കൊട്ടാരക്കര: കൊട്ടാരക്കര പട്ടാഴി ദേവീക്ഷേത്ര നടയിൽ മാല നഷ്ടപ്പെട്ട സുഭദ്രയ്ക്ക് വളകൾ ഊരി നൽകിയ മനുഷ്യ സ്‌നേഹിയായ ആ സ്ത്രീ ആരാണ്? വാർത്ത എമ്പാടും പരക്കുകയും, സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്തിട്ടും കറുത്ത കണ്ണട ധരിച്ച ചുവപ്പ് സാരി ഉടുത്ത സ്ത്രീ കാണാമറയത്താണ്. അത് പട്ടാഴി ദേവി തന്നെയെന്ന് വിശ്വസിക്കാനാണ് സുഭദ്രയ്ക്കും വിശ്വാസികൾക്കും ഇഷ്ടം.

സുഭദ്രാമ്മ ഇന്ന് അജ്ഞാതയായ സ്ത്രീ നൽകിയ രണ്ടുപവന്റെ വളകൾ സ്വർണക്കടയിൽ കൊടുത്തിട്ട് രണ്ടുപവന്റെ മാല വാങ്ങി. വൈകിട്ട് പട്ടാഴി ദേവി ക്ഷേത്രത്തിൽ എത്തി ദർശനത്തിന് ശേഷം മാല കഴുത്തിൽ അണിഞ്ഞു. സുഭദ്ര മറുനാടൻ മലയാളിയോട് പറഞ്ഞത് ഇങ്ങനെയാണ്: 'താലി മാല തിരികെ കിട്ടിയാൽ, താലി ഊരി എടുത്ത ശേഷം ആ മാല പട്ടാഴി അമ്മയ്ക്ക് സമർപ്പിക്കും. അത് അമ്മയ്ക്ക് അവകാശപ്പെട്ടത് തന്നെയാണ്. സ്വർണ വളകൾ നൽകിയത് പട്ടാഴി അമ്മ തന്നെയെന്നാണ് വിശ്വസിക്കാനാണ് ഇഷ്ടം. എവിടെ മറഞ്ഞിരിക്കുകയാണെങ്കിലും, മനുഷ്യസ്ത്രീ ആണെങ്കിൽ, ആ നല്ല മനസ്സിന്റെ ഉടമയെ ഒന്നു നേരിട്ട് കാണണമെന്നാണ് ആഗ്രഹം. എവിടെയാണെങ്കിലും എന്റെ മുന്നിലേക്കൊന്ന് വരണമെന്നാണ് അഭ്യർത്ഥന'.

ഇതിന് പുറമേ സുഭദ്ര പട്ടാഴി ക്ഷത്രത്തിൽ സ്വർണകുമിള കൂടി വഴിപാടായി സമർപ്പിച്ചു. കുടുംബസമേതം വൈകിട്ട് അേേഞ്ചാടെയാണ് ക്ഷേത്രത്തിൽ എത്തിയത്. കുംഭത്തിരുവാതിര ഉത്സവം കൊടിയിറങ്ങുന്നതിനുമുമ്പ് ഇന്ന് ക്ഷേത്രഭാരവാഹികളുടെ ക്ഷണപ്രകാരമാണ് സുഭദ്ര എത്തിയത്. ഭാരവാഹികൾ കാറും വിട്ടുനൽകിയിരുന്നു. മാല പോയ സുഭദ്രയ്ക്ക് വളകളായി അത് തിരിച്ചുകിട്ടിയത് പട്ടാഴി അമ്മയുടെ അനുഗ്രഹം തന്നെയാണ് ക്ഷേത്ര ഭക്തരും വിശ്വസിക്കുന്നത്.

