- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പയ്യന്നൂരിലെ കോടികളുടെ ഫണ്ട് വെട്ടിപ്പ്: നടപടി വൈകിച്ച് സി.പി. എം നേതൃത്വം; അച്ചടക്ക നടപടി എടത്താൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എതിരാളികൾ ആയുധമാക്കും എന്ന് ആശങ്ക; വിഷയം ചർച്ച ചെയ്യാതെ ജില്ലാ കമ്മിറ്റി

പയ്യന്നൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ടു ബുധനാഴ്‌ച്ച ചേർന്ന സി.പി. എം കണ്ണൂർ ജില്ലാകമ്മിറ്റിയോഗത്തിൽ ചർച്ചയായില്ലെന്ന് സൂചന. എന്നാൽ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ നിന്നും വാർത്തകളും, രഹസ്യവിവരങ്ങളും ചോരുന്നത് സംബന്ധിച്ചുള്ള പരിശോധന നടത്തണമെന്ന ആവശ്യം ചില നേതാക്കൾ ഉയർത്തിയിട്ടുണ്ട്.
തൃക്കാരക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ പാർട്ടി നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചാൽ അതു തെരഞ്ഞെടുപ്പു വിഷയമാക്കി എതിരാളികൾ ഉയർത്തുമെന്ന അഭിപ്രായം ജില്ലാ നേതൃത്വം പ്രകടിപ്പിച്ചതോടെയാണ് വിഷയം ചർച്ച ചെയ്യാതെ മാറ്റിവെച്ചത്. മാത്രമല്ല ഈ വിഷയം പരിഹരിക്കുന്നതിന് പാർട്ടി ചുമതലയേൽപ്പിച്ച കേന്ദ്രകമ്മിറ്റിയംഗവും എൽ.ഡി. എഫ് കൺവീനറുമായ ഇ.പി ജയരാജന്റെ അസാന്നിധ്യവും വിഷയം ചർച്ചയാകാത്തതിന് കാരണമായി.
എന്നാൽ പയ്യന്നൂർ ഫണ്ട് തട്ടിപ്പുമമായി ബന്ധപ്പെട്ടു മാധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ സി.പി. എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ തയ്യാറായില്ല. ഇതിനിടെ സിപിഎം പയ്യന്നൂർ ഏരിയാ കമ്മിറ്റിയിൽ നടന്ന ഫണ്ട് വിവാദത്തിൽ പുതിയ വിവരങ്ങൾ പുറത്തുവന്നതോടെ പാർട്ടി നേതൃത്വം കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. പയ്യന്നൂർ ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്നും 42 ലക്ഷം രൂപയുടെ തിരിമറിയുണ്ടായെന്നാണ് വിവരം.
തെരഞ്ഞെടുപ്പ് ഫണ്ടിൽ 60 ലക്ഷം രൂപയുടെ വെട്ടിപ്പ് നടന്നപ്പോൾ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷൻ നടത്തിയ അന്വേഷണത്തിനിടെയാണ് രക്തസാക്ഷി ഫണ്ടിലും വെട്ടിപ്പ് നടന്നതായുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തു വന്നിരിക്കുന്നത് 2010 ജൂലായ് പതിനൊന്നിനാണ് പയ്യന്നൂരിലെ സിപിഎം പ്രവർത്തകനായ സി.വി ധനരാജ് കൊല്ലപ്പെടുന്നത്. ധനരാജിന്റെ കടങ്ങൾ വീട്ടാനും വീടു നിർമ്മിച്ച് നൽകാനുമാണ് രക്തസാക്ഷി ഫണ്ട് സമാഹരണം നടത്തിയത്.
