തിരുവനന്തപുരം: വഞ്ചനാ കേസിൽ കസ്റ്റഡിയിലായ പ്രതിയുടെ ഫോൺ കൈക്കലാക്കി പാസ്വേർഡ് ഭീഷണിപ്പെടുത്തി വാങ്ങി തുറന്ന് നമ്പരെടുത്ത് യുവതിയെ ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്ന പരാതിയിൽ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഓ അഭിലാഷ് സസ്പെൻഷനിലായതോടെ സേനയെ തന്നെ നാണം കെടുത്തുന്ന നിരവധി കഥകൾ പുറത്ത്.

അഭിലാഷിന്റെ ഫോൺ ചട്ടം മറികടന്ന് സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്‌പിയും സംഘവും പിടിച്ചെടുത്തതിനെതിരേ പൊലീസുകാർക്കിടയിൽ അസംതൃപ്തി വളരുന്നതിനിടെയാണ് അരമന രഹസ്യങ്ങൾ അങ്ങാടിപ്പാട്ടാകുന്നത്. പൊലീസുകാരായതുകൊണ്ട് അവകാശങ്ങൾ നിഷേധിക്കപ്പെടുകയും അതേ തെറ്റു ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥർ പരുക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്യുന്നുവെന്നതാണ് പൊലീസുകാരുടെ അസംതൃപ്തിക്ക് കാരണം. അഭിലാഷിനെ സംരക്ഷിക്കാൻ പൊലീസുകാർക്ക് താൽപര്യമില്ല. പക്ഷേ, ചട്ടങ്ങളും നടപടി ക്രമങ്ങളും ഉന്നത ഉദ്യോഗസ്ഥരും പാലിക്കണമെന്ന നിബന്ധന മാത്രമാണ് അവർക്കുള്ളത്.

അഭിലാഷ് സസ്പെൻഷനിലായതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പൊലീസുകാർക്കും എല്ലാം എതിരേ നിരവധി വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഒരു ഡിവൈ.എസ്‌പിയുടെ ഭാര്യ എറണാകുളത്ത് നിന്ന് വന്ന് പത്തനംതിട്ട എസ്‌പിക്കും ഡിജിപിക്കും നൽകിയ ഒരു പരാതി ചർച്ചാ വിഷയമാകുന്നുണ്ട്. ഡിജിപി പരാതി എസ്‌പിക്ക് കൈമാറുകയും എസ്‌പി അത് അഡീഷണൽ എസ്‌പിയെ അന്വേഷണത്തിനായി ഏൽപ്പിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്.

വെപ്പാട്ടിയെ വേലക്കാരിയെന്ന രീതിയിൽ വാടകവീട്ടിൽ താമസിപ്പിച്ചിരിക്കുന്നുവെന്നാണ് ഭാര്യയുടെ പരാതി. ഇതു കൂടാതെ നിരവധി സ്ത്രീകളുമായും ഉദ്യോഗസ്ഥന് ബന്ധമുണ്ടത്രേ. വേലക്കാരിയായി താമസിപ്പിച്ചിരിക്കുന്ന വെപ്പാട്ടി കാരണം തന്റെ ജീവന് വരെ ഭീഷണിയുള്ളതായി ഭാര്യയുടെ പരാതിയിലുണ്ട്. പരാതിയിന്മേൽ ഗൗരവമായ അന്വേഷണം നടന്നു കഴിഞ്ഞു. ഉദ്യോഗസ്ഥന് എതിരേ റിപ്പോർട്ട് തയാറാക്കി കഴിഞ്ഞുവെന്നും അറിയുന്നു.

പത്തനംതിട്ട സ്റ്റേഷനിലെ അഭിലാഷിന്റെ ഫോൺ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ എല്ലാ ഉദ്യോഗസ്ഥരുടെയും ഫോണുകൾ നിരീക്ഷിക്കാനും വഴിവിട്ട രീതിയിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താനും എസ്‌പി നിർദ്ദേശം നൽകിയെന്ന് ഒരു കിംവദന്തി പ്രചരിച്ചിരുന്നു. ഇതു കേട്ടയുടൻ ഒരു റൈറ്റർ തന്റെ ഫോൺ പുർണമായും ഫോർമാറ്റ് ചെയ്ത് പുതുപുത്തനാക്കി. ഇയാൾക്കെതിരേ പണ്ട് ഇലന്തൂർ സ്വദേശിനി പരാതി നൽകിയിരുന്നു. ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുന്നുവെന്നായിരുന്നു പരാതി. രാഷ്ട്രീയ നേതൃത്വങ്ങളെ ഒക്കെ ഇടപെടുത്തിയാണ് ആ പരാതിയിൽ നിന്നും ഇയാൾ തലയൂരിയത്.

അഭിലാഷിനെപ്പോലെ തങ്ങൾക്കും പണി കിട്ടൂമെന്ന് കരുതി ഫോണിലുണ്ടായിരുന്ന പുറത്തു കാണിക്കാൻ കഴിയാത്ത ദൃശ്യങ്ങളും ചാറ്റുകളും ഡിലീറ്റ് ചെയ്ത വിരുതന്മാരും കുറവല്ല. ചിലർ ഫോൺ തന്നെ മാറി പുതിയത് വാങ്ങി. സസ്പെൻഷനിലായ അഭിലാഷിന്റെ ഫോൺ ഇന്നലെ തന്നെ മടക്കി നൽകിയിരുന്നു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇയാൾക്കെതിരേ കർശനമായ നടപടി ഉണ്ടാകും.