നു.
ഇനി ഈ അന്വേഷണവുമായി മുന്നോട്ടു പോകുന്നതിൽ അർഥമില്ലെന്നും അതിനാൽ കേസ് അവസാനിപ്പിക്കുന്നതിന് അനുവദിക്കണമെന്നുമാണ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സെപ്റ്റംബർ ഒമ്പതിനാണ് റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണ കാലയളവിൽ ഓരോ ഉദ്യോഗസ്ഥരും ചെയ്തത് എന്താണെന്ന് റിപ്പോർട്ടിൽ അക്കമിട്ടു നിരത്തിയിട്ടുണ്ട്. സന്നിധാനത്തുണ്ടായിരുന്നു 16-ൽപ്പരം സെപ്ടിക് ടാങ്കുകൾ തുറന്നു പരിശോധിച്ചു. വനത്തിലും കാനനപാതയിലും പരിശോധന നടത്തി. ഇടയ്ക്ക് പെരുനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വനത്തിൽ കണ്ടെത്തിയ അസ്ഥികൂടം ഡി.എൻ.എ ടെസ്റ്റ് നടത്തി. അഭിലാഷിന്റെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി എന്നിട്ടും ഒരു തുമ്പും ലഭിച്ചില്ല. ആകെപ്പാടെ അന്വേഷകർ കണ്ടെത്തിയത് മെയ് 22 ന് രാവിലെ 10.30 നും 11 നും ഇടയ്ക്ക് സന്നിധാനത്ത് നിന്നാണ് അഭിലാഷിനെ കാണാതായിരിക്കുന്നത് എന്നാണ്. ഇനി അന്വേഷണം നടത്താൻ കഴിയില്ലെന്ന ക്രൈംബ്രാഞ്ചിന്റെ കുറ്റസമ്മതം ഒരു പാട് തെളിവുകൾ ഒഴിവാക്കിയും ആരോപണ വിധേയരെ ചോദ്യം ചെയ്യാതെയുമാണെന്ന കാര്യം വ്യക്തമാണ്. വീട്ടുകാരും നാട്ടുകാരും ചേർന്ന് സമാന്തരമായി നടത്തിയ അന്വേഷണത്തിൽ അഭിലാഷ് കൊല്ലപ്പെട്ടുവെന്ന സൂചനയാണ് കിട്ടിയത്.
മെയ് 22 ന് അഭിലാഷ് വീട്ടിലേക്ക് പുറപ്പെട്ടിരുന്നുവെന്നാണ് സഹപ്രവർത്തകർ പറഞ്ഞത്. പക്ഷേ, അയാൾ വീട്ടിലെത്തിയില്ല. രണ്ടു മൊബൈൽ ഫോണുകളുണ്ടായിരുന്നു. അതു രണ്ടും സ്വിച്ച്ഡ് ഓഫ്. മൊബൈൽ ടവർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ശബരിമല വിട്ട് അയാൾ മറ്റെങ്ങും പോയിട്ടില്ലെന്ന് വ്യക്തമായി.
