- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തെഴുതണമെന്ന് എഴുത്തുകാരനോട് പറയേണ്ടെന്ന് സച്ചിദാനന്ദൻ; കവിത ചൊല്ലി എം എ ബേബി; കവിതയുടെ കാർണിവൽ രണ്ടാം ദിവസം കാവ്യസമ്പന്നം
പട്ടാമ്പി: എഴുത്തുകാരനോട് എന്തെഴുതണമെന്നും ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തോട് കൂറുപുലർത്തണമെന്നും പറയേണ്ടെന്ന് കവി സച്ചിദാനന്ദൻ. അതിഥിയായെത്തി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ കവിത ചൊല്ലലും. പട്ടാമ്പി ഗവൺമെന്റ് സംസ്‌കൃത കോളജിൽ നടക്കുന്ന കവിതയുടെ കാർണിവൽ രണ്ടാം ദിവസം അക്ഷരാർഥത്തിൽ കാവ്യസമ്പന്നമായി. ഏതു കാലത്തെയും ജൈവ ആവിഷ്‌കാരമാണ് കവിത എന്നായിരുന്നു കവിയോടൊപ്പം പരിപാടിയിൽ പങ്കെടുത്തു സച്ചിദാനന്ദൻ പറഞ്ഞത്. ദുർനീതികളെയും ദുരാധിപത്യത്തെയും നീതി ലംഘനങ്ങളയും എല്ലാക്കാലത്തും എഴുത്തുകളിലൂടെ ചോദ്യം ചെയ്തിട്ടുള്ളവരാണ് എഴുത്തുകാരും കലാകാരന്മാരും. മലയാളത്തിൽ ആഘോഷിക്കപ്പെട്ടിട്ടുള്ള കവികൾ നീതിബോധത്തെയും സൗന്ദര്യബോധത്തെയും ഒരേസമയം ആവിഷ്‌കരിച്ചവരാണ്. ഇത് ലോകത്തെ എല്ലാ ഭാഷകളിലും സംഭവിച്ചിട്ടുള്ളതാണ്. ധർമാധർമങ്ങൾ മനുഷ്യനെ പഠിപ്പിക്കേ പൈങ്കിളിപ്പാട്ടായി മാറുന്നതിനെക്കുറിച്ച് ഇടശേരി പറഞ്ഞിട്ടുണ്ട്.മനുഷ്യർ ജീവിക്കുന്നത് ആശയങ്ങൾ കൊണ്ടുകൂടിയാണെന്നാണ് അദ്ദേഹം കവിതയിലൂടെ ചൂണ്ടിക്കാട്ടിയത്. കവികളെക്കുറിച
പട്ടാമ്പി: എഴുത്തുകാരനോട് എന്തെഴുതണമെന്നും ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തോട് കൂറുപുലർത്തണമെന്നും പറയേണ്ടെന്ന് കവി സച്ചിദാനന്ദൻ. അതിഥിയായെത്തി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ കവിത ചൊല്ലലും. പട്ടാമ്പി ഗവൺമെന്റ് സംസ്‌കൃത കോളജിൽ നടക്കുന്ന കവിതയുടെ കാർണിവൽ രണ്ടാം ദിവസം അക്ഷരാർഥത്തിൽ കാവ്യസമ്പന്നമായി.
ഏതു കാലത്തെയും ജൈവ ആവിഷ്‌കാരമാണ് കവിത എന്നായിരുന്നു കവിയോടൊപ്പം പരിപാടിയിൽ പങ്കെടുത്തു സച്ചിദാനന്ദൻ പറഞ്ഞത്. ദുർനീതികളെയും ദുരാധിപത്യത്തെയും നീതി ലംഘനങ്ങളയും എല്ലാക്കാലത്തും എഴുത്തുകളിലൂടെ ചോദ്യം ചെയ്തിട്ടുള്ളവരാണ് എഴുത്തുകാരും കലാകാരന്മാരും. മലയാളത്തിൽ ആഘോഷിക്കപ്പെട്ടിട്ടുള്ള കവികൾ നീതിബോധത്തെയും സൗന്ദര്യബോധത്തെയും ഒരേസമയം ആവിഷ്‌കരിച്ചവരാണ്. ഇത് ലോകത്തെ എല്ലാ ഭാഷകളിലും സംഭവിച്ചിട്ടുള്ളതാണ്.
