കൊച്ചി: ബിഗ് ബോസിലെ പ്രണയം വെറും കുട്ടിക്കളിയായിരുന്നില്ല. അടുത്ത വർഷം മാർച്ച്-ഏപ്രിൽ മാസത്തോടെ വിവാഹം ഉണ്ടാകുമെന്നാണ് ശ്രീനിഷിന്റെ പുതിയ വെളിപ്പെടുത്തൽ. അവധിക്കാലമായതിനാൽ എല്ലാവർക്കും പങ്കെടുക്കാൻ കഴിയുമെന്നതിനാലാണ് ആ സമയം തന്നെ തെരഞ്ഞെടുത്തതെന്നും ശ്രീനിഷ് പറയുന്നു. ജനുവരിയോടെ വിവാഹനിശ്ചയം ഉണ്ടാകുമെന്നും ശ്രീനിഷ് വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീനിഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ വീണ്ടും ബിഗ് ബോസ് ചർച്ചകളിൽ എത്തുകയാണ്. എന്നാൽ വിവാഹ തീയതി നിശ്ചയിച്ചിട്ടില്ലെന്നാണ് പേളി മാണി മറുനാടനോട് പറഞ്ഞത്. ഏതായാലും വിവാഹം ഉറപ്പായി എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പൊതു അഭിപ്രായം.

വീട്ടുകാരുടെ സമ്മതം തേടലാണ് ആദ്യം ചെയ്യുകയെന്നും ബിഗ് ബോസിൽ നിന്നു പുറത്തിറങ്ങിയപ്പോൾ പേളി പറഞ്ഞിരുന്നു. പിന്നീട് വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചതായും പേളി അറിയിച്ചിരുന്നു. എന്റെ അമ്മ, അവരാണ് എന്റെ മാലാഖ. അമ്മ എന്നെ പിന്തുണച്ചവർക്കു സ്‌നേഹിച്ചവർക്കും എല്ലാം നന്ദി പറയുകയാണ്. പിഎസ്(പേളി- ശ്രീനിഷ്): അതെ അമ്മ സമ്മതിച്ചു. ഇതായിരുന്നു ഇൻസ്റ്റാഗ്രാമിൽ പേളി പറഞ്ഞത്. ഇതോടെ തന്നെ കല്യാണം നടക്കുമെന്നും  ഉറപ്പായി. ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തിറങ്ങയത് മുതൽ എല്ലാവരും ചോദിച്ചത് വിവാഹത്തെ കുറിച്ചായിരുന്നു. എന്നാൽ അതിൽ അത്ര വേഗം തീരുമാനം എടുക്കാൻ ആവുന്ന കാര്യമല്ലായിരുന്നുവെന്നും ശ്രീനീഷ് വെളിപ്പെടുത്തുന്നുണ്ട്. ഇതോടെ ഇരുവരുടേയും വിവാഹത്തിൽ സ്ഥിരീകരണം എത്തുകയാണ്. കൊച്ചിയിലാകും വിവാഹമെന്ന സൂചനയാണ് ശ്രീനീഷിന്റെ അടുത്ത സുഹൃത്തുക്കൾ നൽകുന്ന സൂചന.

മലയാളം ബിഗ്‌ബോസിനുശേഷം മലയാളികൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് പേളി - ശ്രീനിഷ് ജോഡികളുടെ പ്രണയെത്തെ ക്കുറിച്ചായിരുന്നു. അവരുടെ ഓരോ ചിത്രത്തിനും ഗംഭീര വരവേല്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നതും. പ്രണയത്തിന്റെ മൂന്നാംമാസം ആഘോഷിക്കുന്ന ഇരുവരുടെയും ചിത്രങ്ങളും ചർച്ചയായി. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയത്. അതിൽ ഒരാരാധകൻ ചോദിച്ചതിങ്ങനെ, ''പ്രണയം എവിടെവരെ ആയി ? കല്യാണമൊന്നുമില്ലേ?'. 'ഞങ്ങൾ കുറച്ചു പ്രണയിച്ചു നടക്കട്ടെ, കല്യാണം ഉടൻ ഉണ്ടാകും' എന്നായിരുന്നു ശ്രീനിഷ് ഇതിന് മറുപടിയായി പറഞ്ഞത്. പേളി-ശ്രീനിഷ് പ്രണയത്തെ ബിഗ്‌ബോസ് ജയിക്കാനുള്ള തന്ത്രമായി കണ്ടിരുന്നവരൊക്കെ ഇപ്പോൾ ഇവരുടെ വിവാഹവാർത്തയ്ക്കായാണ് കാത്തിരിക്കുന്നത്. എന്നാൽ ഇപ്പോൾ അനിശ്ചിതത്വം മാറ്റി ശ്രീനീഷ് തന്നെ എല്ലാം തുറന്ന് സമ്മതിക്കുകയാണ്.

