തിരുവനന്തപുരം:  മലയാളത്തിന്റെ പ്രിയ കവിയും സാമൂഹിക, പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരിയെ കേരളപ്പിറവി ദിനത്തിൽ ആദരിക്കുന്നു. പവിഴമല്ലി– മലയാളത്തിന്റെ സുഗന്ധം എന്ന പേരിൽ ഇന്ന്‌ കനകക്കുന്ന് കൊട്ടാരത്തിൽ സ്ത്രീ കൂട്ടായ്മയുടെ നേതൃത്വത്തിലാണു രാവിലെ മുതൽ വൈകിട്ടു വരെ നീളുന്ന പരിപാടികൾ.

പരിസ്ഥിതി പ്രവർത്തക ഡോ. വന്ദന ശിവ രാവിലെ 10.30നു പരിപാടി ഉദ്ഘാടനം ചെയ്യും. കെ.എസ്. ചിത്രയുടെ നേതൃത്വത്തിൽ എംബിഎസ് ക്വയർ ബാലവിഭാഗം കവിതാലാപനം നടത്തും. 11.30ന് അക്ഷരക്കൂട്ടം സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും. സാഹിത്യരംഗത്തെ സുഗതകുമാരിയുടെ സംഭാവനകൾ ഇതിൽ ചർച്ച ചെയ്യും.

ഉച്ചയ്ക്ക് 2.30നു പ്രകൃതീയം മേധ പട്കർ ഉദ്ഘാടനം ചെയ്യും. സുഗതകുമാരിയുടെ പരിസ്ഥിതി പ്രവർത്തനം ചർച്ച ചെയ്യുന്ന സെഷനാണിത്. തുടർന്നു നാടകം – ഇടനിലങ്ങൾ. വൈകിട്ട് 4.30നു സ്നേഹസംഗമത്തിൽ വിവിധ രംഗങ്ങളിലെ പ്രഗത്ഭർ സുഗതകുമാരിക്കു സ്നേഹാശംസകളുമായി ഒത്തു ചേരുന്നു. ജി. വേണുഗോപാൽ പവിഴമല്ലി എന്ന കവിത ചൊല്ലി സംഗമത്തിനു തുടക്കമിടും. തുടർന്നു സുഗതകുമാരിയുടെ മറുപടി. 5.45നു നൃത്തശിൽപം, 6.30നു ഷഹബാസ് അമന്റെ ഗസൽസന്ധ്യയോടെയാണു പരിപാടികളുടെ സമാപനം. സുഗതകുമാരിയുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങൾ അടയാളപ്പെടുത്തുന്ന ‘സുഗതം' ചിത്രപ്രദർശനവും കനകക്കുന്നിൽ സംഘടിപ്പിച്ചിട്ടുണ്ട്