പത്തനംതിട്ട: ഇതു താൻടാ കേരളാ പൊലീസ് എന്നു പറഞ്ഞാൽ അതു ക്ലീഷേയായി പോകും. ഇതു തന്നെയാണ് എപ്പോഴും കേരളാ പൊലീസ് എന്നു പറയുന്നതാകും ശരി. മോഷണമുതലിൽനിന്ന് കുറച്ചു പൊലീസ് അടിച്ചു മാറ്റിയെന്നു പറയുന്നത് ഇപ്പോൾ അതിശയോക്തിയല്ല. അത്തരമൊരു കഥയാണ് പെരുനാട് പൊലീസ് സ്റ്റേഷനിൽ നിന്നും പുറത്തുവന്നിരിക്കുന്നത്.

കൂട്ടുകാരി തന്റെ 28 പവൻ മോഷ്ടിച്ചുവെന്നു പരാതി നൽകിയ വീട്ടമ്മയെ മാനസികമായി പീഡിപ്പിച്ചു. പരാതി കള്ളമല്ലെന്നു തെളിയിക്കാൻ പരാതിക്കാരിക്ക് നുണപരിശോധന നടത്താൻ തുനിഞ്ഞു! ഒടുവിൽ പ്രതിയെ അറസ്റ്റ് ചെയ്‌തെങ്കിലും മോഷണം പോയതിൽ 10 പവൻ കുറച്ച് എഫ്.ഐ.ആർ എഴുതി. പരാതിയുമായി മുന്നോട്ടു പോകാൻ ശ്രമിച്ചാൽ കാണിച്ചു തരാമെന്ന് ഭീഷണിയും. ഇതെന്താ വെള്ളരിക്കാപ്പട്ടണമോ എന്നു ചോദിക്കാൻ വരട്ടെ. ഇതാണ് തനി നാടൻ കേരളാ പൊലീസ്.

പെരുനാട് കൂനംകര പറഞ്ഞിട്ട മോടിയിൽ ഓമനയുടെ വീട്ടിൽനിന്നും കഴിഞ്ഞ മാർച്ച് 19 നാണ് 28 പവൻ വരുന്ന സ്വർണം കളവുപോയത്. സിന്ധു എന്ന യുവതിയായിരുന്നു മോഷണം ആസൂത്രണം ചെയ്തത്. ഇവരെ പൊലീസ് പിന്നീട് പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കളവ് ആസൂത്രണം ചെയ്ത മാർഗവും പുതുമയുള്ളതായിരുന്നു. സൗഹൃദം ഭാവിച്ച് അടുത്തുകൂടി പ്രഫഷണൽ കള്ളന്മാരെ വെല്ലുന്ന തരത്തിലാണ് സിന്ധു മോഷണം നടത്തിയത്. അതേപ്പറ്റി ഓമന പറയുന്നതിങ്ങനെ:

കുടുംബപരമായി ചില ദോഷങ്ങൾ ഉണ്ടെന്നും അതു മാറ്റാൻ ക്ഷേത്രത്തിൽ പൂജ നടത്തണമെന്നും പറഞ്ഞ് സിന്ധു മാസങ്ങൾക്കു മുമ്പു തന്നെ ഓമനയുമായി ചങ്ങാത്തം കൂടിയിരുന്നു. ഈ സമയത്താണ് ഓമനയുടെ മകൻ വിവാഹിതനായത്. മരുമകൾക്ക് ലഭിച്ച സ്വർണം വീട്ടിലുണ്ടെന്ന് സിന്ധുവിന് അറിയാമായിരുന്നു. ക്ഷേത്രത്തിൽ പോകുന്നതിന് സിന്ധു മകനും ഒന്നിച്ച് ഒരു ദിവസം പുലർച്ചെ 5.30 ന് ഓമനയുടെ വീട്ടിലെത്തി. മകനെ തന്ത്രപൂർവം ഓമനയുടെ വീട്ടിൽ സിന്ധു ഒളിപ്പിച്ചു. മകൻ തിരികെ വീട്ടിലേക്കു പോയി എന്നാണ് ഇവർ ഓമനയെ ധരിപ്പിച്ചത്. തുടർന്ന് ഓമനയുമൊന്നിച്ച് വാഹനത്തിൽ ക്ഷേത്രത്തിലേക്ക് പുറപ്പെട്ട സിന്ധു ഇടയ്ക്ക് അടിയന്തരാവശ്യം പറഞ്ഞ് വാഹനത്തിൽ നിന്നും ഇറങ്ങി. ഈ സമയം ഓമനയുടെ വീടിനുള്ളിൽ പതിയിരുന്ന മകൻ ആഭരണങ്ങൾ മോഷ്ടിച്ച ശേഷം വീട്ടിന്റെ പിൻവാതിൽ തുറന്ന് പുറത്തിറങ്ങി. മോഷണം വിജയകരമായി നടത്തിയെന്നു വ്യക്തമായി മനസിലാക്കിയ സിന്ധു ഒന്നുമറിയാത്ത ഭാവത്തിൽ പിന്നീട് ക്ഷേത്രത്തിലെത്തി ഓമനയോടൊപ്പം കൂടി.

തിരികെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ഓമന മനസിലാക്കുന്നത്. ഇതിനുപിന്നിൽ സിന്ധുവിന് പങ്കുണ്ടെന്ന് വ്യക്തമായതിനാൽ പെരുനാട് പൊലീസിൽ പരാതി നൽകി. സദാശിവൻ ആയിരുന്നു അന്ന് പെരുനാട് എസ്.ഐ. ഓമനയുടെ പരാതി ഗൗനിക്കാതെ ക്ഷുഭിതനായി സംസാരിച്ച എസ്.ഐ, സിന്ധുവാണ് പണം അപഹരിച്ചത് എന്നതിന് എന്താണ് തെളിവ് എന്നാരാഞ്ഞു. കൂടാതെ, കളവുപറഞ്ഞാൽ കരണക്കുറ്റി അടിച്ചു പൊട്ടിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. പേടിച്ചുപോയ ഓമന ഇക്കാര്യം പരിചയക്കാരോട് പറയുകയും അവരുടെ ഉപദേശത്തെ തുടർന്ന് എസ്.ഐക്കെതിരെ ആഭ്യന്തരമന്ത്രി, ഡി.ജി.പി, ഐ.ജി, എസ്‌പി എന്നിവർക്ക് പരാതി നൽകുകയും ചെയ്തു.

ഇതേ തുടർന്ന് അന്വേഷണം വടശേരിക്കര സി.ഐക്ക് കൈമാറി. എന്നാൽ സി.ഐയുടെ പക്കൽനിന്നും വിചിത്രമായ പെരുമാറ്റമാണ് ഉണ്ടായതെന്ന് ഓമന പറഞ്ഞു. മോഷണം സംബന്ധിച്ച് ഓമന പറയുന്നത് കള്ളമാണെന്നായിരുന്നു സി.ഐയുടെ വാദം. ഒടുവിൽ സിഐ ഓമനയെ നുണപരിശോധനയ്ക്ക് വിധേയയാക്കാൻ ശ്രമിച്ചു. ഇതിനുള്ള സമ്മതപത്രം ഓഗസ്റ്റ് 10 ന് സി.ഐ ഓമനയിൽനിന്നും എഴുതി വാങ്ങി. ഇതിനോടകം തന്നെ മോഷണ വാർത്ത പെരുനാട്, ചിറ്റാർ, സീതത്തോട് മേഖലയിൽ ഏറെ പ്രചരിച്ചു കഴിഞ്ഞിരുന്നു. ഓഗസ്റ്റ് 12 ന് എക്‌സ് സൈനിക് കിസാൻ പാർട്ടി സംസ്ഥാന പ്രസിഡന്റ് ചിറ്റാർ പ്രസന്നൻ പത്തനംതിട്ടയിലുള്ള ഒരു ജൂവലറിയിൽ നിന്നും സിന്ധു ഇറങ്ങിവരുന്നത് കണ്ടു. ജൂവലറി ഉടമയുമായി ബന്ധപ്പെട്ടപ്പോൾ ആഭരണം വിൽക്കാനാണ് സിന്ധു എത്തിയതെന്നു മനസിലായി. അടുത്ത ദിവസം പ്രസന്നൻ ഓമനയെയും കൂട്ടി എസ്‌പിയെ കണ്ട് പരാതി സമർപ്പിച്ചു. എസ്‌പിയുടെ നിർദേശമനുസരിച്ച് ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ സിന്ധു തന്നെയാണ് പണം അപഹരിച്ചതെന്നു കണ്ടെത്തി. അങ്ങനെ പ്രതിയെ കസ്റ്റഡിയിൽ എടുത്ത് റിമാൻഡു ചെയ്തു.

പത്തനംതിട്ടയിലെ രണ്ടു ജൂവലറികളിലായാണ് സ്വർണം വിറ്റത്. ആദ്യത്തെ ജൂവലറിയിൽ 22 പവൻ ആഭരണവും രണ്ടാമത്തെ ജൂവലറിയിൽ ആറുപവന്റെ സ്വർണവുമാണ് വിറ്റത്. കേരളമെമ്പാടും ശാഖകളുള്ള രണ്ടാം ജൂവലറിയിൽ വിറ്റ സ്വർണത്തിന്റെ ബില്ല് ലഭ്യമായിട്ടുണ്ട്. പ്രതിയും ഇക്കാര്യം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. എന്നാൽ ഇതുവരെ ഓമനയ്ക്ക് തിരികെ ലഭിച്ചത് എട്ടുപവനും 12,000 രൂപയും മാത്രമാണ്. ബാക്കി പൊലീസ് ഒതുക്കി തീർത്തതായി ഓമന ആരോപിക്കുന്നു. 28 പവൻ എന്നത് എഫ്.ഐ.ആറിൽ 18 പവനായി തിരുത്തിയെഴുതുകയും ചെയ്തുവത്രേ. 22 പവൻ കവർന്നുവെന്ന് സിന്ധുവും സമ്മതിച്ചിട്ടുണ്ട്. എന്നാൽ പൊലീസ് ഇത് കണക്കിലെടുക്കാതെ പ്രതിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതിനാൽ മറ്റൊരു ഏജൻസിയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നാണ് ഓമനയുടെ ആവശ്യം.

കേസ് അട്ടിമറിക്കാനാണ് പെരുനാട് എസ്.ഐയായിരുന്ന സദാശിവനും വടശേരിക്കര സി.ഐയും ശ്രമിച്ചതെന്നും മോഷണമുതൽ വാങ്ങാൻ ശ്രമിച്ച പത്തനംതിട്ടയിലെ രണ്ടു ജൂവലറികളെപ്പറ്റിയും അന്വേഷണം നടത്തണമെന്നും ഓമന ആവശ്യപ്പെടുന്നു. ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷൻ, മുഖ്യമന്ത്രി, ഡി.ജി.പി എന്നിവർക്ക് പരാതി നൽകുമെന്നും ഓമന പറഞ്ഞു.