പൊലീസ് അന്വേഷണം വഴി തിരിയുന്നത് കണ്ടാണ് നാട്ടുകാരും അഭിലാഷിന്റെ ബന്ധുക്കളും സ്വന്തം നിലയിൽ അന്വേഷിച്ചിറങ്ങിയത്. ഇവർ ഒളികാമറയും സൗണ്ട് റെക്കോഡറും ഉപയോഗിച്ച് ശബരിമലയിലെ സ്ഥിരം അന്തേവാസികൾക്കിടയിൽ നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. അഭിലാഷിനെ കാണാതാകുന്നതിന് തലേന്ന് രാത്രി നടന്ന സംഭവങ്ങൾ, ഭക്തർ പുണ്യസ്ഥലമെന്ന് കരുതുന്ന ശബരിമല ക്ഷേത്രശ്രീകോവിലിൽപ്പോലും ഉദ്യോഗസ്ഥർ നടത്തുന്ന പേക്കൂത്തുകൾ, മദ്യപിച്ചും മാംസം പാകം ചെയ്ത് ഭക്ഷിച്ചും ജോലിക്കാർ ഇവിടെ ആഘോഷിക്കുന്നതിന്റെ കഥകൾ എന്നിവ അഭിലാഷിന്റെ ചെറിയച്ഛൻ സോമനും അന്നത്തെ നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റും പത്രസമ്മേളനം നടത്തി പുറത്തുവിട്ടു. ഇവർ സമാഹരിച്ച തെളിവുകൾ സ്വീകരിക്കാൻ പൊലീസ് തയാറായില്ല. അഭിലാഷിന്റെ നാട്ടുകാർ സംസാരിച്ച് മൊഴി റെക്കോഡ് ചെയ്തവർ പൊലീസ് ചോദ്യം ചെയ്തപ്പോൾ അതൊക്കെ നിഷേധിച്ചു. അവർ നേരത്തേ പറഞ്ഞ കാര്യങ്ങൾ റെക്കോഡ് ചെയ്തിരുന്നത് നൽകിയെങ്കിലും പൊലീസ് മുഖവിലയ്ക്ക് എടുത്തില്ല.
അഭിലാഷിനെ കാണാതാകുന്നതിന് തലേന്ന് ശ്രീകോവിലിന് അടിയിലെ മുറിയിൽ മദ്യസൽക്കാരം നടന്നിരുന്നുവത്രേ. അന്ന് തിരുവനന്തപുരം സ്വദേശിയായ യുവാവും അഭിലാഷും തമ്മിൽ വാക്കേറ്റവും സംഘട്ടനവും ഉണ്ടായി. ഇതിന്റെ തുടർച്ചയായിരുന്നു അഭിലാഷിന്റെ തിരോധാനം. ഇതേപ്പറ്റി ഓഫ്‌സീസണിൽ സന്നിധാനത്ത് കട നടത്തുന്ന ചില വ്യാപാരികൾക്ക് അറിയാമായിരുന്നു. ഈ വിവരം പുറത്തു പറയുന്നതിൽ നിന്ന് ആരോ അവരെ വിലക്കി. സീസൺ അല്ലാത്തപ്പോൾ നടക്കുന്ന നിരവധി കൊള്ളരുതായ്മകൾ ഇവർ അഭിലാഷിന്റെ നാട്ടുകാരോട് പറഞ്ഞിരുന്നു. ഈ വിവരം അറിയാമായിരുന്ന അഭിലാഷ് അത് പുറത്തു പറയുമെന്ന് ഭയന്നാണ് അയാളെ വകവരുത്തിയത് എന്നാണ് ബന്ധുക്കൾ വിശ്വസിക്കുന്നത്.
ദേവസ്വം മരാമത്തിലെ ഉന്നത ഉദ്യോഗസ്ഥനെയാണ് അഭിലാഷിന്റെ ബന്ധുക്കൾക്ക് സംശയം. ഇയാളുടെ അടുത്ത അനുയായി ആയ ജീവനക്കാരനുമായിട്ടാണ് അഭിലാഷ് വാക്കേറ്റവും സംഘട്ടനവും നടത്തിയത്. ഈ ജീവനക്കാരൻ പിന്നീട് തിരുവനന്തപുരത്തുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചു.
അഭിലാഷിനെ കുറിച്ച് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ അയാൾ തികഞ്ഞ മദ്യപാനിയും കഞ്ചാവിനും മറ്റ് ലഹരി മരുന്നുകൾക്ക് അടിമയും ആയിരുന്നുവെന്ന് പറയുന്നുണ്ട്. ഇത് ബന്ധുക്കളെ വളരെയധികം വേദനിപ്പിച്ചിട്ടുണ്ട്. മകന് എന്തു സംഭവിച്ചുവെന്ന് അറിയാതെ ഉഴലുന്ന മാതാപിതാക്കൾ പക്ഷേ, ഉറച്ച നിലപാടിലാണ്. കേസിന് തുമ്പുണ്ടാക്കാൻ എത് അറ്റം വരെയും പോകുമെന്നാണ് പിതാവ് രവീന്ദ്രൻ പറയുന്നത്.