പത്തനംതിട്ട: ജില്ലയിലെ തെരഞ്ഞെടുപ്പിൽ ഇന്നലെ ഉച്ചവരെ യു.ഡി.എഫിന് വാനോളം പ്രതീക്ഷയായിരുന്നു. അഞ്ചു മണ്ഡലങ്ങളും അവർ തൂത്തുവാരുമെന്ന് നിഷ്പക്ഷർ പോലും കരുതിയിരുന്നു. പോളിങ് കഴിഞ്ഞതോടെ കഥ മാറി. രണ്ടു മണ്ഡലങ്ങൾ എങ്കിലും കിട്ടിയാൽ വലിയ കാര്യം എന്ന നിലപാടിലേക്കായി കോൺഗ്രസ് നേതൃത്വം. അവർ പ്രതീക്ഷിക്കുന്ന രണ്ടു മണ്ഡലങ്ങളാകട്ടെ റാന്നിയും അടൂരും.

ഏറ്റവും വലിയ അട്ടിമറി നടക്കാൻ പോകുന്നത് ഒരു പക്ഷേ, ആറന്മുളയിലാകും. കോൺഗ്രസിന്റെ മൂന്നു പ്രമുഖ നേതാക്കൾ ചേർന്ന് പത്തനംതിട്ട നഗരസഭയിൽ നടത്തിയ പാലം വലി വീണാ ജോർജിന് ഓർക്കാപ്പുറത്ത് കിട്ടിയ ലോട്ടറിയാകും. നഗരസഭയിലെ വോട്ടു കൊണ്ട് മാത്രമാണ് കഴിഞ്ഞ തവണ ആറന്മുളയിൽ ശിവദാസൻ നായർ വിജയം ഉറപ്പിച്ചത്. അതിൽ വലിയ പങ്കുവഹിച്ചത് മുസ്ലിം വോട്ടുകളാണ്. ഇക്കുറി വോട്ടുകൾ ഏറെക്കുറെ 90 ശതമാനവും വീണയുടെ ബട്ടണിലാണ് പതിഞ്ഞിരിക്കുന്നത്. എസ്‌പിയുമായി ചേർന്ന് സ്വന്തം സ്ഥാനാർത്ഥിയെ എസ്.ഡി.പി.ഐ നിർത്തിയെങ്കിലും അവസാനനിമിഷം അവരുടെ വോട്ടും വീണ ജോർജിനു പോയി.

എതിർക്കുമെന്ന് കരുതിയിരുന്ന ഓർത്തഡോക്‌സിലെ ഒരു വിഭാഗവും മാറി ചിന്തിച്ചു. ബി.ഡി.ജെ.എസിന് നിർണായക സ്വാധീനമുണ്ടാകുമെന്നു കരുതിയിരുന്ന മെഴുവേലിയിൽ പക്ഷേ, ഈഴവ വോട്ടുകൾ വീണാ ജോർജിനാണ് ലഭിച്ചത്. വെള്ളാപ്പള്ളിയോട് വിധേയത്വമില്ലാത്തവരാണ് ഇവിടെയുള്ള ഈഴവരെന്നതാണ് ഇതിന് കാരണമായത്. അമിത ആത്മവിശ്വാസവും ശിവദാസൻ നായർക്ക് വിനയാകും. ഒരു ജില്ലാ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ കോയിപ്രം, ഇരവിപേരൂർ പഞ്ചായത്തിലെ മാർത്തോമ്മാ വോട്ടുകളും മറിച്ചതായാണ് വിവരം. വീണ ജയിച്ചാൽ സിപിഐ(എം) നേതാവ് ഓമല്ലൂർ ശങ്കരന് പണികിട്ടും. ഇതിനുള്ള നീക്കം അണിയറയിൽ സജീവമാണ്.

കോന്നിയിൽ ബി.ഡി.ജെ.എസ് സഹായിച്ചിട്ടു പോലും അടൂർ പ്രകാശിന് വിജയം ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല. വികസന പ്രവർത്തനങ്ങൾ കോന്നിയിൽ മാത്രമായി ഒതുങ്ങിയതും അഴിമതി ആരോപണങ്ങളും അടൂർ പ്രകാശിന് തിരിച്ചടിച്ചുവെന്നാണ് വിലയിരുത്തൽ. എങ്കിൽപ്പോലും നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാമെന്ന് അദ്ദേഹം കണക്കു കൂട്ടുന്നു. ജില്ലാ കോൺഗ്രസ് നേതൃത്വവും കോന്നിയിൽ വലിയ പ്രതീക്ഷ വച്ചു പുലർത്തുന്നില്ല. പ്രമുഖ നേതാവിന്റെ നേതൃത്വത്തിൽ ഇവിടെയും യു.ഡി.എഫിൽ അണ്ടർഗ്രൗണ്ട് പണി നടന്നിട്ടുണ്ട്. എതിർ സ്ഥാനാർത്ഥി സിപിഎമ്മിലെ ആർ. സനൽകുമാർ ആദ്യമൊന്നും ചിത്രത്തിൽ ഉണ്ടായിരുന്നില്ല. പോളിങ്ദിനമായപ്പോഴേക്കും ശക്തമായ വെല്ലുവിളി ഉയർത്താൻ സനലിന് കഴിഞ്ഞു.

