നുഷ്യരുടെ ഏറ്റവും വലിയ ദുർവിധി ഒറ്റയാകലാണ്. ജീവിതത്തിലെ മരണമാണത്. ആയുസിന്റെ അനർഥകാണ്ഡംപോലെ അതു നിങ്ങളെ നിരന്തരം വേട്ടയാടിക്കൊണ്ടേയിരിക്കും. ഒറ്റയാകാതിരിക്കാനുള്ള പരക്കംപാച്ചിലാണ് മിക്ക മനുഷ്യർക്കും ജീവിതം തന്നെയും.

പി.എഫ്. മാത്യൂസിന്റെ ഈ സമാഹാരത്തിലെ കഥകൾ ഏതാണ്ടൊന്നടങ്കം അടഞ്ഞ വീടുകൾപോലെ ഏകാന്തരായ മനുഷ്യരെക്കുറിച്ചുള്ളവയാണ്.

സമാനമായ മറ്റൊരവസ്ഥ മരണമാണ്. 'എത്ര മരണം വരിച്ചാലാണ് ഒരാൾ യഥാർഥത്തിൽ ജീവിക്കുക!' എന്ന് മാത്യൂസിന്റെ 'കോമ' എന്ന കഥയിൽ ഒരു കഥാപാത്രം ആശ്ചര്യപ്പെടുന്നുണ്ട്. ഈ പുസ്തകത്തിലെ മിക്ക കഥകളും ജീവിതത്തെ മുൻനിർത്തിയെഴുതപ്പെട്ട മരണത്തിന്റെ സങ്കീർത്തനങ്ങളാണ്. വേണമെങ്കിൽ തിരിച്ചും പറയാം - മരണത്തെ മുൻനിർത്തിയെഴുതപ്പെട്ട ജീവിതത്തിന്റെ സങ്കീർത്തനങ്ങളെന്ന്.

എന്തായാലും കഥ, നോവൽ, തിരക്കഥ, ടെലിവിഷൻ സ്‌ക്രിപ്റ്റ് എന്നീ നാലു രൂപങ്ങളിലും മാത്യൂസ് ആവിഷ്‌ക്കരിക്കുന്നത് ഏറിയും കുറഞ്ഞും ഏകാന്തതയും മരണവും ഒന്നോടൊന്നു മത്സരിച്ചെത്തുന്ന മർത്യായുസ്സിന്റെ കഷ്ടഗാഥകളാണ്. അതേസമയം, 'ജീവിതത്തെയും കലയെയും കൂട്ടിക്കെട്ടുന്ന ഏർപ്പാടിനോട് തനിക്കു വലിയ യോജിപ്പൊന്നുമില്ലെന്നും ഭാവന അതിന്റേതായ യാഥാർഥ്യം നിർമ്മിക്കുകയാണു ചെയ്യുന്ന'തെന്നും മാത്യൂസ് പറയുന്നുമുണ്ട്.

ഇതൊരു സത്യവാങ്മൂലമാണ്. എഴുത്തിനെക്കുറിച്ചു മാത്രമുള്ളതല്ല, ജീവിതത്തെക്കുറിച്ചുമുള്ള സത്യവാങ്മൂലം. എന്തിനെന്നോ? എഴുത്ത് ജീവിതത്തിനും ജീവിതം എഴുത്തിനും പകരം നിൽക്കുന്നവയല്ല, സ്വയം പൂർണമായി നിലനിൽക്കുന്നവയാണ് എന്നു തെളിയിക്കാൻ. മാത്യൂസിന്റെ എഴുത്തുജീവിതത്തെ പൂരിപ്പിക്കുന്ന, ഭാവലോകത്തെ സാക്ഷാത്കരിക്കുന്ന, ആറ് ആഖ്യാനപടലങ്ങൾ ശ്രദ്ധിച്ചാൽ ഇതു കൂടുതൽ വ്യക്തമാകും.

പ്രാപഞ്ചികമായ ശൂന്യതയിൽ പെട്ടുഴറുന്ന ഏകാന്തരുടെ ആത്മഭാഷണങ്ങൾ, മരണത്തെക്കുറിച്ചു മുൻകൂറെഴുതപ്പെടുന്ന പുരാവൃത്തങ്ങൾ, ഭീതഭാവനയുടെ ഫണരൂപം കൈക്കൊള്ളുന്ന അതിയാഥാർഥ്യങ്ങൾ, സറിയലിസ്റ്റ് ചിത്രകല മുതൽ എക്സ്‌പ്രഷനിസ്റ്റ് ചലച്ചിത്രകല വരെയുള്ളവയോട് ചേർന്നുനിൽക്കുന്ന വിസ്മയാവഹമായ ദൃശ്യവിതാനങ്ങൾ, കഥാത്വത്തെത്തന്നെ പ്രശ്‌നവൽക്കരിക്കുന്ന കഥനകല, ലത്തീൻ കത്തോലിക്കാ സംസ്‌കൃതിയുടെയും കൊളോണിയൽ അധിനിവേശത്തിന്റെയും ജൈവരാഷ്ട്രീയ ഭൂപടങ്ങൾ എന്നിവയാണ് ഈ ആറ് ആഖ്യാനതലങ്ങൾ.

ജീവിതാസക്തികളുടെ തിരകൾ മരണത്തിന്റെ കരയിൽ തലതല്ലിച്ചാകുന്ന ആത്യന്തികമായ പ്രകൃതിനിയമത്തിന്റെ വെളിപാടുകഥകളാണ് മാത്യുസിന്റെ ഓരോ രചനയും. 'കഥകൾ പഴഞ്ചനായിരിക്കുമ്പോൾ ജീവിതം പുത്തനാക്കാനുള്ള സാധ്യതകളൊന്നും ഞാൻ കാണുന്നില്ല' എന്നദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. തന്റെ കഥകളെയും ജീവിതത്തെയും ഒന്നിച്ചു പുതുക്കിപ്പണിയുന്ന വാക്കുകളുടെ തച്ചുശാസ്ത്രം തേടുകയാണ് ഓരോ രചനയിലും മാത്യൂസ് ചെയ്യുന്നത് എന്നും പറയാം.

ഈ പുസ്തകത്തിൽ ചേർത്തിട്ടുള്ള സോക്രട്ടീസ് വാലത്തുമായുള്ള ഒരഭിമുഖത്തിൽ, ജീവിതത്തെയും മരണത്തെയും മുഖാമുഖം നിർത്തുന്ന തന്റെ ഭാവമണ്ഡലത്തിന്റെ അടിപ്പടവുകളെക്കുറിച്ച് മാത്യൂസ് നടത്തുന്ന ശ്രദ്ധേയമായ ഒരു നിരീക്ഷണമുണ്ട്. 'മനുഷ്യന്റെ മരണത്തിൽ നോക്കി അവന്റെ ജീവിതം കണ്ടെത്താനും ആവിഷ്‌ക്കരിക്കാനും ശ്രമിക്കുന്ന കണ്ണോക്കുപാട്ടുകാരനാണ് ഞാൻ' (പുറം 115). മേല്പറഞ്ഞ ആഖ്യാനങ്ങളോരോന്നും ആത്യന്തികമായി ചെന്നുമുട്ടുന്നത് കഥയ്ക്കും ജീവിതത്തിനുമിടയിലെ ഈയൊരു പ്രാണസന്ധിയിലാണ്. അതുവഴി, അവതരണസന്ദർഭവും നിമിത്തവും അപരഹിംസയാകട്ടെ, ആത്മഹത്യയാകട്ടെ, കഥയെന്നത്, കാലലോകങ്ങളെ ഒരുമാത്ര സ്തംഭിപ്പിച്ചുനിർത്തി വാക്കുകൾ കൊണ്ടു നടത്തുന്ന മൃത്യുപൂജയാണ് എന്നു തെളിയിക്കുന്നു, മാത്യൂസ്. 'പതിമൂന്നു കടൽകാക്കകളുടെ ഉപമ' എന്ന പുസ്തകത്തിലെ മുഴുവൻ കഥകളും ഏറിയും കുറഞ്ഞും ചേർന്നുനിൽക്കുന്നത് ഈയൊരു കലാതത്വവിചാരത്തോടാണ്. നാലുപതിറ്റാണ്ടുകാലം മാത്യൂസ് എഴുതിയ എഴുപതോളം കഥകളിൽനിന്ന് തെരഞ്ഞെടുത്ത പതിനേഴു കഥകളാണ് ഇവ.

