പത്തനംതിട്ട: ചിറ്റാറിൽ ഓണത്തോട് അനുബന്ധിച്ച് നടത്തിയ കാർണിവലിനിടെ ആകാശഊഞ്ഞാലിൽ നിന്ന് വീണു പരുക്കേറ്റ് ചികിൽസയിലായിരുന്ന പ്രിയങ്ക(15)യും മരിച്ചു. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന പ്രിയങ്ക ഇന്നു പുലർച്ചെയാണ് മരിച്ചത്. കഴിഞ്ഞ എട്ടിന് രാത്രി എട്ടുമണിയോടെയുണ്ടായ അപകടത്തിൽ പ്രിയങ്കയും സഹോദരൻ അലൻ (5) മരിച്ചിരുന്നു. ഗുരുതരമായ പരുക്കുകളോടെ ചികിൽസയിലായിരുന്നു പ്രിയങ്ക. ചിറ്റാർ കുളത്തുങ്കൽ സജി-ലീന ദമ്പതികളുടെ മക്കളാണ് ഇരുവരും.

പ്രിയങ്കയും അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ സന്നദ്ധത അറിയിച്ചു. അവയവങ്ങൾ എടുക്കാനുള്ള ശസ്ത്രക്രിയ രാവിലെ 10 മണിക്ക് ആരംഭിച്ചു. തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നവർക്കാകും അവയവങ്ങൾ നൽകുക.
ചിറ്റാർ ഹയർസെക്കൻഡറി സ്‌കൂളിൽ  പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു പ്രിയങ്ക. മാതാപിതാക്കൾ നോക്കി നിൽക്കേയായിരുന്നു കുട്ടികളുടെ ദുരന്തം. മൂന്നുമക്കളാണ് സജിക്ക്.

അലന്റെ പിടിവാശി കാരണമാണ് കുട്ടികളെ ആകാശ ഊഞ്ഞാലിൽ കയറ്റാൻ മാതാപിതാക്കൾ തുനിഞ്ഞത്. അലനും പ്രിയങ്കയും ഊഞ്ഞാലിന്റെ ഒരു തൊട്ടിയിലും രണ്ടാമത്തെ സഹോദരി നിമ്മി മറ്റൊരു തൊട്ടിയിലുമായിരുന്നു. ഊഞ്ഞാൽ വേഗം ആർജിച്ചപ്പോൾ 30 അടി ഉയരത്തിൽ നിന്നും പിടിവിട്ടു അലൻ തെറിച്ചു പോവുകയായിരുന്നു. തെറിച്ചു പോയ അലനെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് പ്രിയങ്കയും വീണത്. അലൻ മറ്റു തൊട്ടികളിൽ അടിച്ചടിച്ചാണ് താഴെ വീണത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിക്കുകയും ചെയ്തു.

പഞ്ചായത്തിന്റെ മൗനാനുവാദത്തോടെയുമാണ് കാർണ്ണിവെൽ നടന്നത്. ആറു പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.