ന്യൂഡൽഹി: ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്റ്റാർട്ടപ്പായ പേയ്ടിഎമ്മിന്റെ ഓഹരി വിൽപനയിൽ പണംവാരി കമ്പനിയുടെ ജീവനക്കാർ. 500 കോടിയുടെ ഓഹരി വിൽപ്പന പൂർത്തിയായപ്പോൾ കമ്പനി കോടിപതികളേയും ലക്ഷാധിപതികളേയും കൊണ്ടു നിറഞ്ഞു. പേയ്ടിഎമ്മിന്റെ നിലവിലുള്ളതും മുൻപുള്ളതുമായ നൂറോളം ജീവനക്കാർ ലക്ഷാധിപതികളായപ്പോൾ ജീവനക്കാരിൽ ഇരുപതിലധികം കോടീശ്വരന്മാരും ഉണ്ട്.

എംപ്ലോയി സ്റ്റോക് ഓണർഷിപ് പദ്ധതി പ്രകാരം പേയ്ടിഎമ്മിൽ നടത്തുന്ന രണ്ടാമത്തെ വിൽപനയാണിത്. കഴിഞ്ഞവർഷം മാർച്ചിലായിരുന്നു ആദ്യഘട്ടം. രണ്ടു ഘട്ടങ്ങളിലായി 500 കോടി രൂപയുടെ വിൽപന നടന്നു. പേയ്ടിഎം കാനഡ ചീഫ് എക്‌സിക്യൂട്ടീവ് ഹരീന്ദർ ടാഖറിനു ലഭിച്ച 40 കോടി രൂപയാണു പുറത്തറിഞ്ഞതിൽ ഏറ്റവും വലിയ തുക. പേടിഎമ്മിന്റെ പുതിയ സെക്കൻഡറി ഓഹരി വിൽപ്പന മുഖേന 20-25 പേർക്ക് ഒരു ദശലക്ഷം ഡോളറിലധികം ഏകദേശം ആറു മുതൽ ഏഴ് കോടി രൂപ വരെ ലഭിച്ചിട്ടുണ്ട്.

അതേസമയം ഇന്ത്യയിലെ ഓഫിസ് ബോയിയായി ജോലിചെയ്യുന്ന യുവാവിന് 20 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. പുതിയ സംരംഭകരായ ഡിസ്‌കവറി ക്യാപിറ്റലാണ് ഓഹരി വാങ്ങിയത്. കമ്പനിയുടെ ഏറ്റവും പുതിയ സെക്കൻഡറി ഓഹരി വിൽപ്പന വഴി 300 കോടി രൂപയാണ് ലഭിച്ചത്. ഇതോടെ പേടിഎമ്മിന്റെ മൂല്യം പത്ത് ബില്ല്യൺ ഡോളറായി.

കഴിഞ്ഞ മാർച്ചിൽ സോഫ്റ്റ്ബാങ്കിൽ നിന്ന് നിക്ഷേപം സമാഹരിച്ചതിനെ തുടർന്ന് കമ്പനി നേടിയ മൂല്യത്തിനേക്കാൾ മൂന്ന് ബില്യൺ ഡോളർ കൂടുതലാണിത്. ഇതിനു മുമ്പ് കഴിഞ്ഞ വർഷം മധ്യത്തിൽ പേടിഎമ്മിന്റെ ഓഹരി വിൽപ്പന നടന്നിരുന്നു. 200 കോടി രൂപയാണ് അന്ന് നേടിയത്.

പേടിഎമ്മിന്റെ രണ്ടാമത്തെ ഇസോപ് ( എംപ്ലോയി സ്‌റ്റോക്ക് ഓണർഷിപ്പ് പ്ലാൻ) സെയിൽ ആണ് ഇത്. ജീവനക്കാർക്ക് കമ്പനിയുടെ ഓഹരികളാണ് കൈവശം വെക്കാനും ഒരു നിർദ്ദിഷ്ട സമയം കഴിയുമ്പോൾ അവ മറ്റ് നിക്ഷേപകർക്ക് വിറ്റ് പണം സമ്പാദിക്കാനും അവസരം ഒരുക്കുന്ന ഒരു സാമ്പത്തിക ഉപാധിയാണ് ഇസോപ്.