കണ്ണൂർ: സംസ്ഥാനത്ത് കോഴിക്കടകളിൽ മുക്കാൽ പങ്കും പ്രവർത്തിക്കുന്നത് അനധികൃതമായി. ഒരുകത്തിയും മരക്കുറ്റിയുമുണ്ടെങ്കിൽ ആർക്കും എവിടെയും കോഴിയിറച്ചി വിൽപ്പന കേന്ദ്രം തുടങ്ങാമെന്ന അവസ്ഥയാണെന്നാണ് ഉയരുന്ന വിമർശനം. കോഴിക്കടകൾ തുടങ്ങുന്നതിന് കർശനമായ ചട്ടങ്ങളും വ്യവസ്ഥയുമുണ്ടെങ്കിലും അതൊന്നും നടപ്പാവുന്നില്ലെന്ന് മാത്രം. കേരളത്തിൽ 26,000 കോഴിക്കടകളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. അതിൽ അഞ്ച് ശതമാനത്തിൽ താഴെ മാത്രമേ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അനുമതിയുള്ളൂ.

സംസ്ഥാന ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ 2013-ലെ കണക്കനുസരിച്ച് 15,680 കോഴിക്കടകളാണ് ഉണ്ടായിരുന്നത്. ഇതിൽ രജിസ്‌ട്രേഷനില്ലാത്തവ 75.30 ശതമാനമായിരുന്നു. ലൈസൻസുള്ളതിൽ 32 ശതമാനത്തിന് തദ്ദേശസ്ഥാപനങ്ങളുടെയും 3.2 ശതമാനത്തിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും 23.8 ശതമാനത്തിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെയും അനുമതിയുണ്ട്. എല്ലാ അനുമതിയുമുള്ളവ 3.27 ശതമാനം മാത്രം. ഇതിനുശേഷം ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഇത്തരത്തിലുള്ള കണക്കെടുത്തിട്ടില്ല.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ 2020-ലെ കണക്കനുസരിച്ച് കോഴിക്കടകളും മറ്റ് ഇറച്ചിക്കടകളും ചേർന്ന് 1190 സ്ഥാപനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്. കടകൾ നവീകരിക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനും ഭക്ഷ്യസുരക്ഷാനിയമം പാലിക്കുന്നതിനുമായി 2021 നവംബറിൽ തദ്ദേശസ്വയംഭരണവകുപ്പ് പുതിയ മാർഗരേഖ പുറത്തിറക്കിയിരുന്നു. എന്നാലിത് നടപ്പാക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ മിനക്കെട്ടില്ല.

അതേസമയം ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ച് മരക്കുറ്റിയിൽ ഇറച്ചി വെട്ടരുത്. ഇറച്ചിയിലേക്ക് മാരകമായ ബാക്ടീരിയ എത്തുന്നത് ഇറച്ചി വെട്ടുന്ന മരക്കുറ്റി വഴിയാണ്. സാൽമണൊല്ല, ഇ-കോളി, ഷിഗെല്ല തുടങ്ങിയ ബാക്ടീരിയകളാണ് ഇറച്ചിയെ ബാധിക്കുന്നത്. 2006-ലെ ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ച് കോഴികളെ കൊന്നുവിൽക്കുന്ന കടകൾക്ക് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അനുമതി വേണം. അത്തരം അനുമതിയുള്ള കടകളിൽനിന്ന് മാത്രമേ ഹോട്ടലുകളും ഷവർമ വിപണനക്കാരും ഇറച്ചി വാങ്ങാവൂ. മിക്ക കോഴിക്കടകൾക്കും കോഴികളെ ജീവനോടെ തൂക്കിവിൽക്കാനാണ് ലൈസൻസ് നൽകുന്നത്.