മുംബൈ; മത്സരിക്കാനില്ലെന്ന് ആവർത്തിക്കുമ്പോഴും ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻസിപി അധ്യക്ഷൻ ശരദ്പവാർ പുണെ സീറ്റിൽ അങ്കത്തിനിറങ്ങിയേക്കുമെന്നു ശക്തമായ സൂചന.എൻ.സി.പി. ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെക്കുറിച്ച് മുബൈയിൽ നടന്ന നേതൃത്വയോഗത്തിൽ ധാരണയായപ്പോൾ ഇത്തവണയും മത്സരിക്കാനില്ലെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇതിനെ പാടെ തള്ളുന്ന സൂചനകളാണ് നിലവിൽ പുറത്തുവരുന്നത്. കഴിഞ്ഞ തവണ കോൺഗ്രസ് മത്സരിച്ച പുണെ സീറ്റ് എൻസിപി ആവശ്യപ്പെടുന്നതിനു പിന്നിൽ പവാറിന്റെ താൽപര്യമാണെന്നാണു വിവരം.

പവാറിനെ പ്രതീക്ഷിക്കുന്നതു കൊണ്ടാവാം, 3 ലക്ഷത്തോളം വോട്ടിനു ജയിച്ച സിറ്റിങ് എംപി അനിൽ ഷിരോളെയെ മാറ്റി നടി മാധുരി ദീക്ഷിതിനെ പുണെയിൽ ബിജെപി പരിഗണിച്ചതും. എന്നാൽ, മത്സരിക്കുന്നില്ലെന്നു മാധുരിയുടെ വക്താവ് വ്യക്തമാക്കിയിരുന്നു. ഇതോടെ ഈ നീക്കം ബിജെപിക്ക് തിരിച്ചടിയാകുകയായിരുന്നു.

പവാറിന്റെ തട്ടകമായ ബാരാമതിയിൽ മകൾ സുപ്രിയ സുലെ തന്നെയായിരിക്കും ഇത്തവണയും സ്ഥാനാർത്ഥി. ഇക്കുറി പുണെ ലോക്സഭാ മണ്ഡലത്തിൽ പവാർ മത്സരിക്കുമെന്ന് പ്രചരിച്ചിരുന്നു. അദ്ദേഹം മത്സരിച്ചാൽ പാർട്ടിക്ക് ഉണർവുണ്ടാവുമെന്ന് നേതൃത്വ യോഗത്തിലും അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ അതെല്ലാം തള്ളിക്കൊണ്ടാണ് മത്സരത്തിനില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നത് എന്നാൽ നിലവിലത്തെ സാഹചര്യത്തിൽ പവാർ മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

അവസാന നിമിഷം പവാർ കളത്തിലിറങ്ങിയേക്കുമെന്നും പ്രധാനമന്ത്രി പദം കാംക്ഷിക്കുന്നുണ്ടെങ്കിൽ അദ്ദേഹം ലോക്‌സഭയിൽ ഉണ്ടാകണമെന്ന് എൻസിപി ആഗ്രഹിക്കുന്നതായും പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത കോൺഗ്രസ് മുൻ മന്ത്രി പറയുന്നു. 2004, 2009 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ സുരേഷ് കൽമാഡി വിജയിച്ച മണ്ഡലാണു കഴിഞ്ഞതവണ ബിജെപി പിടിച്ചെടുത്തത്.

മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഏക്നാഥ് ഖഡ്സെ കോൺഗ്രസിന്റെ പഴയ ക്ഷണം പരിഗണിക്കുന്നു എന്ന് അഭ്യൂഹം. ഒരാൾ എല്ലാകാലത്തും ഒരേ പാർട്ടിയിൽ തുടരണമെന്ന് നിർബന്ധമില്ലെന്നു ഭുസാവലിൽ ലേവാ പാട്ടീൽ സമുദായാംഗങ്ങളുടെ സമ്മേളനത്തിൽ ഖഡ്സെ പറഞ്ഞതാണു ചർച്ചയാകുന്നത്. പരിപാടിയിൽ പങ്കെടുത്ത മുൻ കോൺഗ്രസ് എംപി ഉല്ലാസ് പാട്ടീൽ ഖഡ്സെയെ പാർട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

