ന്യൂഡൽഹി: രജപുത്ര രാജ്ഞിയായ റാണി പത്മാവതിയുടെ കഥ പറയുന്ന പത്മാവതി എന്ന സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹർജി സുപ്രിം കോടതി തള്ളി. സെൻസർ ബോർഡ് പരിഗണനയിലിരിക്കുകയാണ് സിനിമ. അതുകൊണ്ട് തന്നെ ഈ സിനിമയുടെ റിലീസ് സംബന്ധിച്ച കാര്യങ്ങൾ സെൻസർ ബോർഡ് തീരുമാനിക്കുമെന്നും സുപ്രിം കോടതി പറഞ്ഞു.

രജപുത്ര രാജ്ഞിയായ റാണി പത്മാവതിയുടെ കഥ പറയുന്ന ചിത്രം ഹൈന്ദവ സംസ്‌കാരത്തെ അവഹേളിക്കുന്നുവെന്നാണ് രജപുത്ര സംഘടനകൾ അടക്കമുള്ള സംഘടനകളുടെ വാദം. ഹൈന്ദവ സംസ്‌കാരത്തെ വൃണപ്പെടുത്തുന്നതാണെന്നായിരുന്നു കർണി സേനയുൾപ്പെടെയുള്ള രജപുത്ര സംഘടനകളുടെ വാദം.
സിനിമയുടെ ചിത്രീകരണസമയത്തുതന്നെ ഒരുപാട് പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

ചിത്തോറിലെ റാണി പത്മാവതിയും ഡൽഹി സുൽത്താനായിരുന്ന അലാവുദ്ദീൻ ഖിൽജിയും തമ്മിലുള്ള പ്രണയരംഗങ്ങളുണ്ടെന്നും ഇത് തങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും പറഞ്ഞ് രജപുത്രകർണിസേന രംഗത്തെത്തി. അതേസമയം സഞ്ജയ് ലീല ബൻസാലിയുടെയോ ദീപിക പദുക്കോണിന്റെയോ തല കൊയ്താൽ പത്ത് കോടി രൂപ നൽകുമെന്ന് ബിജെപി നേതാവ് സൂരജ് പാലും പ്രഖ്യാപിച്ചു.

ഇവർ രാജസ്ഥാനിലെ സിനിമാ ചിത്രീകരണ സ്ഥലം ആക്രമിച്ചിരുന്നു. പിന്നീട് ട ഷൂട്ടിങ് മഹാരാഷ്ട്രയിലെ കോലാപുരിലേക്കു മാറ്റി. ഇവിടെ ചിത്രീകരണത്തിനുള്ള 'സെറ്റ്' പൂർണമായി തീപിടിച്ച് നശിച്ചിരുന്നു. മാത്രമല്ല സംവിധായകനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. അതേസമയം ിനിമാ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ പത്മാവതിക്ക് മധ്യപ്രദേശ് സർക്കാർ നിരോധനം ഏർപ്പെടുത്തി.