വത്തിക്കാൻ സിറ്റി: രണ്ടാമത്തെ അത്ഭുതവും സ്ഥിരീകരിച്ചതോടെ പോൾ ആറാമൻ മാർപാപ്പയെ വിശുദ്ധ പദവിയിലേക്ക് പരിഗണിച്ചേക്കും. വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള തിരുസംഘം അദ്ദേഹത്തിന്റെ മധ്യസ്ഥതയിലുള്ള രണ്ടാമത്തെ അത്ഭുതവും സ്ഥിരീകരിച്ചതോടെ ഈ ഒക്ടോബറിൽ വിശുദ്ധനായി പ്രഖ്യാപിക്കാനാണ് നീക്കം.

ഈ വർഷം ബിഷപ്പുമാരുടെ സിനഡ് കൂടുന്ന വേളയിൽ വിശുദ്ധപദവിയിലേക്ക് അദ്ദേഹം ഉയർത്തപ്പെടുമെന്നു വ്യക്തമായത്. തിരുസംഘം അധ്യക്ഷൻ കർദിനാൾ ആഞ്ജലോ അമാതോ തീരുമാനം മാർപാപ്പയെ അറിയിക്കും. മാർപാപ്പ കൽപന പുറപ്പെടുവിക്കേണ്ട നടപടി മാത്രമാണ് ഇനി ബാക്കിയുള്ളത്.

ഇറ്റലിയിലും കാലിഫോർണിയയും പോൾ ആറാമൻ മാർപാപ്പയുടെ മധ്യസ്ഥതയിൽ നടന്ന രണ്ട് അത്ഭുതങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിശുദ്ധ പദവിയിലേക്ക് ഉയർത്താൻ ഒരുങ്ങുന്നത്. ഇറ്റലിയിൽ മാരാക രോഗമുണ്ടായിരുന്ന ഗർഭസ്ഥ ശിശുവിനെ അഞ്ചാം മാസത്തിൽ ഡോക്ടർമാർ ഗർഭഛിദ്രത്തിന് നിർദ്ദേശിച്ചു. എന്നാൽ ഈ കുഞ്ഞ് പോൾ ആറാമൻ മാർപാപ്പയുടെ മധ്യസ്ഥതയിലുള്ള പ്രാർത്ഥന വഴി പൂർണ ആരോഗ്യവതിയായി ജനിച്ചു

ഇതിന് പിന്നാലെയാണ് രണ്ടാമത്തെ അത്ഭുതത്തിനു സ്ഥിരീകരണം ലഭിച്ചത്. അമ്മയ്ക്കും കുഞ്ഞിനും ജീവഹാനി വരാൻ സാധ്യതയുള്ളതിനാൽ ഗർഭച്ഛിദ്രം നടത്താൻ ഡോക്ടർമാർ നിർദേശിച്ചിരുന്ന കുഞ്ഞ് ആരോഗ്യവാനായി ജനിച്ചുയ ഈ അത്ഭുതമാണു വിശുദ്ധനായി പ്രഖ്യാപിക്കുന്നതിലേക്കു വഴി തെളിച്ചത്. ആദ്യ അത്ഭുതം സ്ഥിരീകരിച്ചതിനെ തുടർന്ന് 2014 ഒക്ടോബറിൽ വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് അദ്ദേഹത്തെ ഉയർത്തിയിരുന്നു.

കലിഫോർണിയയിൽ ഗുരുതരമായ മസ്തിഷ്‌ക തകരാർ ഉണ്ടായിരുന്ന ഗർഭസ്ഥശിശു ആരോഗ്യവാനായി ജനിച്ചതായിരുന്നു ആദ്യ അത്ഭുതം. 1963 മുതൽ 1978 വരെയാണ് അദ്ദേഹം മാർപാപ്പയായിരുന്നത്. ഇറ്റലിക്കു പുറത്തേക്കു മാർപാപ്പമാർ യാത്ര ചെയ്യുന്ന പതിവിനു തുടക്കമിട്ടതും പ്രോട്ടസ്റ്റന്റ്, ഓർത്തഡോക്‌സ് സഭകളുമായുള്ള ബന്ധം മെച്ചപ്പെടുത്തിയതും അദ്ദേഹമായിരുന്നു.