1993-ലെ ഒരു വേനൽക്കാല രാത്രിയിൽ ചെന്നൈയിൽനിന്നു മടങ്ങുമ്പോൾ തീവണ്ടിയിൽ വച്ച് താൻ സാക്ഷിയായ ഒരു മരണത്തിന്റെ കഥ ചിത്രീകരിച്ച സിനിമയെക്കുറിച്ച് തിരക്കഥാകൃത്തെഴുതുന്ന ആത്മനിന്ദയും പരനിന്ദയും കലർന്ന കുറ്റവിചാരണയാണ് ആദ്യകഥ. തന്റെ കഥ ജീവിതം തന്നെയായിരുന്നുവെന്നും അത് സിനിമയിൽ കണ്ടെത്താൻ കഴിയുന്നില്ലെന്നും പറയുന്ന അയാളോട് സംവിധായകനായ ചെറുപ്പക്കാരൻ യോജിക്കുന്നില്ല. അതേ തീവണ്ടിയിൽ, അർധരാത്രിയിൽ വാതിൽപ്പടിയിൽ പുറംലോകം കണ്ടിരുന്ന തന്നെ വാതിൽവലിച്ചടച്ചു താഴെ വീഴ്‌ത്തി കൊന്നത് ഇതേ തിരക്കഥാകൃത്താണെന്നയാൾ പറയുന്നു. ജീവിതവും കലയും തമ്മിലുള്ള ബന്ധത്തെ ഇത്രമേൽ പ്രശ്‌നവൽക്കരിക്കുന്ന മറ്റൊരു കഥ മലയാളത്തിലില്ല. ഒരു മനുഷ്യന്റെ ജീവിതമെന്നതുപോലെ മരണവും മറ്റൊരു മനുഷ്യനെയും ബാധിക്കുന്ന വിഷയമല്ലെന്നും ലോകം ഒറ്റകളുടേതാണ്; പറ്റങ്ങളുടേതുപോയിട്ട് ഇരട്ടകളുടേതുപോലുമല്ല എന്നും തെളിയിക്കുകയാണ് ഈ കഥ ചെയ്യുന്നത്. അനുഭവവും ഓർമ്മയും ജീവിതമാണെന്നുവരുത്തി സാഹിത്യത്തിലും സിനിമയിലുമൊക്കെ ആവിഷ്‌ക്കരിക്കാനാഗ്രഹിക്കുന്നവർക്കുള്ള മറുപടിയായി മാത്യൂസെഴുതുന്ന കലാതത്വം കൂടിയാണ് ഈ രചന. മായക്കാഴ്ചകൾ കാണുന്ന സ്വപ്നരോഗിയുടേതുപോലെ പല പടലങ്ങളുള്ള ജീവിതവും കഥയും ഓർമ്മയും അനുഭവവും കലയും ആഖ്യാനവും ഈ രചനയിൽ ഒന്നിക്കുന്നു. കാലം കുഴമറിയുന്നു; കല വെന്നിക്കൊടി പാറിക്കുന്നു.

തുടർന്നങ്ങോട്ടുള്ള ഓരോ കഥയും ഒന്നിനൊന്നു ഭിന്നവും വിചിത്രവുമായ സാമൂഹികസന്ദർഭങ്ങളിലും സ്ഥലപശ്ചാത്തലങ്ങളിലും ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന മർത്യാവസ്ഥയെക്കുറിച്ചുള്ള എഴുത്തുകളായി മാറുന്നു. 'വെളിച്ചമില്ലാത്ത ഒരിടം' എന്ന കഥയിൽ അന്ധയായ ഒരു സ്ത്രീ ആദ്യം ഭർത്താവിന്റെയും പിന്നെ മകന്റെയും മരണം ഗന്ധവും സ്പർശവും ശബ്ദവുമായി അനുഭവിക്കുന്നതിന്റെ അപാരമായ ആത്മസംഘർഷങ്ങളാണുള്ളത്. മാതൃദുഃഖത്തെ മുൻനിർത്തി മലയാളത്തിലെഴുതപ്പെട്ട മികച്ച രചനകളിലൊന്ന്. വാക്കുകളുടെ പിയാത്ത. വായിക്കുക:

'അവൻ വാതിൽപ്പടിയോളം നടന്നിട്ടു തിരിച്ചുവന്നു. പിന്നെ പഴയതുപോലെ നടപ്പുതുടർന്നു. ദീർഘനിശ്വാസം. ബീഡിക്കു തീ കൊളുത്തുന്ന സ്വരം കേട്ടപ്പോൾ തള്ളയ്ക്ക് കൊതിയായി. പക്ഷേ, ചോദിച്ചില്ല. മൂന്നോ നാലോ കൊള്ളികൾ ഉരച്ചുകഴിഞ്ഞപ്പോഴാണ് ബീഡിയിൽനിന്നു പുക വന്നത്. എന്നും ബീഡി കത്തിക്കുവാൻ അവന് ഒരു കൊള്ളി മതി. അവൻ ചമച്ചുതുടങ്ങിയിരിക്കുന്നു. ഇപ്പോൾ അവർക്കു തീർച്ചയായി. അവനെന്തോ സംഭവിച്ചിരിക്കുന്നു.

തള്ളയുടെ നേരെ മുന്നിൽവന്ന് ഒരുനിമിഷം അവൻ നിന്നു. പിന്നെ വീണ്ടും നടക്കാൻ തുടങ്ങി. അവനെന്തോ ചോദിക്കാനുണ്ടെന്ന് അവർക്കു തോന്നി. ചുമച്ചു തൊണ്ട ശുചിയാക്കി. വീണ്ടും നെടുവീർപ്പ്. പെട്ടെന്ന് അവൻ ചോദിച്ചു:

'ഇവിടാരെങ്കിലും വന്നിര്‌ന്നോ?'

ചോദ്യത്തിലെ ഉത്കണ്ഠ മനസ്സിലായെങ്കിലും ശ്രദ്ധിക്കാത്ത മട്ടിൽ അലസമായി തള്ള പറഞ്ഞു: 'പതിവൊള്ളരക്കെ വന്നിരുന്നു'.

അവൻ ഞെട്ടി. ഇത്രയും നേരമായിട്ടും അവൻ ഒരു ചായപോലും വാങ്ങിത്തന്നില്ലല്ലോ എന്ന് ആലോചിക്കുന്ന നേരത്താണ് അവന്റെ സ്വരം ഉയർന്നത്.

'പൊലീസുവന്നോ?'

ഓ.... അപ്പോൾ അതാണ് പ്രശ്‌നം. അവൻ പൊലീസുകാരെ പേടിച്ചുതുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മോഷണത്തിനു പകരം ഭയങ്കരമായ മറ്റെന്തോ അവൻ ചെയ്തിരിക്കുന്നു.

അച്ഛന്റെ ശവം വഴിയരികിലെ കാട്ടുചീരപ്പടർപ്പിൽ കിടക്കുമ്പോൾ വാവിട്ടുകരഞ്ഞ ചെറുക്കൻ. അന്ന് ആ ശവം ഒറ്റയ്ക്കു പൊക്കിയെടുത്ത് പുരയിൽ കിടത്താനുള്ള ത്രാണി അവനുണ്ടായിരുന്നില്ല. കൂടിയാൽ കാലിൽ പിടിച്ചു വലിച്ചിഴച്ചുകൊണ്ടുവരാനേ കഴിയുമായിരുന്നുള്ളൂ. അത്രയ്ക്കു മെലിഞ്ഞ് അവശനായിരുന്നു. സന്ധ്യയായപ്പോൾ പൊലീസുകാരാണ് ശവം ഉമ്മറപ്പടിയിലേക്കു തള്ളിവെച്ചത്.

'ചോയിച്ച കേട്ടില്ലേ. പൊലീസുവന്നാന്ന്....' അവൻ കലി തുള്ളുകയാണെന്നു തള്ളയ്ക്ക് മനസ്സിലായി.

'ഉം വന്ന്'.

'എന്തു ചോദിച്ച്?'

'നീ എന്ത്യയ്ന്ന്'.