ധർമാധർമങ്ങൾ മനുഷ്യനെ പഠിപ്പിക്കേ പൈങ്കിളിപ്പാട്ടായി മാറുന്നതിനെക്കുറിച്ച് ഇടശേരി പറഞ്ഞിട്ടുണ്ട്.മനുഷ്യർ ജീവിക്കുന്നത് ആശയങ്ങൾ കൊണ്ടുകൂടിയാണെന്നാണ് അദ്ദേഹം കവിതയിലൂടെ ചൂണ്ടിക്കാട്ടിയത്. കവികളെക്കുറിച്ച് സൗവർണ പ്രതിപക്ഷമെന്നാണ് വൈലോപ്പിള്ളി പറഞ്ഞിരിക്കുന്നത്. മുൻകാല എഴുത്തുകാരെ പഠിക്കുമ്പോൾ സമകാലിക സാഹചര്യം കൂടി ഓർമയിൽ വരും. അവരുടെ ഉദ്വേഗങ്ങൾ, സങ്കടങ്ങൾ, ആശങ്കകൾ, സന്തോഷങ്ങൾ എന്നിവയൊക്കെത്തന്നെയാണ് ഇന്നും കവിതയിലൂടെ പങ്കുവയ്ക്കപ്പെടുന്നത്.
കടമ്മനിട്ട രാമകൃഷ്ണന്റെ ക്യാ എന്ന കവിത ചൊല്ലിക്കൊണ്ടാണ് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി കാർണിവലിലെത്തിയത്. ഗുജറാത്ത് കലാപത്തിന്റെ നാളുകളെയും രാജ്യത്തെ ഹൈന്ദവവൽകരണശ്രമങ്ങളെയും നിശിതമായി വിമർശിക്കുന്ന കവിത കാലം സംവദിക്കുന്നത് എന്ന മുഖവുരയോടെയാണ് ബേബി ചൊല്ലിയത്. മെലിയുന്ന നിളയുടെ തീരത്ത് കവിതയ്ക്കും സാഹിത്യത്തിനുമായി ഇത്തരമൊരു വേദി അനിവാര്യമായിരുന്നെന്നും തുടർച്ചകളുണ്ടാകണമെന്നും ബേബി പറഞ്ഞു.
കവിതയിലെ താളത്തെക്കുറിച്ച് മനോജ് കുറൂറും കവിതയുടെ അരങ്ങുജീവിതത്തെക്കുറിച്ച് ജി ദിലീപനും പ്രഭാഷണം നടത്തി. കവിതയുടെ അതീത സഞ്ചാരങ്ങൾ എന്ന വിഷയത്തിൽ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ഡോ. ഉദയകുമാർ പ്രഭാഷണം നടത്തി. കവിതയുടെ ചൊൽവഴികളെക്കുറിച്ച് കവിത ചൊല്ലിയും കാര്യം പറഞ്ഞു പ്രൊഫ. വി മധുസൂദനൻനായരുടെ പ്രഭാഷണവും ശ്രദ്ധേയമായി.
കവിതാ വിവർത്തനത്തിന്റെ നവീന മാതൃക സൃഷ്ടിച്ച് ദക്ഷിണേന്ത്യൻ കവിതകളുടെ വിവർത്തന ശിൽപശാല സാഹിത്യാസ്വാദകർക്കു പുതിയ അനുഭവം പകർന്നു. കവി ശൈലന്റെ വേട്ടൈക്കാരൻ, ശൈലന്റെ കവിതകൾ എന്നീ പുസ്തകങ്ങൾ കെ ജി ശങ്കരപ്പിള്ള പ്രകാശനം ചെയതു. കവി സെബാസ്റ്റ്യൻ, സുബൈദ എന്നിവർ ഏറ്റുവാങ്ങി. കവിതാവതരണവുമായെത്തിയ പി രാമനും കവിതയുടെ ചൊൽക്കാഴ്ച എന്ന പോയ്ട്രി ബാൻഡുമായെത്തി കുഴൂൽ വിൽസണും കവിതയുടെ കാർണിവലിന്റെ രണ്ടാം പതിപ്പിനെ സമ്പന്നമാക്കി.
