പത്തനാപുരം: മകളെ പീഡിപ്പിച്ച കേസിൽ ദലിത് നേതാവിനെതിരെ കേസെടുത്തത് നിയമപരാമായി തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. കള്ളക്കേസ് എടുത്തുവെന്ന് പറയുന്നത് കേസിൽ നിന്ന് തലയൂരാൻ വേണ്ടിയാണെന്നാണ് പൊലീസ് പറയുന്നത്. പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് പെൺകുട്ടി പൊലീസിനും ഡോക്ടറിനും മുൻപിൽ മൊഴി നൽകിയിരുന്നു.

അഖില കേരള സിദ്ധനർ സർവീസ് സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്റായ രാജേന്ദ്രനാണ് പത്തനാപുരം പൊലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. കേസ് മുറുകിയപ്പോൾ തനിക്കെതിരെ കള്ളക്കേസ് എടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പിതാവ് പൊലീസിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ കാര്യങ്ങൾ കൈവിട്ട് പോകുമോയെന്ന് തോന്നിയതിനാൽ ബാഹ്യശക്തികളുടെ പ്രേരണമൂലമാണ് പെൺകുട്ടിയും മാതാവും പൊലീസിനെതിരെ തിരിഞ്ഞതെന്ന് പത്തനാപുരം എസ്‌ഐ വാർത്താക്കുറിപ്പിൽ പറഞ്ഞു.

പരാതിക്കാരിയായ പെൺകുട്ടിയും മാതാവും കേസ് പൊലീസ് കെട്ടിച്ചമച്ചാതാണെന്ന് ആരോപണവുമായി രംഗത്തെത്തിയതോടെയാണ് പൊലീസും വിശദീകരണവുമായി എത്തുന്നത്. സെപ്റ്റംബർ 30നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അഖില കേരള സിദ്ധനർ സർവീസ് സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്റാണ് രാജേന്ദ്രൻ. പത്തനാപുരം സി.ഐ ചെയർമാനായ എസ്.സി -എസ്.ടി മോണിട്ടറിങ് കമ്മിറ്റി മെമ്പർ കൂടിയായ രാജേന്ദ്രൻ ദളിതരുടെ പ്രശ്നങ്ങളിൽ പത്തനാപുരം എസ്.ഐ എടുക്കുന്ന നിലപാടുകൾക്കെതിരെ നിരന്തരം പരാതികളുന്നയിച്ചിരുന്നു. അതിന്റെ പക തീർക്കാനാണ് രാജേന്ദ്രനെ പോക്സോ ചുമത്തി ജയിലിലാക്കിയതെന്നാണ് ആരോപിച്ചിരുന്നത്.

മകളെ തല്ലിയെന്നല്ലാതെ അവളെ മറ്റൊരു രീതിയിലും ഭർത്താവ് സ്പർശിച്ചിട്ടേയില്ലെന്ന് ശോഭനയും അരുതാത്തതൊന്നും അച്ഛന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നു പെൺകുട്ടിയും പറഞ്ഞു. ദളിത് നേതാവായ രാജേന്ദ്രനോട് പത്തനാപുരം എസ്.ഐ വ്യക്തിപരമായ പക വീട്ടിയതാണെന്നാണ് ഇവർ ആരോപണം. എസ് ഐയ്ക്കെതിരെ ആക്ഷേപവുമായി ദളിത് നേതാക്കളും രംഗത്തെത്തിയിരുന്നു. സെപ്റ്റംബർ 29ന് രാത്രി വഴക്കിനിടെ രാജേന്ദ്രൻ തന്നെ തല്ലിയതായി ശോഭന പറയുന്നു. തടസം പിടിക്കാനെത്തിയ മകളെയും തല്ലി. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ അന്ന് രാത്രി പത്തിന് മകൾക്കൊപ്പം പത്തനാപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ചെന്നു. മകളാണ് പരാതി എഴുതിയത്.

പക്ഷേ, പത്തനാപുരം എസ്.ഐ തന്റെ മൊഴിയെടുക്കാതെ മകളോട് മാത്രം സംസാരിച്ചു. രാത്രി 11ന് കുന്നിക്കോട് സ്റ്റേഷനിൽ എത്തിച്ചു. അടുത്ത ദിവസം രാവിലെ 9ന് മകളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അവളെ കൊട്ടാരക്കര ആശുപത്രിയിൽ കൊണ്ടു പോയി വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. 29ന് രാത്രി ഒന്നിന് രാജേന്ദ്രനെ അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കുറ്റം ചുമത്തി പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്- രാജേന്ദ്രന്റെ ഭാര്യ പറയുന്നു.

പീഡനം നടന്നതായി വൈദ്യപരിശോധനയിൽ കണ്ടെത്തിയിട്ടില്ല. വ്യക്തിവൈരാഗ്യം മൂലം കേസെടുത്തതല്ല. ഇപ്പോൾ മൊഴിമാറ്റുന്നതിന് കാരണം അറിയില്ല. മജിസ്ട്രേട്ടിനും കുട്ടി മൊഴി നൽകിയിട്ടുണ്ടെന്നും പൊലീസ് വിശദീകരിക്കുന്നു. അന്വേഷണത്തിലിരിക്കുന്ന കേസായതിനാൽ കൂടുതലൊന്നും പറയാനാകില്ലെന്നും എസ് ഐ പറഞ്ഞിരുന്നു.