- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിരമിച്ച ശേഷവും ശമ്പളവും പെൻഷനും കിട്ടുന്ന കെ.എം.എബ്രഹാം മോഡൽ വീണ്ടും; കേരള റബർ ലിമിറ്റഡ് ചെയർ പേഴ്‌സൺ ഷീല തോമസിന് ശമ്പളം രണ്ടുലക്ഷം; ഒരുലക്ഷം രൂപ പെൻഷനും; പിണറായി സർക്കാരിൽ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥർ കോളടിക്കുന്ന വ്യവസ്ഥകൾ ഇങ്ങനെ
തിരുവനന്തപുരം : കേരള റബർ ലിമിറ്റഡ് ചെയർ പേഴ്‌സൺ ഷീല തോമസിന് ശമ്പളം നിശ്ചയിച്ച് ഉത്തരവിറങ്ങി. പ്രതിമാസ ശമ്പളം 2 ലക്ഷം രൂപയാണ്. പുനർ നിയമനം അല്ലാത്തതിനാൽ ഐ എ എസ് ഉദ്യോഗസ്ഥയായ ഇവർക്ക് വിരമിച്ച വകയിൽ പെൻഷനും ശമ്പളത്തോടൊപ്പം ലഭിക്കും. ഒരു ലക്ഷം രൂപയാണ് ഷീല തോമസിന്റെ പെൻഷൻ.
വിരമിച്ച ഐ എ എസ് ഉദ്യോഗസ്ഥർ പലർക്കും സർക്കാർ സർവീസിൽ നിയമനം നൽകാറുണ്ട്. പുനർ നിയമന വ്യവസ്ഥയിലാണ് നിയമനം നൽകാറുള്ളത്. വിരമിച്ച മാസത്തെ ശമ്പളമായിരിക്കും ഇങ്ങനെ കയറുന്നവർക്ക് ലഭിക്കുക. പെൻഷന് അർഹതയുണ്ടായിരിക്കുകയില്ല. ചീഫ് സെക്രട്ടറിയായി വിരമിച്ച ഡോ.കെ. എം. എബ്രഹാം കിഫ് ബി സി.ഇ. ഒ ആയത് കരാർ നിയമനത്തിൽ ആയിരുന്നു.
2.75 ലക്ഷം രൂപ പ്രതിമാസ ശമ്പളത്തിൽ 2018 ൽ കിഫ് ബി സിഇഒ ആയ എബ്രഹാമിന് പുനർ നിയമന വ്യവസ്ഥ അല്ലാത്തതു കൊണ്ട് പെൻഷനും ലഭിക്കും. ഓരോ വർഷവും പത്ത് ശതമാനം ശമ്പള വർദ്ധനവും എബ്രഹാമിന് ലഭിക്കും. ശമ്പളവും പെൻഷനും ലഭിക്കുന്ന എബ്രഹാം മോഡൽ എന്നറിയപ്പെടുന്ന ഈ രീതിയാണ് വിരമിച്ചതിനുശേഷം നിയമനം ലഭിക്കുന്ന ഐ എ എസ് ഉദ്യോഗസ്ഥർ പിന്തുടരുന്നത്.
വിരമിച്ചതിനു ശേഷം ഭരണപരിഷ്‌കാര കമ്മീഷൻ മെമ്പർ സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്നു ഷീല തോമസ്. വി എസ് അച്യുതാനന്ദൻ ചെയർമാനായ ഭരണപരിഷ്‌കാര കമ്മീഷനു വേണ്ടി 10 കോടി രൂപയാണ് സർക്കാർ ചെലവാക്കിയത്. സിയാൽ മോഡലിൽ സ്ഥാപിച്ച കമ്പനിയാണ് കേരള റബർ ലിമിറ്റഡ്.
റബറിൽ നിന്ന് മൂല്യവർദ്ധിത ഉൽപന്നങ്ങൾ തയ്യാറാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. കമ്പനിയുടെ കീഴിൽ ഉൽപാദനത്തിനായി ഓഫ് റോഡ് ടയറുകൾ, ഹീറ്റ് റസിസ്റ്റൻസ് ലാറ്റക്‌സ് ത്രെഡ്, മെഡിക്കൽ ഗ്ലൗസ് എന്നിവയെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. കേരള റബർ ലിമിറ്റഡ് പദ്ധതിക്ക് 1050 കോടി രൂപയാണ് ചെലവ് പ്രതിക്ഷിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായിരിക്കും പദ്ധതി നടപ്പാക്കുക.