പയ്യന്നൂർ: രക്തസാക്ഷി ഫണ്ട് അടക്കം തിരിമറി നടത്തിയെന്ന തെളിവ് സഹിതം പുറത്ത്വന്നിട്ടും പ്രതികരിക്കാത്ത സി.പി. എം പയ്യന്നൂർ ഏരിയാ നേതൃത്വത്തിനെതിരെ അണികൾക്കിടെയിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പുറത്തുവന്ന രേഖകളെ കുറിച്ചു ഏരിയാ സെക്രട്ടറിയടക്കമുള്ള നേതാക്കളോട് പലരും നേരിട്ടു ചോദിക്കുമ്പോൾ മറുപടി പറയാൻ കഴിയാതെ മൗനംപാലിക്കുകയാണ് നേതൃത്വം.

അടുത്ത ദിവസം തന്നെ സി.പി. എം പയ്യന്നൂർ ഏരിയാകമ്മിറ്റിയോഗം വിളിച്ചു ചേർത്ത് രക്തസാക്ഷി ഫണ്ട് ആരോപണങ്ങളെ കുറിച്ചു ചർച്ച ചെയ്യുമെന്നാണ് ഇപ്പോൾ നേതൃത്വം മറുപടി പറയുന്നത്. ടി. ഐ മധുസൂദനൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘവും മുൻ എം. എം. എൽയും സി. ഐ.ടി.യു നേതാവുമായ സി.കൃഷ്ണനെ അനുകൂലിക്കുന്നവരും തമ്മിലുള്ള ചേരിപ്പോരാണ് പാർട്ടിരഹസ്യരേഖകൾ പുറത്തുവരാൻ കാരണമെന്നാണ് ജില്ലാനേതൃത്വം പറയുന്നത്.

ജനപ്രിയനായ ധനരാജ് രക്തസാക്ഷിത്വ ഫണ്ടിൽ തിരിമറി നടത്തിയത് പയ്യന്നൂരിലെ പാർട്ടിപ്രവർത്തകരിൽ രോഷമുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇനിയും ഈ വിഷയം ചർച്ച ചെയ്യാതെ നീട്ടിവയ്ക്കാതെ കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പിജയരാജൻ, പി.കെ. ശ്രീമതി എന്നിവരുടെ സാന്നിധ്യത്തിൽ അടിയന്തിര ഏരിയാകമ്മിറ്റിയോഗം വിളിച്ചു ചേർക്കുമെന്നാണ് സൂചന. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ തിരക്ക് ഒഴിവാക്കി ഇ.പി ജയരാജൻ കണ്ണൂരിലെത്തിയാൽ ഉടൻ യോഗം വിളിച്ചു ചേർക്കുമെന്നാണ് വിലയിരുത്തൽ.