കണ്ണൂർ: രാജിയും ഒരു രാഷ്ട്രീയ പ്രവർത്തനമാണെന്ന് പ്രഖ്യാപിച്ച് പൊതുപ്രവർത്തനത്തിൽ നിന്നും മാറി നിൽക്കുന്ന മുൻ ഏരിയാ സെക്രട്ടറി വി.കുഞ്ഞികൃഷ്ണൻ സിപിഎമ്മിന് തലവേദനയാകുന്നു. ഇതോടെ പയ്യന്നൂരിലെ പാർട്ടി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ വി.കുഞ്ഞികൃഷ്ണനെതിരെ സിപിഎം സ്വീകരിച്ച അച്ചടക്കനടപടിക്കെതിരെ അണികളുടെയും പ്രവർത്തകരുടെയും രോഷപ്രകടനം സോഷ്യൽ മീഡിയയിൽ ശക്തമാവുകയാണ്. പയ്യന്നൂരിലെ സിപിഎമ്മിന്റെ ചരിത്രത്തിൽ ഇന്നുവരെയില്ലാത്ത പരസ്യമായ വിഭാഗീയതയാണ് സോഷ്യൽ മീഡിയിലൂടെ അണികളുടെ നേതൃത്വത്തിനെതിരെ നടത്തുന്നത്.

ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ട വി.കുഞ്ഞികൃഷ്ണനെ സത്യത്തിന് വേണ്ടി നിലകൊണ്ടതിന് പാർട്ടിക്ക് പുറത്തു പോകേണ്ടി വന്ന നേതാവെന്നാണ് വെള്ളൂർ മേഖലയിലെ പ്രവർത്തകർ തങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വിശേഷിപ്പിക്കുന്നത് പാർട്ടി മൂല്യങ്ങൾ കാത്തുസൂക്ഷിച്ചതിന് നേതൃത്വത്തിന്റെ അച്ചടക്ക നടപടിക്കിരയായ നേതാവാണെന്നാണ് വി.കുഞ്ഞികൃഷ്ണനെ പയ്യന്നുരിലാകമാനമുള്ള പാർട്ടി അണികൾ വിലയിരുത്തുന്നത്.

സത്യത്തിന് വേണ്ടി നിലകൊണ്ടതിന് അനീതിക്കിരയായി പുറത്താക്കപ്പെട്ട ജീവിക്കുന്ന രക്തസാക്ഷിയായും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നവരുണ്ട്. എന്തു തന്നെയായാലും പയ്യന്നൂരിലെ പാർട്ടി ഫണ്ട് തട്ടിപ്പ് വിവാദം അവസാനിപ്പിക്കുന്നതിനായി സിപിഎം സ്വീകരിച്ച നടപടി മുറിവിന്മേൽ ഉപ്പു തേയ്ക്കുന്ന സാഹചര്യമുണ്ടാക്കിയിട്ടുണ്ട്.

താൻ അരനുറ്റാണ്ടുകാലത്തെ പൊതുപ്രവർത്തനം അവസാനിപിക്കുന്നുവെന്ന വി.കുഞ്ഞികൃഷ്ണന്റെ തീരുമാനം പയ്യന്നുരിലെ പാർട്ടി പ്രവർത്തകരിലും അനുഭാവികൾക്കിടെയിലും കനത്ത ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഏരിയാ കമ്മിറ്റി വിളിച്ചു ചേർത്ത ലോക്കൽ ജനറൽ ബോഡി യോഗങ്ങളിൽപരാതിക്കാരനായ മുൻ ഏരിയാ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനെ നീക്കം ചെയ്തത് എന്തിനാണെന്ന പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുൻപിൽ നേതൃത്വം കൃത്യമായ മറുപടി നൽകാനാവാതെ ഉരുണ്ട് കളിച്ചിരുന്നു. എം.വി ജയരാജൻ' അടക്കമുള്ള  ജില്ലാ നേതാക്കളുടെ വൻനിരയാണ് ജനറൽ ബോഡി യോഗത്തിൽ അച്ചടക്ക നടപടിയെ കുറിച്ചുള്ള റിപ്പോർട്ടിങ്ങിനായി എത്തിയത്. ചിലയിടങ്ങളിൽ മണിക്കുറുകളോളം യോഗം നീണ്ടു പോയിരുന്നു.

ഇതിനിടെ ഗുരുതര സാമ്പത്തിക കൃത്യവിലോപം നടത്തിയെന്ന കുറ്റാരോപിതനായ ടി.ഐ.മധുസൂദനൻ എംഎൽഎയ്‌ക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ വേണമെന്ന് പ്രവർത്തകരിൽ ചിലർ ആവശ്യപ്പെട്ടു രംഗത്തുവന്നിട്ടുണ്ടെന്നാണ് വിവരം. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്കാണ് മധുസൂദനനെ തരംതാഴ്‌ത്തിയത് പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനേയും മാറ്റിയതാണ് അണികളിൽ അതൃപ്തി പടരാൻ ഇടയാക്കിയത്. പകരം സംസ്ഥാന സമിതി അംഗം ടി.വി. രാജേഷിന് ഏരിയാ കമ്മിറ്റിയുടെ ചുമതല നൽകി. രണ്ട് ഏരിയാ കമ്മിറ്റി അംഗങ്ങളേയും തരംതാഴ്‌ത്തി. മൂന്ന് അംഗങ്ങൾക്ക് പരസ്യശാസനയാണ് പാർട്ടി നടപടിയായി സ്വീകരിച്ചത്.

