തിരുവനന്തപുരം: ദേശീയതാരമായി മാറിയ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിന് കേരളത്തിൽനിന്നുള്ള രാജ്യസഭാ സീറ്റ് നൽകാനുള്ള നീക്കം പാളിയതോടെ നിരാശയിലായ സിപിഐക്കു മുന്നിൽ മറ്റൊരു വഴി തെളിയുന്നു. കേരളത്തിൽ തങ്ങളുടെ കുത്തകയായിരുന്ന പട്ടാമ്പി മണ്ഡലത്തിൽ ജെഎൻയു എഐഎസ്എഫ് യൂണിറ്റ് വൈസ്പ്രസിഡന്റ് മുഹമ്മദ് മുഹ്‌സിനെ ഇറക്കി ഒരു കൈ നോക്കാനാണ് സിപിഐയുടെ തീരുമാനം.

കനയ്യ കുമാറിന്റെ വലംകൈയും സിപിഐ അംഗവുമായ മുഹമ്മദ് മുഹ്‌സിനെ മത്സരിപ്പിച്ചാൽ പ്രചരണത്തിന് കനയ്യ കുമാറിനെ ഇറക്കി ഇളക്കിമറിക്കാമെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ കണക്കുകൂട്ടൽ. ജെഎൻയു നേതാവ് മത്സരിക്കുകയും കനയ്യ കുമാർ പ്രചരണത്തിന് എത്തുകയും ചെയ്യുന്നതോടെ പട്ടാമ്പിയിലെ മത്സരം ദേശീയശ്രദ്ധയിലേക്കുയരുമെന്നുമാണ് സിപിഐയുടെ കണക്കുകൂട്ടൽ.

മാത്രമല്ല, കഴിഞ്ഞ മൂന്നുതവണയായി കോൺഗ്രസ് പിടിച്ചെടുത്ത മണ്ഡലം വീണ്ടെടുത്താൽ അതു പാർട്ടിക്ക് ഭാവിയിൽ ഗുണം ചെയ്യുമെന്നും സിപിഐ കണക്കുകൂട്ടുന്നു. 1957 മുതൽ നടന്ന തെരഞ്ഞെടുപ്പിൽ 14 തെരഞ്ഞെടുപ്പിൽ ആറുതവണയാണ് സിപിഐ ഇവിടെ ജയിച്ചത്. ഇതിൽ 1957-ൽ ഇ പി ഗോപാലനും 1960ൽ ഇഎംഎസ്സും സിപിഐയ്ക്കുവേണ്ടി മത്സരിച്ചുവിജയിച്ചു. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി വിഭജിച്ച ശേഷം മൂന്നുതവണ ഇഎംഎസ് സിപിഐ- എമ്മിനുവേണ്ടി മത്സരിച്ചുജയിച്ചു. 1977 മുതൽ വീണ്ടും സിപിഐക്ക് പട്ടാമ്പി മണ്ഡലം ലഭിച്ചു. 1980-ൽ എം പി ഗംഗാധരനും 87ൽ ലീലാ ദാമോദര മേനോനും ഇവിടെ കോൺഗ്രസിനുവേണ്ടി പോരാടി ജയിച്ചു. പിന്നീട് 91,96 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ കെ ഇ ഇസ്മായിൽ വിജയിച്ചു.

അതിനുശേഷം മൂന്നുതവണ തുടർച്ചയായി കോൺഗ്രസിലെ സി പി മുഹമ്മദാണ് ഇവിടെ ജയിച്ചത്. മണ്ഡലം നഷ്ടപ്പെടുത്തിയതിന്റെ എല്ലാ ഉത്തരവാദിത്തവും കെ ഇ ഇസ്മായിലിനാണെന്ന് സിപിഐക്കാർതന്നെ പറയുന്നു. ഈ സാഹചര്യത്തിൽ മണ്ഡലം വച്ചുമാറാൻപോലും സിപിഐ തയാറായി. കഴിഞ്ഞതവണ കോൺഗ്രസ് വിഭാഗീയത ശക്തമായിരുന്നിട്ടും സി പി മുഹമ്മദിനെ തോൽപ്പിക്കാൻ എൽഡിഎഫിനു കഴിഞ്ഞില്ല. ആറുതവണ ഇവിടെ മത്സരിച്ച കെ ഇ ഇസ്മായിലിന് മൂന്നുതവണ മാത്രമാണ് വിജയിക്കാനായത്. ഈ സാഹചര്യത്തിൽ കഴിഞ്ഞ തവണ ജില്ലാ സെക്രട്ടറിയും പുതുമുഖവും മണ്ഡലത്തിന്റെ പുറത്തുള്ളയാളുമായ കെ പി സുരേഷ് രാജിനെ പരീക്ഷിച്ചെങ്കിലും സി പി മുഹമ്മദിനെ തളയ്ക്കാൻ കഴിഞ്ഞില്ല.

ഇനി ഇവിടെ വിജയിക്കാനാകില്ലെന്ന് ഉറപ്പിച്ച സിപിഐ മണ്ഡലം സിപിഐ -എമ്മിന് വിട്ടുനൽകാനും തയാറായി. പകരം സിപിഐ- എമ്മിന്റെ ഉരുക്കുകോട്ടകളായ ഷൊർണ്ണൂർ, ഒറ്റപ്പാലം എന്നിവയിലൊന്ന് നൽകണമെന്നായിരുന്നു ആവശ്യം. ഇഎംഎസ്സിന്റെ മണ്ഡലം തിരിച്ചുപിടിക്കണമെന്ന് സിപിഐ- എമ്മിന് താൽപ്പര്യമുണ്ടായിരുന്നെങ്കിലും ഒറ്റപ്പാലമോ, ഷൊർണ്ണൂരോ വിട്ടുകൊടുക്കാൻ അവർ തയ്യാറായില്ല. തുടർന്ന് ഇക്കുറിയും സുരേഷ് രാജിനെ മത്സരിപ്പിച്ച് പരീക്ഷണം നടത്താനായിരുന്നു സിപിഐയുടെ പദ്ധതി.

അപ്പോഴാണ് ജെഎൻയു വിഷയം വീണുകിട്ടുന്നത്. അതിൽപ്പെട്ട ഒരാൾ പട്ടാമ്പിക്കാരനായതും അയാൾ സിപിഐ-എഐഎസ്എഫ് സജീവപ്രവർത്തകനായതും അനുഗ്രഹമായിരിക്കുകയാണ് പാർട്ടിക്ക്. അതുമാത്രമല്ല, പട്ടാമ്പിയിലെ പ്രമുഖ മുസ്ലിം പണ്ഡിതനായ കാരക്കാട് മാനു മുസലിയാരുടെ മകൻ കൂടിയായ മുഹമ്മദ് മുഹ്‌സിൻ എൽഡിഎഫ് സ്ഥാനാർത്ഥിയായാൽ ന്യൂനപക്ഷ വോട്ടുകൾ മുന്നണിക്ക് സ്വന്തമാകുമെന്ന് സിപിഐയെപോലെ സിപിഐ -എമ്മിനും ഉറപ്പാണ്. ഈ സാഹചര്യത്തിൽ മുഹമ്മദ് മുഹ്‌സിന് താൽപ്പര്യമുണ്ടെങ്കിൽ മറ്റൊരു സ്ഥാനാർത്ഥിയെ മണ്ഡലത്തിൽ പരീക്ഷിക്കേണ്ടതില്ലെന്ന തീരുമാനമാണ് സിപിഐ കൈക്കൊണ്ടിരിക്കുന്നത്.