- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
17 വർഷം മുമ്പ് വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത് ഇരുപത്തിരണ്ടേമുക്കാൽ പവൻ സ്വർണവും വജ്ര നെക്ലേസും ഒരു ലക്ഷത്തി അയ്യായിരം രൂപയും; വിരലടയാളം തുണയായി; മോഷ്ടാക്കൾ പിടിയിലായത് ഇപ്പോൾ; പ്രതികളെ തിരിച്ചറിഞ്ഞത് മറ്റ് രണ്ട കേസുകളിൽ അറസ്റ്റിലായപ്പോൾ; സകലരും മറന്ന വൻ മോഷണത്തിൽ പ്രതികൾ പിടിയിലായത് പത്തനംതിട്ടയിൽ
പത്തനംതിട്ട: നിലവിൽ രണ്ടു മോഷണക്കേസുകളിൽ രണ്ട് സ്റ്റേഷനിൽ അറസ്റ്റിലായ രണ്ടു പ്രതികൾ. ഇരുവരുടെയും വിരലടയാളം പരിശോധിച്ചപ്പോൾ തെളിഞ്ഞത് 17 വർഷം മുൻപ് നടന്ന വമ്പൻ മോഷണം. വീട്ടുടമയും പൊലീസും മറന്നു പോയ മോഷണക്കേസിന് 17 വർഷത്തിന് ശേഷം തുമ്പുണ്ടാക്കിയത് വിരലടയാളമാണ്.
കിടങ്ങന്നൂർ കുറിച്ചിമുട്ടം എഴിക്കാട് കോളനി ബ്ലോക്ക് നമ്പർ 27 ൽ എഴിക്കാട് രാജൻ എന്ന് വിളിക്കുന്ന രാജൻ (56), കൊടുമൺ ഐക്കാട് വളക്കട ജംഗ്ഷനിൽ താഴെ മുണ്ടക്കൽ വീട്ടിൽ സുരേഷ് (52) എന്നിവരെയാണ് പൊലീസ് ഇൻസ്പെക്ടർ ജി സുനിലും സംഘവും അറസ്റ്റ് ചെയ്തത്. 2004 സെപ്റ്റംബറിൽ പത്തനംതിട്ട കോളേജ് ജംഗ്ഷനിലെ ഒരു വീട്ടിൽ നിന്നും ഇരുപത്തിരണ്ടേമുക്കാൽ പവൻ സ്വർണവും വജ്ര നെക്ലേസും ഒരു ലക്ഷത്തി അയ്യായിരം രൂപയും കവർന്ന കേസിലാണ് വർഷങ്ങൾക്കു ശേഷം മോഷ്ടാക്കൾ കുടുങ്ങിയത്.
പത്തനംതിട്ട ഫിംഗർ പ്രിന്റ് ബ്യൂറോയിലെ ടെസ്റ്റർ ഇൻസ്പെക്ടർ വി ബിജുലാലിന്റെയും സംഘത്തിന്റെയും ശാസ്ത്രീയ വിരലടയാള പരിശോധനാഫലം പ്രതികളെ കണ്ടെത്താൻ അന്വേഷണസംഘത്തിന് സഹായകമായി. ജില്ലയിലെ നിരവധി മോഷണ കേസുകളിൽ ജില്ലാ ഫിംഗർ പ്രിന്റ് ബ്യൂറോയുടെ വിരലടയാള പരിശോധനയിലൂടെ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. വിവിധ ജില്ലകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയും സ്ഥിരം മോഷ്ടാവുമായ എഴിക്കാട് രാജൻ ഇപ്പോൾ തിരുവനന്തപുരം വട്ടിയൂർക്കാവ് മണലയം മുളവുകാട് വീട്ടിലാണ് താമസിച്ചുവരുന്നത്. സുരേഷും നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. ഇരുവരും പലതവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
രാത്രി വീടിന്റെ ഗ്രില്ലും പൂട്ടും തകർത്ത് അകത്തുകടന്ന പ്രതികൾ, കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ വജ്ര ആഭരണങ്ങളും പണവും കവരുകയായിരുന്നു. മാസങ്ങൾ നീണ്ട അന്വേഷണത്തിൽ പ്രതികളെ കിട്ടാതെ വന്നപ്പോൾ അന്വേഷണം താൽക്കാലികമായി നിർത്തിവച്ച കേസിൽ വിരലടയാളങ്ങൾ നിർണായകമായതിനെ തുടർന്നാണ് അറസ്റ്റ്. ഈയിടെ തിരുവനന്തപുരത്ത് നടന്ന ഒരു മോഷണ കേസിൽ അറസ്റ്റിലായ രാജന്റെയും കൊടുമൺ പൊലീസ് സ്റ്റേഷനിലെ കേസിൽ പിടിക്കപ്പെട്ട സുരേഷിന്റെയും വിരലടയാളങ്ങൾ, പത്തനംതിട്ടയിലെ മോഷണം നടന്ന വീട്ടിൽ നിന്നും ശേഖരിച്ച വിരലടയാളങ്ങളുമായി സാമ്യമുണ്ടെന്നു കണ്ടെത്തിയതോടെയാണ് പ്രതികളിലേക്കുള്ള വഴി തെളിഞ്ഞത്.
ടെസ്റ്റർ ഇൻസ്പെക്ടർ വി ബിജുലാൽ, വിരലടയാള പരിശോധനാ വിദഗ്ധരായ ശൈലജകുമാരി, ശ്രീജ, രവികുമാർ, എഎസ്ഐ സുനിലാൽ എന്നിവർ ഉൾപ്പെട്ട സംഘം കണ്ടെത്തിയ വിവരങ്ങൾ ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനിയെ അറിയിക്കുകയും തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം പത്തനംതിട്ട പൊലീസ് ഇൻസ്പെക്ടർ കേസ് പുനരന്വേഷിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമാണുണ്ടായത്. പത്തനംതിട്ട ഡിവൈഎസ്പി കെ.സജീവ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ചു.
അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. വർഷങ്ങൾ പഴക്കമുള്ളതും, പ്രതികളെ കിട്ടാതെ വന്നപ്പോൾ താത്കാലികമായി അവസാനിപ്പിച്ചതുമായ കേസിൽ വിരലടയാള പരിശോധനയിലൂടെ തുമ്പുണ്ടാക്കിയ ഫിംഗർ പ്രിന്റ് ബ്യൂറോയിലെ വിദഗ്ധരെയും സമയോചിതമായ നീക്കങ്ങളിലൂടെ പ്രതികളെ കുടുക്കിയ അന്വേഷണ സംഘത്തെയും ജില്ലാ പൊലീസ് മേധാവി പ്രത്യേകം പ്രശംസിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്