കണ്ണൂർ: ആത്മസുഹൃത്തിന്റെ ഛായാചിത്രം അണികളുടെ സമരം കാരണം അനാച്ഛാദനം ചെയ്യാനാവാതെ ഉമ്മൻ ചാണ്ടിക്ക് മടങ്ങേണ്ടി വന്നു. പയ്യന്നൂരിലെ ടൗൺ സഹകരണ ബാങ്ക് സ്ഥാപകപ്രസിഡണ്ടായിരുന്ന മുന്മന്ത്രിയും കെപിസിസി. ട്രഷററുമായിരുന്ന കെ.പി. നൂറുദ്ദീന്റെ ഛായാപടം അനാച്ഛാദനം ചെയ്യാനും അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യാനും പുറപ്പെട്ടതായിരുന്നു മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി.

അഞ്ചു പതിറ്റാണ്ടിലേറെ സഹപ്രവർത്തകനായിരുന്ന കെ.പി. നൂറുദ്ദീൻ മാസങ്ങൾക്കു മുമ്പാണ് അന്തരിച്ചത്. അദ്ദേഹം സ്ഥാപിച്ച പയ്യന്നൂരിലെ പ്രശസ്തമായ സഹകരണ ബാങ്കിൽ നൂറുദ്ദീന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്യാനും അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യാനും ഏറ്റവും അടുത്ത സുഹൃത്തെന്ന നിലയിൽ ഉമ്മൻ ചാണ്ടിയെയാണ് കോൺഗ്രസ്സ് തീരുമാനിച്ചത്. അതനുസരിച്ച് കത്തും പോസ്റ്ററുകളും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

എന്നാൽ ബാങ്കിലെ നിയമനങ്ങളിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ഒരു വിഭാഗം യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ രണ്ടു ദിവസം മുമ്പ് ബാങ്കിനു മുന്നിൽ സമരം ആരംഭിച്ചു. ഉമ്മൻ ചാണ്ടി ചടങ്ങിനെത്തുന്ന ഇന്നലെ അവർ കരിദിനമായി ആചരിക്കുകയും ചെയ്തു. ഈ സമയവും അനുസ്മരണ ചടങ്ങ് നടക്കുമെന്ന് തന്നെയായിരുന്നു നേതൃത്വം കരുതിയത്. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഉമ്മൻ ചാണ്ടിയുടെ പരിപാടി. ചടങ്ങിന് ഏതാനും സമയം മുമ്പ് സമരക്കാരും അനുസ്മരണ പരിപാടിക്കെത്തുന്ന പ്രവർത്തകരും തമ്മിൽ സംഘർഷ സാധ്യതയുണ്ടെന്ന് സ്പെഷൽ ബ്രാഞ്ച് നേതൃത്വത്തെ അറിയിച്ചിരുന്നു. അതിനിടെ ബാങ്കിന്റെ നിയമന റാങ്ക് ലിസ്റ്റിലുണ്ടായിരുന്ന മഞ്ജുളയെന്ന ദളിത് ഉദ്യോഗാർത്ഥി ഉമ്മൻ ചാണ്ടി ചടങ്ങിനെത്തിയാൽ ആത്മഹത്യ ചെയ്യുമെന്ന പ്രചാരണവും നടന്നു. അതോടെ അദ്ദേഹം പരിപാടിയിൽ പങ്കെടുക്കുന്നതിൽനിന്നും മാറിനിൽക്കുകയായിരുന്നു.

എ.കെ. ആന്റണി വിഭാഗത്തെ കരുത്തരായ നേതാവെന്ന നിലയിൽ വയലാർ രവി, ഉമ്മൻ ചാണ്ടി, വി എം. സുധീരൻ എന്നിവർക്കൊപ്പം തോളോടു തോൾ ചേർന്ന് പ്രവർത്തിച്ച ആളായിരുന്നു നൂറുദ്ദീൻ. മന്ത്രിയും കെപിസിസി. ഭാരവാഹിയുമായിരുന്നു. കണ്ടുമുട്ടുന്നവരിലെല്ലാം സൗഹൃദം വിരിയിക്കുന്ന നൂറുദ്ദീൻ മുൻ നിര നേതാക്കൾക്കെന്ന പോലെ അണികൾക്കും പ്രിയങ്കരനായിരുന്നു. കോൺഗ്രസ്സിന്റെ സഹകരണ പ്രസ്ഥാനത്തിന്റെ അമരക്കാരൻ കൂടിയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി ഉമ്മൻ ചാണ്ടിയുമായുള്ള നൂറുദ്ദീന്റെ അടുത്ത ബന്ധമാണ് ഈ ചടങ്ങിന് ഉമ്മൻ ചാണ്ടി തന്നെ വേണമെന്ന് കോൺഗ്രസ്സുകാർക്കു നിർബന്ധമുണ്ടാകാൻ കാരണം. എന്നാൽ അത് നടക്കാതെ പോയതിൽ ഉമ്മൻ ചാണ്ടി അതീവദുഃഖിതനായാണ് തിരിച്ചു പോയതെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.

കോൺഗ്രസ്സ് ഭരണം നടത്തുന്ന ബാങ്കിൽ കോഴ നിയമനം നടക്കുന്നുവെന്നാരോപിച്ചാണ് യൂത്ത് കോൺഗ്രസ്സ് സമരം ആരംഭിച്ചത്. മണ്ഡലം പ്രസിഡണ്ട് റജീഷിനും കെ.മഞ്ജുളക്കും ജോലി നൽകണമെന്നാവശ്യപ്പെട്ടാണ് സമരം തുടർന്നത്. ഈ ആവശ്യം ഉന്നയിച്ച് ബാങ്കിന് മുന്നിൽ സമരത്തിനിരുന്ന സമരക്കാരെ ബാങ്ക് ജീവനക്കാർ സംഘടിതമായെത്തി അടിച്ചോടിക്കുകയായിരുന്നു. പൊലീസെത്തിയാണ് ഇരുവിഭാഗത്തേയും മാറ്റി നിർത്തിയത്. എന്നാൽ യൂത്ത് കോൺഗ്രസ്സുകാർ സമരം തുടരുക തന്നെ ചെയ്തു. റാങ്ക് ലിസ്റ്റ് പ്രകാരം മഞ്ജുള 12-ാം റാങ്കിലും റജീഷ് 15-ാം റാങ്കിലും സ്ഥാനം നേടിയിട്ടുണ്ട്. റാങ്ക് ലിസ്റ്റിൽ തങ്ങൾ പിറകോട്ട് പോയെന്നും ഇത് അഴിമതിയാണെന്നും കാട്ടിയാണ് യൂത്ത് കോൺഗ്രസ്സിലെ ഒരു വിഭാഗത്തിന്റെ പ്രതിഷേധം.

സഹകരണ വകുപ്പിനും അവർ പരാതി നൽകിയെങ്കിലും അതിൽ കഴമ്പില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽനിന്നും നിയമനം നടത്താൻ ഒരുങ്ങുമ്പോഴാണ് ഒരു വിഭാഗം സമരവുമായെത്തിയത്. കോൺഗ്രസ്സ് നേതാവ് കെ. സുധാകരനും ഡി.സി.ഡി. പ്രസിഡണ്ടും നടത്തിയ അനുരഞ്ജന ചർച്ചയിലും പ്രശ്ന പരിഹാരമായില്ല. കെപിസിസി. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നത്. സമരക്കാർക്ക് നല്ല പിൻതുണ ലഭിച്ചു വരുന്നതും പാർട്ടിക്ക് തലവേദനയായിട്ടുണ്ട്.