ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ അതോ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫോ? ഇവരിൽ ആരാണ് കള്ളം പറയുന്നത്. പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജെയ്‌ഷെ ഇ മുഹമ്മദ് തീവ്രവാദി മൗലാന മസൂദ് അസറിനെ പാക്കിസ്ഥാൻ അറസ്റ്റു ചെയ്‌തെന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്ന് വ്യക്തമാകുന്നു. പത്താൻകോട്ട് ആക്രമണത്തിന്റെ സൂത്രധാരനെ അറസ്റ്റു ചെയ്‌തെന്ന വാർത്ത പച്ചക്കള്ളമാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. പാക് മാദ്ധ്യമങ്ങളിലൂടെ ഈ വാർത്ത വ്യാജമായി സർക്കാർ തന്നെ പ്രചരിപ്പിച്ചതാണെന്ന വിധത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അപ്രതീക്ഷമാായി പാക്കിസ്ഥാനിൽ എത്തി അവിടുത്ത നവാസ് ഷെരീഫുമൊത്ത് ചായകുടിച്ച് മടങ്ങിയതിന്റെ ക്ഷീണം തീർക്കാൻ മോദി തന്നെ ഉരുണ്ടു കളിച്ചോ എന്ന സംശയവും ഒരു വശത്തുണ്ട്.

മസൂദ് അസറിനെ അറസ്റ്റ് ചെയ്യുകയോ കരുതൽ തടങ്കലിൽ സൂക്ഷിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മസൂദ് അസറിന്റെ മൂന്ന് അനുയായികളെ കസ്റ്റഡിയിൽ എടുത്തുവെന്നത് സത്യമാണ്. എന്നാലിത് പത്താൻകോട്ട് ആക്രമണവുമായി ബന്ധപ്പെട്ടല്ലെന്നും പാക്കിസ്ഥാൻ അധികൃതർ വെളിപ്പെടുത്തിയതായി ദേശിയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

പത്താൻകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ഒരു കേസുകളും നിലവിൽ മസൂദ് അസറിന് എതിരെ പാകിസതാൻ ചുമത്തിയിട്ടില്ല. ഇന്ത്യയിൽ ഇതുവരെ നടന്ന ഒരു ആക്രമണത്തിലും ജെയ്‌ഷെഇമുഹമ്മദിന്റെ പങ്ക് കണ്ടെത്തിയിട്ടില്ല. ചല രഹസ്യ രേഖകൾ കയ്യിൽ സൂക്ഷിച്ചതിന്റെ പേരിൽമാത്രമാണ് മസൂദ് അസറിന്റെ മൂന്ന് അനുയായികളെ അറസ്റ്റ് ചെയ്തത്. എന്നാൽ അധികകാലം ഇവരെ അറസ്റ്റിൽ സൂക്ഷിക്കാനുള്ള വകുപ്പ് പിടിച്ചെടുത്ത രേഖകളിലുമില്ല.

വ്യോമകേന്ദ്ര ആക്രമണവുമായി ബന്ധപ്പെട്ട് മസൂദ് അസറിനെ അറസ്റ്റ് ചെയ്തുവെന്ന വാദങ്ങൾ കള്ളം മാത്രമാണ്. ഇത്തരമൊരു അറസ്റ്റ് നടന്നാൽ പാക്കിസ്ഥാൻ ഇന്ത്യയെ നേരിട്ടറിയിക്കും. എന്ത് കുറ്റമാണ് ചുമത്തിയിരിക്കുന്നത് എന്നുവരെ ഇത്തരത്തിൽ വെളിപ്പെടുത്തും. ആക്രമണം നടത്തിയ ഭീകരർ ഉപയോഗിച്ച ഫോൺ നമ്പരുകൾ ഇന്ത്യ പാക്കിസ്ഥാന് കൈമാറിയിരുന്നു. എന്നാൽ ഈ നമ്പരുകളുടെ ഉടമകളെ കണ്ടെത്തുന്നതിൽ ഇതുവരെ സാധിച്ചിട്ടില്ലെന്നും പാക്കിസ്ഥാൻ അധികൃതർ വ്യക്തമാക്കുന്നു.

നേരത്തെ ഇന്ത്യയുടെ സമ്മർദ്ദത്തിന് വഴങ്ങി ജെയ്‌ഷെഇമുഹമ്മദിന് എതിരെ പാക്കിസ്ഥാൻ അതിവേഗം നടപടി സ്വീകരിച്ചതായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പത്താൻകോട്ട് അന്വേഷണത്തിൽ ഇന്ത്യ ഭാഗികമായി വിജയിച്ചതായാണ് ഈ നടപടികൾ വിലയിരുത്തപ്പെട്ടത്. എന്നാൽ അറസ്റ്റിനെ കുറിച്ച് പഞ്ചാബ് പ്രവിശ്യമന്ത്രി വാക്കാൽ പ്രതികരിച്ചതല്ലാതെ അറസ്റ്റുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും ഇന്ത്യയ്ക്ക് കൈമാറാൻ പാക്കിസ്ഥാൻ ഇതുവരെ തയ്യാറായിട്ടില്ല. അറസ്റ്റിന്റെ റിപ്പോർട്ടുകളിൽ വിശദീകരണം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം പാക്കിസ്ഥാന് കത്തയച്ചെങ്കിലും യാതൊരു മറുപടിയും അയൽരാജ്യം നൽകിയില്ല. അറസ്റ്റ് ചെയ്തുവെന്ന റിപ്പോർട്ടിൽ പാക്കിസ്ഥാന്റെ മൗനവും പാക് അധികൃതർ നൽകുന്ന സൂചനയും മസൂദ് അസറിന്റെ അറസ്റ്റ് വ്യാജമെന്ന തെളിവുകളാണ് നൽകുന്നതെന്ന് വിദഗ്തർ ചൂണ്ടിക്കാണിക്കുന്നു.