'എന്നട്ട് എന്തുപറഞ്ഞു?' അവൻ കിതയ്ക്കുന്നുണ്ടെന്നു തോന്നി.

'നീ ഇല്ലാന്നു പറഞ്ഞ്'.

'തൊലച്ച്!' അവൻ തറയിൽ ആഞ്ഞുതൊഴിച്ചു.

'നീയില്ലാത്ത നേരത്ത് ഒണ്ടെന്ന് പറേണോ?'

അവൻ നിശ്ശബ്ദനായി. ഏറെ നടന്നശേഷം അവൻ നനഞ്ഞ കുപ്പായം എടുത്ത് അണിഞ്ഞു. അവനെ തടുക്കണമെന്നുണ്ടായിരുന്നു. പിന്നെ വേണ്ടെന്നുവച്ചു.

പെട്ടെന്ന് തള്ളയ്ക്ക് സങ്കടം വന്നു. എന്നാൽ അതു കരച്ചിലായി മാറാതിരിക്കാനുള്ള പ്രാപ്തി അവർക്കുണ്ട്. കാഴ്ചയില്ലാത്ത കണ്ണുകൾ അവരുടെ വികാരങ്ങളെ പുറമേക്കു പ്രതിഫലിപ്പിച്ചതുമില്ല.

'മോനേ'.

വീണ്ടും നെടുവീർപ്പ്. പുറത്തേക്കുള്ള വാതിൽ തുറന്നുവെച്ച് നില്ക്കുകയാണ് അവൻ.

'മോനേ'.

അവൻ തിരിഞ്ഞുനോക്കിയെന്ന് അവർക്കു തോന്നി. അവർ ചോദിച്ചു:

'നീ ആരേണ് കൊന്നത്?'

പെട്ടെന്നു വാതിലടഞ്ഞു. ഇരുട്ട് നിറഞ്ഞുകവിഞ്ഞു. അവൻ നടന്നുമറയുകയാണെന്ന് അവർക്കു മനസ്സിലായി. ചെങ്കല്ലിന്റെ അവശിഷ്ടങ്ങളും തീവണ്ടിപ്പാതയും മുറിച്ചുകടന്ന് ഉണങ്ങിവരണ്ട പാടത്തിലൂടെ അവനും പോയിട്ടുണ്ടാകും ചിലപ്പോൾ. ഇനിയൊരിക്കലും മടങ്ങിവന്നേക്കില്ല.

അവൻ പൊട്ടിക്കരയുവാൻ തുടങ്ങി '.

പിതൃബിംബത്തോടുള്ള ഈഡിപ്പൽ പക നിറഞ്ഞുനിൽക്കുന്ന 'സമീപദൃശ്യങ്ങ'ളിൽ ഒരാത്മഹത്യക്കുള്ള തയ്യാറെടുപ്പുകളാണുള്ളതെങ്കിൽ പുത്രഹിംസയുടെ ഗൂഢരതിയനുഭവിക്കുന്ന പിതൃരൂപത്തിന്റെ നിശാസഞ്ചാരങ്ങളാണ് 'ആൺദൈവ'ത്തിലുള്ളത്. ദാമ്പത്യത്തിന്റെ നിരർഥകതകളും കിടപ്പറയുടെ വിരസതകളും മനുഷ്യബന്ധങ്ങളുടെ കാപട്യങ്ങളും ഒന്നൊന്നായി തെളിഞ്ഞുവരുന്ന കാൻവാസിലാണ് ഈ കഥ.

ഒരു വൃദ്ധനെ പിന്തുടർന്ന് അയാളുടെ മുറിയിലെത്തുന്ന സാറയെന്ന ലൈംഗികത്തൊഴിലാളിയോട് അയാൾ താൻ നേരിട്ടറിഞ്ഞ മരണങ്ങളുടെ പുരാവൃത്തം പറയുന്നു. ഒരു സറിയൽ സിനിമപോലെ ദൃശ്യസമൃദ്ധവും സ്വപ്നസന്നിഭവുമായി നീളുന്ന കഥനം. മൃതിയുടെ ജപമാല.

സറിയൽ ഭാവനയുടെ ഇതേ മായികയാഥാർഥ്യങ്ങൾ ഒരു ദേവാലയത്തിനുള്ളിൽ നടക്കുന്ന കുമ്പസാരത്തിന്റെയും കുരിശുമരണത്തിന്റെയും ചിത്രീകരണത്തിലൂടെ സാധ്യമാക്കുന്ന കഥയാണ് അടുത്തത്. പാപപുണ്യങ്ങളുടെ, കടങ്കഥപോലെ നീളുന്ന മർത്യാസ്തിത്വങ്ങളുടെ, ഫാന്റസി. ഒരിക്കലും പുറത്തേക്കു തുറക്കാത്ത വാതിലുകൾക്കുള്ളിൽ ലോകം കാണാതെ ജീവിക്കുന്ന നഗരകുടുംബങ്ങളിലൊന്നിന്റെ കഥയാണ് 'അടഞ്ഞ മുറി'. പൂർണ ഗർഭിണിയാണ് ഭാര്യ. നിസ്വനായ ജോലിക്കാരനാണ് ഭർത്താവ്. ഒരുദിവസം അയാൾ രാവിലെ അടുക്കളവാതിൽ തുറന്നപ്പോൾ കണ്ടത് അടുത്ത വീടിനുള്ളിൽ തൂങ്ങിമരിച്ചുനിൽക്കുന്ന യുവാവിനെയാണ്. പിന്നെ ശവത്തിനും ഗർഭവേദനയ്ക്കുമിടയിലെ അയാളുടെ ഊയലാട്ടങ്ങൾ. മരണം വാതിൽക്കലെത്തി അമ്മയ്ക്കും കുഞ്ഞിനും കാവൽ നിൽക്കുകയാണ്. നോക്കുക:

'പകലത്തെ അലച്ചിലിന്റെ ക്ഷീണംമൂലം നളിനി പെട്ടെന്ന് ഉറങ്ങി. പാതിരാവായപ്പോൾ അവൾ കരഞ്ഞുണർന്നു.

'എന്റെ കൊച്ചു പോയി'.

കിടന്നപടി അവളുടെ വയറു ചുരുങ്ങിച്ചുരുങ്ങി തണ്ടലോടൊട്ടിപ്പോയതായി സ്വപ്നം കണ്ടുവത്രെ. പിന്നെ ആ രാത്രി രവിക്ക് ഉറങ്ങുവാൻ കഴിഞ്ഞില്ല. അയലത്തെ വീട്ടുകാർ എത്ര ശാന്തരായാണ് ഉറങ്ങുന്നത്. അയാൾക്ക് അതിശയം തോന്നി. പുറത്ത് മിന്നാമിനുങ്ങുകൾ കുഞ്ഞുവെളിച്ചവുമായി സഞ്ചരിക്കുന്നു. നളിനി രണ്ടുവട്ടം കൂടി അതേ സ്വപ്നം കണ്ടുകൊണ്ടു കരഞ്ഞു.

നേരം വെളുത്തപ്പോൾ ആദ്യത്തെ കാഴ്ച അവളുടെ കണ്ണീരാണ്. മുഖം വെള്ളക്കടലാസുപോലെ. വീണ്ടും വയറിനുള്ളിലെ ചലനം നിലച്ചിരിക്കുകയാണ്.

കമ്പനിയിൽ പോയി പണവും വണ്ടിയുമായി വരാം എന്നുപറഞ്ഞ് രവി പുറത്തേക്കിറങ്ങിയതും അയൽവീടിനു മുന്നിലേക്ക് വെളുത്ത ആംബുലൻസ് വന്നുനിന്നതും ഒരുമിച്ചായിരുന്നു. അതു ശ്രദ്ധിക്കാതെ അയാൾ തിടുക്കപ്പെട്ടു. വണ്ടിയുമായി മടങ്ങിവരുമ്പോഴാണ് വരാന്തയിൽനിന്ന് ദിനപത്രം മാറ്റിയിടാൻ മറന്നുപോയ കാര്യം ഓർത്തത്. അയാൾക്ക് സംഭ്രമമായി. പിന്നെ സ്വയം ആശ്വസിച്ചു. ഈയിടെയായി നളിനി മുറിയിൽനിന്ന് പുറത്തിറങ്ങാറേയില്ല.