ധനരാജിന് പയ്യന്നൂർ മേഖലയിലുണ്ടായിരുന്ന ജനസ്വാധീനം കാരണം ഫണ്ട് സമാഹരണത്തിനായി ജനങ്ങൾ കൈയ് മെയ് മറന്നു സഹായിച്ചു. ഒരു കോടിയോളം രൂപ ഇങ്ങനെ സമാഹരിച്ചതായാണ് വിവരം. വീടു നിർമ്മാണത്തിന് 25 ലക്ഷത്തിലധികം രൂപ ചെലവായി. ഭാര്യയുടെയും രണ്ടു മക്കളുടെയും പേരിൽ 5 ലക്ഷം രൂപ വീതവും അമ്മയുടെ പേരിൽ 3 ലക്ഷം രൂപയും ആകെ 18 ലക്ഷം രൂപയും സ്ഥിരം നിക്ഷേപം നടത്തി. ബാക്കി 42 ലക്ഷം രൂപ പയ്യന്നൂരിലെ രണ്ടു നേതാക്കളുടെ ജോയിന്റ് അക്കൗണ്ടിൽ സ്ഥിരം നിക്ഷേപമായി.
പാർട്ടി ഭാരവാഹികളെന്ന നിലയിലല്ലാതെ സ്വകാര്യ ജോയന്റ് അക്കൗണ്ടിലായിരുന്നു ഈ തുക നിക്ഷേപിച്ചത്.പാർട്ടി പ്രവർത്തകർ പ്രതികളായ കേസുകൾ നടത്താൻ ഈ പണം വിനിയോഗിക്കുമെന്നായിരുന്നു നേതാക്കളുടെ വിശദീകരണം അതേ സമയം ധനരാജിന് ഉണ്ടായിരുന്ന 15 ലക്ഷത്തോളം രൂപയുടെ സഹകരണ ബാങ്കിലെ കട ബാധ്യത രക്ത സാക്ഷി ഫണ്ടിൽ നിന്നും വീട്ടിയില്ല. ഭാര്യയ്ക്ക് പാർട്ടി ജോലി നൽകിയിട്ടുണ്ടെന്നും കിട്ടുന്ന ശമ്പളത്തിൽ നിന്നും ബാധ്യത അടച്ചു വീട്ടണമെന്നായിരുന്നു ചില നേതാക്കളുടെ വാദം.
42 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിലൂടെ ലഭിച്ച അഞ്ചു ലക്ഷം രൂപയുടെ പലിശ ഒരു ഏരിയാ നേതാവിന്റെ സ്വകാര്യ അക്കൗണ്ടിലേക്കാണ് മാറ്റിയതെന്ന് വ്യക്തമായിട്ടുണ്ട് 3 ലക്ഷം രൂപ, 2 ലക്ഷം രൂപ എന്നിങ്ങനെ രണ്ടു തവണകളായാണ് പലിശ മാറ്റിയത്.അധികം വൈകാതെ നേതാക്കളുടെ പേരിലുള്ള 42 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും പിൻവലിച്ചു. ഈ തുക പാർട്ടി പയ്യന്നുർ ഏരിയാ കമ്മിറ്റിയുടെ കെട്ടിട നിർമ്മാണ ഫണ്ടിലേക്ക് മാറ്റി.
പാർട്ടി ഏരിയാ കമ്മിറ്റിയിലെടുത്ത തീരുമാനപ്രകാരമാണ് ഇങ്ങനെ മാറ്റിയ തെന്നായിരുന്നു നേതൃത്വത്തിന്റെ വിശദീകരണം. എന്നാൽ പയ്യന്നൂർ ഏരിയാ കമ്മിറ്റി യോഗത്തിന്റെ മിനുട്സിൽ ഇങ്ങനെ മാറ്റിയതായി രേഖപ്പെടുത്തിയിട്ടില്ല. ഈ കാര്യം ചർച്ച ചെയ്തതായി തങ്ങൾക്ക് അറിവില്ലെന്നാണ് ചില ഏരിയാ കമ്മിറ്റി അംഗങ്ങൾ പറയുന്നത്. പയ്യന്നൂർ ഏരിയാ കമ്മിറ്റി കെട്ടിടം 2018ൽ പൂർത്തിയായെങ്കിലും നിർമ്മാണ ഫണ്ടിന്റെ വരവ് ചെലവ് കണക്ക് ഇതുവരെ പൂർണമായി അവതരിപ്പിച്ചിട്ടില്ല.
