പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ സേവാഭാരതിയുടെ സഹായകേന്ദ്രം ആക്രമിക്കുകയും അവിടെയുണ്ടായിരുന്ന പ്രവർത്തകന്റെ കൈതല്ലി ഒടിക്കുകയും ചെയ്്ത കേസിലെ പ്രതിയായ ഡിവൈഎഫ്ഐ നേതാവും നഗരസഭ കൗൺസിലറുമായ വിആർ ജോൺസനെ വെള്ളപൂശാൻ വേണ്ടി ഡിവൈഎഫ്ഐയുടെ പാതിരാ സമരം. സമരത്തിനിടെ അഴിഞ്ഞാടാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ഓടിച്ചിട്ട് തല്ലി. പൊലീസിനെ കല്ലെറിഞ്ഞതോടെ രണ്ടു വട്ടം ലാത്തിചാർജ് നടത്തി. പിന്നാലെ ഡിവൈഎഫ്ഐയുടെ റോഡ് ഉപരോധം. പൊലീസിനെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാക്കളുടെ ആക്രോശം.

പറ്റില്ലെന്ന് കർശന നിലപാടെടുത്ത് പൊലീസ് ഇൻസ്പെക്ടർ ജി സുനിൽകുമാർ. ഇന്നലെ രാത്രി പത്തനംതിട്ട നഗരം യുദ്ധക്കളമായതിന്റെ പിന്നിലെ യഥാർഥ സംഭവം ഇങ്ങനെയായിരുന്നു. ആർഎസ്എസ് പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് ഡിവൈഎഫ്ഐ ഇന്നലെ രാത്രി 10 മണിയോടെ നഗരത്തിൽ പ്രകടനം നടത്തിയത്. രാത്രി ഒമ്പതരയോടെ സെന്റ് പീറ്റേഴ്സ് ജങ്ഷനിലാണ് സംഭവങ്ങളുടെ തുടക്കം. ഏതാനും ഡിവൈഎഫ്ഐ പ്രവർത്തകരെ മാരകായുധങ്ങളുമായി എത്തിയ ആർഎസ്എസ് പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് പറയുന്നു. ഇതിൽ പ്രതിഷേധിച്ച് സെൻട്രൽ ജങ്ഷനിലേക്ക് പ്രകടനം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ബിജെപിയുടെ കൊടികൾ വ്യാപകമായി നശിപ്പിച്ചു. ഈ സമയം സ്ഥലത്തു വന്ന ഇൻസ്പെക്ടർ ജി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിരിഞ്ഞു പോകാൻ പ്രവർത്തകരോട് ആവശ്യപ്പെട്ടു. അതിന് തയാറാകാതെ വന്നതോടെയാണ് ലാത്തിച്ചാർജ് തുടങ്ങിയത്.

ഇതോടെ പൊലീസിന് നേരെ കല്ലേറുണ്ടായി. തുടർന്ന് പ്രവർത്തകരും പൊലീസുമായി ഏറ്റുമുട്ടി. വിവരം അറിയിച്ചതനുസരിച്ച് എആർ ക്യാമ്പിൽ നിന്ന് കൂടുതൽ പൊലീസെത്തി ലാത്തിച്ചാർജ് ആരംഭിച്ചു. ചിതറിയോടിയ പ്രവർത്തകർ മാറി നിന്നും കല്ലേറ് നടത്തി. എല്ലാം കഴിഞ്ഞതോടെ ഡിവൈഎഫ്ഐ പ്രവർത്തകർ കൂട്ടമായി എത്തി സെൻട്രൽ ജങ്ഷനിൽ റോഡ് ഉപരോധിച്ചു. പിരിഞ്ഞു പോകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടും പ്രവർത്തകർ കേട്ടില്ല. ഒന്നുകിൽ തങ്ങളെ ഭീഷണിപ്പെടുത്തിയവരെയോ അല്ലെങ്കിൽ തങ്ങളെയോ അറസ്റ്റ് ചെയ്യണമെന്നായിരുന്നു പ്രവർത്തകരുടെ ആവശ്യം. ഒടുവിൽ ജില്ലാ കമ്മറ്റിയംഗം സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ സിപിഎം നേതാക്കൾ എത്തി. വന്നപാടെ പൊലീസിന്റെ മെക്കിട്ട് കേറാനാണ് ഇവർ ശ്രമിച്ചത്.

