പത്തനംതിട്ട: പ്രചാരണ വേദിയിൽ ദേശീയ നേതാക്കൾ വന്ന് ശബരിമല തിളപ്പിക്കുമ്പോൾ ആ ചൂടൊന്നും തങ്ങളിൽ ഏശിയിട്ടില്ലെന്നാണ് ജില്ലയിലെ വോട്ടിങ് നില വ്യക്തമാക്കുന്നത്. മുമ്പൊരിക്കലും ഉണ്ടാകാത്ത വിധം സാമുദായിക വോട്ടുകൾ ധ്രുവീകരിച്ച ഒരു തെരഞ്ഞെടുപ്പായി മാറുകയാണ് ഇത്. ശബരിമല ഉൾക്കൊള്ളുന്ന ജില്ലയായതിനാൽ ആ വിഷയം ആളിക്കത്തിക്കാനാണ് എൻഡിഎയും യുഡിഎഫും ശ്രമിച്ചത്. പ്രചാരണത്തിന് വന്ന നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ശബരിമലയിൽ ഊന്നിയാണ് പ്രസംഗിച്ചതും. എന്നാൽ, അതിന്റെയൊന്നും ആവശ്യം വേണ്ടി വന്നിട്ടില്ലെന്നാണ് പോളിങ് ശതമാനം തെളിയിക്കുന്നത്.

പത്തനംതിട്ടയിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. എന്നാൽ ഇടതുപക്ഷം എല്ലാം ജയിക്കുമെന്ന് പറയുന്നതല്ലാതെ കൃത്യമായി ഉത്തരമൊന്നും നൽകുന്നില്ല. കോന്നിയിൽ വോട്ട് കൂടുമെന്നത് മാത്രമാണ് ബിജെപിയുടെ പ്രതീക്ഷ. അത് ജയത്തിലെത്തുമെന്നും പറയുന്നു. എന്നാൽ കൂടുതൽ ആത്മവിശ്വാസം പത്തനംതിട്ടയിൽ യുഡിഎഫിനാണ് ഈ ഘട്ടത്തിൽ എന്നതാണ് വസ്തുത. അഞ്ചിൽ അഞ്ചും ജയിക്കാമെന്നാണ് പ്രതീക്ഷ. എന്നാൽ ഇതിൽ നാലെങ്കിലും ഉറപ്പാണെന്നും അവർ പറയുന്നു. അതിന് രാഷ്ട്രീയ കാരണങ്ങളും സാമുദായിക കാരണങ്ങളും അവർ നിരത്തുന്നുമുണ്ട്.

സാമുദായിക ധ്രുവീകരണമാണ് പത്തനംതിട്ട ജില്ലയിൽ വിധി നിർണയിക്കുക. റാന്നിയിലും കോന്നിയിലും ക്രൈസ്തവ വോട്ടുകൾ ഏകീകരിച്ചു. ഇവിടെ രണ്ടിടത്തും യുഡിഎഫ് മാത്രമാണ് ക്രൈസ്തവ സമുദായത്തിൽപ്പെട്ട സ്ഥാനാർത്ഥി ഉണ്ടായിരുന്നത്. എൻഡിഎയ്ക്കും എൽഡിഎഫിനും ഹിന്ദു സ്ഥാനാർത്ഥികളായിരുന്നു. അതിൽ മൂന്നു പേർ ഈഴവരും ഒരാൾ നായരും. കോന്നിയിൽ ഈഴവ സമുദായത്തിൽപ്പെട്ട സുരേന്ദ്രനും ജനീഷും അവരുടെ വോട്ടുകൾ പങ്കിട്ടു.

റാന്നിയിലും സ്ഥിതി വ്യത്യസ്തമല്ല. എൻഡിഎ സ്ഥാനാർത്ഥി കെ പത്മകുമാർ ഈഴവ വോട്ടുകളിൽ പകുതിയും ഉറപ്പിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി പ്രമോദ് നാരായണന് നായർ സമുദായത്തിൽ നിന്നുള്ള വോട്ടുകൾ കിട്ടി. തങ്ങളുടെ സമുദായത്തിൽ നിന്നുള്ള രാജു ഏബ്രഹാമിന് ഇക്കുറി സീറ്റ് നിഷേധിച്ചതിന്റെ പ്രതിഷേധം ക്നാനായ സഭയിലുണ്ട്. ഈ സമുദായത്തിൽ നിന്നുള്ള വോട്ടുകൾ ഏറെക്കുറെ ചെയ്തിട്ടില്ല.