സ്ഥാനാർത്ഥി എന്ന നിലിയിലും പാർട്ടിയുടെ മുതിർന്ന അംഗം എന്ന നിലയിലും ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത പുലർത്തിയില്ല എന്ന കാരണത്തിലാണ് മധുസൂദനൻ എംഎൽഎക്കെതിരെ നടപടി എടുത്തത്. പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിനായി സിപിഎം നടത്തിയ ചിട്ടിയിൽ 80 ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നുവെന്നും ഒരു നറുക്കിന് വേണ്ടി പിരിച്ച തുക പൂർണ്ണമായും ചിട്ടി കണക്കിൽ ഉൾപ്പെടുത്തിയില്ലെന്നുമാണ് ആരോപണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ച രണ്ട് രസീത് ബുക്കുകളുടെ കൗണ്ടർ ഫോയിലുകൾ തിരിച്ചെത്താതെ വന്നതോടെയാണ് തിരഞ്ഞെടുപ്പ് ഫണ്ടിലെ തിരിമിറയും പുറത്തായത്.

തിരഞ്ഞെടുപ്പ് ഫണ്ട് പിരിവിലും പാർട്ടി ഓഫീസ് നിർമ്മാണഫണ്ട് ശേഖരണത്തിനായി നടത്തിയ കുറിയിലും നടന്ന തട്ടിപ്പിനും പുറമേ രക്തസാക്ഷി ഫണ്ട് വകമാറ്റിയെടുക്കാനുള്ള ശ്രമം നടന്നതായ ആരോപണങ്ങൾ പയ്യന്നൂരിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പിരിച്ച ഒരുകോടിയോളം രൂപയുടെ കാര്യത്തിലാണ് ആരോപണം. വീടുനിർമ്മാണത്തിനും കുടുംബാംഗങ്ങൾക്കു നൽകിയ ഫണ്ടിന്റെയും ബാക്കി രണ്ടുനേതാക്കളുടെ പേരിൽ സ്ഥിരനിേക്ഷപമായി മാറ്റിയെന്നാണ് പരാതി.

നാലുവർഷംമുമ്പ് ആ നിക്ഷേപത്തിന്റെ പലിശയിൽ വലിയ ഭാഗം രണ്ടുനേതാക്കളിൽ ഒരാളുടെ സ്വന്തം അക്കൗണ്ടിലേക്കു മാറ്റി. ഇതേസമയം, രക്തസാക്ഷി ധനരാജിന്റെ കുടുംബത്തിന് മുതലും പലിശയും കൂട്ടുപലിശയും ചേർന്ന് 14 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടായിരുന്നു. അത് അടച്ചില്ലെന്നു മാത്രമല്ല, പിരിച്ച തുകയുടെ വലിയഭാഗം പിൻവലിക്കുകയുംചെയ്തു.

കേസ് നടത്തിപ്പിനാണ് തുക പിൻവലിച്ചതെന്ന വാദം ഇപ്പോൾ നേതാക്കൾ ഉയർത്തുന്നുണ്ട്. ഏതായാലും വ്യക്തമായ ഉത്തരംപറയാനില്ലാത്ത സ്ഥിതിയിലാണ് ആരോപണ വിധേയരും പാർട്ടി നേതൃത്വവും സിപിഎമ്മിന്റെ സംസ്ഥാനത്തെ ഏറ്റവുംവലുതും സൗകര്യമുള്ളതുമായ ഏരിയാകമ്മിറ്റി ഓഫീസാണ് പയ്യന്നൂരിലേത്. ഇതിന്റെ നിർമ്മാണത്തിനായി കുറി സംവിധാനത്തിലാണ് പണം പിരിച്ചത്. ആയിരം പേരിൽനിന്ന് 15,000 രൂപവീതം. അതിൽ ഒരു കുറിയിലാണ് കൃത്രിമം നടത്തിയത്.

പാർട്ടി തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണത്തിനായി വ്യാജ രസീത് ബുക്ക് അടിച്ചുനൽകിയതും പിടിക്കപ്പെട്ടു. നിലവിൽ ഏരിയാസെക്രട്ടറി ആയിരുന്ന വി. കുഞ്ഞികൃഷ്ണനും നേരത്തേ നടപടിക്കു വിധേയനായ മുൻ ഏരിയാസെക്രട്ടറി കെ.പി. മധുവും തമ്മിലുള്ള ശീതസമരമാണ് പ്രശ്നങ്ങൾക്കു തുടക്കമിട്ടതെന്ന് പാർട്ടിക്കുള്ളിൽ അന്നേ അണിയറ ചർച്ചയുയർന്നിരുന്നു. സാമ്പത്തികകുറ്റം ചൂണ്ടിക്കാണിച്ചത് കുറ്റമായി കണ്ട് നടപടിയെടുത്തതിൽ പ്രതിഷേധിച്ച് 50 വർഷത്തിലേറെ നീണ്ട പൊതുപ്രവർത്തനത്തിന് വിരാമമിട്ട് വി.കുഞ്ഞിക്കൃഷ്ണൻ പുറത്തു പോകുന്നത്.