ശ്രീനിഷുമായി പ്രണയത്തിലായത് എങ്ങനെയെന്നും നേരത്തെ പേളി പറഞ്ഞിരുന്നു. ബിഗ് ബോസ് തുടങ്ങി രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞപ്പോൾ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കാൻ തുടങ്ങി. ദീപന് മുട്ട കൊടുക്കുമായിരുന്ന ഞാൻ അത് ശ്രീനിഷിന് കൊടുക്കാൻ തുടങ്ങി. ശ്രീനിഷ് അടുത്തിരിക്കുമ്പോൾ ഒരു കറന്റടിക്കും. ശ്രീനിഷിന്റെ അടുത്ത് സംസാരിച്ചുകൊണ്ടിരുന്നാൽ എത്രയായാലും സമയം പോകുന്നതേ അറിയില്ല. പ്രണയം എനിക്ക് ഗെയിമില്ല. അത് യഥാർത്ഥമാണ്. ഗെയിമിൽ നിന്ന് പുറത്തുവന്നപ്പോൾ പലരിലും മാറ്റങ്ങളുണ്ടായി, നല്ല മാറ്റങ്ങളുണ്ടായി. പക്ഷേ ശ്രീനി ഇപ്പോഴും അതേ വ്യക്തിയാണ്. ഞാൻ ബിഗ് ബോസിൽ കണ്ട അതേ വ്യക്തി. മാത്രമല്ല ബിഗ് ബോസ്സിലെ അനുഭവങ്ങൾ ഞങ്ങൾ ഒരുമിച്ച് അനുഭവിച്ചതുകൊണ്ട് ഞാൻ എന്തു പറയുമ്പോഴും അത് എങ്ങനെയാണെന്ന് ശ്രീനിക്കും ശ്രീനി പറയുന്നത് എന്താണ് എന്നത് എനിക്കും അറിയാം. ഇങ്ങനെയൊരു അനുഭവം എല്ലാവർക്കും കിട്ടില്ല എന്നായിരുന്നു പേളി പറഞ്ഞത്.

ബിഗ് ബോസിൽ മിസ് ചെയ്യുന്ന മറ്റെന്തെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് മിസ് ചെയ്യുന്ന കാര്യം മുംബൈയിൽ അല്ല മറിച്ച് കൊച്ചിയിലാണെന്നായിരുന്നു ശ്രീനിഷിന്റെ മറുപടി. ആരാണെന്ന ചോദ്യത്തിന് അത് പേളിയാണെന്നും പറഞ്ഞിരുന്നു. 100 ദിവസത്തിന് ശേഷം പേളിയെ പിരിഞ്ഞിരിക്കുമ്പോൾ എന്ത് തോന്നുന്നുവെന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ. 'കഴിഞ്ഞ 100 ദിവസങ്ങളായി ഉറങ്ങുന്നതും ഉണരുന്നതും പേളിയുടെ മുഖം കണ്ടാണ്. നാളെ മുതൽ പേളി ഒപ്പമുണ്ടെന്ന് വിചാരിച്ച് ഉണരണം. സംസാരിക്കുന്നത് ഫോണിലൂടെയും ആവാമല്ലോ.' എന്നും ശ്രീനിഷ് പറഞ്ഞിരുന്നു. ഇതെല്ലാം നാടകമല്ലെന്ന് ഉറപ്പാക്കുന്ന തരത്തിലാണ് ശ്രീനീഷ് കല്യാണക്കാര്യത്തിൽ വ്യക്തത വരുത്തുന്നത്.