വീട്ടമ്മയ്ക്ക് വളകൾ ഊരി നൽകിയ അജ്ഞാതയായ സ്ത്രീയെ കണ്ടെത്താൻ ക്ഷേത്ര ഭാരവാഹികളും ഭക്തരും രണ്ടുദിവസമായി അന്വേഷണം തുടരുകയാണ്. എന്നാൽ ഇതുവരെ ശ്രമം വിജയിച്ചില്ല. കൊട്ടാരക്കര മൈലം പള്ളിക്കൽ മുകളിൽ മങ്ങാട്ടുവീട്ടിൽ സുഭദ്രയുടെ മാലയാണ് കഴിഞ്ഞ ശനിയാഴ്ച നഷ്ടപ്പെട്ടത്.

ശനിയാഴ്ച ഉച്ചയോടെ പട്ടാഴി മൂലക്ഷേത്ര ശ്രീകോവിലിനു മുന്നിൽ വലംവച്ച് തൊഴുന്നതിനിടെയാണ് രണ്ടു പവന്റെ മാല നഷ്ടപ്പെട്ടത്. ഈ സമയം സമാന്യം നല്ല തിരക്കുമുണ്ടായിരുന്നു. മാല കഴുത്തിൽ ഇല്ലെന്ന് മനസിലായതോടെ തകർന്നുപോയ സുഭദ്ര അലമുറയിട്ട് കരഞ്ഞ് നിലത്തു വീണുരുളാൻ തുടങ്ങി. ഇതുകണ്ട് എന്തുചെയ്യണമെന്നറിയാതെ ഭക്തർ തരിച്ചു നിന്നു.

കശു അണ്ടി തൊഴിലാളിയായ സുഭദ്ര ഏറെ നാളത്തെ സമ്പാദ്യം സ്വരുക്കൂട്ടിയാണ് മാല വാങ്ങിയത്. കരയുന്നതിനിടെ ഇതും അവർ വിളിച്ചുപറയുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ആൾക്കൂട്ടത്തിനിടയിൽ നിന്ന് മറ്റൊരു സ്ത്രീയുടെ കൈയും പിടിച്ച് പ്രായം തോന്നിക്കുന്ന കണ്ണട വച്ച ഒരു സ്ത്രീ പെട്ടെന്ന് അവിടെയെത്തിയത്. കരഞ്ഞുകൊണ്ടിരുന്ന സുഭദ്രയെ അവർ സമാധാനിപ്പിച്ചു.

പിന്നാലെ തന്റെ കൈയിൽ കിടന്ന രണ്ടുവളകൾ ഊരി വീട്ടമ്മയ്ക്ക് സമ്മാനിച്ചത്. ഇതുവിറ്റ് മാല വാങ്ങണമെന്നും ക്ഷേത്രത്തിൽ വന്ന് പ്രാർത്ഥിച്ചശേഷം ധരിക്കണമെന്നും ആവശ്യപ്പെട്ടശേഷം വന്നപോലെ വേഗത്തിൽ തന്നെ മടങ്ങി. സുഭദ്രയും സമീപത്തുണ്ടായിരുന്നവരും അവിടെയൊക്കെ തിരഞ്ഞെങ്കിലും സ്ത്രീയെയോ ഒപ്പമുണ്ടായിരുന്ന ആളെയോ കണ്ടെത്താൻ കഴിഞ്ഞില്ല.

ഇതിനിടെ വിവരമറിഞ്ഞ് ക്ഷേത്രോപദേശകസമിതി ഭാരവാഹികളും ദേവസ്വം അധികൃതരും സ്ഥലത്തെത്തി. ക്ഷേത്രത്തിലെ സി സി ടി വിയിൽ ദൃശ്യങ്ങൾ പതിഞ്ഞുവെന്ന് വ്യക്തമായതോടെ അതിന്റെ സഹായത്തോടെ ആളെ കണ്ടെത്താനായി ശ്രമം. പക്ഷേ, കണ്ടെത്താനായില്ല. ദൃശ്യങ്ങൾ പരസ്യപ്പെടുത്തി നടത്തിയ അന്വേഷണത്തിനും ഫലമുണ്ടായില്ല.