അയലത്തെ ചെറുക്കന്റെ ശവം സംസ്‌കരിച്ചുകാണുമെന്ന് രവി കണക്കുകൂട്ടി. കീറിമുറിച്ച് ശരീരം ഏറെനേരം ഇട്ടുവയ്ക്കാനാവില്ല.

കാറിന്റെ ജാലകത്തിലൂടെ ആളിക്കത്തുന്ന കൊന്നമരം കണ്ടപ്പോൾ ബാല്യത്തിൽ അപ്രത്യക്ഷനായ കൂട്ടുകാരനെയാണ് ഓർമ വന്നത്. പ്രായത്തിൽ കവിഞ്ഞ വളർച്ചയുണ്ടായിരുന്നു. കൊത്തുകോഴികൾ അലയുന്ന വീട്ടുവളപ്പിലെ കൊന്നപ്പൂക്കൾ വീണുകിടക്കുന്ന മരത്തിന്റെ വേരിലിരുന്ന് കഴിച്ചുകൂട്ടിയ ഉച്ചസമയങ്ങൾ. അതുപോലെ പൊള്ളുന്ന ഒരു ഉച്ചനേരത്താണ് അവൻ പശുവിനെ പുല്ലുതീറ്റുവാനിറങ്ങിയത്. ഇത്തിരിനേരം കഴിഞ്ഞപ്പോൾ അവൻ വീട്ടിലേക്കു മടങ്ങി. പശുവിനെ ബന്ധിച്ചിരുന്ന കയറ് കഴുത്തിൽ കെട്ടിമുറുക്കി. അവൻ എന്തിനുവേണ്ടി അതു ചെയ്തുവെന്ന് ആർക്കും അറിയില്ല. ഇന്നും.

അയലത്തെ വീട്ടിൽ ആളൊഞ്ഞിട്ടില്ല. കണ്ടഭാവം നടിക്കാതെ രവി വീട്ടിലേക്കു കയറി. കിടപ്പുമുറിയിലേക്കു കടന്നപ്പോൾ വല്ലാത്ത ഗന്ധമനുഭവപ്പെട്ടു. കിടക്കയിൽ നളിനി ഉണ്ടായിരുന്നില്ല. തിളങ്ങുന്ന കറുത്ത തിണ്ണയിൽ ചോരത്തുള്ളികൾ പതിഞ്ഞുകിടക്കുന്നു. നടുക്കത്തോടെ ചോരത്തുള്ളികൾക്കു പിന്നാലെ നടന്ന് അയാൾ അടുക്കളയിലെത്തി.

അടുക്കളയിൽ നിന്ന് പുറത്തേക്കുള്ള വാതിൽ തുറന്നിട്ടിരിക്കുന്നു. പടിയിൽ കഴിഞ്ഞ പ്രഭാതത്തിന്റെ ആവർത്തനം പോലെ നളിനി വീണുകിടക്കുന്നു.

അവളെ കോരിയെടുക്കുന്നതിനുമുമ്പ് അയാൾ അയലത്തെ വീട്ടിലെ ജാലകത്തിലൂടെ നോക്കി ഒരു നിമിഷം നിന്നു'.

ആറുമക്കളുടെയും ഭാര്യയുടെയും ആറ്റു നോറ്റു കിട്ടിയ മകളുടെ ഭർത്താവിന്റെയും മരണത്തിനു സാക്ഷിയാകുന്ന കിഴവന്റെ കഥയാണ് 'അന്ന'; അന്നയുടെയും. ബാബ്‌റിമസ്ജിദ് പൊളിച്ചതിന്റെ പിറ്റേദിവസം പള്ളുരുത്തിയിലും മട്ടാഞ്ചേരിയിലും ബന്തായിരുന്നു. അപ്പോഴാണ് തങ്കച്ചന്റെ അമ്മ മരിച്ചത്. പള്ളികളിലും അമ്പലങ്ങളിലുംനിന്ന് ദുഃസ്വപ്നങ്ങൾ മരമണി മുഴക്കിയ നാളിന്റെ ഓർമ്മക്കുറിപ്പാണ് ഒരു കഥ. ഭർത്താവിന്റെ ശവത്തിന് ദിവസങ്ങളോളം കാവലിരിക്കുന്ന സൂസിയുടെ കഥ പറയുന്നു, സറിയലിസ്റ്റ് രചനയായ 'പച്ചില കൊത്തി പറന്നുവരുന്ന പ്രാവുകൾ'. ജീവിതം നൽകാത്ത ശാന്തി മരണം നൽകുമോ? ഭർത്താവിന്റെ ശവം തിന്നുതീർത്ത്, പൂർണഗർഭിണിയായ അവൾ പുറത്തേക്കിറങ്ങി ലോകത്തെ നോക്കുകയാണ്.

കൊച്ചിയുടെ തീരപ്രദേശങ്ങളിലെ ലത്തീൻ കത്തോലിക്കരുടെ ജീവിതവും മരണവുമാണല്ലോ പി.എഫ്. മാത്യൂസിന്റെ ഏറ്റവും വലിയ സാംസ്‌കാരിക മൂലധനം. 'കണ്ണോക്ക്' എന്ന കഥ നോക്കുക. 'ഇ.മ.യൗ.' എന്ന സിനിമക്കാധാരമായ രചനയാണിത്. ആഖ്യാനം മറ്റൊരു കാഴ്ചക്കോണിലൂടെയാണെന്നു മാത്രം. സിനിമയിൽ പിതാപുത്രബന്ധമാണ് വിഷയമെങ്കിൽ കഥയിൽ അപ്പൂപ്പന്റെ മരണം കൊച്ചുമകനിലുണ്ടാക്കുന്ന നടുക്കങ്ങളാണ് വിഷയം.
കാലത്തിൽ മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുന്ന നാരായണന്റെ മോഹങ്ങളാണ് '2015-ൽ നാരായണൻ' എന്ന രചനയ്ക്കാധാരം. 1957-ന്റെ നിഴൽവീണു കിടക്കുന്ന കഥ. ഫാന്റസിയുടെയും സറിയലിസത്തിന്റെയും മാജിക്കൽ റിയലിസത്തിന്റെയും സങ്കേതങ്ങൾ തുടർച്ചയായി കടന്നുവരുന്ന നിരവധി കഥകളിലൊന്ന്.

പ്രത്യക്ഷത്തിൽ, സമകാലികരായ പല എഴുത്തുകാരും ചെയ്തതുപോലെ ചരിത്രം, അധികാരം, ഭരണകൂടം, പ്രത്യയശാസ്ത്രം തുടങ്ങിയ ബൃഹദാഖ്യാനങ്ങളെ പ്രശ്‌നവൽക്കരിക്കാൻ മാത്യൂസ് പൊതുവെ ശ്രമിച്ചിട്ടില്ല. മരണദർശനത്തിൽ കേന്ദ്രീകരിച്ച യൂറോപ്യൻ ആധുനികതാവാദത്തിന്റെ സാഹിത്യ-ചലച്ചിത്ര കല ഇത്രമേൽ സ്വാംശീകരിച്ച ഭാവനാസന്ദർഭങ്ങൾ മാത്യൂസിന്റെ കഥകളിലെന്നപോലെ മറ്റധികം പേരിൽ കാണാനുമാകില്ല.
എങ്കിലും ചരിത്രത്തിന്റെ തീപ്പൊള്ളലുകൾ വീണുകിടക്കുന്ന കുറെ കഥകളുണ്ട് ഈ പുസ്തകത്തിൽ. 'ആണ്ടറുതിയിലെ പേടിസ്വപ്നങ്ങൾ', '2051', 'കോമ' തുടങ്ങിയവ ഉദാഹരണം. ഒരു പത്രമാഫീസിൽ 1984 സൃഷ്ടിച്ച അതിയാഥാർഥ്യങ്ങളുടെയും അവസ്ഥാന്തരങ്ങളുടെയും കഥയാണ് 'കോമ'.

ഒരു മനുഷ്യന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നു തീർപ്പുകല്പിക്കാൻ കഴിയാതെ ജീവിതത്തിനും മരണത്തിനുമിടയിൽ ഒരു കോമ മാത്രമിട്ട് പിന്തിരിയേണ്ടിവരുന്ന എഴുത്തിന്റെയും മർത്യവിധിയുടെയും രൂപകമാണ് ഈ കഥ.

