കൊല്ലം: പത്തനാപുരത്ത് പതിനഞ്ചുകാരി പ്രസവിച്ച സംഭവത്തിൽ പതിമൂന്നുകാരനെ പ്രതിയാക്കിയതിൽ ദുരൂഹതയെന്ന് പെൺകുട്ടിയുടെ സഹോദരനും നാട്ടുകാരും. സംഭവം അന്വേഷിച്ചെത്തിയ മറുനാടനോടാണ് ഇവർ ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ പതിനേഴിനാണ് പത്തനാപുരത്തെ ഒരു കോളനിയിലെ കുളിമുറിയിൽ പതിനഞ്ചുകാരി പ്രസവിച്ചത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാർ കുഞ്ഞിനെയും പെൺകുട്ടിയേയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി കേസെടുക്കുകയുമായിരുന്നു.

പത്താംതരം പരീക്ഷ കഴിഞ്ഞ് നിൽക്കുമ്പോഴാണ് പെൺകുട്ടിയുടെ പ്രസവം. പൊലീസ് ചോദ്യം ചെയ്തതിൽ കുഞ്ഞിന്റെ പിതൃത്വത്തിന് അവകാശി അയൽവാസിയായ പതിമൂന്നുകാരനാണെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ പതിമൂന്നുകാരനെ പൊലീസ് അറസ്റ്റ് ചെയ്തുകൊല്ലം ജുവനൈൽ കോടതിയിൽ ഹാജരാക്കി. തുടർന്ന് ജാമ്യത്തിൽ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു.

അതേസമയം, സംഭവത്തിൽ പതിമൂന്നുകാരൻ നിരപരാധിയാണെന്നാണ് പെൺകുട്ടിയുടെ സോഹദനുൾപ്പെടെയുള്ളവർ മറുനാടനോടു പറഞ്ഞത്. മറ്റാരോ ആണ് സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നതായും 24 വയസുള്ള സഹോദരൻ കൂട്ടിച്ചേർത്തു. സംഭവത്തെ തുടർന്ന് മനോവിഷമത്തിലായ സഹോദരൻ കുറച്ചുനാളായി ബന്ധുവീട്ടിലായിരുന്നു. കഴിഞ്ഞദിവസമാണു വീട്ടിലേക്കു മടങ്ങിയെത്തിയത്.

'പ്രസവിക്കുന്നതിന് ആറുമാസം മുൻപാണ് പെൺകുട്ടി നന്നായി വണ്ണം വച്ചുവരുന്നതു ശ്രദ്ധയിൽ പെട്ടത്. ഇതിനെപ്പറ്റി ചോദിച്ചപ്പോൾ വണ്ണം വയ്ക്കാനായി അമ്മ ബിയർ വാങ്ങി നൽകുന്നുണ്ട്, അതാണ് വണ്ണം വയ്ക്കുന്നതെന്ന് പെൺകുട്ടി പറഞ്ഞു' -അയൽവീട്ടിലെ സ്ത്രീ പറയുന്നു. 'അമ്മയോടും ഇതിന്റെ രഹസ്യം ചോദിച്ചപ്പോൾ അരി തിന്നുന്ന സ്വഭാവം അവൾക്കുണ്ട്, അതാണ് വണ്ണം വയ്ക്കുന്നതും വയർ വീർത്തു വരുന്നതെന്നും പറഞ്ഞതായും ഈ സ്ത്രീ പറയുന്നു.

എന്നാൽ അയൽവാസികളിൽ പലർക്കും കുട്ടി ഗർഭിണിയാണോ എന്ന സംശയം ഉണ്ടായിരുന്നു. പരസ്പരം പങ്കുവച്ചതല്ലാതെ ഈ വിവരം പെൺകുട്ടിയോടൊ അമ്മയോടൊ ചോദിച്ചില്ല. സത്യമാണോ എന്നുറപ്പില്ലാത്തതാണ് ചോദിക്കാതിരിക്കാൻ കാരണമെന്നും അയൽവാസികൾ പറഞ്ഞു. പ്രസവിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ പെൺകുട്ടിയെ വീട്ടിൽ നിന്നും പുറത്തിറക്കിയിരുന്നില്ല എന്നും നടക്കാൻ ഏറെ ബുദ്ധിമുട്ടുള്ളതായി കണ്ടെന്നും ഇവർ പറയുന്നു.

പതിനേഴിന് രാവിലെ വയറുവേദനയായതിനാൽ ആശുപത്രിയിൽ പോകുന്നു എന്ന് പറഞ്ഞ് പെൺകുട്ടിയുമായി അമ്മ പോയി. അകന്ന ബന്ധത്തിലുള്ള ഒരു പെൺകുട്ടിയും കൂടെയുണ്ടായിരുന്നു. എട്ടു മണിയോടെ വീട്ടിൽ ഇവർ തിരിച്ചെത്തി. ഈ സമയം പെൺകുട്ടി കുളിമുറിയിലേക്ക് കയറി പോകുന്നതും താഴേക്ക് വീണ് കരയുന്നതും ഇവരുടെ വീടിന് മുകളിലത്തെ പറമ്പിൽ നിന്ന ഒരു പെൺകുട്ടി കണ്ടു.