കഴിഞ്ഞ ദിവസം നടന്ന വെള്ളൂർ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇതു തന്റെ പാർട്ടിയുമായി ബന്ധപ്പെട്ട അവസാന യോഗമാണെന്ന് അദ്ദേഹം അറിയിച്ചത്. പാർട്ടി ഏരിയ കമ്മിറ്റി യോഗത്തിൽ രാജിസന്നദ്ധത അറിയിച്ചതിനുശേഷമാണ് പൊതുവർത്തനം അവസാനിപ്പിക്കുന്നതായുള്ള നിലപാട് ബോർഡ് യോഗത്തിൽ അദ്ദേഹം വ്യക്തമാക്കിയത്. ഫണ്ടു വെട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ച പരാതി കുഞ്ഞിക്കൃഷ്ണൻ തെളിവ് സഹിതം ജില്ലാ കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം നടന്ന മൂന്നംഗ സമിതിയുടെ ഓഡിറ്റിംഗിന് നേതൃത്വം നൽകിയതും സിപിഎം പയ്യന്നൂർ ഏരിയ സെക്രട്ടറിയായിരുന്ന കുഞ്ഞിക്കൃഷ്ണനാണ്. എന്നാൽ പാർട്ടി കുറ്റക്കാർക്കെതിരേ നടപടിയെടുത്തപ്പോൾ കുഞ്ഞിക്കൃഷ്ണനും പ്രത്യക്ഷത്തിൽ ശിക്ഷിക്കപ്പെടുകയായിരുന്നു.

1967 ൽ കരിവെള്ളൂർ ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ ഉടലെടുത്ത ആദ്യകാല സിപിഎം നേതാവ് എ.വി. കുഞ്ഞമ്പുവുമായുമുള്ള ബന്ധമാണ് പൊതുപ്രവർത്തനത്തിലേക്കുള്ള വഴിത്തിരിവായത്. പഠനത്തിനുശേഷം നെയ്ത്ത് ജോലിയിലേക്ക് തിരിഞ്ഞപ്പോൾ പയ്യന്നൂർ മണ്ഡലം ഹാൻഡ്ലൂം വർക്കേഴ്‌സ് യൂണിയൻ ജോ.സെക്രട്ടറിയായി. പിന്നിട് വെള്ളൂർ ഡിവിഷൻ സെക്രട്ടറിയുമായി. മികച്ച സഹകാരിയായ വി.കുഞ്ഞിക്കൃഷ്ണൻ കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ള പദവികളിൽ പ്രവർത്തിച്ചിരുന്നു.

പാർട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ ക്രമക്കേട് ആരോപണങ്ങൾ ഉയരുന്ന അവസരങ്ങളിൽ പ്രശ്‌നപരിഹാരത്തിനായി ഓഡിറ്റ് ചെയ്യുന്ന ചുമതല പാർട്ടി ഏൽപ്പിച്ചിരുന്നത് കുഞ്ഞിക്കൃഷ്ണനെ യായിരുന്നു. കണക്കുകളിൽ അത്രത്തോളം വിശ്വാസ്യത അദ്ദേഹം പാർട്ടിയോട് കാണിച്ചിരുന്നു. വെള്ളൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയായിരിക്കെയാണ് വി.കുഞ്ഞിക്കൃഷ്ണൻ ഏരിയ സെക്രട്ടറി പദത്തിലേയ്ക്കെത്തുന്നത്. പിന്നീട് ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായി തുടർന്നെങ്കിലും അരനൂറ്റാണ്ട് നീണ്ട പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡയറക്ടർ പദവികൂടി ഒഴിഞ്ഞത്.

ജില്ലാ സെക്രട്ടറിയേറ്റംഗം ടി.വി രാജേഷിനാണ് ജില്ലാ നേതൃത്വം പകരം ചുമതല നൽകിയിട്ടുള്ളത്. എന്നാൽ വരും ദിനങ്ങളിൽ പയ്യന്നൂരിൽ നിന്നും കുടുതൽ പേർ പാർട്ടി വിട്ടു പോകുമെന്നാണ് പാർട്ടിക്കുള്ളിൽ നിന്നുള്ള വിവരം. തളിപ്പറമ്പ് കീഴാറ്റൂരിൽ. സിപിഎം വിമത നേതാവ് കോമത്ത് മുരളീധരനെയും സംഘത്തെയും കൂടെ കൂട്ടിയതുപോലെ പയ്യന്നൂരിലെ വിമത നേതാക്കളെയും കൂടെ കൂട്ടാൻ സിപിഐ ചരടുവലി തുടങ്ങിയതായി സൂചനയുണ്ട്.