ആറന്മുളയിൽ ഓർത്തഡോക്സ് വോട്ടുകൾ എൻഡിഎ സ്ഥാനാർത്ഥി ബിജു മാത്യുവിനും എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജിനുമായി വിഭജിക്കപ്പെട്ടപ്പോൾ എൻഎസ്എസിന്റെയും ബിജെപിയുടെയും വോട്ടുകൾ ശിവദാസൻ നായർക്കാണ് ലഭിച്ചത്. കഴിഞ്ഞ തവണ മറിച്ചു വോട്ടു ചെയ്ത പത്തനംതിട്ട നഗരസഭയിലെയും മറ്റും മുസ്ലിം സമുദായക്കാർ ഇക്കുറി ശിവദാസൻ നായർക്കൊപ്പം നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

അടൂരിൽ ചിറ്റയം ഗോപകുമാറിനെ തോൽപ്പിക്കാൻ കഴിയില്ലെന്ന് യുഡിഎഫ് പോലും വിചാരിച്ചിരുന്നതാണ്. എന്നാൽ, എംജി കണ്ണനെതിരേ എൽഡിഎഫ് അഴിച്ചു വിട്ട സൈബർ ആക്രമണവും വ്യക്തിഹത്യ പ്രചാരണവും തിരിച്ചടിച്ചിരിക്കുകയാണ് ഇവിടെ. രക്താർബുദ ബാധിതനായ മകനുമായി കണ്ണൻ ആർസിസിയിൽ ചികിൽസയ്ക്ക് പോയത് വാർത്തയായിരുന്നു. എല്ലാ മാധ്യമങ്ങളും ഏറ്റെടുത്തതോടെ ഇത് വൈറൽ ആയി. എന്നാൽ കണ്ണൻ കുഞ്ഞിന്റെ രോഗം വച്ച് മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് ആരോപിച്ച് രൂക്ഷമായ സൈബർ ആക്രമണമാണ് സഖാക്കൾ അഴിച്ചു വിട്ടത്.

ലഘുഘേഖ ഇറക്കി വ്യക്തിഹത്യയ്ക്കും ശ്രമിച്ചു. ഇതോടെ കാര്യങ്ങൾ കണ്ണന് അനുകൂലമായി മാറുകയായിരുന്നു. തിരുവല്ലയിൽ ജോസഫ് എം പുതുശേരിക്കും വിക്ടർ ടി തോമസിനും സീറ്റ് നിഷേധിച്ച് കേരളാ കോൺഗ്രസ് നടത്തിയ നീക്കം ഫലം കണ്ടുവെന്ന് വേണം കരുതാൻ. ഓർത്തഡോക്സ് സമുദായാംഗമായ കുഞ്ഞുകോശി പോളിന് വേണ്ടി സഭ ഒറ്റക്കെട്ടായി വോട്ട് ചെയ്തുവെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്ന് പുറത്തു വരുന്ന സൂചനകൾ. മാത്യു ടി തോമസിനെതിരേ പ്രദേശവാസികൾക്കിടയിലും സിപിഎമ്മിലുമുള്ള എതിർപ്പ് കുഞ്ഞുകോശി പോളിന് തുണയായി. പരസ്പരം മത്സരിച്ച് കാലുവാരിക്കൊണ്ടിരുന്ന വിക്ടർ-പുതുശേരി ഗ്രൂപ്പുകളും അനവസരത്തിൽ അഭിപ്രായം പറഞ്ഞ് കുളമാക്കുന്ന പിജെ കുര്യനും ഇക്കുറി നിശബ്ദരായതും കുഞ്ഞുകോശിക്ക് തുണയാകുമെന്നാണ് പ്രതീക്ഷ.

പോളിങ് ശതമാനം കുറഞ്ഞത് തങ്ങൾക്ക് അനുകൂലമാകുമെന്ന് പതിവു പോലെ എൽഡിഎഫ് കേന്ദ്രങ്ങൾ അവകാശപ്പെടുന്നുണ്ട്. ഇരട്ടവോട്ടുകൾക്ക് പിടിവീണത് വോട്ടിങ് ശതമാനം കുറയാൻ കാരണമായി. എന്നിരുന്നാലും കോന്നിയിലും അടൂരിലും കനത്ത പോളിങ് തന്നെയാണ് നടന്നത്. മറ്റു മൂന്നു മണ്ഡലങ്ങളിലും ശതമാനത്തിൽ വലിയ ഇടിവുണ്ടായതിന് ഒരു കാരണം സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചയാകാമെന്നും പറയുന്നു.