പത്തനംതിട്ട: സർക്കാരിന്റെ നയങ്ങൾ മൂലം കടക്കെണിയിലാണ് ജില്ലയിലെ വ്യാപാരികൾ. ആദ്യം മനുഷ്യ നിർമ്മിത പ്രളയം അവരെ കുത്തുപാളയെടുപ്പിച്ചു. അന്ന്, വാഗ്ദാനം വാരിക്കോരി ചെയ്ത സർക്കാർ അത് പിന്നീട് ഓരോന്നായി ലംഘിച്ചു. ശബരിമല കച്ചവടം കൊണ്ട് കരകയറാമെന്ന് റാന്നി, കോന്നി, ചിറ്റാർ, പന്തളം മേഖലയിലെ വ്യാപാരികൾ സ്വപ്നം കണ്ടു.

എന്നാൽ, ശബരിമല വിഷയത്തിന്റെ പേരിൽ കാട്ടിക്കൂട്ടിയ കോലാഹലങ്ങൾ കാരണം അതും തിരിച്ചടിയായി. ഇതിനിടെയാണ് വേണ്ടതും വേണ്ടാത്തതുമായ പ്രശ്നങ്ങളുടെ പേരിൽ മാസം മൂന്നു ഹർത്താൽ വീതം നേരിടേണ്ടി വന്നത്. അളമുട്ടിയ വ്യാപാരികൾ ഇതോടെ തീരുമാനിച്ചു: ഇനി ആര് ഹർത്താൽ പ്രഖ്യാപിച്ചാലും സഹകരിക്കില്ല. അതിന്മേലുണ്ടാകുന്ന എന്തു ഭവിഷ്യത്തും ഒറ്റക്കെട്ടായി തന്നെ നേരിടും. അടുത്ത ഹർത്താലിന് ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ യോഗം വ്യക്തമാക്കി. പ്രളയത്തിനും ശബരിമല സ്ത്രീപ്രവേശന വിഷയത്തിനും ശേഷം വ്യാപാര മേഖല കനത്ത പ്രതിസന്ധി നേരിടുകയാണ്.

പന്തളം പോലെയുള്ള പ്രദേശങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള കലഹം അക്രമ സംഭവങ്ങളിലേക്ക് നീങ്ങിയിരിക്കുന്നു. വ്യാപാര സ്ഥാപനങ്ങളും അവർ ആക്രമിക്കുന്നു. ഇതിന്റെയെല്ലാം പേരിൽ ഹർത്താലുകൾ പ്രഖ്യാപിക്കുന്നു. ജില്ലയിൽ അടുത്തടുത്തായി ആറു ഹർത്താലുകൾ പ്രഖ്യാപിക്കുകയും വ്യാപാരികളെ പരമാവധി വിഷമിപ്പിക്കുകയും ചെയ്യുന്നു. ഹർത്താലിൽ അക്രമങ്ങൾ ഉണ്ടാവും എന്ന ഭയത്താലാണ് വ്യാപാരികൾ സ്ഥാപനങ്ങൾ അടച്ചിടുന്നത്. എന്നാൽ ഇനിയും ഇങ്ങനെ ഭയപ്പെട്ട് സ്ഥാപനങ്ങൾ അടച്ചിടുവാൻ കഴിയില്ല. ഭയപ്പെട്ടു കൊണ്ടിരുന്നാൽ ജീവിതം മുഴുവൻ ഭയപ്പെട്ട് ഓടിക്കൊണ്ടേയിരിക്കേണ്ടി വരും.

ഇതിൽ നിന്നുള്ള തിരിച്ചറിവിൽ ഇനി വരുന്ന ഹർത്താൽ ദിനത്തിൽ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുവാൻ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പത്തനംതിട്ട ജില്ല കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് എ.ജെ. ഷാജഹാൻ അധ്യക്ഷത വഹിച്ചു. സർക്കാരും പൊലീസും വ്യാപാരികൾക്ക് സംരക്ഷണം നൽകണം. ഏതെങ്കിലും വ്യാപാര സ്ഥാപനം തകർക്കപ്പെട്ടാലുണ്ടാകുന്ന നഷ്ടം ഏകോപന സമിതി ഏറ്റെടുക്കും. എല്ലാ വ്യാപാര സ്ഥാപനങ്ങളും കർശനമായും ഇൻഷ്വർ ചെയ്യും. ഹർത്താലുകൾക്കെതിരെ വ്യാപാരികളെ ബോധവൽക്കരിക്കും. യൂണിറ്റ്, താലൂക്ക്, ജില്ലാതലത്തിൽ രാഷ്ട്രീയ നേതാക്കളേയും സാമൂഹിക പ്രവർത്തകരേയും മാധ്യമ പ്രവർത്തകരേയും ഉൾപ്പെടുത്തി സെമിനാറുകൾ സംഘടിപ്പിക്കും.

അനാവശ്യ ഹർത്താലുകൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുവാൻ വാഹനജാഥകൾ സംഘടിപ്പിക്കുവാനും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാകമ്മറ്റി തീരുമാനിച്ചു.