പത്തനംതിട്ട: റവന്യൂമന്ത്രി അടൂർ പ്രകാശ് ജനകീയനാണ്. തന്റെ മണ്ഡലമായ കോന്നിയെ സ്വർഗമാക്കി മാറ്റാനുള്ള അദ്ദേഹത്തിന്റെ ത്വര ഏറെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. ഈ നേട്ടങ്ങളുടെ പട്ടികയിലേക്ക്, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, കോന്നി മെഡിക്കൽ കോളജ് കൂടി യാഥാർഥ്യമാക്കാൻ അദ്ദേഹം കാട്ടിയ തന്ത്രം ഇത്തിരി കടന്ന കൈയായിപ്പോയി.

പത്തനംതിട്ട ജനറൽ ആശുപത്രിക്ക് കോന്നി മെഡിക്കൽ കോളജ് എന്ന് ബോർഡും വച്ച് ഇന്നു മുതൽ പ്രവർത്തനം തുടങ്ങും. തന്റെ മണ്ഡലത്തിലുള്ള ജനറൽ ആശുപത്രിക്ക് മെഡിക്കൽ കോളജ് പദവിയൊന്നും വേണ്ടെന്ന് കെ. ശിവദാസൻ നായർ എംഎ‍ൽഎ പറയുകയും തട്ടിക്കൂട്ട് മെഡിക്കൽ കോളജിനെ അംഗീകരിക്കാൻ നിർവാഹമില്ലെന്ന് ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ പറയുകയും ചെയ്തതോടെ പണി പാളിയിരിക്കുകയാണ്. നാട്ടുകാരെ അറിയിക്കാതെ രഹസ്യമായി പ്രവർത്തനം നടത്താനാണ് നീക്കം.

അഖിലേന്ത്യാ മെഡിക്കൽ കൗൺസിലിന്റെ പരിശോധനകൾ അടക്കമുള്ള കടമ്പ കടക്കുന്നതിനു വേണ്ടിയാണ് കോന്നി മെഡിക്കൽ കോളജ് പത്തനംതിട്ടയെന്ന് പേരും വച്ച് പ്രവർത്തനം തുടങ്ങുന്നത്. ഇന്നു രണ്ടുവകുപ്പു മേധാവിമാരാണ് ചുമതലയേൽക്കുന്നത്. കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും കോന്നിയിലേക്ക് സ്ഥലം മാറ്റപ്പെട്ട ഫിസിഷ്യൻ, കണ്ണിന്റെ ഡോക്ടർ എന്നിവർ ഇന്ന് ചുമതലയേറ്റ ശേഷം ഒ.പിയിൽ കുറേ സമയം രോഗികളെ പരിശോധിക്കും. അതു കഴിഞ്ഞാൽ തിരികെ സ്വന്തം ലാവണത്തിലേക്ക് മടങ്ങുന്ന ഇവരെ പിന്നെ മെഡിക്കൽ കോളജ് തുടങ്ങിയ ശേഷമേ ഇവിടേക്ക് കാണൂ.

നാളെ മറ്റു രണ്ടു വിഭാഗത്തിൽ നിന്നുള്ള ഡോക്ടർമാർ ചുമതലയേൽക്കും. അവരും ചുമതലയേറ്റ് ഒപ്പിട്ട ശേഷം ഒ.പിയിൽ ഇത്തിരി സമയം കുത്തിയിരുന്ന് മടങ്ങും. കോന്നി മെഡിക്കൽ കോളജിന് അംഗീകാരം പെട്ടെന്ന് ലഭ്യമാക്കുന്നതിനു വേണ്ടിയാണ് പ്രവർത്തനം ജനറൽ ആശുപത്രിയിൽ തുടങ്ങുന്നത്. ഇതിനായി സൂപ്രണ്ടിനെയും പ്രിൻസിപ്പാളിനെയും നേരത്തേ നിയമിച്ചിരുന്നു. ഒരു മെഡിക്കൽ കോളജിന് വേണ്ട അടിസ്ഥാന സൗകര്യമൊന്നും ഒരുക്കാതെ തട്ടിക്കൂട്ട് പരിപാടി ഒപ്പിക്കാനാണ് ഇപ്പോഴുള്ള നീക്കം.

