- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗി പറയുന്നതു മൈൻഡ് ചെയ്യാത്ത ഡോക്ടറെ ചോദ്യം ചെയ്തതിനു പക തീർക്കൽ; പാഞ്ഞെത്തിയ പൊലീസ് കൈയൊടിഞ്ഞു ചികിത്സ തേടിയെത്തിയ ആളെ വലിച്ചിഴച്ചു മർദിച്ചു കൊണ്ടുപോകുന്ന വീഡിയോ പുറത്ത്: ആരോപണങ്ങൾ നിഷേധിച്ചു മെഡിക്കൽ കോളേജ്
തിരുവനന്തപുരം: രോഗി പറയുന്നതു മൈൻഡ് ചെയ്യാത്ത ഡോക്ടറെ ചോദ്യം ചെയ്താൽ പകരം വീട്ടാൻ പൊലീസിനെക്കൊണ്ടു തല്ലിക്കുമോ എന്നാണു സോഷ്യൽ മീഡിയ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതാണ് പുതിയ ചർച്ചയ്ക്ക് ആധാരമായത്. ഡോക്ടറെ ചോദ്യം ചെയ്തതിനു പകരം വീട്ടാൻ പൊലീസിനെ വിളിച്ചുവരുത്ത
തിരുവനന്തപുരം: രോഗി പറയുന്നതു മൈൻഡ് ചെയ്യാത്ത ഡോക്ടറെ ചോദ്യം ചെയ്താൽ പകരം വീട്ടാൻ പൊലീസിനെക്കൊണ്ടു തല്ലിക്കുമോ എന്നാണു സോഷ്യൽ മീഡിയ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതാണ് പുതിയ ചർച്ചയ്ക്ക് ആധാരമായത്.
ഡോക്ടറെ ചോദ്യം ചെയ്തതിനു പകരം വീട്ടാൻ പൊലീസിനെ വിളിച്ചുവരുത്തി രോഗിയെ മർദിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ച വീഡിയോക്കൊപ്പമുള്ള അടിക്കുറിപ്പ്. വീഡിയോയിൽ പൊലീസ് മെഡിക്കൽ കോളേജിൽ എത്തുന്നതും അതിനു പിന്നാലെ ഇവിടെ നിന്നു രണ്ടു മൂന്നുപേരെ ജീപ്പിൽ കയറ്റി കൊണ്ടുപോകുന്നതും കാണാം. എന്നാൽ, ഇതു വ്യാജവാർത്തയാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
വാട്‌സ്ആപ്പിലൂടെ വിവിധ ഗ്രൂപ്പുകളിൽ ശരവേഗത്തിലാണു വീഡിയോ പ്രചരിച്ചത്. ഡോക്ടർമാർ പാവപ്പെട്ട രോഗികൾക്കെതിരെ കാട്ടുന്ന അവഗണനയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം പുകയുകയും ചെയ്തു. ഇതിനു പിന്നാലെയാണു സംഭവത്തിൽ വിശദീകരണവുമായി മെഡിക്കൽ കോളേജ് അധികൃതർ രംഗത്തെത്തിയത്.
വാട്‌സ്ആപ്പിൽ പ്രചരിക്കുന്നതു മെഡിക്കൽ കോളേജിനെപ്പറ്റിയുള്ള വ്യാജവാർത്തയാണെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. വീഡിയോയിൽ കാണുന്നത് മെഡിക്കൽ കോളേജ് തന്നെയാണ്. എന്നാൽ, പ്രചരിക്കപ്പെടുന്ന വാർത്ത തെറ്റാണെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ 19ന് രാത്രി 12നു ശേഷമാണ് സംഭവം. നേമം സ്വദേശിയായ സജയ് കുമാർ (35) വീണു കൈയിൽ നിസാര പരിക്കുമായി ചികിത്സ തേടി എത്തുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിക്കുന്ന സമയത്താണ് നിസാര പരിക്കുള്ള സജയ് കുമാറും ബന്ധുക്കളും ബഹളം വച്ചത്. രോഗി കുപിതനാകുകയും ഡോക്ടറെയും ജീവനക്കാരെയും മറ്റു രോഗികളുടെ ബന്ധുക്കളെയും അസഭ്യം പറയുകയും ചെയ്തു. തടുർന്ന് സെക്യൂരിറ്റി ജീവനക്കാർ എത്തി നിയന്ത്രിക്കാൻ ശ്രമിച്ചു. ഫലമില്ലാതെ വന്നപ്പോൾ പൊലീസിനെ വിളിക്കുകയായിരുന്നു.
പൊലീസ് എത്തി കാര്യങ്ങൾ നിയന്ത്രിക്കുന്നതിനിടയിൽ കാഷ്വാലിറ്റിയിലെ ഗ്ലാസും അടിച്ചുതകർത്തു. കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാനായി പൊലീസ് ഇയാളെ ബലമായി പിടിച്ചുകൊണ്ടുപോകുന്ന വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും മദ്യപിച്ചു ബഹളം വച്ചു ക്രമസമാധാനം തകർത്തതിനു കേസെടുക്കുകയും ചെയ്തു. പിറ്റേന്നു രാവിലെ തന്നെ അടിച്ചു തകർത്ത കണ്ണാടികൾ മാറ്റിയിടാമെന്ന ധാരണയിൽ, ആശുപത്രി സാധനങ്ങൾ അടിച്ചുതകർത്തതിനു പൊലീസ് കേസെടുത്തില്ല. അടുത്ത ദിവസം തന്നെ പൊട്ടിയ ഗ്ലാസുകൾ ഇവർ മാറ്റിയിടുകയും ചെയ്തുവെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ഇതാണു സംഭവത്തിന്റെ നിജസ്ഥിതി എന്നിരിക്കെ വ്യാജവാർത്തയുമായാണു വാട്‌സ്ആപ്പിൽ വീഡിയോ പടരുന്നതെന്നും അധികൃതർ കുറ്റപ്പെടുത്തുന്നു. ആയിരക്കണക്കിനു രോഗികൾക്ക് അഭയകേന്ദ്രമായ മെഡിക്കൽ കോളേജിനെ അപകീർത്തിപ്പെടുത്തുന്ന ഇത്തരം വാർത്തകളുടെ സത്യം എല്ലാവരും മനസിലാക്കണമെന്നും അധികൃതർ ആവശ്യപ്പെടുന്നു. വീഡിയോയുടെ ഉറവിടം കണ്ടുപിടിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.