വീട്ടമ്മയ്ക്ക് വളകൾ ഊരി നൽകിയ അജ്ഞാതയായ സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മാല നഷ്ടമായതോടെ വാവിട്ട് നിലവിളിച്ച് വീട്ടമ്മയ്ക്ക് അജ്ഞാതയായ സ്ത്രീ രണ്ടു സ്വർണ വളകൾ ഊരി നൽകിയത് വാർത്തയായിരുന്നു. ഈ സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. കറുത്ത കണ്ണട ധരിച്ച ചുവപ്പ് സാരി ഉടുത്ത സ്ത്രീ തന്റെ കയ്യിൽ കിടന്ന രണ്ട് സ്വർണ്ണ വളകൾ നൽകുന്ന ദൃശ്യങ്ങളാണ് സി സി ടി വി യിൽ പതിഞ്ഞത്.

സംഭവമറിഞ്ഞു എത്തിയ ക്ഷേത്രഭാരവാഹികൾ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിലാണ് ദൃശ്യങ്ങൾ ലഭിച്ചത്. വളകൾ വിറ്റ് മാലവാങ്ങിയ സുഭദ്രാമ്മയെ ക്ഷേത്രഭാരവാഹികൾ സി സി ടി വി ദൃശ്യങ്ങൾ വീട്ടിലെത്തി കാണിച്ചു കൊടുത്തു.

രണ്ട് പവൻ തൂക്കം വരുന്ന വളകൾ സമ്മാനിച്ച അജ്ഞാതയെ ക്ഷേത്ര ഭാരവാഹികൾ അന്വഷിച്ചിട്ടും കണ്ടെത്താനായില്ലെന്ന് സുഭദ്രമ്മ പറയുന്നു. ഇപ്പോൾ വാങ്ങിയ മാല അമ്പലത്തിലെത്തി കഴുത്തിൽ ധരിക്കാനായി ആഗ്രഹമുണ്ടെങ്കിലും വളകൾ സമ്മാനിച്ച സ്ത്രീയെ കണ്ടെത്താൻ കഴിയാത്തതിൽ സുഭദ്രാമ്മയ്ക്ക് നിരാശയുമുണ്ട്.

കണ്ണടവച്ച ആ അമ്മയുടെ രൂപത്തിൽ എത്തിയത് ദേവിതന്നെയാണെന്നാണ് ഭക്തരിൽ ഏറിയകൂറും ഇപ്പോൾ കരുതുന്നത്. വളകൾ തന്നയാളെ കാണണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നും തന്റെ മാല തിരിച്ചുകിട്ടിയാൽ അത് അവർക്കു നൽകുമെന്നും നേരത്തെ അറുപത്തെട്ടുകാരി സുഭദ്ര പറഞ്ഞിരുന്നു.

തിരുവാതിരദിവസമായ ശനിയാഴ്ച ഉച്ചയോടെ പട്ടാഴി മൂലക്ഷേത്ര ശ്രീകോവിലിനു മുന്നിൽവച്ചായിരുന്നു സുഭദ്രയുടെ മാല നഷ്ടപ്പെട്ടത്. വലംവെച്ച് തൊഴുന്നതിനിടെ തിരക്കിൽ സുഭദ്രയുടെ രണ്ടുപവന്റെ മാല നഷ്ടപ്പെട്ടു. വിവരം അറിഞ്ഞതോടെ ഇവർ നിലവിളിയോടെ നിലത്തുവീണുരുണ്ടത് നൊമ്പരക്കാഴ്ചയായി. വളകൾ സമ്മാനിച്ചത് ദേവി തന്നെയോ എന്ന ഹാഷ് ടാഗോടെ സാമൂഹികമാധ്യമങ്ങളിൽ ഇതുസംബന്ധിച്ച വീഡിയോ വൈറലായിരുന്നു.