കണ്ണൂർ: കണ്ണൂർ ആയിക്കരയിൽ ഹോട്ടലുടമയെ കുത്തിക്കൊന്നതിന് പിന്നിൽ വാഹനം പാർക്ക് ചെയ്യുന്നതുമായുള്ള തർക്കത്തെ തുടർന്ന്. സംഭവത്തിൽ കണ്ണൂർ സിറ്റി സ്വദേശികളായ രണ്ട് പേർ പിടിയിലായി. അർദ്ധരാത്രി 12.30 തോടെയാണ് സംഭവം. പയ്യാമ്പലത്തെ സുഫിമക്കാനി ഹോട്ടൽ ഉടമ തായത്തെരുവിലെ ജസീറാണ്(35) കൊല്ലപ്പെട്ടത്.

കണ്ണൂർ സിറ്റി സ്വദേശികളായ റാബിഹ്, ഹനാൻ എന്നിവരാണ് പിടിയിലായത്. രാത്രി 12.25 ഓടെ ഹോട്ടൽ അടച്ച് വീട്ടിലേക്ക് മടങ്ങവെ ആയിക്കര മത്സ്യ മാർക്കറ്റിന് സമീപത്ത് വച്ച് പ്രതികൾ കാർ തടഞ്ഞ് നിർത്തി അക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ മത്സ്യ മാർക്കറ്റിലെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ജസീറിനെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. റോഡ് സൈഡിൽ വാഹനം പാർക്ക് ചെയ്യുന്നതുമായുള്ള തർക്കമാണ് പിന്നീട് കൊലപാതകത്തിലെത്തിയതെന്നാണ് പ്രഥമിക നിഗമനം. ജാസിറിനെ കുത്തി പ്രതികൾ ഓടി രക്ഷപെടുന്നത് സമീപത്തെ കടയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതാണ് പ്രതികളെ തിരിച്ചറിയാൻ കാരണം.

കൂടുതൽ പേർ സംഭവത്തിൽ ഉൾപെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുവെന്നും പൊലീസ് പറഞ്ഞു. കണ്ണൂർ സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മിഷണർ പി.പി സദാനന്ദന്റെ നേതൃത്വത്തിലാണ് പ്രതികളെ പൊലിസ് ചോദ്യം ചെയ്തു വരുന്നത്. വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് കുറ്റാരോപിതർ പൊലിസിന് നൽകിയ മൊഴി.

ഹോട്ടലിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്നലെ രാത്രി 12.30 ഓടെ ആയിക്കര മത്സ്യ മാർക്കറ്റിന് സമീപത്താണ് കൊലപാതകം നടന്നത്. ബഹളം കേട്ട് ഓടിയെത്തിയ മത്സ്യ മാർക്കറ്റിലെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ജസിറിനെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൊല്ലപ്പെട്ട ഹോട്ടൽ ഉടമയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.