കണ്ണൂർ: പയ്യന്നൂരിലെ സി.പി. എം ഫണ്ട് വിവാദത്തിൽ ഇനി കണക്കുകളുടെ കളി. പാർട്ടി ഫണ്ട് ക്രമക്കേട് നടന്നുവെന്ന വിവാദത്തിൽ ധനാപഹരണം നടന്നില്ലെന്ന സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറിയേറ്റിന്റെ പ്രസ്താവനയിൽ കടുത്ത അമർഷം ആരോപണമുന്നയിച്ചവർക്കുണ്ട്. ഈ സാഹചര്യത്തിൽ ജില്ലാ നേതൃത്വം കണക്ക് പുറത്തുവിടണമെന്നാണ് ഇവർ പറയുന്നത്. ഇങ്ങനെ കണക്ക് പുറത്തുവിട്ടാൽ തങ്ങളുടെ കൈയിലുള്ള യഥാർത്ഥ കണക്ക് ജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കാൻ തയ്യാറാണെന്നും ഇവർ പറയുന്നു. കഴിഞ്ഞ ദിവസം കരിവെള്ളൂരിൽ നടന്ന ലോക്കൽ ജനറൽ ബോഡിയോഗത്തിൽ ഇവർ ഈക്കാര്യം ആവശ്യപ്പെട്ടതായാണ് സൂചന. സി.പി. എം സംസ്ഥാന കമ്മിറ്റിയംഗമായ പി.ജയരാജനാണ് യോഗത്തിൽ പങ്കെടുത്തത്. ഈയൊരു ആവശ്യം ജില്ലാകമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് ജയരാജൻ ഉറപ്പു നൽകിയതായാണ് പാർട്ടിക്കുള്ളിൽ നിന്നും ലഭിക്കുന്ന വിവരം.

പയ്യന്നൂരിൽ മൂന്ന് ഫണ്ടുകളിലായി ഒരു കോടിരൂപയുടെ വെട്ടിപ് നടന്നതായാണ് വിമതവിഭാഗം ആരോപണമായി ഉന്നയിക്കുന്നത്. കണ്ണൂരിലെ പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രവലിയ സംഖ്യ വെട്ടിപ്പു നടന്നതായി ആരോപണമുയർന്നിരിക്കുന്നത്. സി.പി., എമ്മിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ് പാർട്ടി രക്തസാക്ഷി ഫണ്ടിലെ തിരിമറി.നേരത്തെ സി.പി. എമ്മിന്റെ ആഭ്യന്തര പ്രശ്നമായി ഇതിനെ കണ്ട യു.ഡി. എഫ് വിഷയംസംസഥാന തലത്തിൽ ചർചയാക്കാൻ തുടങ്ങിയതോടെ സംസ്ഥാന നേതൃത്വത്തിന് തലവേദനയായി മാറിയിട്ടുണ്ട്.

കാണാമറയത്ത് 51 ലക്ഷം രൂപ കഴിഞ്ഞ ഏരിയാകമ്മിറ്റി യോഗത്തിൽ കാണാതായ ഫണ്ടുകളെ കുറിച്ച് കണക്കു സഹിതമാണ് ഏരിയാ സെക്രട്ടറി വി.കുഞ്ഞികൃഷ്ണൻ വിമർശനമുന്നയിച്ചത്. എന്നാൽ ഈക്കാര്യത്തിൽ വ്യക്തമായ മറുപടി പറയാനാവാതെ കുഴങ്ങിയ ജില്ലാ നേതൃത്വം കുഞ്ഞകൃഷ്ണനെ തൽസ്ഥാനത്തു നിന്നു നീക്കുകയും പകരം സംസ്ഥാന കമ്മിറ്റിയംഗമായ ടി.വി രാജേഷിന് ചുമതല നൽകുകയുമായിരുന്നു. ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്നും ബാക്കിയുണ്ടാവേണ്ട 42ലക്ഷം രൂപയും കെട്ടിട നിർമ്മാണ ഫണ്ടിലെ ബാക്കി ഒൻപതുലക്ഷം രൂപയും അടക്കം 51 ലക്ഷം രൂപ എവിടെയാണെന്നാണ് വിമത വിഭാഗത്തിന്റെ ചോദ്യം. ഇത്രയും രൂപ കാണാതായെന്നാണ് പാർട്ടിക്കുള്ളിൽ നിന്നും ഉയരുന്ന പ്രധാന ആരോപണം. ്രക്തസാക്ഷി ധനരാജിന്റെ കുടുംബത്തിനുള്ള 15 ലക്ഷം രൂപയുടെ ബാധ്യത തീർക്കണമെന്ന ഉദ്ദ്യേശത്തോടെയാണ് ഫണ്ട് പിരിവ് നടത്തിയെങ്കിലും ഈ പണം പിരിഞ്ഞുകിട്ടിയ ഒരു കോടിരൂപയോളം രൂപയിൽ നിന്നും അടച്ചിട്ടില്ല. പയ്യന്നൂരിലെസഹകരണ ബാങ്കിൽ നിന്നും കുടുംബത്തിന് നോട്ടീസ് ലഭിച്ചപ്പോഴാണ് ഈവിവരം പുറത്താകുന്നത്.