എന്നാൽ ഇൻസ്പെക്ടർ സുനിൽകുമാർ കർശന നിലപാട് എടുത്തു. ഗുണ്ടായിസം നടത്താൻ ഒരാളെയും അനുവദിക്കില്ല. നടത്തിയാൽ ഇനിയും അടി വാങ്ങുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയതോടെ ഭീഷണിയായി. ഇതിനിടെ അടി കൊണ്ട് ചിതറിയോടിയവരും തിരിച്ചെത്തി ഇൻസ്പെക്ടർക്ക് നേരെ തിരിഞ്ഞു. ക്യാമ്പിലെ പൊലീസിനെ പിൻവലിക്കണം എന്നായിരുന്നു ആവശ്യം. ആദ്യം പ്രവർത്തകരെ പിൻവലിക്കുക എന്ന് സിഐ നിർദ്ദേശിച്ചു. തങ്ങളെ ഭീഷണിപ്പെടുത്തിയ ആർഎസ്എസുകാരെ അറസ്റ്റ് ചെയ്യണമെന്നായി നേതാക്കൾ. പരാതി രേഖാമൂലം തന്നാൽ നോക്കാമെന്ന് സിഐ മറുപടി നൽകി. പരാതി കിട്ടിയാലുടൻ അറസ്റ്റ് വേണമെന്നായി നേതാക്കളുടെ അടുത്ത കൽപ്പന.

പറ്റില്ല, ഞാൻ അത് അന്വേഷിച്ച് ബോധ്യപ്പെട്ട് അറസ്റ്റ് ചെയ്യും. എന്റെ പണി ഞാൻ ചെയ്തോളാം ആരും പഠിപ്പിക്കണ്ട എന്ന് സിഐ അറിയിച്ചതോടെ നേതാക്കൾക്ക് ദേഷ്യമായി. പ്രവർത്തകരെ വിളിച്ചു കൊണ്ടു പോയില്ലെങ്കിൽ ഇനിയും അടി വാങ്ങുമെന്ന് സിഐ അസന്ദിഗ്ധമായി അറിയിച്ചു. പൊലീസിനോട് തല്ലരുതെന്ന് പറയൂ, ഞങ്ങൾ പ്രവർത്തകരെ ശാന്തരാക്കാം എന്ന ഒത്തു തീർപ്പിന് നേതാക്കൾ തയാറായി. ഇതോടെ ഒന്നരമണിക്കൂർ നീണ്ട സംഘർഷം അവസാനിച്ചു. മുനിസിപ്പൽ കൗൺസിലർ പി.കെ. അനീഷ്, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അൻസിൽ, സെക്രട്ടറി അനീഷ് വിശ്വനാഥ്, മേഖല പ്രസിഡന്റ് അജിൻ വർഗീസ്, എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി, ശരത്ത് ശശിധരൻ, ജില്ലാ കമ്മറ്റി അംഗം സൂരജ് എസ് പിള്ള, സിപിഎം ലോക്കൽ കമ്മറ്റിയംഗംഎംജെ രവി എന്നിവർക്ക് ലാത്തിച്ചാർജിൽ പരുക്കേറ്റു. പ്രകടനം നടത്തിയവർ മനഃപൂർവം കുഴപ്പം ഉണ്ടാക്കാനാണ് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

സേവാഭാരതി പ്രവർത്തകനെ മർദിച്ചതിനെ തുടർന്ന് ആർഎസ്എസ് ഡിവൈഎഫ്ഐ സംഘർഷം പ്രദേശത്ത് നിലനിൽക്കുന്നുണ്ട്. മദർനകേസിൽ പ്രതിയായ ജോൺസനിൽ നിന്ന് പൊലീസിന്റെ ശ്രദ്ധ തിരിക്കാൻ വേണ്ടി നടത്തിയ നാടകമായിരുന്നു ഡിവൈഎഫ്ഐ സമരം എന്നും പറയുന്നു. എന്തായാലും മുഖം നോക്കാതെ നടപടി എടുത്ത ഇൻസ്പെക്ടർ സുനിൽകുമാറിനെ ഇന്നു തന്നെ ഇവിടെ നിന്ന് പറപ്പിക്കാനാണ് സിപിഎമ്മിന്റെ നീക്കം.