ജനറൽ ആശുപത്രിയിൽ ഇപ്പോൾ തന്നെ ആവശ്യത്തിന് ഡോക്ടർമാരില്ല. ഒരു സാദാ ആശുപത്രിക്ക് വേണ്ട സൗകര്യങ്ങൾ പോലും ഇവിടെയില്ല. മെഡിക്കൽ കോളജ് തുടങ്ങുന്നതിനു മുന്നോടിയായി ജില്ലാ കലക്ടർ ഇവിടെ ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റി ശനിയാഴ്ച വിളിച്ചു കൂട്ടിയിരുന്നു. അതിൽ ഓപ്പറേഷൻ തീയറ്റർ ഉടൻ തുറക്കാനും എക്‌സ്-റേ, സി.ടി. സ്‌കാൻ, ലാബ് സൗകര്യം 24 മണിക്കൂറാക്കാനും തീരുമാനിച്ചിരുന്നു.

എന്നാൽ, ഇതൊന്നും മെഡിക്കൽ കോളജിന് വേണ്ടിയാണെന്ന് യോഗത്തിൽ ഒരു ചെറിയ സൂചന പോലും ജില്ലാ കലക്ടർ നൽകിയിട്ടില്ല. മന്ത്രിയുടെ നിർദേശപ്രകാരമാണ് എല്ലാം രഹസ്യമാക്കി നടത്തുന്നത്. മെഡിക്കൽ കോളജ് പ്രവർത്തനം തുടങ്ങിയെന്നറിഞ്ഞാൽ രോഗികൾ കൂട്ടത്തോടെയെത്തും. യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്തതിനാൽ പണി പാളുകയും ചെയ്യും. നിലവിൽ ജനറൽ ആശുപത്രിയിൽ കാഷ്വാലിറ്റിയിൽ പോലും ഡോക്ടർമാരില്ല. കാർഡിയോളജിസ്റ്റും ന്യൂറോ സർജനുമില്ല.

മുൻകാലങ്ങളിൽ ശബരിമല തീർത്ഥാടന കാലത്തെങ്കിലും പ്രധാനപ്പെട്ട ഡോക്ടർമാരെ കിട്ടിയിരുന്നു. ഇപ്പോൾ കാഷ്വാലിറ്റിയിലേക്ക് പോലും ഡോക്ടർമാരെ കിട്ടുന്നില്ല എന്നതാണ് സ്ഥിതി. ടോയ്‌ലറ്റ്, കുടിവെള്ളം അടക്കം യാതൊരു വിധ അടിസ്ഥാന സൗകര്യവും ഇവിടെയില്ല. മെഡിക്കൽ കോളജിന് വേണ്ടി പുതുതായി ഡോക്ടർമാർ വരുന്നത് അനുസരിച്ച് സ്റ്റാഫ് പാറ്റേണിലും മാറ്റം വരുത്തിയിട്ടില്ല.

ചുരുക്കിപ്പറഞ്ഞാൽ, ഇപ്പോൾ നടക്കുന്ന ഈ നാടകം നിലവിലുള്ള ഡോക്ടർമാരുടെ ജോലിഭാരം വർധിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ. ലക്ഷങ്ങൾ മാസശമ്പളം വാങ്ങുന്ന പ്രഫസർമാരെ ഇവിടേക്ക് നിയമിച്ചിട്ടുണ്ടെങ്കിലും അവരൊന്നും മെഡിക്കൽ കോളജ് പൂർത്തിയാകാതെ എത്തില്ല. ആ നിലയ്ക്ക് അവരുടെ ജോലിഭാരം കൂടി ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് നിലവിലുള്ള ഡോക്ടർമാരുടെ അഭിപ്രായം. തട്ടിക്കൂട്ട് മെഡിക്കൽ കോളജ് തുടങ്ങാനുള്ള നീക്കത്തെ എന്തുവില കൊടുത്തും എതിർക്കുമെന്നാണ് ഡോക്ടർമാരുടെ സംഘടന പറയുന്നത്.