ഈ സമാഹാരത്തിലെ ഏറ്റവും മികച്ച കഥകളിലൊന്നാണ് 'പതിമൂന്നു കടൽകാക്കകളുടെ ഉപമ'. റബേക്കയെന്ന പെണ്ണിന്റെ ജൈത്രയാത്രകളുടെയും തകർച്ചയുടെയും കഥ.

കൊളോണിയലിസത്തിന്റെ രക്തരേഖകളവശേഷിപ്പിച്ച സങ്കരജനതയുടെ സങ്കടങ്ങളിൽ നിന്നാണ് ആൻഡ്രു ലെസ്ലി വാഡിങ്ടൺ എന്ന സായിപ്പിനു ജന്മം നൽകി റബേക്ക തന്റെ ജീവിതം തുടരുന്നത്. സൗന്ദര്യത്തിന്റെ ഉടവാളുപോലെ മിന്നിയ റബേക്ക, ഒന്നിനും കൊള്ളാത്ത മർസലീഞ്ഞിന്റെ ഭാര്യയും നെറികെട്ട രണ്ടു കുട്ടികളുടെ തള്ളയുമായിരുന്നു.

ദേവപുരുഷനായിരുന്ന സായിപ്പിന്റെ കാമാസക്തി അവളെ കൊത്തിവലിച്ചു. അവളാകട്ടെ ആ ചൂണ്ട കാത്തുകിടന്ന ഒരു മത്സ്യകന്യകയെപ്പോലെ തന്റെ ഉടലും ഉയിരും അയാൾക്കു സമർപ്പിക്കുകയും ചെയ്തു. ചരിത്രം ഒന്നു കറങ്ങിത്തിരിഞ്ഞപ്പോൾ ബംഗ്ലാവിലെ പട്ടുമെത്തയിൽനിന്ന് കടൽത്തീരത്തെ മീൻ നാറുന്ന ചെറ്റക്കുടിലിലേക്കുതന്നെ അവൾ തിരിച്ചെത്തി. അവളുടെ വയറ്റിൽ സായിപ്പിന്റെ മകൻ ആൻഡ്രുവും ഉണ്ടായിരുന്നു.
കടൽത്തീരജീവിതത്തിന്റെ പച്ചപ്പരമാർഥങ്ങൾ ഈ കഥയിലുണ്ട്. 'പരിഷ്‌ക്കാരത്തിന്റെയും ആധുനികതയുടെയും ഉന്നതിയിൽ സായുവിന്റെ തീന്മേശ മര്യാദകളടക്കമുള്ള ആയിരത്തെട്ടു ചിട്ടവട്ടങ്ങൾക്കിടയിൽ അല്ലലറിയാതെ കഴുകിയുണങ്ങി ഇസ്തരിയിട്ട് മിനുങ്ങിക്കഴിഞ്ഞിരുന്ന റെബേക്കയ്ക്ക് സ്വന്തം ശരീരത്തിൽ നിന്നിറങ്ങിവന്ന മക്കൾ നരഭോജികളായ കാപ്പിരികളാണെന്നുതന്നെ തോന്നി. മർസലീഞ്ഞിന്റെ കടൽച്ചൂരും മീനുളുമ്പും നാറ്റവും കാപ്പിരിമൂത്രം വീണ് ഈറനായ ചാണകത്തിണ്ണയും പിന്നെ കടപ്പുറത്തെ ഉണക്കപ്പരവയുടെ മണമുള്ള കാറ്റുമൊക്കെ ചേർന്നപ്പോൾ ഛർദ്ദിക്കാതിരിക്കാനവൾക്കു കഴിഞ്ഞില്ലയ ചെറുകുടലു വരെ ഛർദ്ദിച്ചുപോകുമെന്നു തോന്നി. ഇതെല്ലാം കണ്ടിട്ടും പറങ്കിക്കപ്പേളയിലെ രൂപക്കൂട്ടിലെ സന്തമ്മാറു മുത്തപ്പനേപ്പോലെ ഒരേ ഇരിപ്പാണു മർസലീഞ്ഞ്. രണ്ടു മെഴുകുതിരിയുടേം ഒരു നേർച്ചപ്പെട്ടീടേം കുറവുമാത്രം. കൂട്ടത്തിൽ തലമൂത്തവനായ നരഭോജിക്കാപ്പിരി മാണച്ചന് പെറ്റതള്ളയുടെ പുതുമോടിയും മദാമ്മച്ഛർദ്ദിയും തീരെയങ്ങു പിടിച്ചില്ല. അവൻ അപ്പന്റെ മീൻകൊട്ട പോലെ തന്റെ ഉള്ളു മുഴുവൻ പുറത്തേക്കു ചൊരിഞ്ഞിട്ടു:

-തള്ളക്കിവിട പറ്റൂല്ലങ്കീ സായൂന്റെ കാലിന്റെടേലാട്ട് പൊയ്‌ക്കോട്ടാ....
നിലമിറങ്ങി വെട്ടിയ ഇടിവാള് റെബേക്കയുടെ ഉച്ചി തൊട്ട് ഉള്ളം കാലുവരെ വിറപ്പിച്ചു'.
ഒപ്പം, മാജിക്കൽ റിയലിസത്തിന്റെ മാന്ത്രികപ്പരവതാനിയും.

'പറുദീസാക്കഥയോളം തന്നെ വിരസമായ ആൻഡ്രുവിന്റെ ആത്മകഥ കേട്ട് കുട്ടികൾ കോട്ടുവായിടാൻ തുടങ്ങി. അവരുടെ മുഖം കണ്ടപ്പോൾ യുക്തിഭദ്രമായ സംഭവങ്ങളിൽ നിന്നും ജീവിത യാഥാർത്ഥ്യങ്ങളിൽ നിന്നും വിട്ടുനില്ക്കാത്ത കഥ എത്ര വിരസവും പാഴുമാണെന്നു തിരിച്ചറിഞ്ഞ ആൻഡ്രു തലേനാൾ പഠിച്ച വിദ്യ കുട്ടികളിൽ പ്രയോഗിക്കാൻ തന്നെ തീരുമാനിച്ചു. മണലിൽ കിടന്നിരുന്ന മുക്കുവന്റെ പാളത്തൊപ്പിയെടുത്തു തലയിൽ വച്ച് കുട്ടികളുടെ തലയ്ക്കു മീതെ കൈകളുയർത്തി കണ്ണുകളടച്ച് ചുണ്ടിലൂടെ അടർന്ന മറുഭാഷയിലെ മന്ത്രം ഉരുവിട്ടു. ആ നിമിഷം തറയിൽ കുന്തിച്ചിരുന്ന പതിമൂന്നു കുട്ടികളും കടൽക്കാക്കകളായി മാറി. അയാളുടെ സിദ്ധിയുടെ ആദ്യ പരീക്ഷണമായിരുന്നു അത്. അതുകൊണ്ടുതന്നെ കാക്കകളായി മാറിയ കുട്ടികൾ പറക്കാതിരിക്കുന്നതിന്റെ കാരണം അയാൾക്കു പിടികിട്ടിയില്ല. കാലവും ഇന്നലെ വരെ പിന്തുടർന്ന ജീവിതവും അവരുടെ കാലിൽ കെട്ടിയിട്ട ചങ്ങലകളായി മാറിയതാണോ. അങ്ങനെയാലോചിച്ചു നിൽക്കെ കൂട്ടത്തിൽ കുറുമ്പനായ ചെറുക്കൻ പുതിയതായി കിട്ടിയ ചിറകുകൾ ഒന്നു കുടഞ്ഞുവിടർത്തി രണ്ടടിയടിച്ചു. പിന്നെ അവൻ പതുക്കെ അതു പ്രയോഗിച്ച് മൂന്നാലടി പൊന്തിനോക്കിയെങ്കിലും താഴേക്കു വീണുപോയി. ശരീരം തയ്യാറാണെങ്കിലും മനസ്സ് സന്നദ്ധമല്ലെന്ന വചനം പാണ്ടൻ സായു ഉരുവിട്ടുകൊണ്ടിരിക്കെ ആ കുറുമ്പൻ ഒരൊറ്റ ഊക്കിൽ ചിറകടിച്ച് ആകാശത്തേക്ക് ഉയർന്നുപൊങ്ങി. അവൻ കൂസലില്ലാതെ മനോഹരമായ നാലു വൃത്തം വരച്ച് പ്രകടനം നടത്തിയപ്പോൾ അതു കണ്ടിരുന്ന കൂട്ടുകാർക്ക് ആവേശം മൂത്തു. തുടക്കത്തിലെ തടസ്സങ്ങൾ പോലുമില്ലാതെ അവരൊന്നടങ്കം ആകാശത്തേക്ക് കുതിക്കാനും അസംഖ്യം വൃത്തങ്ങൾ ചമയ്ക്കാനും തുടങ്ങി. കുറച്ചുനേരം തികച്ചും അപരിചിതമായ കാക്കക്കാറലുകൊണ്ട് കടപ്പുറം മേഘാവൃതമായി. പിന്നെ അവ പുറങ്കടലിലേക്കു പറക്കാൻ തുടങ്ങിയപ്പോൾ സായു നേരിയ പുഞ്ചിരിയോടെ ചെമ്പന്മുടി മാടിയൊതുക്കി ജീവിതത്തിന് ഒരർത്ഥമുണ്ടായതുപോലെ പുഞ്ചിരിച്ചു.

