കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് മലപ്പുറത്തുള്ളവർക്ക് നിപ്പ വൈറസ് പകർന്നതെന്ന് സ്ഥിരീകരിച്ചതോടെ കഴിഞ്ഞ ദിവസം വരെ ആളുകളുടെ തിക്കുംതിരക്കും അനുഭവപ്പെട്ടിരുന്ന മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലേക്ക് ആളുകളുടെ വരവ് കുറഞ്ഞു. സന്ദർശകർക്കും ഒന്നിലധികം കൂട്ടിരിപ്പുകാർക്കും നിയന്ത്രണമേർപ്പെടുത്തുക കൂടി ചെയ്തതോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജും പരിസരവും തീർത്തും ആളൊഴിഞ്ഞത്.

വിവിധ സന്നദ്ധ സംഘടനകളുടേതടക്കം ദിവസവും അമ്പതിലധികം വളണ്ടിയർമാരുണ്ടായിരുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിരലിലെണ്ണാവുന്നർ മാത്രമാണ് സേവനത്തിനുള്ളത്. കോഴിക്കോട് മെഡിക്കൽ കോളേജ് വഴി പോകേണ്ട സ്വകാര്യ വാഹനങ്ങളും അനാവശ്യ ഭീതിമൂലം വഴിതിരിഞ്ഞ് പോവുകയാണ്.

നേരത്തെ രോഗികളെ കിടത്താൻ ഇടമില്ലാതിരുന്ന അത്യാഹിl വിഭാഗത്തിലെ ബെഡുകളിൽ പകുതിയിലധികവും ഇന്ന് ഒഴിഞ്ഞ് കിടക്കുന്ന അവസ്ഥയിലാണ്. പനിയുമായി വരുന്നവരെയെല്ലാം അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കാതെ പ്രത്യേക ക്ലിനിക്കുകളിലേക്കും ഏതെങ്കിലും തരത്തിൽ നിരീക്ഷണമാവശ്യമുള്ളവരെ ഐസോലേഷൻ വാർഡുകളിലേക്കും മാറ്റുന്നതും അത്യാഹിത വിഭാഗത്തിലെ തിരക്ക് കുറയാൻ കാരണമായിട്ടുണ്ട്.

വൈറസ് പകരുമെന്ന ഭീതിയുള്ളതിനാൽ മറ്റ് അസുഖങ്ങളുള്ളവർ മെഡിക്കൽ കോളജിനെ കുറച്ച് ദിവസത്തേക്ക് കൈയൊഴിഞ്ഞ മട്ടാണ്. മലബാർ മേഖലയിൽ തന്നെ മികച്ച ചികിത്സാ സംവിധാനങ്ങളും ഡോക്ടർമാരുമുള്ള കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രണ്ട് ദിവസങ്ങളിലായി സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്ന അനാവശ്യ ഭിതി കാരണം രോഗികൾ വരാതിരിക്കുകയാണ്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആവശ്യമായ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ആശുപത്രിയിൽ ലഭ്യമായിട്ടും സാധാരണ ദിവസങ്ങളിൽ വരുന്നതിന്റെ 10 ശതമാനം ആളുകൾ മാത്രമാണ് മറ്റു അസുഖങ്ങളായി കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയിട്ടുള്ളു.

വാഹനാപകട കേസുകളടക്കം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നഗരത്തിലെയും മറ്റ് സമീപ പ്രദേശങ്ങളിലെയും സ്വകാര്യ ആശുപത്രികളിലേക്കുമാണ് കൊണ്ട് പോകുന്നത്. മറ്റു രോഗങ്ങളുള്ളവരെയെല്ലാം കോഴിക്കോട്ടെയും മറ്റു സമീപ പ്രദേശങ്ങളിലെയും നിപ്പ വൈറസ് ബാധിച്ചവരെ പ്രവേശിപ്പിച്ചിട്ടില്ലെന്ന് ഉറപ്പുള്ള ആശുപത്രികളിലേക്കാണ് കൊണ്ട് പോകുന്നത്. ശക്തമായ മുൻകരുതലുകളും സുരക്ഷാ സംവിധാനങ്ങളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ടെങ്കിലും ഇതൊന്നും വിശ്വാസത്തിലെടുക്കാൻ മറ്റുരോഗികൾ തയ്യാറായിട്ടില്ലെന്ന് വേണം കരുതാൻ.

നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന മറ്റ് അസുഖങ്ങളുള്ളവർ നിർബന്ധിച്ച് ഡിസ്ചാർജ് വാങ്ങിച്ച് പോകുന്നതായും പരാതികളുണ്ട്. ക്രിയാത്മകമായ ഇടപെടലുകളിലൂടെ സർക്കാർ സംവിധാനങ്ങളെ വൈറസ് ബാധ വ്യാപിക്കുന്നത് തടയാനുള്ള നടപടികളെടുക്കുമ്പോളും അതിനെയെല്ലാം തുരങ്കം വെക്കുന്ന കള്ള പ്രചരണങ്ങളാണ് രോഗികളെ ഇത്തരത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിനോട് അകലം പാലിക്കാൻ പ്രേരിപ്പിക്കുന്നത്.