നിലപാടിൽ ഉറച്ച് കുഞ്ഞികൃഷ്ണൻ

പാർട്ടി ഏരിയാസെക്രട്ടറിയായിരുന്ന വി.കുഞ്ഞികൃഷ്ണനാണ് പയ്യന്നൂരിലെ പാർട്ടി ഫണ്ട് വെട്ടിപ്പ് ഏരിയാ കമ്മിറ്റിയോഗത്തിലും ജില്ലാ നേതൃത്വത്തിന്റെ ശ്രദ്ധയിലും കണക്കുകൾ സഹിതം കൊണ്ടുവന്നത്. എന്നാൽ വിഭാഗീയതയുടെ പ്രവർത്തനമാരംഭിച്ച് കുഞ്ഞികൃഷ്ണനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്ത ജില്ലാ നേതൃത്വം അദ്ദേഹം പാർട്ടിക്കുള്ളിൽ ഉന്നയിച്ച സാമ്പത്തിക ക്രമക്കേടുകൾക്ക് മുൻപിൽ നിശബ്ദമാവുകയായിരുന്നു. ഇതോടെയാണ് പാർട്ടിക്കുള്ളിൽ നിന്നും പുറത്തുപോകാനുള്ള തീരുമാനംകുഞ്ഞികൃഷ്ണൻ പരസ്യമായി പ്രഖ്യാപിച്ചത്. ഇതു അണികളിൽ ്രോഷം പടർത്തുകയും സംസ്ഥാനമാകെ ചർച്ചയാവുകയും ചെയ്തതോടെ കടുത്ത സമ്മർദ്ദത്തിലായിരിക്കുകയാണ് ജില്ല നേതൃത്വം. ഇന്ന്നടക്കുന്ന വെള്ളൂർ ഈസ്റ്റ് ബ്രാഞ്ച് ഓഫിസായ പി.കണ്ണൻ നായർസ്മാരക മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വി.കുഞ്ഞികൃഷ്ണൻ പങ്കെടുക്കുന്നുണ്ട്. സി.പി. എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. പതാക ഉയർത്തുന്നത് ടി. ഐ മധുസൂദനൻ എംഎൽഎയാണ്. പരിപാടിയിൽ പങ്കെടുന്നവരുടെ നോട്ടീസിൽ വി.കുഞ്ഞികൃഷ്ണന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പകരം നിയോഗിക്കപ്പെട്ട ടി.വി രാജേഷിന്റെ പേര് ഇതിലില്ല. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊളിച്ചു നീക്കിയ ഓഫിസിന് പകരമായാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. പഴയ കെട്ടിടം വി.കുഞ്ഞികൃഷ്ണൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കാലത്താണ് നിർമ്മിച്ചിരുന്നത്. ഈ ആത്മബന്ധം കാരണമാണ് താൻ പരിപാടിയിൽ പങ്കെടുക്കുന്നതെന്നാണ് കുഞ്ഞികൃഷ്ണന്റെ നിലപാട്.

വിട്ടുവീഴ്ചയുമായി സി.പി. എം ജില്ലാ നേതൃത്വം

പാർട്ടി ശക്തി കേന്ദ്രമായ പയ്യന്നൂരിലെ വിവാദങ്ങൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം. അതുകൊണ്ടു തന്നെ മാരത്തോൺ ചർച്ചയാണ് വി.കുഞ്ഞികൃഷ്ണനെയും വിമത വിഭാഗത്തിനെയും അനുനയിപിക്കാൻ ജില്ലാ നേതൃത്വം സ്വീകരിക്കുന്നത്.കഴിഞ്ഞ ദിവസം സി.പി. എം ജില്ലാ സെക്രട്ടറി എം.വി ജയരാജനുംനിലവിലെ ഏരിയാ സെക്രട്ടറി ടി.വി രാജേഷും കുഞ്ഞികൃഷ്ണനുമായി ഒന്നരമണിക്കൂറോളം കൂടിക്കാഴ്‌ച്ച നടത്തി. അടചിട്ട മുറയിൽ വച്ചായിരുന്നു കൂടിക്കാഴ്‌ച്ച എന്നാൽ താൻ നേരത്തെ ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കാതെ നിലപാട് മാറ്റില്ലെന്ന വികാരം തന്നെയാണ് കുഞ്ഞികൃഷ്ണൻ പ്രകടിപ്പിച്ചത്. ഇന്ന് വെള്ളൂരിൽ നടക്കുന്ന ബ്രാഞ്ച് ഓഫിസ് ഉദ്ഘാടനപരിപാടിക്കെത്തുന്ന പി.ബി അംഗം എ.വിജയരാഘവനും കുഞ്ഞികൃഷ്ണനുമായി അനുരഞ്ജന ചർച്ച നടത്തുമെന്നാണ് സൂചന. വി.കുഞ്ഞികൃഷ്ണനെ പാർട്ടി ജില്ലാകമ്മിറ്റിയിൽ ഉൾപ്പെടുത്താനും കർഷക സംഘത്തിന്റെ ജില്ലാഭാരവാഹിത്വം നൽകാനും സർക്കാർ പദവികളിൽ ഏതെങ്കിലും ഒന്നിൽ നിയോഗിക്കാനും പാർട്ടി ജില്ലാ നേതൃത്വം വാഗ്ദ്ധാനം ചെയ്തിരുന്നുവെങ്കിലും ഇതു തള്ളിക്കളയുകയായിരുന്നു. സി.പി. എമ്മിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലുള്ള ഒരു വിട്ടുവീഴ്‌ച്ച നേതൃത്വം ചെയ്യാൻ സന്നദ്ധത പ്രകടിപ്പിക്കുന്നത്.

