പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ജില്ലയിലെ തെരഞ്ഞെടുപ്പുചിത്രം മാറി മറിയുന്നു. നിലവിൽ എൽ.ഡി.എഫിനുണ്ടായിരുന്ന മൂന്ന് സിറ്റിങ് സീറ്റുകളിലും അവരുടെ സ്ഥാനാർത്ഥികൾ വിയർക്കുന്നു. സുരക്ഷിതമെന്ന് കരുതിയിരുന്ന അടൂരിൽപ്പോലും കാറ്റു മാറി വീശിത്തുടങ്ങി. റാന്നിയിലും തിരുവല്ലയിലും എൻഡിഎ സ്ഥാനാർത്ഥികൾ ശക്തമായി പിടിമുറുക്കിയതാണ് എൽഡിഎഫിനെ വലയ്ക്കുന്നതെങ്കിൽ അടൂരിൽ സിപിഎമ്മിൽ ഒരു വിഭാഗം ഉണ്ടാക്കിയ അടിയൊഴുക്ക് നിർണായകമാകും.

അഞ്ചു മണ്ഡലങ്ങളുള്ള ജില്ലയിൽ നിലവിൽ എൽഡിഎഫ്-മൂന്ന്, യു.ഡി.എഫ്-രണ്ട് എന്നതാണ് സ്ഥിതി. ആറന്മുള, കോന്നി എന്നീ യു.ഡി.എഫ് മണ്ഡലങ്ങളിൽ കെ. ശിവദാസൻ നായർ എംഎ‍ൽഎയും മന്ത്രി അടൂർ പ്രകാശും വിജയപ്രതീക്ഷ പുലർത്തുന്നു. ഇവർ രണ്ടുപേരും തോൽക്കണമെങ്കിൽ അത്ഭുതം തന്നെ സംഭവിക്കണമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. മൂന്നു തവണ സിപിഐ(എം) ജയിച്ച റാന്നിയിൽ ഇക്കുറി മത്സരം എൻ.ഡി.എയും എൽ.ഡി.എഫും തമ്മിലാണെന്ന് നിസംശയം പറയാം. എൻ.ഡി.എ സ്ഥാനാർത്ഥി ബി.ഡി.ജെ.എസിന്റെ ജില്ലാ ചെയർമാനും എസ്.എൻ.ഡി.പി പത്തനംതിട്ട യൂണിയൻ പ്രസിഡന്റുമായ കെ. പത്മകുമാറാണ്. ഈഴവ സമുദായത്തിന് ഏറെ വേരോട്ടമുള്ള മണ്ണിൽ പ്രചാരണത്തിലും മുന്നിൽ പത്മകുമാർ തന്നെയാണ്. എസ്.എൻ.ഡി.പി ശാഖകളിലൂടെ വോട്ടർമാരുടെ ഇടയിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലാൻ പത്മകുമാറിന് കഴിയുന്നുണ്ട്.

പത്തനംതിട്ട യൂണിയനിൽ പത്മകുമാറിന് എതിർപ്പുണ്ടെങ്കിലും റാന്നി യൂണിയൻ ഒറ്റക്കെട്ടായി അദ്ദേഹത്തോടൊപ്പമുണ്ട്. സ്വീകരണ യോഗങ്ങളിൽ കാണുന്ന വൻ ജനപങ്കാളിത്തം വോട്ടായി മാറിയാൽ റാന്നിയിൽ അട്ടിമറി തന്നെ നടന്നേക്കാം. പ്രചാരണത്തിൽ തൊട്ടുപിന്നിൽ, ഇഞ്ചോടിഞ്ച് പൊരുതി എൽ.ഡി.എഫും ഉണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥി മറിയാമ്മ ചെറിയാനാകട്ടെ കാതങ്ങൾ പിന്നിലാണ്. പാർട്ടിക്കുള്ളിൽ നിന്ന് രാജുവിന് എതിർപ്പുണ്ട്. തുടർച്ചയായി നാലാം തവണയും രാജു മത്സരിക്കുന്നതിന് പാർട്ടിയിലെ ഒരു വിഭാഗം ശക്തമായ വിയോജിപ്പ് അറിയിച്ചിരുന്നു. വികസന പ്രവർത്തനങ്ങളിൽ അദ്ദേഹം പിന്നാക്കം പോയെന്ന് ഒരു അഭിപ്രായം ജനങ്ങൾക്ക് ഇടയിലുമുണ്ട്. ബി.ഡി.ജെ.എസ് പിടിച്ചെടുക്കുന്ന വോട്ടുകളിൽ ഏറെയും എൽ.ഡി.എഫിന്റേതാകും. ആ നിലയ്ക്ക് ചുളുവിൽ ജയിച്ചു കയറാമെന്ന പ്രതീക്ഷ മാത്രമാണ് മറിയാമ്മയ്ക്കുള്ളത്. ബിജെപി വോട്ടുകൾ ഭിന്നിച്ച് രാജുവിന് പോകാതിരുന്നാൽ എൻ.ഡി.എ ഇവിടെ ചരിത്രം കുറിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

അടൂരിൽ സിപിഐ-സിപിഐ(എം) പോര് ചിറ്റയം ഗോപകുമാറിന് ഭീഷണിയാണ്. കഴിഞ്ഞ തവണ യു.ഡി.എഫിൽ നിന്ന് മണ്ഡലം ചിറ്റയം പിടിച്ചെടുക്കുമ്പോൾ 606 ആയിരുന്നു ഭൂരിപക്ഷം. ഇക്കുറി സീറ്റ് തർക്കത്തെച്ചൊല്ലി യു.ഡി.എഫിൽ വിഭാഗീയത ശക്തമാണ്. ജെ.എസ്.എസിൽ നിന്ന് കോൺഗ്രസിലേക്ക് വന്നതിന് പിന്നാലെ കെ.കെ. ഷാജുവിന് സീറ്റ് കൊടുത്തതിന് എതിരേ പന്തളം പ്രതാപൻ അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്തുണ്ട്. എന്നാൽ, ഇവർക്ക് ഷാജുവിനെ തോൽപ്പിക്കാനുള്ള കളി വശമില്ലെന്നും അഥവാ ശ്രമിച്ചാൽ തന്നെ അതിന് സാധ്യതയില്ലെന്നും കോൺഗ്രസിലെ ഒരു വിഭാഗം പറയുന്നു.

