പത്തനംതിട്ട: ഒരു ടേം മുൻപ് യുഡിഎഫ് അധികാരത്തിൽ വന്നപ്പോൾ മൂന്നു പ്രസിഡന്റുമാരാണ് ജില്ലാ പഞ്ചായത്തിനുണ്ടായിരുന്നത്. അന്ന് അതിനെ ഏറ്റവുമധികം വിമർശിച്ചത് സിപിഎമ്മായിരുന്നു. ഇപ്പോഴിതാ 15 വർഷത്തിന് ശേഷം ജില്ലാ പഞ്ചായത്ത് ഭരണം കിട്ടിയപ്പോൾ എൽഡിഎഫ് ഇതാ പ്രസിഡന്റ്-വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വീതം വയ്ക്കുന്നു. എൽഡിഎഫിൽ ഒരിക്കലും പതിവില്ലാത്ത കീഴ്‌വഴക്കം. പക്ഷേ, സിപിഎമ്മിലെ വിഭാഗീയതയാണ് വീതം വയ്പിന് കാരണമായിരിക്കുന്നത്.

ആദ്യ ടേമിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. ഓമല്ലൂർ ശങ്കരനെ പ്രസിഡന്റും സിപിഐയിൽ നിന്നുള്ള രാജി പി രാജപ്പനെ വൈസ് പ്രസിഡന്റുമായി തെരഞ്ഞെടുത്തു. 16 അംഗ ഭരണ സമിതിയിൽ 12 സീറ്റാണ് എൽഡിഎഫിനുള്ളത്.ആദ്യ മൂന്നു വർഷം മാത്രമാണ് ഓമല്ലൂർ ശങ്കരൻ പ്രസിഡന്റായി ഇരിക്കുക. ശേഷിച്ച ഒരു വർഷം സിപിഐയും അവസാന ടേം കേരളാ കോൺഗ്രസും(എം) പ്രസിഡന്റ് സ്ഥാനത്ത് എത്തും. വൈസ് പ്രസിഡന്റ് സ്ഥാനത്ത് ആദ്യ വർഷം സിപിഐ, തുടർന്ന് കേരളാ കോൺഗ്രസ്-എം, ജനതാദൾ എന്നിവർ ഓരോ വർഷം വീതവും അവസാന രണ്ടു വർഷം സിപിഎമ്മും എത്തും.

രണ്ടു ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളാണ് പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് സിപിഎമ്മിൽ നിന്ന് മത്സരിച്ചത്. ഇലന്തൂരിൽ നിന്ന് ഓമല്ലൂർ ശങ്കരനും ഏനാത്ത് നിന്ന് പിബി ഹർഷകുമാറും. 33 വോട്ടിന് ഹർഷൻ തോറ്റത് തിരിച്ചടിയായി. അദ്ദേഹം ജയിച്ചിരുന്നുവെങ്കിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകുമായിരുന്നു. ഹർഷന്റെ തോൽവിയോടെ അഞ്ചു വർഷവും ഓമല്ലൂർ ശങ്കരൻ പ്രസിഡന്റാകുമെന്നായിരുന്നു സിപിഎമ്മിന്റെ ഘടന അനുസരിച്ച് ഏവരും വിശ്വസിച്ചിരുന്നത്. എന്നാൽ, ശങ്കരനെ അങ്ങനെ അങ്ങ് വിടാൻ സിപിഎമ്മിൽ ഒരു വിഭാഗം ഒരുക്കമല്ലായിരുന്നു.

ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഇതിനുള്ള കരുക്കൾ നീക്കിയത് എന്ന് പറയുന്നു. എന്തായാലും രണ്ട് സീറ്റ് വീതം നേടിയ സിപിഐക്കും കേരളാ കോൺഗ്രസിനും പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നത് ബമ്പർ അടിച്ചതു പോലെയായി. രണ്ടു കൂട്ടരും വൈസ് പ്രസിഡന്റ് സ്ഥാനം മാത്രം പ്രതീക്ഷിച്ചിരുന്നവരാണ്. അതു പോലെ ജനതാദളിന്റെ ഏക അംഗം സ്വപ്നത്തിൽ പോലും കിട്ടുമെന്ന് കരുതിയതല്ല വൈസ് പ്രസിഡന്റ് സ്ഥാനം. അവർക്കും ലോട്ടറിയടിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുളയിൽ വീണാ ജോർജ് മത്സരിക്കുന്നതിനെതിരേ ഓമല്ലൂർ ശങ്കരനെ അനുകൂലിക്കുന്നവർ രംഗത്തു വന്നിരുന്നു. അദ്ദേഹം പ്രത്യക്ഷത്തിൽ നിന്നില്ലെങ്കിലും അനുകൂലികൾ ശങ്കരന്റെ പിന്തുണയോടെയാണ് പ്രകടനവും മറ്റും നടത്തിയതെന്ന് പാർട്ടിക്ക് ബോധ്യമുണ്ടായിരുന്നു. ഇതിന്റെ പേരിൽ നിരവധി ആൾക്കാർക്കെതിരേ പാർട്ടി നടപടിയും എടുത്തു. ഈ അച്ചടക്ക രാഹിത്യത്തിനുള്ള താക്കീത് കൂടിയാകണം ശങ്കരന് മുഴുവൻ ടേം നൽകാതിരിക്കാനുള്ള വീതം വയ്പെന്ന് പാർട്ടിയിൽ തന്നെ ഒരു വിഭാഗം പറയുന്നു.