- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇപിയുടെ ഇടപെടൽ വരുത്തിയത് ഗുണത്തേക്കാളേറെ ദോഷം; കോടിയേരി നേരിട്ട് വന്നിട്ടും ചർച്ചകൾ വഴിമുട്ടി; പയ്യന്നൂർ പാർട്ടി ഫണ്ട് വിവാദത്തിൽ അച്ചടക്ക നടപടി തീരുമാനം മുഖ്യമന്ത്രിയുടെ കോർട്ടിലേക്ക്; ആരോപണവിധേയരിൽ പിണറായിയുടെ അതിവിശ്വസ്തരും
കണ്ണൂർ:പയ്യന്നൂരിലെ പാർട്ടിഫണ്ട് വിവാദമെങ്ങുമെത്താത്ത സാഹചര്യത്തിൽ പ്രശ്നപരിഹാരം ഒടുവിൽ മുഖ്യമന്ത്രിയുടെ തീരുമാനത്തിന് വിട്ടു. ഈ മാസം അഞ്ചുമുതൽ കണ്ണൂർ ജില്ലയിലെ വിവിധ സർക്കാർ, പാർട്ടി പരിപാടികളിൽ പങ്കെടുക്കാനായെത്തുന്ന മുഖ്യമന്ത്രി ജില്ലാകമ്മിറ്റി വിളിച്ചു ചേർക്കുന്ന രണ്ടാമത്തെ യോഗത്തിൽ പങ്കെടുക്കും.
കഴിഞ്ഞ ദിവസം പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ നടന്ന ജില്ലാകമ്മിറ്റിയോഗത്തിൽ അച്ചടക്ക നടപടികളെ കുറിച്ചുള്ള ചർച്ചകൾ വഴിമുട്ടിയിരുന്നു. ഇതോടെയാണ് വരുന്ന ജൂൺ 12ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ
വീണ്ടും യോഗം ചേരാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം നടന്ന ജില്ലാകമ്മിറ്റി യോഗത്തിൽ പയ്യന്നൂർ ഫണ്ട് വെട്ടിപ്പു വിവാദത്തിൽ ചൂടേറിയ ചർച്ചയാണ് നടന്നത്. ആരോപണമുന്നയിക്കുന്നവരെ പ്രതിസ്ഥാനത്തു നിർത്തുന്ന നടപടി ശരിയല്ലെന്നു ചില നേതാക്കൾ തുറന്നടിച്ചു. പാർട്ടി ഏറെ വൈകാരികതയോടെ കാണുന്ന രക്തസാക്ഷി ഫണ്ടിലടക്കം ക്രമക്കേടു നടന്നിട്ടുണ്ടെന്ന് പകൽപോലെ വ്യക്തമായിട്ടും എന്തുകൊണ്ടു നടപടിയെടുക്കാൻ അമാന്തിക്കുന്നുവെന്നും ചിലർ ചോദിച്ചു.
കഴിഞ്ഞ പാർട്ടി കോൺഗ്രസിനു മുൻപ് ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്നു ഉറപ്പു നൽകിയ നേതൃത്വം തൃക്കാക്കര തെരഞ്ഞെടുപ്പ് വരെ കാത്തു നിന്നുവെന്നും ഇതിനിടയിൽ മാധ്യമങ്ങളിൽ പലതവണ വിഷയം ചർച്ചയായെന്നുമുള്ള അഭിപ്രായവും ഉയർന്നു. പയ്യന്നൂരിലെ രണ്ടു ലോക്കൽ കമ്മിറ്റിയിലെ നേതാക്കളും പ്രവർത്തകരും സോഷ്യൽ മീഡിയയിൽ പരസ്പരം വിഴുപ്പലക്കുന്നത് പാർട്ടിക്ക് ഏറെ ദോഷം ചെയ്തുവെന്ന ആരോപണവും ചർച്ചയിൽ ഉയർന്നുവന്നു.
ഇതിനിടയിൽ പാർട്ടിക്ക് വലിയ പരുക്കേൽക്കാത്ത രീതിയിൽ വിഷയം പരിഹരിക്കണമെന്ന സമവായ നിലപാടാണ് സംസ്ഥാന സെക്രട്ടറി കോടിയേരി സ്വീകരിച്ചത്. പാർട്ടി ഫണ്ട് കൈക്കാര്യം ചെയ്യുന്ന വിഷയത്തിൽ പയ്യന്നൂർ ഏരിയാകമ്മിറ്റിക്ക് ജാഗ്രത കുറവുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ പ്രശ്നപരിഹാരത്തിനുള്ള മാർഗങ്ങളിൽ സമവായത്തിലെത്തി ചേരാൻ കഴിയാത്തതോടെ ഒരു ദിവസംമുഴുവൻ നീണ്ട ജില്ലാകമ്മിറ്റിയോഗത്തിന്റെ അജൻഡ തീരുമാനമാവാതെ നീണ്ടുപോവുകയായിരുന്നു.
ആരോപണ വിധേയനായ ജനപ്രതിനിധിയായ ഉന്നത നേതാവിനെതിരെ അച്ചടക്ക നടപടിയെടുക്കാതെ പിന്നോട്ടില്ലെന്നാണ് പയ്യന്നൂരിലെ വെള്ളൂരിലെ പാർട്ടി പ്രവർത്തകരും നേതാക്കളും. എന്നാൽ ഇതിനെതിരെയുള്ള നിലപാടാണ് മാമ്പലം മേഖലയിലെ പാർട്ടി ലോക്കൽ ഘടകത്തിനും പ്രവർത്തകർക്കുമുള്ളത്. ഇവർ തമ്മിലാണ് കഴിഞ്ഞ കുറെക്കാലമായി സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ പോര് നടന്നുവരുന്നത്.
