പത്തനംതിട്ട: ബിജെപി-ബി.ഡി.ജെ.എസ് സഖ്യത്തിനെതിരേ ജില്ലയിൽ എൻ.എസ്.എസും മതന്യൂനപക്ഷങ്ങളും ഒന്നിച്ചത് എൽ.ഡി.എഫിന് ഗുണകരമാകുമെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ. ആകെയുള്ള അഞ്ചു സീറ്റിൽ നാലിലും എൽ.ഡി.എഫ് വിജയിക്കും. കോന്നിയിൽ അടൂർ പ്രകാശ് മാത്രം കഷ്ടിച്ചു രക്ഷപ്പെടും.

പത്തനംതിട്ട നഗരസഭയിൽ മതന്യൂനപക്ഷങ്ങളുടെ ഏകീകരണം വീണാ ജോർജിനെ വിജയിപ്പിക്കും. ഡി.സി.സിയുടെ തലപ്പത്തുള്ള നാലുപേർ ചേർന്നുള്ള പാലം വലി ശിവദാസൻ നായർക്ക് തിരിച്ചടിയായി. വീണാ ജോർജ് 5000 വോട്ടിന് വിജയിക്കും. ഫലം വരുമ്പോൾ ഭൂരിപക്ഷം ഇതിലും വർധിക്കാൻ സാധ്യതയുണ്ട്. അടൂരിലും ബി.ഡി.ജെ.എസിന്റെ സാന്നിധ്യം എൽ.ഡി.എഫിനെ തുണയ്ക്കും.

കഴിഞ്ഞ തവണത്തെ 606 വോട്ടിൽ നിന്ന് ചിറ്റയം ഗോപകുമാർ 5000 വോട്ടിന്റെ ഭൂരിപക്ഷത്തിലേക്ക് ഉയരും. അടൂരിലെ മൈക്രോഫിനാൻസ് തട്ടിപ്പ് കാരണം ഈഴവ വോട്ടുകൾ ബിജെപിക്ക് എതിരായി. യൂണിയൻ ഭാരവാഹികൾ നടത്തിയ തട്ടിപ്പിൽ വെള്ളാപ്പള്ളിയുടെ ഭാഗത്തുനിന്ന് നീതി ലഭിച്ചില്ലെന്ന് മാത്രമല്ല, കോടതി കയറിയിറങ്ങുകയും ചെയ്യേണ്ട ഗതികേടിലാണ് ഈഴവസമുദായാംഗങ്ങൾ. കെ.കെ. ഷാജുവിനെ കോൺഗ്രസ് പാലം വലിക്കുകയും ചെയ്തിട്ടുണ്ട്.

തിരുവല്ലയിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി അക്കീരമൺ കാളിദാസഭട്ടതിരിക്ക് ചലനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തൽ. യു.ഡി.എഫിലെ പാലംവലി ജോസഫ് എം. പുതുശേരിയുടെ പരാജയത്തിനു കാരണഗമാകും. മാത്യു ടി. തോമസിന്റെ ഭൂരിപക്ഷം 2000 ആയി കുറഞ്ഞേക്കും.

എൻ.ഡി.എ വിജയിക്കുമെന്ന് വരെ കരുതിയിരുന്ന റാന്നിയിൽ ശക്തമായ അടിയൊഴുക്കും എൻ.എസ്.എസ് -മത ന്യൂനപക്ഷ വോട്ട് ഏകീകരണവുമുണ്ടായി. എൻ.ഡി.എ സ്ഥാനാർത്ഥി പത്മകുമാർ മൂന്നാം സ്ഥാനത്തേക്ക് പോകും. പെരുനാട്ടിൽ മാത്രമാണ് ബി.ഡി.ജെ.എസിന് നേട്ടമുണ്ടാക്കാൻ കഴിയുക. 8000 വോട്ടിന് രാജു ഏബ്രഹാം ജയിക്കും.

കോന്നിയിൽ അടൂർ പ്രകാശിനോട് ചുരുങ്ങിയ വോട്ടുകൾക്കാകും ആർ. സനൽകുമാർ തോൽക്കുക. അവിടെ ഈഴവ വോട്ടുകൾ അടൂർ പ്രകാശിനായി ഏകീകരിച്ചതാണ് സിപിഐ(എം) പരാജയപ്പെടാൻ കാരണമാകുന്നത്. നായർ വോട്ടുകൾ എൻ.ഡി.എയ്ക്ക് അധികം പോയിട്ടില്ലെങ്കിൽ സനൽകുമാർ ജയിക്കാനുള്ള സാധ്യതയും സെക്രട്ടറിയേറ്റ് തള്ളിക്കളയുന്നില്ല. സംസ്ഥാന സമിതിയംഗം കെ.ജെ. തോമസിന്റെ നേതൃത്വത്തിലാണ് സെക്രട്ടറിയേറ്റ് ചേർന്നത്.