കവിതാ കാർണിവലിൽ നാളെ (28 ജനുവരി)
രാവിലെ 9.30ന് കവിസന്ധിയിൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവായ ഹിന്ദി കവി മംഗലേഷ് ദെബ്രാൾ അതിഥിയായെത്തും. റോഷ്ണി സ്വപ്‌ന, മുരളീ കൃഷ്ണൻ, ബാബു രാമചന്ദ്രൻ എന്നിവർ ദെബ്രാളിന്റെ കവിതകൾ പരിഭാഷപ്പെടുത്തും. പതിനൊന്നരയ്ക്ക് ദക്ഷിണേന്ത്യൻ കവിതാ വിവർത്തന ശിൽപശാലയിൽ വിവർത്തനം ചെയ്ത രചനകളുടെ അവതരണം. തമിഴ് കവികളായ സുകുമാരൻ, സുകൃതറാണി, ഇശൈ, കന്നഡ കവികളായ അബ്ദുൾ റഷീദ്, മമത സാഗർ, മഞ്ജുനാഥ്, തെലുഗു കവികളായ ഡോ. പി മോഹൻ, മന്ദാരപ്പൂ ഹൈമവതി, മന്ത്രി കൃഷ്ണമോഹൻ എന്നിവരുടെ കവിതകളാണ് വിവർത്തനം ചെയ്ത് അവതരിപ്പിക്കുന്നത്.
ഉച്ചയ്ക്ക് ഒന്നരയ്ക്ക് കവിയോടൊപ്പം പരിപാടിയിൽ കെ ജി ശങ്കരപ്പിള്ള പങ്കെടുക്കും. രണ്ടരയ്ക്ക് പ്രതീക്ഷിക്കാത്തിടത്തെ കവിതയെക്കുറിച്ച് കെ സി നാരായണൻ പ്രഭാഷണം നടത്തും. കവിതയുടെ ആവിഷ്‌കാര രൂപങ്ങളെക്കുറിച്ച് ഉച്ചകഴിഞ്ഞു മൂന്നരയ്ക്കു നടക്കുന്ന ദേശീയ സെമിനാറിൽ സി ജെ ജോർജ്, എ വി സന്തോഷ് കുമാർ, ബിജു കാഞ്ഞങ്ങാട്, എൽ തോമസ്‌കുട്ടി, കുഴൂർ വിൽസൺ, സുധീഷ് കോട്ടേമ്പ്രം, കവിത ബാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും. രാത്രി ഏഴിന് ദീരാബായി നാടകത്തിന്റെ രംഗാവിഷ്‌കാരവും വിനീത നെടുങ്ങാടി അവതരിപ്പിക്കുന്ന മോഹിനിയാട്ടവും ഹലി ആലങ്കോടിന്റെ സന്തൂർവാദനവും നടക്കും.
സുനിൽ പി ഇളയിടം, പി പവിത്രൻ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. പുതിയ കാല സാമൂഹികാവിഷ്‌കാരങ്ങളെക്കുറിച്ച് റിയാസ് കോമുവും അൻവർ അലിയും തമ്മിലുള്ള സംഭാഷണം. കെ എ ജയശീലൻ, എൻ ജി ഉണ്ണിക്കൃഷ്ണൻ, സച്ചിദാനന്ദൻ പുഴങ്കര, നിരഞ്ജൻ എന്നിവർ പങ്കെടുക്കുന്ന കവി സംവാദവുമുണ്ടാകും. സോഷ്യൽ മീഡിയയിലെ കവിതാ വ്യവഹാരങ്ങളെക്കുറിച്ചു പുതുകവികളും സാമൂഹിക മാദ്ധ്യമങ്ങളിൽ സജീവമായവരും നയിക്കുന്ന സംവാദവും പൂതപ്പാട്ടിന്റെ സാമൂഹികാവിഷ്‌കാരമായി ഒരു ദേശം കവിത ചൊല്ലുന്നു പരിപാടിയുമാണ് ഇന്നത്തെ മുഖ്യ ആകർഷണം. നാലു ദിവസങ്ങളിലായി നടക്കുന്ന കാർണിവൽ 29ന് സമാപിക്കും.