അറ്റകൈക്ക് സംസ്ഥാന നേതൃത്വവും

പയ്യന്നൂരിലെ പാർട്ടി ഫണ്ട്വിവാദം കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ സംസ്ഥാന വിഷയമാക്കി ചർച്ച ചെയ്യുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് തർക്കങ്ങൾ പരിഹരിച്ചു മുഖം രക്ഷിക്കാനാണ് സി.പി. എംസംസ്ഥാന നേതൃത്വം ഒരുങ്ങുന്നത്. വരുന്ന സംസ്ഥാന കമ്മിറ്റിയോഗത്തിൽ ഇതു സംബന്ധിച്ച ചർച്ചയുണ്ടാകും. ഇതിനു മുൻപായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലികൃഷ്ണനുൾപ്പെടെയുള്ളവർ പയ്യന്നൂർ സന്ദർശിക്കും. എന്നാൽ ആരോപണ വിധേയനായ ടി. ഐ മധുസൂദനനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന ശക്തമായ നിലപാടിലാണ് വെള്ളൂരിലെ വിമത വിഭാഗം. സംസ്ഥാന നേതൃത്വത്തെ സംബന്ധിച്ച് ഇത് അത്ര എളുപ്പമുള്ള സംഗതിയല്ല. പയ്യന്നൂരിലെ പാർട്ടിയിലെ മുടിചൂടാമന്നൻ ഇപ്പോഴും മധുസൂദനൻ തന്നെയാണ്. പാർട്ടിക്ക് നേരെ അക്രമം നടക്കുമ്പോൾ അതിനെ പ്രതിരോധിക്കുന്നത് മധുസൂദനൻ നിയന്ത്രിക്കുന്ന മൂന്ന് ഡിഫൻസ് ടീമുകളാണ്. മാത്രമല്ല പയ്യന്നൂരിലെ യുവതലമുറയ്ക്കിടെയിൽ നല്ല സ്വാധീനമുള്ള നേതാവാണ് മധുസൂദനൻ. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജൻ, മന്ത്രി എം.വി ഗോവിന്ദൻ തുടങ്ങിയ നേതാക്കളുടെ അതീവവിശ്വസ്തൻ കൂടിയാണ് അണികൾ ടി. ഐയെന്നു വിളിക്കുന്ന മധുസൂദനൻ.ഇതു കൂടാതെ പാർട്ടി ശക്തി കേന്ദ്രത്തിലെ എംഎൽഎയ്ക്കെതിരെ കൂടതൽ അച്ചടക്കനടപടി സ്വീകരിക്കുന്നത് വിഷയം വഷളാക്കുമോയെന്ന ആശങ്ക സി.പി. എം നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിലാണണ് ജില്ലാസെക്രട്ടറിയേറ്റംഗമായ മധുസൂദനനെതിരെ പേരിനു മാത്രം നടപടിയെടുത്ത് ജില്ലാകമ്മിറ്റിയിലേക്ക് തരം താഴ്‌ത്തിയ ജില്ലാനേതൃത്വം വിമത വിഭാഗത്തെ വെട്ടിനിരത്താൻ തീരുമാനിച്ചത്. പാർട്ടിക്കായി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന വെള്ളൂർ സഖാക്കൾ പുറത്തേക്ക് പോയാൽ അതു ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാത്രമേ പരിണമിക്കൂവെന്ന വിലയിരുത്തലിലാണ് ജില്ലാ നേതൃത്വം. ഇതു പാർട്ടി അച്ചടക്കനടപടിയെന്ന ഉരുക്കുമുഷ്ടി ഉപയോഗിച്ചു നേരിടാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.