- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ബദലായി പതാക ഉയർത്തി മുദ്രാവാക്യം വിളിച്ചു; പത്തനംതിട്ടയിലെ ആഘോഷം അലങ്കോലപ്പെടുത്തിയത് വിമുക്തഭടൻ; മാവോയിസ്റ്റ് തിയറിയുമായി സുരക്ഷാ വീഴ്ച മറയ്ക്കാൻ പൊലീസ്
പത്തനംതിട്ട: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് മന്ത്രി ദേശീയപതാക ഉയർത്തുന്നതിനിടെ ബദലായി വേദിയിൽ ഉദയസൂര്യന്റെ ചിത്രം ആലേഖനം ചെയ്ത പതാക ഉയർത്തി മുദ്രാവാക്യം മുഴക്കിയത് വിമുക്തഭടൻ. അതീവ ജാഗ്രതാ നിർദ്ദേശമാണ് റിപ്പബ്ലിക് ദിന ചടങ്ങുകൾക്കായി ഒരുക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ കനത്ത സുരക്ഷാ വീഴ്ചയായി ഇതിന
പത്തനംതിട്ട: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് മന്ത്രി ദേശീയപതാക ഉയർത്തുന്നതിനിടെ ബദലായി വേദിയിൽ ഉദയസൂര്യന്റെ ചിത്രം ആലേഖനം ചെയ്ത പതാക ഉയർത്തി മുദ്രാവാക്യം മുഴക്കിയത് വിമുക്തഭടൻ. അതീവ ജാഗ്രതാ നിർദ്ദേശമാണ് റിപ്പബ്ലിക് ദിന ചടങ്ങുകൾക്കായി ഒരുക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ കനത്ത സുരക്ഷാ വീഴ്ചയായി ഇതിനെ പൊലീസ് വിലയിരുത്തുന്നുണ്ട്.
സംഭവത്തിൽ അടൂർ മണക്കാല സ്വദേശി വർഗീസ് ആണ് പൊലീസ് പിടിയിലായത്. ഇന്നലെ രാവിലെ എട്ടിന് മുനിസിപ്പൽ സ്റ്റേഡിയത്തിൽ മന്ത്രി അടൂർ പ്രകാശ് ദേശീയ പതാക ഉയർത്തുമ്പോഴായിരുന്നു സംഭവം. മന്ത്രിക്കു നേരെ മാത്രം കണ്ണു തുറന്നിരുന്ന ചാനൽ കാമറകളും ഫോട്ടോഗ്രാഫർമാരും വേദിയിൽ നടന്ന പ്രകടനം കാണാതെ പോയി. വൻസുരക്ഷാ വീഴ്ചയാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. മന്ത്രിയും ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളും മാത്രം ഇരിക്കേണ്ട വേദിയിൽ കൈയിൽ പതാകയുമായി വന്നിരുന്ന വർഗീസിനെ ആരും ശ്രദ്ധിച്ചില്ല.
വെള്ളത്തുണിയിൽ ഉദയസൂര്യന്റെ ചിത്രം പതിപ്പിച്ച പതാക, മന്ത്രി ദേശീയപതാക ഉയർത്തുന്നതിനിടെ വേദിയിൽ എണീറ്റുനിന്ന് വർഗീസ് ഉയർത്തി വീശുകയായിരുന്നു. ഈ നാട് രക്ഷപ്പെടണമെങ്കിൽ ഈ പതാകയുടെ കീഴിൽ അണിനിരക്കൂവെന്ന് ഉച്ചത്തിൽ വിളിച്ചുപറയുകയും ചെയ്തു. വേദിയിലുണ്ടായിരുന്ന പൊലീസുകാർ ഉടൻ തന്നെ ഇയാളെ കീഴ്‌പ്പെടുത്തി സ്റ്റേഷനിലേക്ക് മാറ്റി.
ദേശവിരുദ്ധ സംഘടനയിലോ മാവോയിസ്റ്റ് സംഘടനയിലോ അംഗമാണ് ഇയാളെന്നായിരുന്നു ആദ്യം പൊലീസിന്റെ കണക്കു കൂട്ടൽ. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ പറഞ്ഞ മേൽവിലാസത്തിൽ പൊലീസ് ബന്ധപ്പെട്ടു. തുടർന്ന് മക്കളെ വിളിച്ചു വരുത്തി ജാമ്യത്തിൽ വിടുകയായിരുന്നു. ഇയാൾക്ക് മാനസിക ദൗർബല്യം ഉണ്ടെന്ന മക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊതുവേദിയിൽ ശല്യം സൃഷ്ടിച്ചതിനു മാത്രമാണ് കേസ് എടുത്തിട്ടുള്ളത്.
ദേശീയ പതാകയെ അവഹേളിച്ചതിനാണ് ശരിക്കും കേസ് എടുക്കേണ്ടിയിരുന്നത്. വിമുക്തഭടൻ, മാനസികാസ്വാസ്ഥ്യം എന്നീ പരിഗണനകളിലാണ് ലഘുവായ കുറ്റം ചുമത്തി ജാമ്യത്തിൽ വിട്ടയച്ചത്. എന്തായാലും പൊലീസിന്റെ സുരക്ഷാവീഴ്ച തന്നെയാണ് സംഭവം വെളിവാക്കുന്നത്.
ഉയർന്ന സെക്യൂരിറ്റിയിൽ വി.ഐ.പികളും ജനപ്രതിനിധികളും മാത്രം പങ്കെടുക്കേണ്ട വേദിയിൽ എങ്ങനെ പുറത്തു നിന്നൊരാൾ കടന്നു കയറി എന്ന ചോദ്യത്തിന് ജില്ലാ പൊലീസ് നേതൃത്വത്തിന് മറുപടിയില്ല.