മെൽബൺ: മൊബൈൽ ഫോണുകൾ നിത്യജീവിതത്തിന്റെ ഭാഗമായതോടെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ പേ ഫോൺ ബൂത്തുകൾക്ക് പുനർജന്മം. വെറുതെ കിടക്കുന്ന പേ ഫോൺ ബൂത്തുകൾ വൈ ഫൈ ഹോട്ട് സ്‌പോട്ടുകളാക്കിക്കൊണ്ടുള്ള പദ്ധതിയുമായി ടെൽസ്ട്ര രംഗത്തെത്തുകയാണ്. അടുത്ത അഞ്ചു വർഷത്തോടെ രാജ്യമെമ്പാടും രണ്ടു മില്യനോളം വൈ ഫൈ ഹോട്ട് സ്‌പോട്ടുകൾ നിർമ്മിക്കാനുള്ള 100 മില്യൺ ഡോളറിന്റെ പദ്ധതി ടെൽസ്ട്ര നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പേ ഫോൺ ബൂത്തുകൾ വൈ ഫൈ ഹോട്ട് സ്‌പോട്ടുകളാകുന്നത്.

കഴിഞ്ഞ മേയിലാണ് ടെൽസ്ട്ര 100 മില്യൺ ഡോളറിന്റെ പദ്ധതി പ്രഖ്യാപിക്കുന്നത്. ഇതിന്റെ ഭാഗമായി പബ്ലിക് ഏരിയകളിൽ എണ്ണായിരത്തോളം ഹോട്ട് സ്‌പോട്ടുകൾ നിർമ്മിക്കാൻ തയാറെടുക്കുകയാണ് കമ്പനി. ആദ്യപടിയായി നൂറ് ഹോട്ട് സ്‌പോട്ടുകൾ ഏതാനും ആഴ്ചകൾക്കുള്ളിൽ തയാറാവുമെന്ന് ടെൽസ്ട്ര ഗ്രൂപ്പ് എക്‌സിക്യട്ടീവ് (റീട്ടെയ്ൽ) ഗോർഡൻ ബാലൻടൈൻ വ്യക്തമാക്കി. ഇതിൽ മിക്കവയും പേ ഫോൺ ബൂത്തുകൾ മാറ്റിയെടുക്കുന്നവയായിരിക്കുമെന്നും ഗോർഡൻ ചൂണ്ടിക്കാട്ടി.

സ്മാർട്ട്‌ഫോണിന്റെ തള്ളിക്കയറ്റത്തോടെ വിസ്മൃതിയിലായ പേ ഫോൺ ബൂത്തുകളാണ് ഇത്തരം വൈ ഫൈ ഹോട്ട് സ്‌പോട്ടുകൾക്ക് ഏറ്റവും ഉചിതമായതെന്നാണ് കമ്പനി കണ്ടെത്തിയത്. ഇവയിൽ മിക്കവയും ഏറെ തിരക്കേറിയ മേഖലകളിലും ഹൈ സ്പീഡ് ഫൈബർ കേബിൾ സൗകര്യവും ഉള്ളവയാണ് എന്നതാണ് മെച്ചം.

ഇത്തരം വൈ ഫൈ ഹോട്ട് സ്‌പോട്ടുകളിൽ 100 മീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് ലഭ്യമാകും.  ശരാശരി സെക്കൻഡിൽ രണ്ട് മെഗാബിറ്റ്‌സ് എന്ന വേഗത്തിലായിരിക്കും ഇന്റർനെറ്റ് കണക്ഷൻ ലഭിക്കുക. ടെൽസ്ട്ര ഷോപ്പുകൾ, എക്‌സ്‌ചേഞ്ച് ബിൽഡിംഗുകൾ എന്നിവിടങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ക്രിസ്മസ് ആകുമ്പോഴേയ്ക്കും ആയിരം ഹോട്ട് സ്‌പോട്ടുകൾ നിലവിൽ വരുത്തുമെന്നാണ് ബാലൻടൈൻ പറയുന്നത്. സിഡ്‌നി ബോണ്ടി ബീച്ച്, മെൽബൺ ബൂർക്ക് സ്ട്രീറ്റ് മാൾ, അഡ്‌ലൈഡ് റൺഡിൽ മാൾ എന്നിവിടങ്ങളിൽ പരീക്ഷണാർഥം ഹോട്ട് സ്‌പോട്ടുകൾ ഉടൻ തന്നെ നിലവിൽ വരുത്തും. പെർത്ത്, ബ്രിസ്‌ബേൻ, ഹോബാർട്ട്, കാൻബറ, ഡാർവിൻ എന്നിവിടങ്ങളിലെ പ്രധാന മേഖലകളിലും പ്രശസ്തമായിട്ടുള്ള ഹോളിഡേ സ്‌പോട്ടുകളിലും വൈ ഫൈ ഉടൻ തന്നെ ലഭ്യമാക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടങ്ങളിൽ പരീക്ഷണാർഥം വൈ ഫൈ ലഭ്യമാക്കുന്നതിനാൽ ഏവർക്കും സൗജന്യമായി തുടക്കത്തിൽ ഇന്റർനെറ്റ് ലഭിക്കും. അടുത്ത വർഷം മുതൽ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോൾ മുതൽ ബാൻഡ് വിഡ്ത്ത് ഷെയർ ചെയ്യുന്ന എല്ലാ ടെൽസ്ട്ര കസ്റ്റമേഴ്‌സിനും ഏതു ഹോട്ട് സ്‌പോട്ടിലും ഇന്റർനെറ്റ് ലഭ്യമാകും. അവരുടെ ഉപയോഗത്തിനനുസരിച്ച് പിന്നീട് ബിൽ വരും. ടെൽസ്ട്ര കസ്റ്റമേഴ്‌സ് അല്ലാത്തവർക്കും വൈ ഫൈ ലഭ്യമാക്കാനുള്ള സൗകര്യം ഇവിടെ ഉണ്ടായിരിക്കും. എന്നാൽ അവർക്ക് എത്രയാണ് ഫീസ് എന്നുള്ളത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.