സന്ധ്യായിട്ടും കുട്ടികൾ വീടണയാതായപ്പോൾ പതിമൂന്നു കുട്ടികളുടെയും കാരണവന്മാർ കടപ്പുറത്തു വന്ന നേരത്ത് ഉണക്കമീൻ ചുട്ടുതിന്നുകൊണ്ടിരിക്കുകയാണ് സായു.

- കുട്ടികളെവിടെ പോയി സായു.

അവർ ചോദിച്ചു.

ആകാശത്തേക്കു നോക്കി അയാളിത്തിരി നേരം ഇരുന്നു. പിന്നെ പതുക്കെ പറഞ്ഞു:

- പഠിച്ചുവച്ച കഥകൾ തിരുത്തേണ്ട കാലം എന്നേ കഴിഞ്ഞു.

ഒന്നും പിടികിട്ടാത്ത ശൂന്യമുഖങ്ങളിലേക്കു നോക്കി അയാളവർക്കു പരിചയമുളെളാരു വാചകം പറഞ്ഞു:

- ആകാശത്തിലെ പാവകളെ നോക്കൂ.... അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരകളിൽ ശേഖരിക്കുന്നുമില്ല. ഈ ജീവിതം ഒന്നു കടന്നുപോകണമെങ്കിൽ നമുക്ക് പുതിയ കഥകളാണു വേണ്ടത്. പുതിയ കഥകൾ...അതാണ് ഞാനുണ്ടാക്കാൻ നോക്കുന്നത്.

നിങ്ങൾക്കിനിയുമുണ്ടാകുന്ന മക്കളോടു പറയാനും അതു വേണ്ടിവരും... ഇനി ഞാൻ പതിമൂന്നു കടൽക്കാക്കകളുടെ ഉപമ പറയാം.

ഒന്നും മനസ്സിലായില്ലെങ്കിലും അവർ സായുവിനെ അനുകരിച്ച് കടലിനു മുകളിലുള്ള ആകാശത്തേക്കു നോക്കി. പതിമൂന്ന് കടൽക്കാക്കകൾ അവരുടെ തലയ്ക്കു മുകളിലൂടെ പറന്നുപോയി'.

അവസാന കഥയായ 'തീവണ്ടിയിൽ ഒരു മനുഷ്യൻ', ഭർത്താവിനെ കൊന്ന ഒരു സ്ത്രീയുടെ ഏറ്റുപറച്ചിലും പരക്കംപാച്ചിലുമാണ്. ഭാവി മുൻകൂട്ടിക്കാണുന്ന സ്വപ്നങ്ങളുടെയും മനോവിഭ്രമങ്ങളുടെയും ലോകം. അഭൗമാനുഭൂതി(ൗിരമിി്യ)യുടെ അതീത യാഥാർഥ്യങ്ങൾ.
ജീവിതത്തിന്റെ കൊടും കയങ്ങളിൽ മുങ്ങിത്താഴുന്ന മനുഷ്യാവസ്ഥകളിൽനിന്നു കണ്ടെടുക്കുന്ന ചില ഒറ്റവിരൽ ചൂണ്ടലുകൾപോലെ ഇനിയുമുണ്ട് കഥകൾ. ഇടത്തരം വി.പി.യും ദൈവവും, ലോസ്റ്റ് ആൻഡ് ഫൗണ്ട് എന്നിങ്ങനെ.

മലയാളകഥയിൽ അതിഭാവുകത്വത്തിന്റെ കലയ്ക്ക് അല്പവും വഴങ്ങാത്ത ചുരുക്കം ചില എഴുത്തുകാരിലൊരാളാണ് മാത്യൂസ്. ജീവിതത്തെയെന്നപോലെ മരണത്തെയും അത്രമേൽ നിസംഗതയോടെ പരാവർത്തനം ചെയ്യുകയാണ് അദ്ദേഹത്തിന്റെ രീതി. ആധുനികാനന്തര കഥയുടെ താക്കോൽസങ്കല്പം തന്നെ ഹിംസയുടെ പാഠഭേദങ്ങളാണെന്നു തെളിയിക്കുന്നതിൽ ബുദ്ധിപൂർവം വിജയിച്ച മലയാളകഥാകൃത്തുക്കളിലൊരാൾ. തന്റെ കഥാഭാവനയുടെ ലാവണ്യഭൂമിക നിർമ്മിക്കുന്നതിൽ മരണത്തിനുള്ള സാധ്യതകൾ വിശദീകരിക്കുന്ന മാത്യൂസിനെ ശ്രദ്ധിക്കുക: 'ജീവിതം എന്നെ വന്നുതൊട്ടത് മരണത്തിന്റെ രൂപത്തിലായിരുന്നു എന്ന് ഒറ്റവാചകത്തിൽ പറയാം. വിശദമായി ആലോചിക്കുമ്പോൾ അതിനു പിന്നിലെ കാരണങ്ങളും തെളിഞ്ഞുവരും. കൊച്ചിയിലെ ലത്തീൻ കൃസ്ത്യാനി സമൂഹത്തിലാണ് ഞാൻ ജനിച്ചതും വളർന്നതും. അവർക്കിടയിൽ മരണം ജീവിതത്തേക്കാൾ വലുപ്പമേറിയൊരു സംഭവമായിരുന്നു. ആദ്യകാലത്ത് മരിച്ച വീട്ടിൽ ബാന്റുകൊട്ടിക്കരയുവാൻ പ്രത്യേക കണ്ണോക്കു പാട്ടുകാരുണ്ടായിരുന്നു. ദരിദ്രർക്ക് ഈ ആഡംബരം താങ്ങാനാകാത്തതിനാൽ സ്വന്തം നെഞ്ചിൽ ആഞ്ഞിടിച്ച് താളമുണ്ടാക്കി ഹൃദയത്തിൽ നിന്നുയർന്ന വാക്കുകൾക്കു സംഗീതം പകർന്നിരുന്നു. നെഞ്ചത്തടിച്ചു കണ്ണോക്കു പാടാത്ത ഒരു മരണം പോലും ലത്തീൻ കൃസ്ത്യാനികൾക്കിടയിലുണ്ടാകില്ലായിരുന്നു. ബന്ധുക്കൾക്കിടയിലുള്ള വഴക്കുകളും കുന്നായ്മകളും വികാരവായ്പുമെല്ലാം ഈ കണ്ണോക്കു പാട്ടിൽ നിഴലിക്കും. മരിച്ചവന്റെ ജീവിതത്തിലെ നല്ലതും കെട്ടതുമായ എല്ലാ വിവരങ്ങളും അവിടെ വെളിപ്പെടും. അതൊരു മഹത്തായ യാത്രയയപ്പായിരുന്നു. ശവമെടുക്കാൻ പുരോഹിതനും പരികർമികളും വരുമ്പോൾ ശവപ്പെട്ടി വിട്ടുകൊടുക്കാൻ തയ്യാറാതെ സ്ത്രീകൾ അക്രമാസക്തരാകും. അവരുടെ ഉള്ളിലെ മാലിന്യങ്ങളെല്ലാം ഒരു മരണത്തോടെ പുറത്തേക്കാവിഷ്‌കരിക്കുകയും ജീവിതത്തിന്റെ ഭാരത്തിൽ നിന്നു മുക്തരായി ഉണ്മയുടെ ആഴമില്ലായ്മയിൽ വീഴുകയും ചെയ്യും. ഇന്നും കുമ്പളങ്ങി ചെല്ലാനം ഭാഗങ്ങളിൽ മരിച്ച വീട്ടിൽ പോകുന്നു എന്നല്ല ഒരു കണ്ണോക്കിനു പോകുന്നു എന്നേ പറയാറുള്ളു. കല മനുഷ്യമനസ്സിനെ കലുഷിതമാക്കി വികാര വിമലീകരണം നടത്തുന്നുവെന്ന് അരിസ്റ്റോട്ടിൽ പറഞ്ഞതുപോലെ, അല്ലെങ്കിൽ ഫ്രോയ്ഡ് തന്റെ സൈക്കോ അനാലിസിൽ വിശദീകരിക്കുന്നതുപോലെ ഇവിടെയും സംഭവിക്കുന്നുണ്ട്. എന്റെ ബാല്യകാലത്തെ ഓർമകളിൽ പച്ചപിടിച്ചു കിടക്കുന്നത് ഇത്തരം സംഭവങ്ങളാണ്. തീരെ ചെറുതായിരുന്ന കാലത്ത് ഒരു സംഭവമുണ്ടായി. പതിനൊന്നു കുഞ്ഞുങ്ങൾ മരിച്ച് മണ്ണടിഞ്ഞ എന്റെ അമ്മായിയുടെ വീട്ടിൽ പന്ത്രണ്ടാമത്തെ കുഞ്ഞ് നാലാം വയസ്സിലെത്തിയ കാലം. അവനെ കാണാൻ എന്റെ മാതാപിതാക്കൾ എന്നെയും കൂട്ടി അവിടെയെത്തി. ആ നാലുവയസ്സുകാരൻ എന്നെ ഒരു മാജിക്കു കാണിക്കാനായി കൂട്ടിക്കൊണ്ടുപോയി. എന്റെ കൈ ഒരു വാതിലിന്റെ വിജാഗിരിക്കരികിൽ വയ്ക്കാൻ പറഞ്ഞിട്ട് ആ വാതിൽ അവൻ വലിച്ചടച്ചു. എന്റെ കൈവിരൽ ചതഞ്ഞുപോയി. അതായിരുന്നു മാജിക്ക്. മാസങ്ങൾ കഴിഞ്ഞു. മുറിവുണങ്ങി. ആ കുട്ടി മരിച്ചുപോയി. പക്ഷേ അവന്റെ മാജിക്കിന്റെ മരിക്കാത്ത സ്മാരകം ഇന്നും എന്റെ വലതു കൈവിരലിലെ നഖത്തിലുണ്ട്. ഞാൻ എഴുതുന്നതെല്ലാം ആ മരണത്തിന്റെ സ്മാരകമുള്ള ആ കൈവിരലിന്റെ സഹായത്തിലാണ്. ചാവുനിലം എഴുതിക്കഴിഞ്ഞപ്പോഴാണ് മനുഷ്യന്റെ മരണത്തിൽ നോക്കി അവന്റെ ജീവിതം കണ്ടെത്താനും ആവിഷ്‌കരിക്കാനും ശ്രമിക്കുന്ന കണ്ണോക്കുപാട്ടുകാരനാണ് ഞാൻ എന്ന തിരിച്ചറിവ് എനിക്കുണ്ടായത്'.

