ന്യൂഡൽഹി: വർഗ്ഗീയ വിഷം വാക്കുകളിലൂടെ ചുരത്തുന്നതിൽ ബിജെപി നേതാക്കൾ മൽസരിക്കുകയാണ്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥായാലോ, ബിജെപി എംപി സാക്ഷി മഹാരാജായും, സ്വാധി പ്രാച്ചിയായാലും ഇതിൽ മുൻ പന്തിയിലാണ്. ഇതിൽ ഒടുവിൽ പുതിയ ആരോപണങ്ങളും വാക്കുകളുമായി എത്തുകയാണ് ബിജെപിയുടെ മുതിർന്ന നേതാവായ സുബ്രഹ്മണ്യൻ സ്വാമി.

മുസ്ലിം രാജാക്കന്മാരെ ഇന്ത്യൻ സിനിമകളിൽ വീരനായകന്മാരായി അവതരിപ്പിക്കാൻ ദുബായിലുള്ളവർ ആഗ്രഹിക്കുന്നു. ഹിന്ദു സ്ത്രീകൾ അവരുമായി പ്രണയത്തിലാകുന്നതായും ഇത്തരം സിനിമകളിൽ ചിത്രീകരിക്കുന്നു. ഇതിന് ദുബായിൽ നിന്ന് പണം നൽകുകയാണ് ചെയ്യുന്നത് എന്നുമാണ് സുബ്രഹ്മണ്യൻ സ്വാമി ആരോപിക്കുന്നത്.

സഞ്ജയ് ലീല ബൻസാലി ചിത്രങ്ങളുടെ സാമ്പത്തിക സ്രോതസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്നും ഇദ്ധേഹം ഇത്തരത്തിൽ നിരവധി സിനിമകളാണ് നിർമ്മിക്കപ്പെടുന്നത്. യു.പി.എ ഭരണത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെയാണ് ഇത്തരം ചിത്രങ്ങൾ കൂടുതലായി നിർമ്മാണം തുടങ്ങിയത്. ഇത് അവസാനിപ്പിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു.

ചിത്രീകരണം തുടങ്ങിയപ്പോൾ മുതൽ വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ് പത്മാവതി.ബാജിറാവോ മസ്താനിക്ക് ശേഷം സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന ചിത്രത്തിന്റെ പ്രമേയം, റാണി പത്മിനിയോട് ഖിൽജി രാജവംശത്തിലെ സുൽത്താൻ അലാവുദ്ദീൻ ഖിൽജിക്ക് തോന്നുന്ന പ്രണയമാണ്.160 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ ദീപിക പദുക്കോണാണ് ചിത്രത്തിൽ പത്മാവതിയായി എത്തുന്നത്. രൺവീർ സിങ്ങാണ് ചിത്രത്തിൽ അലാവുദ്ദീൻ ഖിൽജിയാകുന്നത്. റാണി പത്മിനിയുടെ ഭർത്താവ് രത്തൻ സിങ്ങിന്റെ വേഷമിടുന്നത് ഷാഹിദ് കപൂറാണ്.

അല്ലാവുദീൻ ഖിൽജിയായി രൺവീർ സിങ് എത്തുന്നു എന്നതാണ് തീവ്ര മത സംഘടനകളെ ചൊടിപ്പിക്കുന്നത്. നേരത്തേ രജപുത്ര സേന ചിത്രത്തിന്റെ സെറ്റ് അക്രമിച്ചിരുന്നു.ഗുജറാത്തിൽ നിയമസഭാ തെരഞ്ഞടുപ്പ് സമയത്ത് അനാവശ്യമായ സംഘർഷം ഒഴിവാക്കാന് റിലീസിന് മുൻപ് രജപുത്ര വിഭാഗം നേതാക്കൾക്ക് പ്രദർശനം നടത്തണമെന്നാണ് ബിജെപിയുടെ പ്രധാന ആവശ്യം. ചിത്രത്തിന്റെ റിലീസ് നേരിടുന്നതിന് ഡിസംബർ ഒന്നിന് രജപുത്ര വിഭാഗക്കാർ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.