കണ്ണൂർ: പയ്യന്നൂരിൽ കോടികളുടെ ഫണ്ട് വെട്ടിപ്പ് വിവാദത്തിൽ പാർട്ടി അച്ചടക്ക നടപടി താഴെത്തട്ടിലെ ഏരിയാ കമ്മിറ്റി നേതാക്കളിൽ ഒതുക്കാൻ നീക്കം. സംഭവത്തിൽ നേരിയ ബന്ധമുള്ള ഡമ്മികളായ ഏരിയാ നേതാക്കൾ കുറ്റമേറ്റെടുക്കുകയും നടപടി നേരിടേണ്ടിവരികയും ചെയ്യുന്ന സാഹചര്യത്തിനാണ് ഇപ്പോൾ കളമൊരുങ്ങിയിട്ടുള്ളത്.

എംഎ‍ൽഎയ്ക്കെതിരെ പാർട്ടിക്കുള്ളിൽ നിന്നും ആരോപണം ശക്തമായ സാഹചര്യത്തിൽ രണ്ട് കേന്ദ്ര കമ്മിറ്റിയംഗങ്ങൾ രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയിട്ടുണ്ട്. ഇവരുടെ വിശ്വസ്തനായ എംഎ‍ൽഎയ്ക്കെതിരെയുള്ള പാർട്ടി നടപടി ഒതുക്കുന്നതിനാണ് ഇരു നേതാക്കളും കച്ചക്കെട്ടിയിറങ്ങിയിരിക്കുന്നത്.

സി. പി. എം പാർട്ടി സംഘടനാ രീതി പ്രകാരമാണെങ്കിൽ വളരെ ഗുരുതരമായ അച്ചടക്ക ലംഘനമാണ് കോടികളുടെ ഫണ്ട് വെട്ടിപ്പിലൂടെ നടന്നത്. രക്തസാക്ഷി ഫണ്ടിൽ നിന്നും കൈയിട്ടുവാരിയെന്ന ആരോപണം പാർട്ടിയുടെ ചരിത്രത്തിൽ ഇന്നുവരെ കേട്ടുകേൾവിയില്ലാത്തതാണ്. ബാങ്ക് ജപ്തി ഭീഷണി നേരിടുന്ന രക്തസാക്ഷിയുടെ കുടുംബത്തിന് പിരിച്ചെടുത്ത ലക്ഷങ്ങൾ നേതാക്കൾ എഫ്.ഡി അക്കൗണ്ടിലിടുകയും ആ തുക മറ്റാരുമറിയാതെ പിൻവലിച്ചുമെന്നാണ് ആരോപണം. ഇതു കൂടാതെ പാർട്ടി ഏരിയാ കമ്മിറ്റി ഓഫിസ് നിർമ്മാണത്തിന്റെ ഭാഗമായി നടത്തിയ ചിട്ടി നടത്തിയും പണം വെട്ടിച്ചു.

80 ലക്ഷം രൂപയാണ് ഇങ്ങനെ നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ആദ്യം വിളിച്ചെടുത്ത കുറിപ്പണത്തിന് കണക്കു നൽകാതെയും ചിറ്റാളന്മാർക്ക് പണം തിരിച്ചുനൽകാതെയും വഞ്ചിച്ചുവെന്നാണ് പരാതി.ഇതിനെല്ലാം പുറമേയാണ് 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഫണ്ട് പിരിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ.രണ്ട് രസീതി ബുക്കാണ് മടക്കിയേൽപ്പിക്കാതിരുന്നത്. ഇതു പാർട്ടിക്കുള്ളിൽ വിവാദമായപ്പോൾ എൽപിച്ചത് മറ്റൊരു പ്രസിൽ അടിച്ച മറ്റു രണ്ടു ബുക്കുകളും കൗണ്ടർ ഫോയിൽ മുറിക്കാത്ത ഈ ബുക്കുകൾ പുതുതായി അച്ചടിച്ചതാണെന്ന് പിന്നീട് അന്വേഷണം നടത്തിയ ടി.വി രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി കണ്ടെത്തിയെങ്കിലും ഇതിലൂടെ പിരിച്ചെടുത്ത തുക എങ്ങോട്ടു പോയെന്ന് വ്യക്തമായില്ല.

