- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാന്ധിഭവനിൽ കുഞ്ഞുമക്കൾക്ക് അക്ഷരം പറഞ്ഞുകൊടുക്കാനും അതിഥികളെ സ്വീകരിക്കാനും സമ്മാനം കൊടുക്കാനും ഇനി ഈ അമ്മയില്ല; ആയിരത്തിലേറെ അന്തേവാസികൾക്ക് സ്നേഹം പകർന്ന മുത്തശ്ശി 'പാട്ടിയമ്മ' അന്തരിച്ചു; ആനന്ദവല്ലിയമ്മാളുടെ സംസ്കാരം നാളെ തിരുവനന്തപുരം ശാന്തികവാടത്തിൽ
പത്തനാരപുരം: ഗാന്ധിഭവനിലെ പാട്ടിയമ്മ വിടവാങ്ങി. ഏഷ്യയിലെ ഏറ്റവും വലിയ അഭയകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവന്റെ ഐശ്വര്യമായിരുന്ന 'പാട്ടിയമ്മ' എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന ആനന്ദവല്ലിയമ്മാൾ 91-ാം വയസ്സിൽ വിടവാങ്ങി. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അന്ത്യം. 12 വർഷമായി (2009 ജനുവരി 11 ന് ഗാന്ധിഭവനിൽ എത്തി) ഗാന്ധിഭവൻ അന്തേവാസിയായിരുന്ന ആനന്ദവല്ലിയമ്മാൾ കഴിഞ്ഞ ഒരുവർഷമായി ഗാന്ധിഭവനിലെ പാലിയേറ്റീവ് കെയർ വിഭാഗത്തിൽ പ്രത്യേക പരിചരണത്തിലും ചികിത്സയിലുമായിരുന്നു. വാർദ്ധക്യസഹജമായ രോഗങ്ങളും ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളും നേരിട്ടിരുന്നു. സംസ്‌കാര ചടങ്ങ് നാളെ (26.09.21) ഉച്ചക്ക് തിരുവനന്തപുരം ശാന്തികാവടത്തിൽ..
തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യരുടെ ജ്യേഷ്ഠന്റെ ചെറുമകളാണ്. (സർ സി.പി.യുടെ ജ്യേഷ്ഠൻ ഗണപതി അയ്യരുടെയും ലക്ഷ്മിഅമ്മാളിന്റെയും മകൾ ചെല്ലമ്മാളിന്റെയും സുന്ദരയ്യരുടെയും മകളാണ് പാട്ടിയമ്മ) അവിവാഹിതയാണ്. നാല് സഹോദരങ്ങൾ: സത്യസുബ്രഹ്മണ്യം, ഗണപതി പത്മനാഭൻ, ലക്ഷ്മീനാരായണൻ, മുത്തുലക്ഷ്മി. (മുത്തുലക്ഷ്മി ഒഴികെ മറ്റ് മൂന്ന് സഹോദരന്മാരും മരണപ്പെട്ടു. മുത്തുലക്ഷ്മി കൊല്ലത്ത് കുടുംബമായി താമസിക്കുന്നു).