അടൂർ, റാന്നി മണ്ഡലങ്ങളിൽ കോൺഗ്രസ് വിജയം പ്രതീക്ഷിക്കുന്നത് ബി.ഡി.ജെ.എസിന്റെ ശക്തമായ സാന്നിധ്യം മൂലമാണ്. റാന്നിയിൽ യഥാർഥ മത്സരം നടന്നത് എൽ.ഡി.എഫും ബി.ഡി.ജെ.എസും തമ്മിലാണ്. ഇതിനിടയിലൂടെ യു.ഡി.എഫിലെ മറിയാമ്മ ചെറിയാന് ജയിക്കാമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. ബി.ഡി.ജെ.എസിന ്ശക്തമായ സാന്നിധ്യം ഇവിടെയുണ്ട്. ബിജെപിയുടെ 17,000ൽപ്പരം വോട്ടു കൂടി വീണാൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയുടെ ജയസാധ്യതയും തള്ളിക്കളയാൻ കഴിയില്ല. രണ്ടായിരത്തിൽപ്പരം വോട്ടുകൾക്ക് ജയിക്കുമെന്നാണ് രാജു ഏബ്രഹാം കണക്കൂ കൂട്ടുന്നത്. ബി.ഡി.ജെ.എസ് സാന്നിധ്യത്തിൽ എൽ.ഡി.എഫിന്റെ വോട്ടുകൾ ഭിന്നിക്കുമെന്നും അപ്പോൾ ചുളുവിൽ ജയിച്ചു കയറാമെന്നും മറിയാമ്മ കരുതുന്നു.

അടൂരിൽ ബി.ഡി.ജെ.എസ് വോട്ടുകൾ ബിജെപി സ്ഥാനാർത്ഥി സുധീറിന് ഗണ്യമായി കിട്ടിയിട്ടുണ്ട്. ഇതിന് പുറമേ സിപിഎമ്മിലെ ഒരു വിഭാഗം പാലം വലിക്കുക കൂടി ചെയ്തതോടെ ചിറ്റയം ഗോപകുമാറിന്റെ അവസ്ഥ ഞാണിന്മേൽ കളിയായിട്ടുണ്ട്. കോൺഗ്രസുകാർക്കിടയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ഷാജുവിനോട് എതിർപ്പുണ്ടെങ്കിലും വോട്ടു ചോർച്ച ഉള്ളതായി വിലയിരുത്തപ്പെട്ടിട്ടില്ല. ഈ രണ്ടു കാരണങ്ങളാലാണ് കോൺഗ്രസ് നേതൃത്വം ഇവിടെ വിജയം പ്രതീക്ഷിക്കുന്നത്. സിപിഎമ്മിൽ ഒരു വിഭാഗം പാലം വലിച്ചുവെന്ന കാര്യം ചിറ്റയം ഗോപകുമാറും സിപിഐയും ഒടുവിലാണ് തിരിച്ചറിഞ്ഞത്. എൽ.ഡി.എഫിന്റെ പരമ്പരാഗത ഈഴവവോട്ടുകളിൽ ഭിന്നത വന്നതും യു.ഡി.എഫിന് തുണയാകാനാണ് സാധ്യത.

തിരുവല്ലയിൽ അവസാന നിമിഷം കേരളാ കോൺഗ്രസ് (എം) വിക്ടർ വിഭാഗവും കുര്യൻ അനുകൂലികളും പുതുശേരിയെ പാലം വലിച്ചിട്ടുണ്ട്. 35,000 വരുന്ന ഓർത്തഡോക്‌സ് വോട്ടുകൾ പുതുശേരിയെ വിജയിപ്പിക്കുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. എന്നാൽ, യു.ഡി.എഫിലെ പാലം വലി കൊണ്ട് മാത്രം രണ്ടായിരം വോട്ടിന് ജയിക്കാമെന്നാണ് മാത്യു ടി. തോമസിന്റെ കണക്കുകൂട്ടൽ. അക്കീരമൺ കാളിദാസ ഭട്ടതിരി പിടിക്കുന്ന വോട്ടുകൾ മറ്റു രണ്ടു മുന്നണികളുടെയും വോട്ട്ബാങ്കിൽ ചോർച്ചയുണ്ടാക്കും. ഇതും വിധി നിർണയത്തിൽ കാര്യമായ പ്രശ്‌നം ഉണ്ടാക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതു പോലെ എൽ.ഡി.എഫ് മൂന്നും യു.ഡി.എഫ് രണ്ടും സീറ്റുകൾ നേടാനാണ് സാധ്യതയെന്നാണ് അന്തിമ വിലയിരുത്തൽ.