'പതിമൂന്നു കടൽകാക്കകളുടെ ഉപമ', മരണത്തെക്കുറിച്ചെഴുതുന്ന സങ്കീർത്തനങ്ങളായോ മരണാനന്തരം പാടുന്ന കണ്ണോക്കുകളായോ മാറുന്നതെന്തുകൊണ്ടാണെന്ന് ഇനി വിശദീകരിക്കേണ്ടതില്ലല്ലോ.

'കണ്ണോക്ക്' എന്ന കഥയിൽനിന്ന്:-

'ആലോചിച്ചുനടന്നതിനാൽ വീടെത്തിയതറിഞ്ഞിരുന്നില്ലെങ്കിലും പടിക്കൽ അവനെയും കാത്ത് ഒരു വൻ തിരമാലയുണ്ടായിരുന്നു. കടൽക്ഷോഭംപോലെ അർത്ഥമില്ലാത്ത ഒരു ആരവമാണതെങ്കിലും വളരെ ഗുരുതരമായ ചില സംഭവങ്ങൾ അവിടെ നടന്നുകൊണ്ടിരിക്കുകയാണെന്നും ഒറ്റക്കാഴ്ചയിൽ വ്യക്തമായി. ആൻഡ്രുവപ്പൂപ്പന്റെ ശവമെടുക്കാൻ വന്ന സക്കറിയാസച്ചൻ ഇത്രനേരം കഴിഞ്ഞിട്ടും ളോഹയ്ക്കു പുറത്തുള്ള സർപ്‌ളീസും സ്റ്റോളുമൊന്നും അണിഞ്ഞിട്ടില്ലെന്നു മാത്രമല്ല അച്ചനു ചുറ്റും നിർബന്ധമായും ഉണ്ടായിരിക്കേണ്ട വെള്ളിക്കുരിശും തൂങ്ങപ്പെട്ട രൂപവും മെഴുകുതിരിക്കാലുകളും കറുത്ത ഓപ്പയും മൂഷയുമിട്ട എന്റെ ചങ്ങാതിമാരായ അൾത്താരക്കുട്ടികളുമില്ല. എല്ലാത്തിനുപരി മരിച്ച വീട്ടിൽ കാണിക്കേണ്ട ആചാരമര്യാദകൾ തീർത്തും കൈവെടിഞ്ഞ് മീൻചന്തയിലെ ചില തണ്ടന്മാരെ പോലെ കൈയും കാലുമെടുത്തു ഉച്ചത്തിൽ സംസാരിച്ചുകൊണ്ടിരിക്കുകയാണച്ചൻ. ശവത്തിനു ചുറ്റുമിരുന്നു നെഞ്ചത്തടിച്ചു പതംപറഞ്ഞു കരഞ്ഞുകൊണ്ടിരുന്ന റോസിയമ്മൂമ്മയും പെണ്മക്കളും കാസ്പ്പറിന്റെ അമ്മയായ കമീലയും യുദ്ധകാലത്ത് സത്രത്തിൽ നിന്ന് സയറൺ മുഴങ്ങിയതുപോലെ പേടിച്ച് വിറച്ചങ്ങനെ മാറിനില്ക്കുന്നുണ്ട്. സാംസൺ വലിയപ്പച്ചനും മകൻ മാണച്ചനും കൈ തെറുത്തുകയറ്റി തല്ലെങ്കിൽ തല്ല് കൊലയെങ്കിൽ കൊല എന്ന മട്ടിലും സേവിക്കുഞ്ഞ് തൊഴുകൈയോടെയും കാസ്പ്പറിനേക്കാൾ മുന്നേ വീട്ടിലേക്കു വന്ന സമ്മിക്കൊച്ചാപ്പൻ സിനിമയും നാടകവും കാണുന്ന കൗതുകത്തിലും. സക്കറിയാസച്ചൻ വന്നുകയറിയ പാടെ ആൻഡ്രുവപ്പൂപ്പന്റെ ശവം പരിശോധിക്കാൻ തുടങ്ങിയതാണ് കുഴപ്പങ്ങൾക്കെല്ലാം കാരണമെന്ന് വാചക യുദ്ധത്തിന്റെ പോക്കു ശ്രദ്ധിച്ചപ്പോൾ വൈകിവന്ന കാസ്പ്പറിനും മനസ്സിലായി. ഇതു വലിയ പുതുമതന്നെ... ഇന്നേവരെ ഒരു പാതിരിയും ചെയ്യാത്ത കാര്യത്തിന് സാമാന്യബുദ്ധിക്കും ദുർബുദ്ധിക്കും പേരുകേട്ട സക്കരിയാസച്ചനെന്തുകൊണ്ടിറങ്ങി പുറപ്പെട്ടു എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടാതായപ്പോൾ അപ്പൂപ്പൻ ശരിക്കും മരിച്ചിട്ടുണ്ടോ എന്നുപോലും കാസ്പ്പർ ശങ്കിച്ചുപോയി. ഒരുക്ഷെ ഈ ഇടവകയിൽ ധാരാളം വ്യാജമരണങ്ങളുണ്ടാകുന്നുണ്ടാകാം, മരിച്ചു എന്നു പറഞ്ഞുപരത്തിയിട്ട് മരിക്കാതിരിക്കുന്നവരോ യഥാർത്ഥത്തിൽ മരിച്ചിട്ട് തങ്ങൾ മരിച്ചിട്ടില്ലെന്നു സ്വയം വിശ്വസിക്കുന്നവരോ അതോ സ്വന്തം മരണം മനഃപൂർവ്വം മറച്ചുവച്ച് നമുക്കിടയിൽ വ്യാജ ജീവിതം നയിക്കുന്നവരോ ആയ മനുഷ്യർ. കാസ്പ്പറിന്റെ മനസ്സിങ്ങനെ ലക്കില്ലാതെ ഓടിക്കൊണ്ടിരിക്കെ സക്കറിയാസച്ചൻ ആർക്കും നിഷേധിക്കാനാകാത്ത ഒരു കല്പനയിറക്കി. ആൻഡ്രുവപ്പൂപ്പന്റെ താടി തുറന്നു പോകാതിരിക്കാൻ തലയുമായി ചേർത്തുകെട്ടിയ തുണിക്കെട്ടഴിക്കണം. ഉം.... അഴിക്ക്. ഉടനെ.... അദ്ഭുതം. വികാരിയച്ചന്റെ ഉത്തരവു കേട്ടിട്ട് വീട്ടുകാർ അനങ്ങിയില്ല. കാസ്പ്പറും