പാട്ടിയമ്മയുടെ കുടുംബം മദ്രാസിൽ നിന്നും ബിസിനസ്സ് സംബന്ധമായ ആവശ്യങ്ങൾക്കായി കൊല്ലത്തുവന്ന് ചേക്കേറിയതാണ്.പാട്ടിയമ്മയുടെ വിദ്യാഭ്യാസം തേർഡ് ഫോറം വരെ കൊല്ലം സെന്റ് ജോസഫ് കോൺവെന്റ് സ്‌കൂളിലും തുടർന്ന് കോയമ്പത്തൂരിൽ നിന്ന് ഇ.എസ്.എൽ.സി.യും പാസ്സായി. പിന്നീട് മദ്രാസിൽ നിന്നും എസ്.എസ്.എൽ.സി.യും പി.ഡി.സി.യും ടി.ടി.സി.യും പാസ്സായി. തുടർന്ന് മദ്രാസിലെ വിമൻസ് വെൽഫെയർ സെക്രട്ടറിയുടെ പി.എ. ആയും തുടർന്ന് അവിടെതന്നെ സ്റ്റോർ കീപ്പറായും ജോലി ചെയ്തു. പിന്നീട് ഒരു സ്‌കൂളിൽ മേട്രനായും മദ്രാസിൽ ജോലി ചെയ്തു. പിന്നീട് കൊല്ലത്ത് എത്തി രണ്ട് മാനേജ്മെന്റ് സ്‌കൂളുകളിൽ പ്രൈമറി അദ്ധ്യാപികയായും ജോലി ചെയ്തു. കണക്കും ഇംഗ്ലീഷുമായിരുന്നു പ്രധാന വിഷയങ്ങൾ. പിന്നീട് ഒന്നു മുതൽ അഞ്ച് വരെ ക്ലാസിലെ കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും, മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്ക് ഇംഗ്ലീഷ്, കണക്ക് എന്നീ വിഷയങ്ങളിലും ട്യൂഷനെടുത്തു. നൂറുകണക്കിന് കുട്ടികൾക്ക് അദ്ധ്യാപിക മാത്രമല്ല, സ്നേഹസമ്പന്നയായ ഒരമ്മ കൂടിയായിരുന്നു അവിവാഹിതയായ പാട്ടിയമ്മ.
കൊല്ലത്ത് കുടുംബമായി കഴിയുന്ന ഏകസഹോദരിയുടെ സംരക്ഷണയിലായിരുന്നു പാട്ടിയമ്മ കഴിഞ്ഞത്. വാർദ്ധക്യ അവശതകളോടൊപ്പം ഹൃദ്രോഗവും ബാധിച്ചതോടെ കുട്ടികളെ പഠിപ്പിക്കാൻ കഴിയാതെയായി. സാമ്പത്തികപരാധീനതകളുള്ള സഹോദരിക്കും കുടുംബത്തിനും താൻ ഒരു ഭാരമായി മാറുമെന്ന് തോന്നിയപ്പോൾ പൊതുപ്രവർത്തകയും ഇപ്പോൾ വനിതാകമ്മീഷൻ അംഗവുമായ ഡോ. ഷാഹിദാ കമാലിന്റെ സഹായത്തോടെ ഗാന്ധിഭവനിലെത്തുകയായിരുന്നു.
ഗാന്ധിഭവനിലെ ആയിരത്തിലേറെ അന്തേവാസികളുടെയും പ്രവർത്തകരുടെയും പ്രിയപ്പെട്ട പാട്ടിയമ്മയായി, സ്നേഹം പകരുന്ന മുത്തശ്ശിയായി, സന്തോഷത്തോടെ സംതൃപ്തിയോടെ പാട്ടിയമ്മ ജീവിച്ചു. വെളുപ്പിന് 3 മണിക്ക് ഉണർന്ന് കുളിച്ച് ഗാന്ധിഭവനിലെ നിലവിളക്ക് തെളിച്ച് പ്രാർത്ഥനയോടെ പാട്ടിയമ്മയുടെ ഒരു ദിവസം ആരംഭിക്കുന്നു. ഗാന്ധിഭവനിലെത്തുന്ന അതിഥികളെ സ്വീകരിക്കാനും അവർക്ക് സമ്മാനം നൽകാനുമൊക്കെ ഉത്സാഹത്തോടെ മുന്നിട്ടിറങ്ങിയിരുന്നു. ഗാന്ധിഭവനിലെ കുഞ്ഞുമക്കൾക്ക് അക്ഷരം പറഞ്ഞുകൊടുക്കുകയും ഗാന്ധിഭവനിൽ മൂന്നുനേരവുമുള്ള സർവ്വമതപ്രാർത്ഥനകളിലും കലാസാംസ്‌കാരിക പരിപാടികളിലും അന്തേവാസികൾക്കൊപ്പം സജീവമായി പങ്കെടുത്തിരുന്നു. മക്കളില്ലാത്ത ഈ അമ്മയ്ക്ക് ഗാന്ധിഭവന്റെ നാഥനായ ഡോ. പുനലൂർ സോമരാജനായിരുന്നു മകൻ.