അവതരിപ്പിച്ച വരവ്‌ചെലവ് കണക്കിലാകട്ടെ 26 ലക്ഷത്തോളം രൂപയുടെ പൊരുത്തക്കേടുകളും കണ്ടെത്തിയിട്ടുണ്ട്.പല ചെലവുകൾക്കും രസീതില്ല' എട്ടു ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങിയതിന് ബിൽ സൂക്ഷിച്ചിട്ടുമില്ല. കെട്ടിട നിർമ്മാണ ഫണ്ട് തിരിമറി സംബന്ധിച്ച് പയ്യന്നുർ ഏരിയാ കമ്മിറ്റിയിലെ മൂന്ന് അംഗ ഉപസമിതിയുടെ റിപ്പോർട്ട് ജില്ലാ കമ്മിറ്റിയുടെ പരിഗണനയിലാണ്.
തെരഞ്ഞെടുപ് ഫണ്ട് തിരിമറിസംബന്ധിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ടി.വി രാജേഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി ഗോപിനാഥ് എന്നിവരടങ്ങിയ അന്വേഷണ കമ്മിഷൻ നൽകിയ റിപ്പോർട്ട് ജില്ലാ കമ്മിറ്റിയും ചർച്ച ചെയ്തിരുന്നു കേന്ദ്ര കമ്മിറ്റിയംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ പി ജയരാജനെ യാണ് പയ്യന്നൂരിലെ സാമ്പത്തിക ക്രമക്കേടുകൾ ചർച്ച ചെയ്യുന്നതിനായി പാർട്ടി നിയോഗിച്ചിട്ടുള്ളത്. 20 21 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടു രസീത് ബുക്കുകളിലായി 60 ലക്ഷം രൂപയുടെ ഫണ്ട് തിരിമറി നടന്നതായാണ് ആരോപണം.
പയ്യന്നൂരിലെ ഒരു സ്വകാര്യ സ്ഥാപനം ഒരു ലക്ഷം രൂപയാണ് തെരഞ്ഞെടുപ്പ് ഫണ്ടിൽ സംഭാവന ചെയ്തത്.ഇവരുടെ ആവശ്യപ്രകാരം 50000 രുപ വീതമാണ് രണ്ട് രസീതിൽ ചേർത്തിട്ടുള്ളത്.ഫണ്ട് തിരിമറി ആരോപണം ഉയർന്നതിനെ തുടർന്ന് പാർട്ടി അന്വേഷണമാരംഭിച്ചപ്പോൾ പുതുതായി രണ്ട് രസീത് ബുക്കുകൾ സ്വകാര്യ പ്രസിൽ നിന്നും അച്ചടിക്കുകയും ഇതിൽ മേൽ പറഞ്ഞ സ്ഥാപനം നൽകിയ ഒരു ലക്ഷം രൂപ ഒറ്റതവണയായി ചേർക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു രസീത് ബുക്കുകളും സ്വകാര്യ പ്രസിൽ നിന്നും അച്ചടിക്കുകയും സഹകരണ പ്രസെന്ന് പേരു വ്യാജമായി ചേർക്കുകയുമായിരുന്നു എന്നാൽ ഇതിനിടെയിൽ ഒരു അക്കിടികൂടി പറ്റി. ഇടത് പക്ഷ ജനാധിപത്യ മുന്നണിയെന്നാണ് ഒറിജിനലിൽ ചേർത്തതെങ്കിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെന്നാണ് വ്യാജനിൽ അച്ചടിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നും 60 ലക്ഷം രൂപയുടെ വെട്ടിപ്പ് നടന്നതായാണ് ആരോപണമുയർന്നത്.