നാട്ടുകാരും മാത്രമല്ല വികാരിയച്ചൻ പോലും അതിശയിച്ചുപോയി. ഈ ധിക്കാരം അനുവദിച്ചുകൊടുത്താൽ വത്തിക്കാൻ വരെ നീളുന്ന അവഹേളനത്തിനും നിന്ദയ്ക്കും താൻ കാരണക്കാരനാകുമെന്ന് തിരിച്ചറിഞ്ഞ സക്കറിയാസച്ചൻ അധികാരത്തോടെ ഉത്തരവ് ആവർത്തിച്ചുവെങ്കിലും ആൻഡ്രുവപ്പൂപ്പന്റെ മൂത്ത മകൻ സാംസണും മകൻ മാണച്ചനും അതു നടക്കില്ലെന്ന് വളരെ വ്യക്തമായിത്തന്നെ പറഞ്ഞതു കേട്ടിട്ട് സേവിക്കുഞ്ഞിനു താങ്ങാനായില്ല, അയാൾ അവരോട് താഴ്മയോടെ കേണപേക്ഷിച്ചുവെങ്കിലും രണ്ടാളും പുച്ഛത്തോടെ കിറികോട്ടിക്കൊണ്ട് മുഖം തിരിച്ചുകളഞ്ഞു. കുരിശുയുദ്ധമടക്കമുള്ള പ്രാചീനമായ പോരാട്ടങ്ങളെ മനസ്സിൽ ധ്യാനിച്ച് സക്കറിയാസച്ചൻ അധികാരത്തോടെ നേരെ കേറിച്ചെന്ന്, വിലകുറഞ്ഞ പെട്ടിയിൽ കിടക്കുന്ന ശവത്തിന്റെ താടിക്കെട്ടഴിച്ചു. വെള്ളക്കാരുടെ പാണ്ടൻ നിറവും ചെമ്പിച്ച തലമുടിയും നേരിയ ശരീരവുമുള്ള ആൻഡ്രുവപ്പൂപ്പന്റെ വായ തുറന്ന് ആകശത്തേക്കു നീട്ടിപ്പിടിച്ച പിച്ചപ്പാത്രം പോലെയായെന്നു മാത്രമല്ല തലമുടിയിൽ ചോരയൊട്ടിപ്പിടിച്ച നെറുകംതലയിൽ മറഞ്ഞിരുന്ന ആഴമേറിയ മുറിവും വെളിപ്പെട്ടു. തുടർന്നങ്ങോട്ട് തീവ്രമായ പ്രചോദനത്താൽ രംഗം കൈയടക്കിയ നായകന്റെ ആവേശഭരിതമായ പ്രകടനം തന്നെയായിരുന്നു സക്കറിയാസച്ചൻ നടത്തിയത്. പൊലീസുകാർ കൊലയാളികളെ നോക്കുന്ന കണ്ണുകൾ കൊണ്ട് സാംസൺ വലിയപ്പച്ചനെ നോക്കിയിട്ട് അപ്പൂപ്പന്റെ തലയിലെ മുറിവ് എങ്ങനെ സംഭവിച്ചുവെന്ന് ചോദിച്ചു. ഉമ്മറത്തിണ്ണയിൽ അപ്പൻ വഴുക്കിവീണുവെന്ന മറുപടി വന്നപാടെ എന്നിട്ടെന്തുകൊണ്ടതു മറച്ചുവച്ചിട്ട് മരണം ഹാർട്ടറ്റാക്കു കൊണ്ടുണ്ടായതാണെന്നു വികാരിയച്ചനോടു പറഞ്ഞു എന്ന രണ്ടാം ചോദ്യം ഉന്നയിക്കപ്പെട്ടു. അറ്റാക്കു തന്നെ... ചവിട്ടുതിണ്ണയിൽ വീണപ്പോൾ അറ്റാക്കു വന്നു... അറ്റാക്കു വന്നപ്പോൾ വീണു തലപൊട്ടി എന്നൊക്കെ തിരിച്ചും മറിച്ചും തീരെ സുഖമില്ലാതെ സാംസൺ വലിയപ്പച്ചന്റെ സംസാരം നീണ്ടപ്പോൾ സക്കറിയാസച്ചൻ തന്റെ ആജ്ഞാശക്തിയുടെ ഊർജ്ജം മുഴുവൻ പുറത്തെടുത്തുകൊണ്ട് ഉച്ചത്തിൽ അലറി:

- നിർത്തടാ...

ആ സ്വരത്തിന്റെ തുടർച്ചയോ മാറ്റൊലിയോ പോലെ ഒരു പൊലീസ് ജീപ്പും അതിൽ മൂന്നു പൊലീസുകാരും അവിടേക്കു വന്നു. ആ കൂട്ടത്തിൽ തലമുതിർന്ന പൊലീസുകാരന്റെ കാതിൽ സക്കറിയാസച്ചൻ എന്തോ പിറുപിറുത്തതിനെ തുടർന്ന് രണ്ടു കാര്യങ്ങൾ നടന്നു. ആൻഡ്രുവപ്പൂപ്പന്റെ ശവം കീറിമുറിക്കാനായി സർക്കാർ ആശുപത്രിയിലേക്കും സാംസൺ വലിയപ്പച്ചനെ വിലങ്ങുവച്ച് പൊലീസ് സ്റ്റേഷനിലേക്കും കൊണ്ടുപോയി. പെണ്ണുങ്ങളെല്ലാവരും ചേർന്ന് മനസ്സറിഞ്ഞു കരഞ്ഞു കണ്ണോക്കിടാൻ തുടങ്ങിയ ആ നേരംതൊട്ടാണാ വീട് ലക്ഷണമൊത്തൊരു മരിച്ച വീടായി മാറിയത്. വികാരിയച്ചന്റെ ധൈര്യത്തിനു പിന്നിൽ വിറയലും പേടിയും മറച്ചുപിടിച്ചു നിന്നിരുന്ന കപ്യാരുടെ കാതിൽ അദ്ദേഹം തന്റെ പരുക്കൻ തൊണ്ടയിൽ ഇങ്ങനെ പറയുന്നത് വ്യക്തമായിത്തന്നെ കാസ്പ്പർ കേട്ടു:

- കൊലപാതകം... ഇതു തെളിയിച്ചില്ലെങ്കിൽ എന്റെ പേര് പട്ടിക്കിട്ടോ....'.

പതിമൂന്ന് കടൽകാക്കകളുടെ ഉപമ
പി.എഫ്. മാത്യൂസ്
ലോഗോസ്, 2018
വില: 120 രൂപ