മേൽക്കൂരയില്ലാത്തതും തുണിയും പ്ലാസ്റ്റിക് ഷീറ്റുകൊണ്ടും മറച്ചതായിരുന്നു കുളിമുറി. സംഭവം കണ്ട് ഓടിയെത്തിയ പെൺകുട്ടിയുടെ നിലവിളി കേട്ടാണ് നാട്ടുകാരും പെൺകുട്ടിയുടെ മാതാവും എത്തുന്നത്. തുടർന്നാണ് പെൺകുട്ടിയേയും കുഞ്ഞിനേയും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കുട്ടി ഗർഭിണിയായിരുന്നു എന്ന് അമ്മയ്ക്കറിയാമായിരുന്നു എന്ന് നാട്ടുകാർ തറപ്പിച്ചു പറയുന്നു. ഗർഭം മറയ്ക്കാനാണ് അവർ വണ്ണം വയ്ക്കുന്ന കാര്യം പറഞ്ഞ് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചത്.

അതേസമയം പെൺകുട്ടിയുടെ പരാതിയിന്മേൽ അറസ്റ്റ് ചെയ്ത ആരോഗ്യം തീരെയില്ലാത്ത, കുട്ടിത്തം വിട്ടുമാറിയിട്ടില്ലാത്ത പതിമൂന്നുകാരൻ നിരപരാധിയാണെന്ന് ഏവരും പറയുന്നു. ഇങ്ങനെയുള്ള ഒരു കുട്ടി എങ്ങനെ അച്ഛനാകും എന്നാണ് നാട്ടുകാരുടെ സംശയം. പത്ത് വയസ്സ് പൂർത്തിയാകുമ്പോൾ തന്നെ അച്ഛനാകാൻ ആൺകുട്ടികൾക്ക് കഴിയുമെന്ന് വിദഗ്ദ്ധ ഡോക്ടർമാർ പറയുന്നുണ്ട്. പെൺകുട്ടി ദിവസവും ആടുകളെ മെയ്‌ക്കാൻ സമീപത്തെ വനത്തിലേക്ക് പോവാറുണ്ട്. ആ മേഖലയിൽ അനാശാസ്യ പ്രവർത്തനങ്ങൾ ഏറെ നടക്കുന്ന സ്ഥലമാണ്. ഇതും നാട്ടുകാർക്ക് ഇക്കാര്യത്തിൽ സംശയമുളവാക്കുന്നു. കൂടാതെ വീട്ടിൽ അറിയാതെ പെൺകുട്ടി ഒരു മൊബൈൽ ഉപയോഗിച്ചിരുന്നതായി അടുത്ത സുഹൃത്തുക്കളായ പെൺകുട്ടികൾ മറുനാടനോട് പറഞ്ഞു. ഏത് സമയവും ഫോണിൽ സംസാരിക്കുന്നത് പതിവായിരുന്നു എന്നും അവർ പറയുന്നു.

പ്രതിയായ പതിമൂന്നുകാരന്റെ അച്ഛൻ പറയുന്നത് തന്റെ മൂത്ത മകളുമായി പ്രസവിച്ച പെൺകുട്ടിക്ക് ശത്രുത ഉണ്ടായിരുന്നു എന്നും മകളെ ഇരട്ടപേര് വിളിച്ച് കളിയാക്കുന്നത് ചോദ്യം ചെയ്യാൻ പെൺകുട്ടിയുടെ വീട്ടിൽ പോയ സമയം വാക്കുതർക്കമുണ്ടായെന്നും ഇതാവാം മകനെ കുടുക്കാൻ കാരണമായതെന്നുമാണ്. കൂടാതെ ഇവരുമായി മുൻപ് വസ്തു ഇടപാടിൽ തർക്കമുണ്ടായിരുന്നതായും ഏറെ നാൾ പിണക്കത്തിലായിരുന്നുവെന്നും പറഞ്ഞു.

പെൺകുട്ടിയുടെ പ്രസവത്തിന് പിന്നിൽ മറ്റാരുടെയോ കൈകളുണ്ടെന്നും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മകനാണ് ഉത്തരവാദി എന്ന് വരുത്തി തീർക്കുകയുമാണെന്നും ഇയാൾ ആരോപിക്കുന്നുണ്ട്. പത്തനാപുരം സിഐറെജി എബ്രഹാമിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം. പതിമൂന്നുകാരനാണോ അല്ലയോ കുഞ്ഞിന്റെ അച്ഛൻ എന്ന് അറിയാൻ ഡിഎൻഎ പരിശോധനാ ഫലത്തിനുള്ള കാത്തിരിപ്പിലാണ് പൊലീസുകാർ.