കോട്ടയം: ഗ്രീൻകേരള ന്യൂസ് ഉൾപ്പെടെ മാധ്യമ പ്രവർത്തകരെ ആക്രമിക്കാൻ ആഹ്വാനം നൽകിയ ക്രൈസ്തവ ഭീകര ഗ്രൂപ്പായ ഗൂർഗാൻ സഭാ ചിഹ്നങ്ങൾ ഉപയോഗിക്കുന്നത് പാത്രിയർക്കീസ് ബാവ വിലക്കി. ഇവരുടെ പ്രവർത്തനങ്ങളെ കുറിച്ച് സഭയിലും സമൂഹത്തിലും ആശങ്കകൾ ഉയർന്ന സാഹചര്യത്തിലാണ് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവയുടെ കൽപന. സഭാ ചിഹ്നങ്ങൾ സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്നതിൽ നിന്ന് യാക്കോബായ അൽമായ ഫോറത്തെയും വിലക്കിയിട്ടുണ്ട്.

ഇത് സംബന്ധിച്ച പാത്രിയർക്കീസ് ബാവക്ക് വേണ്ടി മലങ്കര കാര്യ സെക്രട്ടറി മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്തയാണ് കൽപനയിറക്കിയത്. യാക്കോബായ സഭയിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെ മറവിലാണ് ഇംഗ്ലണ്ട് കേന്ദ്രീകരിച്ച് മലയാളികളായ ചിലർ ഗൂർഗാൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പേജ് തുടങ്ങിയത്.

എന്നാൽ പിന്നീട് ഇത് തീവ്രവാദ പ്രചരണമായി മാറുകയായിരുന്നു. മുസ്ലിം, ഹൈന്ദവ വിഭാഗങ്ങളേയും കടന്നാക്രമിക്കുന്ന തരത്തിലുള്ള പോസ്റ്റുകളുമായി പ്രത്യക്ഷപ്പെട്ട ഇവർ യാക്കോബായ സഭയിലെ ഒരു വിഭാഗം മെത്രാപ്പൊലീത്തമാർക്കെതിരെയും മോലധ്യക്ഷനായ പാത്രിയർക്കീസ് ബാവക്കെതിരെയും അസഭ്യങ്ങൾ എഴുതി വിടുകയായിരുന്നു.

ഇതിനെ തുടർന്ന് സഭയിലെ ചില മെത്രാപ്പൊലീത്തമാർ നൽകിയ പരാതി ഇപ്പോഴും സൈബർ സെല്ലിലുണ്ട്. ഇത് നിലനിൽക്കെയാണ് സഭയിലെ ആഭ്യന്തര പ്രശ്‌നങ്ങൾ വാർത്ത നൽകുന്ന മാധ്യമങ്ങളേയും മാധ്യമ പ്രവർത്തകരേയും കടന്നാക്രമിക്കാൻ ആഹ്വാനം ചെയ്ത് ഇവർ പോസ്റ്റുകളിട്ടത്.

എം.ആർ.അജയൻ(ഗ്രീൻകേരള ന്യൂസ്), സന്ദീപ് വെള്ളാരംകുന്ന്(ഇന്ത്യാടുഡേ) കെ.എ.ഫൈസൽ(മാധ്യമം), ദീപുമറ്റപ്പിള്ളി(കേരള കൗമുദി) ബാബുചെറിയാൻ(ഇന്ത്യൻ എക്സ്‌പ്രസ്) ജിജോ സിറിയക്(മാതൃഭൂമി),അനിൽ(റിപ്പോർട്ടർ) തുടങ്ങിയവർക്കെതിരെയായിരുന്നു ഇവരുടെ ഭീഷണി.ഇതിനെ തുടർന്നാണ് പാത്രിയർക്കീസ് ബാവയുടെ നടപടി. ഇവരുടെ പ്രവർത്തനങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം ഗ്രീൻകേരള ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യസുരക്ഷയേയും മത സൗഹാർദത്തേയും ബാധിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന ഗൂർഗാൻ പേജുകാരുടെ പ്രവർത്തനങ്ങളെ കുറിച്ചും ഇവരുടെ കേരള ബന്ധത്തെ കുറിച്ചും അന്വേഷിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.