കണ്ണുർ ജില്ലയിൽ ഏറ്റവും ശക്തമായ പാർട്ടി സ്വാധീനമുള്ള പയ്യന്നൂരിൽ പാർട്ടിയെ പിടിച്ചുലയ്ക്കുന്ന സാമ്പത്തിക വിവാദങ്ങളുടെ കനലണയാതെ നിൽക്കുമ്പോഴും തീരെ ദുർബലമായി മാറുകയാണ് ജില്ലാ നേതൃത്വത്തിന്റെ പ്രതിരോധം. ഇതിനോടൊപ്പം കാങ്കോൽ മേഖലയിൽ നിന്നും മറ്റൊരു നേതാവിനെതിരെ ഉയർന്നിട്ടുള്ള ലൈംഗികാരോപണ പരാതിയിൽ നടപടിയെടുക്കാത്തതിനെതിരെയും അണികളിൽ വിമർശനം അതിരൂക്ഷമാണ്.

ഇതിനിടെ പയ്യന്നൂരിലെ ഫണ്ട് തരിമറി ആരോപണത്തിൽ ചില മാധ്യമങ്ങൾ നടത്തുന്ന അപവാദ പ്രചരണം നിർത്തണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് രംഗത്തെത്തിയിട്ടുണ്ട്. പയ്യന്നൂരിലെ സിപിഎമ്മിനെതിരെ ചില മാധ്യമങ്ങൾ നടത്തി കൊണ്ടിരിക്കുന്ന അപവാദ . പ്രചരണങ്ങൾ തള്ളി കളയണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു.

പയ്യന്നുരിലെ സംഘടനാ പ്രശ്നങ്ങൾ പാർട്ടി മാനദണ്ഡങ്ങൾക്ക് വിധേയമായി ശരിയായ രീതിയിൽ കൈകാര്യം ചെയ്യും. അതു തകർക്കുകയാണ് ചില മാധ്യമങ്ങളുടെ ലക്ഷ്യമെന്നും ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.എന്നാൽ കോടികളുടെ വെട്ടിപ്പു നടന്നത് വ്യാജ പ്രചാരണമാണെന്ന് പറയുമ്പോഴും മാധ്യമ വാർത്തകൾക്കെതിരെ ശക്തമായി പ്രതിരോധിക്കാനാവാതെ സിപിഎം കുഴങ്ങുകയാണ് 'അത്ര മാത്രം ദുർബലമാണ് ഈ വിഷയത്തിൽ പാർട്ടി നേതൃത്വത്തിന്റെ പ്രതികരണങ്ങൾ പാർട്ടി കോൺഗ്രസിന് മുൻപേ തന്നെ ആരോപണം ശക്തമായിരുന്നുവെങ്കിലും നേതൃത്വം പുറത്തു വരാതെ മൂടിവയ്ക്കുകയായിരുന്നു.

ഇതിനിടെ പയ്യന്നുരിൽ നടന്ന ഫണ്ട് വെട്ടിപ്പു പാർട്ടിക്കുള്ളിൽ വിവാദമായി കത്തിപ്പടരുമ്പോഴും സിപിഎം നേതാക്കൾ ഇതുവരെ നിഷേധിക്കാത്തത് അണികളിൽ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നു മാധ്യമ പ്രവർത്തകരോട് പറഞ്ഞുവെങ്കിലും ഇ പി യുടെ പ്രതിരോധം തീർത്തും ദുർബലമായിരുന്നു. പയ്യന്നുരിലെ ആരോപണങ്ങൾ സംഘടനാ പ്രശ്നങ്ങളാണെന്നും ഇതു സംഘടനാ തലത്തിൽ തന്നെ പരിഹരിക്കുമെന്ന ജില്ലാസെക്രട്ടറി എം.വി ജയരാജന്റെ പ്രതികരണത്തെ തിരുത്തി കൊണ്ടായിരുന്നു ഇ.പി ജയരാജന്റെ രംഗപ്രവേശം.

എന്തു തന്നെയായാലും പാർട്ടി ഫണ്ട് വെട്ടിപ്പുനടത്തിയ സംഭവത്തിൽ ഉടൻ നടപടിയെടുക്കണമെന്ന ആവശ്യം സിപിഎമ്മിൽ ശക്തമായിട്ടുണ്ട്. ആരോപണ വിധേയനായ എംഎ‍ൽഎയ്ക്കെതിരെ നടപടിയെടുത്താൽ രണ്ടാം പിണറായി സർക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് കോട്ടം തട്ടുമെന്നതിനാൽ പയ്യന്നൂർ ഏരിയാ കമ്മിറ്റിയിലെ ഏതാനും ഡമ്മി നേതാക്കൾക്കെതിരെ നടപടിയെടുത്ത് പ്രശ്നം ഒതുക്കി തീർക്കാനാണ് സിപിഎം നേതുത്വത്തിന്റെ നീക്കം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അമേരിക്കയിൽ നിന്ന് ചികിത്സ കഴിഞ്ഞ് നാട്ടിലെത്തിയാൽ ഉടൻ ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.