കഴിഞ്ഞ ജനുവരിയിലാണു കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അശോക് ചവാൻ ഖഡ്സെയെ കോൺഗ്രസിലേക്കു ക്ഷണിച്ചത്. ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിസഭയിൽ രണ്ടാമനായി കരുതപ്പെട്ടിരുന്ന ഖഡ്സെ അഴിമതി ആരോപണങ്ങളെ തുടർന്നു 2016ൽ റവന്യു മന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു. ഖഡ്സെ തിരിച്ചുവരവ് കാത്തിരിക്കുകയാണെങ്കിലും പാർട്ടി നേതൃത്വം അവഗണിക്കുകയാണ്. സ്വന്തം തട്ടകമായ ജൽഗാവ്, ധുലെ എന്നിവിടങ്ങളിൽ ഈയിടെ നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പു പ്രചാരണങ്ങളിലും പാർട്ടി നേതൃത്വം ഖഡ്സെയെ തഴഞ്ഞു. ഖഡ്സെ ഉൾപ്പടുന്ന ലേവ പാട്ടീൽ സമുദായത്തിന് ഉത്തര മഹാരാഷ്ട്രയിലെ ജൽഗാവ്, ധുലെ, നന്ദുർബാർ ജില്ലകളിൽ കാര്യമായ സാന്നിധ്യമുണ്ട്.

അരനൂറ്റാണ്ടോളമായി രാഷ്ട്രീയരംഗത്ത് സജീവമായ ശരദ് പവാർ നിലവിൽ രാജ്യസഭാംഗമാണ്. 2014-ലാണ് അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1991 മുതൽ 2009 വരെ ബാരാമതി ലോക്സഭാ മണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്ന പവാർ 2014-ലെ തിരഞ്ഞെടുപ്പിൽ മകൾ സുപ്രിയ സുലെയെ ഇവിടെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. മോദി തരംഗത്തിലും ബാരാമതി മണ്ഡലം നിലനിർത്താൻ പവാർ കുടുംബത്തിനായി. കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിലാണ് പവാർ മത്സരരംഗത്തു നിന്നും മാറിയത്. കഴിഞ്ഞതവണ കോൺഗ്രസ് 27 സീറ്റുകളിലും എൻ.സി.പി. 21 സീറ്റുകളിലുമാണ് മത്സരിച്ചത്. എന്നാൽ എൻ.സി.പി.നാല് സീറ്റുകളിൽ മാത്രമാണ് ജയിച്ചത്.

മാവൽ മണ്ഡലത്തിൽ അജിത് പവാറിന്റെ മകൻ പാർഥ് പവാറിനെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദേശത്തേയും ശരദ്പവാർ എതിർത്തിരുന്നു. പവാർ കുടുംബത്തിൽ നിന്നുള്ളവർ മാത്രം മത്സരിച്ചാൽ മറ്റു നേതാക്കൾക്ക് അവസരം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നാസിക്കിൽ ഛഗൻ ഭുജ്ബൽ, റായ്ഗഢിൽ സുനിൽ തട്കരെ അല്ലെങ്കിൽ ഭാസ്‌കർ ജാദവ്, ജൽഗാവിൽ ഡോ.സതീഷ് പാട്ടീൽ, സത്താറയിൽ ശ്രീനിവാസ് പാട്ടീൽ, മാവലിൽ ദിലീപ് വത്സെ പാട്ടീൽ, മാധയിൽ രഞ്ജിത് സിങ് മൊഹിതെ പാട്ടീൽ എന്നിവരാണ് പരിഗണനയിൽ. സത്താറയിൽ നിന്നുള്ള സിറ്റിങ് എംപി. ഉദയ് രാജ് ഭോസ്‌ലെ, കോലാപ്പുരിലെ സിറ്റിങ് എംപി.ധനഞ്ജയ് മഹാദിക് എന്നിവരെ ഒഴിവാക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.