- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്കറിയേണ്ടത് ഒന്നുമാത്രം.. കൊച്ചുണ്ണിയെ നേരിടാനുള്ള കരുത്ത് ചേകവർക്കുണ്ടോ; വിസ്മയിപ്പിക്കാൻ പത്തൊൻപതാം നൂറ്റാണ്ട് എത്തുന്നു; വിനയൻ ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത്; ചിത്രമെത്തുക ഓണം റിലിസായി
തിരുവനന്തപുരം: വിനയൻ രചനയും സംവിധാനവും നിർവ്വഹിച്ച പിരീഡ് ഡ്രാമ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ട്രെയ്ലർ പുറത്തെത്തി. ഓണം റിലീസ് ആയി സെപ്റ്റംബർ 8 ന് തിയറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലർ പ്രതീക്ഷ നൽകുന്നതാണ്. പേര് സൂചിപ്പിക്കുന്നതുപോലെ പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം പശ്ചാത്തലമാക്കുന്ന ചിത്രത്തിൽ സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടേതാണ് കേന്ദ്ര കഥാപാത്രം. കായംകുളം കൊച്ചുണ്ണിയും നങ്ങേലിയുമൊക്കെ കഥയിൽ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. പഴയ കാലം വിശ്വസനീയമായി പുനസൃഷ്ടിച്ചിരിക്കുന്നതും വമ്പൻ കാൻവാസും മികവുറ്റ ആക്ഷൻ രംഗങ്ങളുമൊക്കെ ട്രെയ്ലറിൽ കാണാം.
ചിത്രത്തിൽ ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിച്ചിരിക്കുന്നത് സിജു വിൽസൺ ആണ്. അൻപതിൽ അധികം അഭിനേതാക്കളുള്ള ചിത്രത്തിൽ അൻപതിനായിരത്തിൽ അധികം എക്സ്ട്രാ അഭിനേതാക്കളും പങ്കാളികളായിട്ടുണ്ട്. അയ്യായിരത്തിൽ അധികം സ്കെച്ചുകളാണ് ചിത്രീകരണത്തിനു മുൻപ് തയ്യാറാക്കിയത്. സെറ്റ് നിർമ്മാണത്തിൽ ആയിരത്തിൽ അധികം പേർ പങ്കെടുത്തു. പ്രീ പ്രൊഡക്ഷന്‍ ഒരു വർഷവും ചിത്രീകരണത്തിന് 110 ദിവസവും എടുത്തു. നാനൂറിൽ അധികം ദിവസങ്ങളാണ് പോസ്റ്റ് പ്രൊഡക്ഷന്‍ എടുത്തതെന്നും അണിയറക്കാർ അറിയിച്ചിരുന്നു.
തിരുവോണ ദിനത്തിൽ തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ റിലീസ് മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലുമായാണ്. സഹനിർമ്മാതാക്കൾ വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്.കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, ടിനിടോം, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.
ഇതിനകം സെൻസറിങ് പൂർത്തിയാക്കിയിട്ടുള്ള ചിത്രത്തിന് കട്ടുകളൊന്നും കൂടാതെ യു/എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. സെൻസർ ബോർഡ് അംഗങ്ങൾക്കും ചിത്രം ഇഷ്ടപ്പെട്ടുവെന്ന് വിനയൻ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