കൊട്ടാരക്കര : തന്നെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചവരോട് പോൾ മാത്യുവിന് തെല്ലും പരിഭവമില്ല. തന്റെ പെൺ സുഹൃത്തിന്റെ അമ്മയ്ക്കും സഹോദരനുമെതിരെ കേസ് എടുക്കരുതെന്നതായിരുന്നു പോൾ മാത്യുവിന്റെ നിലപാട്.

എന്നാൽ പൊലീസ് ഉറച്ച നിലപാടാണ് ഇക്കാര്യത്തിൽ എടുത്തത്. കൊലപാതക ശ്രമമാണെന്ന് സാഹചര്യത്തെളിവുകൾ മാത്രം മതിയെന്നതിനാൽ പൊലീസ് ആ നിലയിൽ കേസ് ചാർജ്ജ് ചെയ്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി സൂസനെയും അഭയിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

പുനലൂർ ഇളമ്പൽ പൈനാപ്പിൾ ജംഗ്ഷൻ അരിഞ്ഞാണി വീട്ടിൽ പോൾ മാത്യുവിനെ (19) കാറിടിച്ചു കൊല്ലാൻ ശ്രമിച്ചത് സഹപാഠിയായിരുന്ന കുട്ടിയുടെ അമ്മയും സഹോദനുമാണ്. അടൂരിലെ കോളേജിൽ ബിരുദ വിദ്യാർത്ഥിയാണ് പോൾ മാത്യു. പത്താം ക്‌ളാസ് വരെ കൂടെ പഠിച്ച പുനലൂർ വാളക്കോട് സ്വദേശിനിയായ പെൺകുട്ടിയുമായി ഇപ്പോഴും സൗഹൃദം പുലർത്തി.

ഇതാണ് പോൾ മാത്യുവിന് വിനയായത്. വെറും സൗഹൃദം മാത്രമാണ് പെൺകുട്ടിയുമായുള്ളതെന്ന് പോൾ മാത്യു പറയുന്നതെങ്കിലും അരും അത് വിശ്വസിക്കുന്നില്ല. ഇവർ തമ്മിൽ പ്രണയമാണെന്ന് സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം വിശ്വസിക്കുന്നു. ഇക്കാര്യം അടുത്ത കാലത്താണ് പെൺവീട്ടുകാർ അറിഞ്ഞത്. ഇത് പെൺകുട്ടിയുടെ വീട്ടുകാർക്ക് പിടിച്ചില്ല.

സാമ്പത്തികമായി ഇരുകൂട്ടരും നല്ല സ്ഥിതിയിലാണ്. പലപ്പോഴും പോൾ മാത്യു പെൺകുട്ടിയെ ബൈക്കിൽ കൊണ്ടുപോകാറുണ്ടത്രെ. ഇതറിഞ്ഞതോടെ വീട്ടിൽ ഒച്ചപ്പാടായി. പെൺകുട്ടിയെ കുറേ തല്ലി നോക്കി. ഇതും ഫലിക്കാതെ വന്നപ്പോൾ നിരീക്ഷണം തുടങ്ങി. ഇതാണ് പ്രശ്‌നങ്ങളിലേക്ക് കാര്യങ്ങൾ എത്തിച്ചത്. കഴിഞ്ഞ ദിവസം രാവിലെ കോളേജിലേക്കിറങ്ങിയ പെൺകുട്ടിയുടെ പിന്നാലെ അവളുടെ അമ്മ സൂസൻ എബ്രഹാമും സഹോദരൻ അഭയും ഇറങ്ങി. കാറിൽ സൂസനും അഭയും വീട്ടിൽ നിന്നും പുറപ്പെട്ടു. പോൾ മാത്യുവും പെൺകുട്ടിയും കൊട്ടാരക്കര ഭാഗത്തേയ്ക്ക് ബൈക്കിൽ പോകുന്നത് കണ്ടുവെന്ന് ആരോ ഫോണിൽ അറിയിച്ചതോടെ യാത്ര അങ്ങോട്ടെക്കായി.

പിന്നാലെ പാഞ്ഞെങ്കിലും ഇരുവരെയും കണ്ടെത്താൻ കഴിഞ്ഞില്ല. തിരിച്ചുപോകാൻ
തുടങ്ങിയപ്പോഴാണ് കിഴക്കേത്തെരുവ് ഭാഗത്ത് നിന്നും പുനലൂർ ഭാഗത്തേക്ക് പോൾ മാത്യു തിരികെ പോകുന്നത് കണ്ടത്. കിഴക്കേത്തെരുവ് സ്‌കൂളിലെ അദ്ധ്യാപികയായ അമ്മയെ കൊണ്ടുവിട്ട ശേഷം തിരികെ പോവുകയായിരുന്നുവെന്നാണ് പോൾ മാത്യു പറയുന്നത്. എന്തായാലും ചോദ്യത്തിനും ഉത്തരത്തിനും കാത്ത് നിൽക്കാതെ കാറിടിപ്പിച്ച് കൊല്ലാൻ തന്നെ സൂസനും അഭയും തീരുമാനിച്ചു. കണ്ണ് ചിമ്മിത്തുറക്കും മുമ്പേ പോൾ മാത്യുവിന്റെ ബൈക്കിന് പിന്നിലേക്ക് കാർ ഇടിച്ചു കയറ്റി. തെറിച്ചു പോയ ബൈക്ക് സമീപത്തെ കുഴിയിൽ തല കുത്തി വീണു.

റോഡിൽ തെറിച്ചു വീണ പോൾ മാത്യും ചാടി എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴേക്കും കാറിൽ
 നിന്നും സൂസനും അഭയും ചാടി ഇറങ്ങി. പിന്നെ പൊതിരെ തല്ലി. ചെങ്ങമനാട് അരോമ ഓഡിറ്റോറിയത്തിന് സമീപം നടന്ന അപകടത്തിന്റെ ശബ്ദം കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത്. അവർ കണ്ടത് പരിക്കേറ്റു വീണ യുവാവിനെ രണ്ട് പേർ ചേർന്ന് മർദ്ദിക്കുന്നതാണ്. ഇതോടെ നാട്ടുകാരുടെ പ്രതികരണമായി. പൊലീസുമെത്തി. ആശുപത്രിയിലെത്തിയ പോൾ മാത്യു കേസ് എടുക്കരുതെന്ന് കേണ് അപേക്ഷിച്ചു. എന്നാൽ നാട്ടുകാരുടെ മൊഴിയിൽ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞതോടെയാണ് എല്ലാം യുവാവ് തുറന്നു പറഞ്ഞത്.