ചിറ്റയത്തെ തോൽപിക്കാൻ സിപിഎമ്മിലെ ഒരു വിഭാഗം കച്ച മുറുക്കി രംഗത്തുണ്ട്. നേരത്തേ തന്നെ അടൂരിൽ സിപിഐയും സിപിഎമ്മും അത്ര രസത്തിൽ അല്ല. ഇടയ്ക്കിടെ ഇരുപക്ഷവും തമ്മിൽ ഏറ്റുമുട്ടലും ഉണ്ടാകാറുണ്ട്. ചിറ്റയത്തെ എന്തു വില നൽകിയും തോൽപിക്കുക എന്ന ലക്ഷ്യവും സിപിഎമ്മിൽ ഒരു വിഭാഗത്തിനുണ്ട്. ബിജെപി സ്ഥാനാർത്ഥിക്ക് ഇവിടെ കാര്യമായൊന്നും ചെയ്യാനില്ല. കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാർത്ഥിയെ തോൽപിക്കാൻ കോൺഗ്രസുകാർ ഇവിടെ ഒത്തു പരിശ്രമിച്ചിരുന്നു. ഇത്തവണ ആ തരംഗമില്ല. എന്നാൽ, എൽ.ഡി.എഫ് പാളയത്തിൽ പടയുണ്ട് താനും. ഇതാണ് ചിറ്റയത്തിന് വിനയാകുന്നത്.

ആകെ മാറിയ തെരഞ്ഞെടുപ്പ് ചിത്രമാണ് തിരുവല്ലയിലേത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി മാത്യു ടി. തോമസ് എന്നും ഭയക്കുന്ന എതിരാളിയാണ് ജോസഫ് എം. പുതുശേരി. പി.ജെ.കുര്യന്റെ പുതുശേരിയോടുള്ള എതിർപ്പ് തുണയാകുമെന്ന് കരുതിയിരുന്ന എൽ.ഡി.എഫുകാരുടെ കണക്കു കൂട്ടൽ പിഴച്ചിരിക്കുകയാണ്. കുര്യന്റെ എതിർപ്പ് പുതുശേരിയെ പാർട്ടിക്കുള്ളിലും യു.ഡി.എഫിലും ഒന്നു കൂടി ശക്തനാക്കി മാറ്റി. ഓർത്തഡോക്‌സ് സഭ ഒന്നടങ്കം അദ്ദേഹത്തിന് പിന്നിൽ ഉറച്ചു കഴിഞ്ഞു. മണ്ഡലത്തിലെ ചില വിഭാഗങ്ങളുടെ വിരോധം സമ്പാദിച്ചതും മാത്യു ടി. ക്ക് വിനയാകും. എംഎ‍ൽഎ എന്ന നിലയിൽ കഴിഞ്ഞ അഞ്ചു വർഷം മാത്യു ടി. പരാജയമായിരുന്നുവെന്ന് ഒരു അഭിപ്രായം ജനങ്ങൾക്കിടയിലുണ്ട്.

ഇതിനിടയിലേക്കാണ് ശക്തമായ ത്രികോണ മത്സരത്തിന് അരങ്ങൊരുക്കി എൻ.ഡി.എ സ്ഥാനാർത്ഥി അക്കീരമൻ കാളിദാസ ഭട്ടതിരിപ്പാട് എത്തിയിരിക്കുന്നത്. വരേണ്യ വർഗത്തിന്റെ പൊയ്മുഖമില്ലാതെ നായാടി മുതൽ നമ്പൂതിരി വരെയന്ന ബി.ഡി.ജെ.എസ് പ്രത്യയശാസ്ത്രം അക്ഷരം പ്രതി പാലിച്ചാണ് അക്കീരമന്റെ പ്രവർത്തനം. ദളിത് കോളനികളിലെ കുടിലുകളിൽ കയറി ഭക്ഷണം കഴിച്ചും ലഘുപാനീയങ്ങൾ കഴിച്ചും അക്കീരമൻ പ്രചാരണം തുടരുമ്പോൾ അതൊരു രാഷ്ട്രീയക്കാരന്റെ നാട്യമല്ലെന്ന് വോട്ടർമാർ തിരിച്ചറിയുന്നുണ്ട്. റാന്നിയിലേത് പോലെ ഇവിടെയും എൻ.ഡി.എ കൊണ്ടുപോകുന്നത് എൽ.ഡി.എഫ് വോട്ടാണ്. അങ്ങനെ വരുമ്പോൾ പരാജയം മാത്യു ടി. യെ തുറിച്ചു നോക്കും. നിലവിലുള്ള സാഹചര്യം മനസിലാക്കുന്നിടത്തോളം ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും യു.ഡി.എഫ് തൂത്തുവാരിയാലും അത്ഭുതപ്പെടാനില്ല. ഇനിയുള്ള ഒരാഴ്ചത്തെ അടിയൊഴുക്കുകളാകും അന്തിമവിധി നിർണയിക്കുക.