പയ്യന്നൂരിൽ നിന്നും 2021ൽ നിയമസഭാ തെരഞ്ഞെടുപ്പിനായി വ്യാജരസീത് ഉപയോഗിച്ചു ലക്ഷങ്ങൾ പിരിച്ചെടുത്തതും പുതിയ ഏരിയാകമ്മിറ്റി നിർമ്മാണത്തിനായി ചിട്ടി നടത്തി അതിൽ നിന്നും വൻതുക വകമാറ്റിയും രക്തസാക്ഷി ഫണ്ടിൽ നിന്നും 60 രൂപയിലേറെ പാർട്ടിയിലെ രണ്ടു നേതാക്കളുടെ സ്വകാര്യ അക്കൗണ്ടിലേക്ക് വകമാറ്റിയിട്ടതുമായ ആരോപണങ്ങളാണ് കഴിഞ്ഞ കുറെക്കാലമായി പാർട്ടിക്കുള്ളിൽ പുകഞ്ഞുകൊണ്ടിരിക്കുന്നത്.
വിവാദം അതിരൂക്ഷമായതിനെ തുടർന്ന് മുൻ എംഎൽഎ ടി.വിരാജേഷിന്റെ നേതൃത്വത്തിൽ ഒരു അന്വേഷണസമിതി ജില്ലാകമ്മിറ്റി നിയോഗിച്ചിരുന്നു. ഈ കമ്മിറ്റികണ്ടെത്തിയ തെളിവുകൾ മുഴുവൻ അഴിമതിയും ക്രമക്കേടും ജാഗ്രതകുറവും നടന്നിട്ടുണ്ടെന്നായിരുന്നു. നിയമസഭാതെരഞ്ഞെടുപ്പിൽ ഫണ്ടു പിരിവിനായി ഉപയോഗിച്ച വ്യാജരസീതും അന്വേഷണ സമിതി കണ്ടെത്തി. എന്നാൽ ഇത്തരം ഗുരുതരമായ ആരോപണങ്ങൾ തെളിഞ്ഞിട്ടും ജില്ലാകമ്മിറ്റി നടപടിയെടുക്കാത്തതാണ് ഒരുവിഭാഗം പ്രവർത്തകരെ പ്രകോപിപ്പിച്ചത്.
ആർ. എസ്. എസുകാരാൽ കൊല്ലപ്പെട്ട രക്തസാക്ഷിയുടെ കുടുംബത്തെ സഹായിക്കുന്നതിനായി പിരിച്ച 60 ലക്ഷം രൂപയിൽ നിന്നും രക്തസാക്ഷിയുടെ പേരിൽ സഹകരണബാങ്കിലുള്ള വായ്പാ കുടിശ്ശിക തീർക്കാതെ കെട്ടിട നിർമ്മാണ ഫണ്ടിലേക്ക് വകമാറ്റിയതാണ് അണികളെ പ്രകോപിപ്പിച്ചത്. സഹകരണബാങ്കിൽ നിന്നും ജപ്തി നോട്ടിസ് രക്തസാക്ഷി കുടുംബത്തിന് ലഭിച്ചതോടെയാണ് രക്തസാക്ഷി ഫണ്ടുപിരിവിന്റെ അണിയറക്കഥകൾ പുറത്തുവരുന്നത്.
എന്നാൽ പാർട്ടി ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ടു മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാർത്തകളിൽ കോടിയേരിക്കും ജില്ലാനേതൃത്വത്തിനും കടുത്ത എതിർപ്പുണ്ട്. പാർട്ടിരഹസ്യങ്ങൾ മാധ്യമങ്ങൾക്കു എത്തിച്ചു കൊടുക്കുകയും അതു പൊതുസമൂഹത്തിൽ പാർട്ടിക്ക് കളങ്കമുണ്ടാക്കുകയും ചെയ്തുവെന്ന ആരോപണം ജില്ലാകമ്മിറ്റിയോഗത്തിലുയർന്നിരുന്നു. ഇങ്ങനെ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയവർക്കെതിരെ നടപടിവേണമെന്ന വാദവും യോഗത്തിൽ ചിലർ ഉന്നയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽ നേരത്തെ കൊണ്ടുവന്ന വിഷയമാണ് പയ്യന്നൂരിലെ പാർട്ടി ഫണ്ട് വെട്ടിപ്പുവിവാദം. മുഖ്യമന്ത്രിയുടെ അതിവിശ്വസ്തരായ നേതാക്കളിൽ ചിലർ ഇതിൽ ആരോപണവിധേയരായിട്ടുണ്ട്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ ഈക്കാര്യത്തിൽ എന്തുനിലപാട് സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് പയ്യന്നൂരിലെ പാർട്ടി പ്രവർത്തകർ.
നേരത്തെ പയ്യന്നൂരിലെ വിഭാഗീയതയ്ക്കു ശമനമുണ്ടാക്കുന്നതിനായി കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജനെ സി.പി. എം ംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയിരുന്നുവെങ്കിലും ഇ.പിയുടെ ഇടപെടൽ ഗുണത്തെക്കാളേറെ ദോഷം ചെയ്തുവെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളിൽ നിന്നും ഉയർന്നു വന്നത്. പയ്യന്നൂരിലെ പാർട്ടിഫണ്ട് പിരിച്ചെടുത്തതിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയവരെ ഒതുക്കാനും ആരോപണവിധേയനായ നേതാവിനെ സംരക്ഷിക്കാനും ഇ.പി ശ്രമിച്ചുവെന്നായിരുന്നു ആരോപണം.




